ഒരിക്കൽ വീടിന്റെ വെളിച്ചമായിരുന്ന ഈ കാണുന്ന ഏതോ ഒരമ്മ ഇന്ന് സ്നേഹത്തിന്റെ ഒരു വിളിക്കായി വയോജന കേന്ദ്രങ്ങളുടെ ചുമരുകൾക്കു ള്ളിൽ കാത്തിരിക്കുന്നു.
വയോജന കേന്ദ്രത്തിലെ ഓരോ വയോധികർക്കും ഒരിക്കൽ ഒരു വീടുണ്ടാ യിരുന്നു. മക്കളുണ്ടായിരുന്നു. തങ്ങളുടെ വരവിനായി കാത്തിരുന്ന ഒരു വാതിലുണ്ടായിരുന്നു. സ്നേഹവും കരുതലും നിറഞ്ഞ കുടുംബാന്തരീക്ഷമു ണ്ടായിരുന്നു. ഇന്ന് ആ വാതിലുകൾ പലർക്കും മുന്നിൽ അടഞ്ഞുകിടക്കു ന്നു.അവശേഷിക്കുന്നത് മങ്ങാത്ത ഓർമകളും, എന്നെങ്കിലും ആരെങ്കിലും വന്ന് 'അമ്മേ...' എന്നോ 'അച്ഛാ...' എന്നോ വിളിച്ച് കൂട്ടിക്കൊണ്ടുപോകുമെ ന്നപ്രതീക്ഷയും മാത്രം.
ഇത് ഏതാനും വയോധികരുടെ മാത്രം ദുരിതമല്ല. മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കുടുംബവ്യവസ്ഥയുടെയും സാമൂഹിക ബന്ധങ്ങളുടെയും നേർചിത്രമാണ്. ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ മനുഷ്യർ അനുഭവിക്കുന്ന ഒറ്റപ്പെടലും അവഗണനയും നിസ്സഹായതയും ഇന്ന് ഗൗരവമായ സാമൂഹിക ചർച്ചയാകേണ്ടതുണ്ട്.വയോജന കമ്മീഷനി ലെത്തുന്ന പരാതികൾ ഈ യാഥാർഥ്യത്തിന്റെ കൂടുതൽ വേദനിപ്പിക്കുന്ന മുഖങ്ങളാണ് വ്യക്തമാക്കുന്നത്. വയോജന കേന്ദ്രത്തിൽ മകനെ കാണാ നെത്തിയപ്പോൾ അമ്മയോട് അവൻ ചോദിച്ചു:
"അമ്മയ്ക്ക് ഇവിടെ സുഖ മാണോ?"
ഉള്ളിലെ സങ്കടം മുഴുവൻ അടക്കിപ്പിടിച്ച് ആ അമ്മയുടെ മറുപടി: "സുഖമാണ് മോനേ, നീ വിഷമിക്കണ്ട." മകൻ യാത്രപറഞ്ഞുപോയപ്പോൾ ആ അമ്മ കണ്ണുതുടച്ചു. സ്വന്തം ദുരിതം പറഞ്ഞാ ൽ മകൻ വിഷമിക്കുമെന്ന ഭയം; പരാതി പറഞ്ഞാൽ പിന്നെ തന്നെ എവിടേക്ക് കൊണ്ടുപോകുമെന്ന ആശങ്ക. ഒരു അമ്മയ്ക്ക് സ്വന്തം സങ്കടം പോലും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയേക്കാൾ വലിയ ദുരന്തമെന്താണ്?
ഭക്ഷണത്തിനും താമസത്തിനും വലിയ തുക ഈടാക്കിയിട്ടും കിട്ടുന്നത് കഞ്ഞിയും പയറും മാത്രമാണെന്ന പരാതി വേറെ .ഭക്ഷണം അളന്നുവി ളമ്പുന്ന സാഹചര്യം. രോഗം വന്നാൽ ആശുപത്രിയോ ഡോക്ടറോ ലഭിക്കാതെ, പ്രാഥമിക ചികിത്സാ പരിജ്ഞാനം പോലുമില്ലാത്ത നടത്തിപ്പുകാർ രോഗനിർണയവും മരുന്ന് നിർദേശവും ഏറ്റെടുക്കുന്നുവെന്ന ആരോപണം. പത്തുപേർക്ക് സൗകര്യമുള്ളിടത്ത് നാൽപ്പതിലധികം പേരെ താമസിപ്പിക്കുന്ന അവസ്ഥ മറ്റൊരിടത്ത് . ദാഹിച്ചിട്ട് വെള്ളം ചോദിച്ചിട്ടും ലഭിക്കാതെ കിടക്കേണ്ടിവരുന്നവർ മറുഭാഗത്ത് . ചൂടുള്ള ഭക്ഷണം ചോദിച്ചപ്പോൾ അപമാനിക്കപ്പെടുന്നവർ. ഇവ കേവലം സൗകര്യങ്ങളുടെ കുറവല്ല; മനുഷ്യന്റെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള ഗുരുതരമായ ചോദ്യങ്ങളാണ്.
സമൂഹം വിരൽചൂണ്ടിയത്‌കൊണ്ടുമാത്രം പരിഹരിക്കപ്പെടേണ്ട പ്രശ്നമാണോ ഇത് ?
വയോജന കേന്ദ്രങ്ങളിലെ ജീവിതത്തിൻറെ നേർക്കാഴ്ചകൾ ....
.വയോജന കമ്മീഷനിലെത്തുന്ന പരാതികൾ .....
'സ്നേഹാലയം'എന്ന പേര് മാറ്റിയാൽ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?
വാർധക്യത്തിലെ മനുഷ്യർക്ക് വേണ്ടത് ഭക്ഷണവും താമസവും മാത്രമല്ല. അസുഖം വന്നാൽ ചികിത്സ, സംസാരിക്കാൻ ഒരാൾ, വിഷമം പറയുമ്പോൾ അനുഭാവപൂർവ്വം ശ്രദ്ധാപൂർവ്വം കേൾക്കാൻ ഒരു മനസ്സ്, തങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന ഉറപ്പ് എന്നിവ കൂടിയാണ്. അതുപോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരു പരിഷ്കൃത സമൂഹ ത്തിന് അംഗീകരിക്കാനാവില്ല.
കുടുംബങ്ങളുടെ ഘടന മാറി. തൊഴിൽ തേടിയുള്ള കുടിയേറ്റവും വിദേശജീവിതവും അണുകുടുംബങ്ങളുടെ വളർച്ചയും പല മാതാപി താക്കളെയും മക്കളിൽനിന്ന് അകറ്റി. എല്ലാ സാഹചര്യങ്ങളിലും മക്കളെ കുറ്റപ്പെടുത്താനാവില്ലെങ്കിലും അകലം സ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അവസാനമാകരുത്. ഒരു ഫോൺവിളി, ഒരു സന്ദർശനം, സ്നേഹത്തോടെയുള്ള ഏതാനും വാക്കുകൾ... ചിലപ്പോൾ വയോധികർക്ക് അതുമാത്രം മതി.
വയോജന കേന്ദ്രങ്ങൾ സമൂഹത്തിന് അനിവാര്യമാണ്.
എന്നാൽ അവിടെ കഴിയുന്നവർക്ക് ഭക്ഷണവും താമസവും മാത്രമല്ല, അന്തസ്സും സുരക്ഷയും ചികിത്സയും മാനുഷികമായ പരിഗണനയും ഉറപ്പാക്കണം. പരാതികൾ ഉയരുമ്പോൾ അവ അന്വേഷിച്ച് കുറ്റം തെളിയുന്ന സാഹചര്യങ്ങളിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കണം. വയോജന സംരക്ഷണം സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും കുടുംബങ്ങളുടെയും കൂട്ടുത്തരവാദിത്വമായി മാറണം.
ഏറ്റവും പ്രധാനമായി നാം തിരിച്ചറിയേണ്ടത് ഇതാണ്:
വയോധികർക്ക് വേണ്ടത് വലിയ സൗകര്യങ്ങളല്ല; തങ്ങളെ ആരെങ്കിലും ഓർക്കുന്നുണ്ടെന്ന ഉറപ്പാണ്. തങ്ങളുടെ വാക്കുകൾ കേൾക്കാൻ ഒരാളുണ്ടെന്ന വിശ്വാസമാണ്. സ്വന്തം വീടിന്റെ വാതിൽ ഇനിയും തങ്ങൾക്കായി തുറന്നിരിക്കുമെന്ന പ്രതീക്ഷയാണ്.
ഇന്ന് വയോജന കേന്ദ്രങ്ങളുടെ ചുമരുകൾക്കുള്ളിൽനിന്ന് ഉയരുന്ന ഈ നിശ്ശബ്ദ രോദനം നാം കേൾക്കാതെ പോകരുത്. കാരണം, കാലം ഒരിടത്തും നിൽക്കുന്നില്ല. ഇന്ന് മറ്റൊരാളുടെ വാർധക്യത്തെ നോക്കിനിൽക്കുന്ന നമ്മളും നാളെ അതേ ജീവിതസായാഹ്നത്തിലേക്ക് എത്തേണ്ടവരാണ്.
ഒരിക്കൽ നമ്മുടെ കണ്ണീരൊപ്പിയ കൈകൾ വാർധക്യത്തിൽ വിറയ്ക്കു മ്പോൾ അവയെ ചേർത്തുപിടിക്കാൻ നമുക്കൊരു മനസ്സുണ്ടാകണം. വാർധക്യം ഒരു ബാധ്യതയല്ല; സ്നേഹവും ആദരവും കരുതലും ഏറ്റവും കൂടുതൽ അർഹിക്കുന്ന ജീവിതഘട്ടമാണ്.ചിത്രങ്ങൾ :പ്രതീകാത്മകം
: ദിവാകരൻ ചോമ്പാല
പ്രമേഹത്തെ പേടിക്കാതെ, ആരോഗ്യകരമായ ജീവിതത്തിലേക്ക് ചുവടുവെക്കൂ!
കൃത്യമായ നിരീക്ഷണവും ആയുർവേദ ചികിത്സയും കൊണ്ട് പ്രമേഹ ലക്ഷണങ്ങളെ ഫലപ്രദമായി നേരിടാം.
Ayurmanthra Hospital, Gokulam Tower, Vadakara
Call us: +91 9446527948 / +91 8089572949
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















