വികസനത്തിന്റെ പേരിൽ വഴിമുടക്കരുത്; സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. ദേശീയപാതാ അധികൃതരോട് നാട്ടുകാരുടെ ചോദ്യം.....
ചോമ്പാൽ: ദേശീയപാത വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ അടിപ്പാത വേണമെന്ന നാട്ടുകാരുടെ ആവശ്യം തിക ച്ചും അവഗണിക്കപ്പെട്ടതോടെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. 143 ദിവസമായി സമരപ്പന്തലിൽ തുടരുന്ന നാട്ടുകാരുടെ ചോദ്യം ഒന്നേ ഒന്നുമാത്രം - വർഷങ്ങളായി നാട്ടുകാർ ,സ്‌കൂൾ കുട്ടികൾ എല്ലാം ഉപ യോഗിച്ചുവന്ന വഴിയടച്ച് മറുകരയിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് എന്ത് വികസനത്തിന്റെ പേരിലാണ് ?
മീത്തലെ മുക്കാളിയിൽ ദേശീയപാത മുറിച്ചുകടന്ന് മറുഭാഗത്തെത്താൻ അടിപ്പാത ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. ഇവിടെ നിലവിലുണ്ടായിരുന്ന അടിപ്പാതയുടെ സ്ഥാനത്ത് ലക്ഷങ്ങൾ ചെലവഴിച്ച് സാമാന്യം വീതിയുള്ള നിർമ്മാണപ്രവർത്തനം ആരംഭിച്ചതോടെ തങ്ങളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകുമെന്ന വിശ്വാസവും ശക്തമായി.
എന്നാൽ ഇപ്പോൾ പുറത്തുവന്ന അധികൃതരുടെ വിശദീകരണം നാട്ടുകാരെ നിരാശയിലാക്കിയിരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കുള്ള അടിപ്പാതയല്ലെന്നും റോഡരികിലെ ഓവുചാലിലെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സംവിധാനമാണെന്നുമാണ് ദേശീയപാതാ നിർമ്മാണ വിഭാഗം അധികൃതർ സമരസമിതിയോട് അറിയിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇതോടെ വർഷങ്ങളായി ഉപയോഗിച്ചുവന്നിരുന്ന വഴി നഷ്ടപ്പെട്ട ജനങ്ങൾ കടുത്ത യാത്രാദുരിതത്തിലായി. ഒരു പ്രദേശത്തിന്റെ അടിസ്ഥാന സഞ്ചാരാവശ്യങ്ങൾ പരിഗണിക്കാതെ ഇത്തരം മാറ്റങ്ങൾ ദേശീയപാതാ അധികൃതർ വരുത്തിയതിനെതിരെയാണ് പ്രതിഷേധം.
അഴിയൂർ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയതും തന്ത്രപ്രധാനവുമായ പ്രദേശമാണ് മീത്തലെ മുക്കാളി. ചോമ്പാൽ മത്സ്യബന്ധന തുറമുഖം, പുരാതന ക്രൈസ്തവ ദേവാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാതിരിക്കുന്ന് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ, വിശാലമായ കടലോരമേഖല എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന സഞ്ചാരകേന്ദ്രമാണിത്. ഒഞ്ചിയം, കുന്നുമ്മക്കര തുടങ്ങിയ പ്രദേശങ്ങളിലേക്ക് കിഴക്കോട്ട് പോകേണ്ടവരും മീത്തലെ മുക്കാളിയിലെത്തി ദിശമാറിയാണ് യാത്ര ചെയ്തിരുന്നത്.
നിലവിലുണ്ടായിരുന്ന അടിപ്പാതയിലൂടെ വർഷങ്ങളായി കാൽനടയായി സഞ്ചരിച്ചിരുന്നവർ ഇനി എങ്ങനെ ദേശീയപാതയുടെ മറുകരയിലെത്തും?
വയോധികരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ എന്താണ് ബദൽ സംവിധാനം?
നാട്ടുകാർ ഉയർത്തുന്ന ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയും പ്രായോഗിക പരിഹാരവും ഇനിയും ഉണ്ടായിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം.
സ്വന്തം വാഹനമുള്ളവർക്ക് മാത്രമുള്ളതാകരുത് വികസനം. ദേശീയപാത വികസനം നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ നിലവിലുള്ള ജനകീയ സഞ്ചാരമാർഗങ്ങൾ ഇല്ലാതാക്കുകയും പകരം സുരക്ഷിതവും സുഗമവുമായ സംവിധാനങ്ങൾ ഒരുക്കാതിരിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. വാഹനയാത്രക്കാർക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് പൊതുനിരത്തുകളും സഞ്ചാരസൗകര്യങ്ങളും.
143 ദിവസമായി സമരപ്പന്തലിൽ എത്തി പ്രതിഷേധിക്കുന്നവർക്ക് വീട്ടിലിരിക്കാനിടമില്ലാത്തതുകൊണ്ടല്ല ഈ സമരമെന്ന് ബന്ധപ്പെട്ട ദേശീയപാതാ അധികൃതർ ഓർക്കണം. സ്വന്തം നാടിന്റെ അടിസ്ഥാന സഞ്ചാരാവകാശം സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് അവർ ദിവസവും സമരപ്പന്തലിലെത്തുന്നത്. രാഷ്ട്രീയത്തിനതീതമായി നാട്ടുകാർ ഒന്നിച്ചുനിൽക്കുന്നതും ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
വികസനത്തിന്റെ പേരിൽ ജനങ്ങളെ വഴിയടച്ച് നിർത്തുകയല്ല വേണ്ടത്. വികസനം ജനജീവിതം കൂടുതൽ സുഗമമാക്കണം. കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന വഴികൾ ഇല്ലാതാക്കുമ്പോൾ അതിന് തുല്യമായതോ അതിലേറെ മെച്ചപ്പെട്ടതോ ആയ ബദൽ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ഉത്തരവാദിത്വമാണ്.
അടിപ്പാത വേണമെന്നത് വികസനവിരുദ്ധ നിലപാടല്ല; ജീവിക്കാനും സഞ്ചരിക്കാനുമുള്ള അവകാശത്തിനായുള്ള ന്യായമായ ജനകീയ ആവശ്യമാണ്. 143 ദിവസമായി ഉയരുന്ന ഈ പ്രതിഷേധത്തിന് ഇനിയെങ്കിലും അധികൃതർ ചെവികൊടുക്കുമോ? അതോ സാധാരണക്കാരുടെ സഞ്ചാരപ്രശ്നം കാണാതെ ദേശീയപാതയുടെ വികസനരേഖകൾ മാത്രം മുന്നോട്ടുപോകുമോ? മീത്തലെ മുക്കാളിയിലെ സമരപ്പന്തലിൽനിന്ന് നാട്ടുകാർ ഉയർത്തുന്ന ചോദ്യം ഇതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































