കിലോയ്ക്ക് 1500 രൂപ വരെ;
തക്കാളിയേക്കാൾ ലൈക്കോപീൻ,
പോഷകങ്ങളുടെ കലവറയായ
'സ്വർഗീയ’ ഫലം !!
നമുക്ക് സുപരിചിതമായ വെള്ളരിയുടെയും തണ്ണിമത്ത ന്റെയും ഒക്കെബന്ധുവാണ് ഗാക് ഫ്രൂട്ട്.
മൊമോർഡിക്ക കൊച്ചിഞ്ചിനെൻസിസ് എന്ന് സസ്യനാമം.
സവിശേഷമായ പോഷകസിദ്ധി കൊണ്ട് ശാസ്ത്രലോകം സൂപ്പർ ഫ്രൂട്ട് പദവി നൽകിയ സവിശേഷഫലം; ആരോഗ്യസംരക്ഷണത്തിന് കൺകണ്ടതായതിനാൽ ജന്മദേശമായ വിയറ്റ്നാമിൽ ഇതിന് സ്വർഗീയ ഫലം (Fruit from Heaven ) എന്ന് പേരും കിട്ടി. പോഷകങ്ങളുടെ കലവറയാണ് ഈ സ്വർഗീയ ഫലം. തക്കാളിയിലുള്ളതിനേക്കാൾ ഏകദേശം 70 മടങ്ങ് അധികം ലൈക്കോപീൻ എന്ന പ്രകൃതിദത്ത വർണകം അടങ്ങിയിരി
ക്കുന്നു; ഇത് ശരീരകോശങ്ങളെ സംരക്ഷിക്കുന്ന, ഹൃദയാരോഗ്യത്തിന് ഉത്തമമായ വളരെ ശക്തമായ ഒരു നിരോക്സീകാരകമാണ്. ക്യാരറ്റിലുള്ളതിനേക്കാൾ 10 മടങ്ങ് അധികം ബീറ്റാ കരോട്ടിൻ ഇതിലുണ്ട്; ഇതാകട്ടെ കണ്ണിന്റെ കാഴ്ചശക്തി വർധിക്കാൻ സഹായിക്കുന്നു.
ഓറഞ്ചിൽ ഉള്ളതിനേക്കാൾ 40 മടങ്ങ് അധികം ജീവകം സി അടങ്ങി യിരിക്കുന്നു. ചോളത്തിലുള്ളതിനേക്കാൾ 40 മടങ്ങ് അധികം സിയാസാ ന്തിൻ അടങ്ങിയിട്ടുണ്ട്. ഇതും നേത്രാരോഗ്യത്തിന് വളരെ ഉത്തമമാണ്. കൂടാതെ ശരീരത്തിലെ അണുബാധയും നീർക്കെട്ടും ചെറുക്കാൻ സഹാ യിക്കുന്ന ആരോഗ്യകരമായ ഒമേഗ-3, ഒമേഗ -6 എന്നീ കൊഴുപ്പമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകം-ഇ, പ്രോട്ടീൻ, നാരുകൾ, കാൽസ്യം, വിവിധ ആന്റിഓക്സിഡന്റുകൾ, പോളിഫീനോളുകൾ, ഫ്ളേവനോ യിഡുകൾ എന്നിവ വേറെയും . ഫലങ്ങളുടെ ശ്രേണിയിൽ വിസ്മയം തീർക്കുന്ന ഉത്തമ പോഷകമായ ഈ ഫലമാണ് ഗാക് ഫ്രൂട്ട്.
ഗാക് പഴവും മധുരവിഭവവും
വിയറ്റ്നാമിൽ പരമ്പരാഗതമായ ഒരു വിശിഷ്ട വിഭവമുണ്ട്; ‘സോയി ഗാക്’ (Xoi Gac) എന്നാണ് പേര്. വിയറ്റ്നാമിൽ വളരുന്ന ഒരു തരം ചുവന്ന പശിമയുള്ള അരി കൊണ്ട് തയാറാക്കുന്ന മധുരവിഭവമാണിത്. Red sticky rice എന്നാണിതിന്റെ പരിഭാഷ. രണ്ടു കപ്പ് ഈ അരിയും ഗാക് പഴത്തിന്റെ 4 മുതൽ 6 ഔൺസ് പൾപ്പും, അര കപ്പ് തേങ്ങാപ്പാലും 2 മുതൽ 4 ടേബിൾ സ്പൂൺവരെ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വൈറ്റ് വൈനും ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ പാചക എണ്ണയും ചേർത്താണ് സോയി ഗാക് തയാറാക്കുന്നത്.
ഇത് വിയറ്റ്നാമീസ് പുതുവത്സരമായ ടെറ്റ്, വിവാഹങ്ങൾ, നിശ്ചയങ്ങൾ തുടങ്ങിയ ആഘോഷവേളകളിലാണ് തയാറാക്കി വിളമ്പുന്നത്. ഗാക് പഴത്തിന്റെ ചുവപ്പൻ കാമ്പ് ചേർക്കുമ്പോഴാണ് ഈ വിഭവത്തിന് സവിശേഷമായ ചുവന്ന നിറം കൈവരുന്നത്. മംഗളകരമായ ചടങ്ങുകളിൽ വിയറ്റ്നാമിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഈ വിഭവത്തിന്റെ ചുവപ്പുനിറം ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകവുമാണ്.
വിയറ്റ്നാമിൽ നൂറ്റാണ്ടുകളായി കൃഷിസ്നേഹികൾ ഗാക് എന്ന വള്ളിച്ചെടി തങ്ങളുടെ വീട്ടുപറമ്പിൽ വളർത്തുന്നുമുണ്ട്. അവർക്കിത് പാരമ്പരാഗതവിഭവമായ സോയി ഗാക് എന്ന സവിശേഷമായ ഒട്ടിപ്പിടിക്കുന്ന ചുവന്ന ചോറിന്റെ ചേരുവ മാത്രമല്ല, നൂറ്റാണ്ടുകളായി അവിടുത്തെ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഈ പഴവും ഇതിന്റെ വിത്തുകളും ഇലകളുമൊക്കെ ഔഷധമായി ഉപയോഗിക്കുന്നതുമാണ്. ശരീരത്തിലെ നീർവീക്കം കുറയ്ക്കാനും ചർമ്മവ്യാധികൾ ശമിപ്പിക്കാനും കാഴ്ചശക്തി വർധിപ്പിക്കാനും ഇതിന്റെ വിത്തുകൾ ഉപയോഗിക്കുക പതിവായിരുന്നു. കൂടാതെ, പലഹാരങ്ങൾക്കും നൂഡിൽസ് പോലുള്ള വിഭവങ്ങൾക്കും പ്രകൃതിദത്തമായ നിറം നൽകാൻ ഇതിന്റെ പൾപ്പ് ഉപയോഗിക്കുന്നു. സൗന്ദര്യവർദ്ധക സാമഗ്രികളിലും ഇത് ചേരുവയാണ്.
ചുവപ്പു നിറത്തിന്റെ രഹസ്യം
ദൂരെ നിന്നുതന്നെ കണ്ണ് പിടിക്കുന്ന കടുംചുവപ്പു നിറമാണ് ഗാക് പഴത്തി ന്റെ ശ്രദ്ധേയമായ സവിശേഷത. ഏകദേശം 50 മുതൽ 100 മീറ്റർ അകലെ നിന്നുതന്നെ പാകമായ ഗാക് പഴത്തിന്റെ ചുവപ്പുനിറം വ്യക്തമായി കാണാൻ സാധിക്കും. കണ്ണഞ്ചിക്കുന്ന ഈ ചുവപ്പുനിറത്തിനു കാരണം അതിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ (Lycopene), ബീറ്റാ കരോട്ടിൻ (Beta carotene) എന്നീ പ്രകൃതിദത്ത വർണവസ്തുക്കളാണ്. തക്കാളിക്ക് ചുവപ്പുനിറം നൽകുന്ന ലൈക്കോപീൻ തന്നെയാണ് ഗാക് ഫ്രൂട്ടിനും ഈ നിറം നൽകുന്നത്. എന്നാൽ, തക്കാളിയേക്കാൾ 70 മടങ്ങ് കൂടുതൽ ലൈക്കോപീൻ, ഗാക് പഴത്തിൽ അടങ്ങിയിരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇതിനു പുറമേയാണ് കരോട്ടിനോയിഡ് വിഭാഗത്തിൽ പെടുന്ന ബീറ്റാ കരോട്ടിന്റെ സാന്നിധ്യം. അതും ബീറ്റാ കരോട്ടിന്റെ കലവറ എന്ന് നാം വിശേഷിപ്പിക്കുന്ന സാക്ഷാൽ കാരറ്റിലുള്ളതിനേക്കാൾ കൂടുതലാണ്. ഇതും ഗാക്കിന് ആകർഷകമായ ഓറഞ്ച്-ചുവപ്പ്നിറം നല്കാൻ സഹായിക്കുന്നു. ഇതിനുപുറമേ പഴത്തിന്റെ ഉള്ളിലെ വിത്തുകളെ പൊതിഞ്ഞിരിക്കുന്ന ചുവന്ന മാംസളമായ ഭാഗത്തും ഈ കരോട്ടിനോയിഡുകൾ വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ ഗാക് പഴത്തിന്റെ കടും ചുവപ്പുനിറത്തിനു കാരണമാകുന്നതെല്ലാം ശരീരത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സ്വതന്ത്ര റാഡിക്കലുകളെ തടയുകയോ നശിപ്പിക്കുകയോ ചെയ്യാൻ കഴിവുള്ള ശക്തമായ നിരോക്സീകാരികളാൽ (Antioxidants) സമ്പന്നമാണ്. ഇതെല്ലാം ശരീരത്തിന് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനും ആരോഗ്യം സംരക്ഷിക്കാനും വളരെ ഉപയോഗപ്രദവുമാണ്.
ഗാക് ഫ്രൂട്ട്-പരിചയം
വെള്ളരിയുടെയും തണ്ണിമത്തന്റെയും ബന്ധുവാണ് ഗാക് ഫ്രൂട്ട്. മൊമോർഡിക്ക കൊച്ചിഞ്ചിനെൻസിസ് എന്ന് സസ്യനാമം. തെക്ക് -തെക്കുകിഴക്കൻ ഏഷ്യ എന്നിവയിൽ ഉൾപ്പെടുന്ന ദക്ഷിണ ചൈന മുതൽ വിയറ്റ്നാം, തായ്ലൻഡ്, ലാവോസ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഗാക് ഫ്രൂട്ടിന്റെ പിറവി. ഒട്ടേറെ ഓമനപ്പേരുള്ള ഫലസസ്യമാണ് ഗാക് ഫ്രൂട്ട്. പാവൽ, വെള്ളരി എന്നിവയുടെ കുടുംബക്കാരൻ. മുള്ളൻ പാവൽ, മധുരപ്പാവൽ, മധുരക്കയ്പ്പ, സ്വീറ്റ് ഗോർഡ് എന്നെല്ലാം ഇതിന് പേരുകളുണ്ട്.
ഇതിന്റെ കായുടെ പുറം മുഴുവനും മിനുസമുള്ള മുള്ളുകളുണ്ട്. ഇതിൽ ആൺചെടിയും പെൺചെടിയും വെവ്വേറെയുണ്ട്. അതുകൊണ്ടുതന്നെ പരാഗണം ഫലപ്രദമായി നടക്കാൻ ഒന്നിലധികം ചെടികൾ നടാനും ശ്രദ്ധിക്കണം. പാവൽ പോലെതന്നെ പടർത്തി വളർത്താം. നട്ട് ഏഴ് -എട്ടു മാസത്തെ വളർച്ച മതി ചെടി കായ് പിടിക്കാൻ. വള്ളിച്ചെടിയായി വളരുന്ന ഇതിന്റെ ഇളംകായ്കൾക്ക് നല്ല പച്ചനിറമാണ്. കായ്കൾ മൂക്കുമ്പോൾ നിറഭേദമുണ്ടാകും; തിളക്കമുള്ള ഓറഞ്ച് ചുവപ്പുനിറമാകും. ഉള്ളിൽ ബ്രൗൺ അല്ലെങ്കിൽ ചുവപ്പുനിറമുള്ള വിത്തുകൾ.
ഗാക് ഫ്രൂട്ട് എങ്ങനെ സ്വർഗ്ഗത്തിലെ കനിയായി ?
പ്രകൃതി പോഷകങ്ങൾ വാരിക്കോരി നിറച്ചു ജന്മംനൽകിയ അപൂർവ്വഫലങ്ങളിലൊന്നാണ് ഗാക്. അതിനാൽ ഇതിനു സൂപ്പർ ഫ്രൂട്ട് എന്ന പരിവേഷമുണ്ട്. ഏഷ്യയിലെ പരമ്പരാഗത ചികിത്സാവിധികളിൽ നിർണായക സ്ഥാനവും ഇതിനുണ്ട്. നേത്രാരോഗ്യം, രോഗപ്രതിരോധ ശേഷി, ചർമസംരക്ഷണം തുടങ്ങിയവയ്ക്കെല്ലാം ഉപകാരിയാണ് ഗാക് പഴം. കണ്ണിന്റെ നിശാന്ധത, കണ്ണുകൾ വരണ്ടുണങ്ങുന്ന അവസ്ഥ (Xerophthalmia) തുടങ്ങിയവയുടെ ചികിത്സയിൽ ഈ പഴത്തിൽനിന്ന് തയാറാക്കുന്ന ടോണിക്ക് ഉത്തമമാണ്. ഗാക് പഴത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന തൈലം ചർമ്മവ്യാധികൾക്ക് പരിഹാരമാണ്; മുറിവുകളും പൊള്ളലുകളും ഭേദമാക്കും. കൂടാതെ, ചർമകോശങ്ങളുടെ വളർച്ച ഉത്തേജിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.
ബീറ്റാ കരോട്ടിൻ, ജീവകം-ഇ എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ ശാരീരികാരോഗ്യത്തിന് ഹാനികരമായ സ്വതന്ത്ര റാഡിക്കലുകളെ ഒഴിവാക്കി വൃത്തിയാക്കാനും ഇത് സഹായിക്കും. പഴത്തിലടങ്ങിയിരിക്കുന്ന ചില പ്രത്യേക സജീവമായ ജൈവസംയുക്തങ്ങൾ, പ്രോട്ടീൻ എന്നിവയ്ക്ക് അർബുദകോശങ്ങളുടെ വളർച്ച തടയാൻ കഴിവുള്ളതായി കണക്കാക്കുന്നു. ഇതേക്കുറിച്ചുള്ള പഠനങ്ങൾ പൂർണമായി എന്ന് പറയാൻ കഴിയില്ല. ഗാക് പഴത്തിന്റെ ജന്മദേശമായ വിയറ്റ് നാമിൽ ഇതേക്കുറിച്ചു പഠനങ്ങൾ നടക്കുന്നുണ്ട്. തായ്ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിലും ഇതേക്കുറിച്ചുള്ള ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്നു. വെള്ളത്തിൽ ലയിക്കുന്ന ഒരുതരം പ്രോട്ടീനിന്റെ സാന്നിധ്യമാണ് ഇക്കാര്യത്തിൽ ശാസ്ത്രലോകം പ്രതീക്ഷയോടെ നോക്കുന്നത്. ഇതിന്റെ വിത്തിനെ പൊതിഞ്ഞിരിക്കുന്ന അല്ലിയിലാണ് ഈ പ്രോട്ടീനിന്റെ സാന്നിധ്യമുള്ളത് .ചുരുക്കത്തിൽ സർവ ആരോഗ്യസൗഖ്യം (Whole body wellness) നൽകുന്ന ഫലമായതിനാലാണ് പണ്ടുമുതൽക്കേ ഗാക് പഴത്തിന് ‘സ്വർഗീയ ഫലം’ എന്ന വിളിപ്പേര് നൽകിയത്.
കൃഷിയറിവുകൾ
വിയറ്റ്നാമിൽനിന്നും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നും അടുത്ത കാലത്താണ് ഗാക് ഫ്രൂട്ട് കേരളത്തിലെ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്. സാധാരണ പാവൽ നടന്നതുപോലെ തന്നെയാണ് ഇതിന്റെയും കൃഷിരീതി എന്നതിനാൽ പലർക്കും ഇതിനോട് അപരിചിതത്വം തോന്നിയില്ലെന്നു പറയാം. പോരാത്തതിന് പുതുമയുള്ള വിളകൾ തെല്ലു കഷ്ടപ്പെട്ടിട്ടായാലും പരീക്ഷിക്കുന്നതിൽ സഹൃദയരായ മലയാളികൾ ഒട്ടും പിന്നിലല്ലല്ലോ; ഇതിൽനിന്ന് അത്യാവശ്യം വരുമാനം ലഭിക്കുന്നു എന്നും അറിഞ്ഞതോടെ ചില കൃഷിസ്നേഹികൾ ഇതേക്കുറിച്ചു കൂടുതൽ തിരക്കിയറിഞ്ഞു ഗാക് പഴത്തിന്റെ തൈകൾ പുരയിടത്തിലും മറ്റും നടാൻ തുടങ്ങിയത്.
ചിരപരിചിതമായ പാവലും പടവലവുംപോലെ വീടിന്റെ മട്ടുപ്പാവിലോ മുൻവശത്തെ മുറ്റത്തോ സ്ഥലമുണ്ടെങ്കിൽ ബാൽക്കണിയിലോ ഒക്കെ പന്തലിട്ട് വളർത്താമെന്നതും അനുഗ്രഹമായി. ഒറ്റക്കാര്യമേ ഇവിടെ ശ്രദ്ധിയ്ക്കേണ്ടതുള്ളൂ; ഗാക് ചെടിയിൽ ആൺചെടിയും പെൺചെടിയും വെവ്വേറെയുണ്ട്. പൂവിടുമ്പോൾ മാത്രമേ ഒരു പക്ഷേ ഇവയെ തിരിച്ചറിയാൻ കഴിയൂ. അതുകൊണ്ടുതന്നെ യഥാസമയം പരാഗണം നടക്കാനും കായ്കൾ പിടിക്കാനും കുറഞ്ഞത് മൂന്നു തൈകളെങ്കിലും ഒന്നിച്ചുനടണം. മാത്രമല്ല, സ്വാഭാവിക പരാഗണത്തിനു പുറമേ കൃത്രിമ പരാഗണം നടത്തുന്നതായാൽ കൂടുതൽ കായ്കളും കിട്ടും.
ആൺപൂവിലെ പൂമ്പൊടി പെൺപൂവിന്റെ ഇതളുകൾ വിടർത്തി അതിനുള്ളിലേക്ക് തൊട്ടു പിടിപ്പിക്കുകയോ പുരട്ടുകയോ വേണം. ഇങ്ങനെയാണ് കൃത്രിമ പരാഗണം നടത്തുന്നത്. പെൺപൂവിന്റെ അടിഭാഗത്തുള്ള അണ്ഡാശയം ആണ് (പാവലിന്റെ പൂവിനു ചുവട്ടിലും മറ്റും കാണുന്നതുപോലെയുള്ള ഭാഗം പോലെയാണിത് കാണുക ) അവയെ തിരിച്ചറിയാനുള്ള ഏകമാർഗം. ഒരർഥത്തിൽ കൃത്രിമ പരാഗണത്തിലൂടെ കായ് പിടിത്തം വർധിപ്പിക്കുന്നതാണ് വാണിജ്യകൃഷിക്ക് നല്ലത്. വള്ളിച്ചെടിയായതു കൊണ്ടുതന്നെ പാഷൻ ഫ്രൂട്ടിനു സമാനം എന്ന് പറയാം; കീടരോഗബാധകളില്ല; ലളിതമായ പരിചരണരീതികൾ; കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യം.
ഗാക് വിത്തുകൾക്ക് കട്ടി കൂടുതലായതിനാൽ മുളയ്ക്കാൻ കാലതാമസ മുണ്ടാകും. അതുകൊണ്ട് നടുന്നതിനുമുൻപ് 12 മണിക്കൂറെങ്കിലും വിത്തു കൾ വെള്ളത്തിൽ കുതിർത്തു വെച്ചശേഷം വേണം നടാൻ. ഇങ്ങനെയൊരു ക്കുന്ന വിത്തുകൾ ചെറിയ കൂടുകളിലോ ഗ്രോബാഗുകളിലോ പാകി മുളപ്പി ക്കണം. വിത്തുകൾ മുളയ്ക്കാൻ ഒന്നര-രണ്ടു മാസമെടുക്കും. മുളച്ചു രണ്ടാഴ്ച കഴിയുമ്പോൾ നിലത്തേക്ക് മാറ്റിനടാം.
രാസവളങ്ങളേക്കാൾ ഒരുപക്ഷേ ജൈവവളങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഫലസസ്യമാണ് ഗാക് ഫ്രൂട്ട് എന്ന് പറയാം. ഉണങ്ങി നന്നായി പൊടിഞ്ഞ ചാണകപ്പൊടി, നന്നായി നേർപ്പിച്ച കോഴിവളം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ഫിഷ് അമിനോ ആസിഡ് എന്നിവ ഉത്തമ ജൈവവളങ്ങളാണ്. ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് ആണെങ്കിൽ ഒരു ചെടിക്ക് 5 മുതൽ 10 കിലോവരെ; എല്ലുപൊടി ആണെങ്കിൽ 500 ഗ്രാം; വേപ്പിൻപിണ്ണാക്ക് 250 ഗ്രാം; മണ്ണിന്റെ പുളിരസം മാറ്റാൻ 250 ഗ്രാം ഡോളോമൈറ്റ് എന്നിങ്ങനെയാണ് ശുപാർശ. 15 -20 ദിവസം കൂടുമ്പോൾ ജൈവവളം നേർപ്പിച്ചു ചെടിത്തടത്തിൽ ഒഴിച്ചുകൊടുക്കാം. രാസവളം നിർബന്ധമില്ലെങ്കിലും 19:19:19 പോലുള്ള രാസവളമിശ്രിതം 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചെടിയുടെ തടത്തിൽ ചുവട്ടിൽ നിന്ന് 1 -2 അടി മാറ്റി ഒഴിച്ചുകൊടുക്കാം .മണ്ണിൽ നനവും വേണം.
ഗാക് ഫ്രൂട്ടിന്റെ വിത്തുകൾ മുളയ്ക്കാൻ ഏകദേശം ഒന്നര മുതൽ രണ്ടു മാസംവരെ (75 ദിവസംവരെ ) എടുക്കും എന്ന് സൂചിപ്പിച്ചുവല്ലോ. കായ്ക്കാൻ എടുക്കുന്നത് വിത്ത് പാകിയ ദിവസം മുതൽ ഏകദേശം ഏഴ് മാസമാണ്. 7 മാസത്തിനുള്ളിൽ ചെടി കായ്ച്ചു തുടങ്ങും. വിത്ത് മുളച്ചു പന്തലിലേക്ക് പടർത്തി രണ്ടു മാസത്തിനുള്ളിൽ പൂക്കൾ ഉണ്ടാകും. പരാഗണം നടത്തി ഏകദേശം ഒരാഴ്ചയോടെ പൂക്കൾ കായ്കളായി മാറാൻ തുടങ്ങും. പരാഗണം വിജയകരമായി പൂർത്തിയായതിനുശേഷം കായ്കൾ പൂർണമായി പഴുത്തുകിട്ടാൻ ഏകദേശം 3 മാസം (90 ദിവസം) സമയമെടുക്കും. കായുടെ വളർച്ചയനുസരിച്ചു സ്വാഭാവികമായ നിറവ്യത്യാസം ഉണ്ടാകുകയും ചെയ്യും. ഗാക് ചെടി ഒരു ബഹുവർഷ സസ്യമായതുകൊണ്ടുതന്നെ ഒരു തവണ നട്ട് വേണ്ടവിധം പരിചരിച്ചാൽ ദീർഘനാൾ നിലനിൽക്കും; വിളവും തരും. കേരളത്തിലെ കാലാവസ്ഥയിൽ സാധാരണ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് പ്രധാനമായും പഴങ്ങൾ പാകമാകുന്നത്.
ഒരു പന്തലിൽ പടർത്തി വളർത്തിയിരിക്കുന്ന ഗാക് പഴത്തോട്ടം പകരുന്ന ദൃശ്യഭംഗി വേറിട്ടതുതന്നെ എന്ന് പറയാം. വളർച്ചയുടെ വ്യത്യസ്ത ദശകളിൽ വളർന്നു നിൽക്കുന്ന കായ്കൾക്ക് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നാല് നിറങ്ങളിലുള്ള കായ്കൾ ഒരേ പന്തലിൽ തന്നെയുണ്ടാകും. വിളയാത്ത കായ്കളുടെ പച്ച നിറം മാറി, അത് ക്രമേണ മഞ്ഞയാകുകയും പിന്നെ അല്പമേ കൂടെ വിളയുമ്പോൾ ഓറഞ്ച് നിറമാകുകയും ഒടുവിൽ പൂർണ വളർച്ചയെത്തുമ്പോൾ നല്ല തീച്ചുവപ്പു നിറമാകുകയും ചെയ്യുന്നതാണ് ഗാക് പഴത്തോട്ടത്തിന്റെ അനന്യസാധാരണമായ മുഖമുദ്ര. നല്ല ചുവപ്പു നിറമാകുമ്പോഴാണ് കായ്കൾ ഭക്ഷ്യയോഗ്യമാകുന്നത്. ഇതാണ് വിളവെടുക്കേണ്ട പാകം. കായ്കളുണ്ടാകാൻ തുടങ്ങുമ്പോൾതന്നെ അവ പോളിത്തീൻ കവറിലാക്കി സംരക്ഷിച്ചാൽ യാതൊരുവിധ പുള്ളിയും പാടും പോറലും വീഴാതെ നല്ല സുന്ദരൻ കായ്കൾ തന്നെ കിട്ടും.
ഏകദേശം 20 മീറ്ററോളം ഉയരത്തിൽ പടർന്ന് വളരാൻ കഴിയുന്ന വള്ളിച്ചെടിയാണിത്. ബ്രൗണോ കറുപ്പോ നിറമുള്ള 15 മുതൽ 20 വിത്തുകൾവരെ ഓരോ കായിലും കാണും. ഇന്ത്യയിലെ കാലാവസ്ഥയിലുണ്ടാകുന്ന പഴങ്ങൾക്ക് അധികവും ദീർഘചതുരാകൃതിയാണ് കണ്ടുവരുന്നത്. ഓരോ കായും ഏകദേശം 1 -2 കിലോവരെ തൂങ്ങും. എങ്കിലും പൊതുവേ കായുടെ രൂപത്തിലും തൂക്കത്തിലും പുറമെയുള്ള തോടിന്റെയും നേരിയ മുള്ളുകളുടെ ദൃഢതയിലും മുള്ളുകളുടെ കനത്തിലുമൊക്കെ വലിയ വ്യത്യാസങ്ങൾ കാണാറുണ്ട്. പടർന്നുവളരാൻ ഒരു പന്തലും ആവശ്യത്തിന് സൂര്യപ്രകാശവും- ഇത് രണ്ടുമുണ്ടെങ്കിൽ ഗാക് നന്നായി വളരും. നിലത്തു സ്ഥലമില്ലെങ്കിൽ പാഷൻ ഫ്രൂട്ടും മറ്റും വളർത്തുന്നതുപോലെ മട്ടുപ്പാവിലും വളർത്താം. പെൺചെടികളുടെ വള്ളികൾ മുറിച്ചെടുക്കുന്ന കഷണങ്ങൾ നട്ടും ഗാക് വളർത്താം. നന്നായി വളർന്ന ഒരു ചെടിയിൽനിന്ന് ഒറ്റ സീസണിൽതന്നെ 50 മുതൽ 60 പഴങ്ങൾവരെ കിട്ടും. വള്ളികൾ വളർച്ച നോക്കിയിട്ട് അത്യാവശ്യം കോതി വളർത്തിയാൽ അടുത്ത വർഷം കൂടുതൽ ഭേദപ്പെട്ട വിളവ് കിട്ടും.
മധുരമില്ലാത്ത ഫലം
സാധാരണ പഴങ്ങളുടെ മുഖമുദ്ര പഴുക്കുമ്പോൾ അവയുടെ തേൻ ചോരും മധുരമാണ്. എന്നാൽ, ഈ ഗണത്തിൽ പെടാത്ത അപൂർവ ഫലമാണ് ഗാക് ഫ്രൂട്ട്. മധുരമേയില്ലാത്ത വളരെ സൗമ്യമായ രസമാണ് ഇതിന്. വിത്തുകൾക്ക് ചുറ്റുമുള്ള ചുവന്ന പൾപ്പിന് എണ്ണമയമുള്ള നേരിയ രീതിയിൽ കുഴഞ്ഞ ഘടനയാണ്. അതുകൊണ്ടുതന്നെ ഇത് നേരിട്ട് കഴിക്കുന്നത് രുചികരമായി രിക്കില്ല. പഴുത്ത ഗാക് ഫ്രൂട്ടിന്റെ ഉള്ളിലെ ചുവന്ന അല്ലികൾക്ക് (aril) കാര്യമായ മധുരമോ പുളിയോ ഇല്ലാത്ത വളരെ നേരിയ രുചിയോ രുചിരഹിതമായ സ്വഭാവമോ ആണ്.
ഉൾഭാഗത്തിന് അവൊക്കാഡോയുടെതുപോലെ നേരിയ കൊഴുപ്പും വെണ്ണ പോലുള്ള ഘടനയുമാണ്. മുറിച്ചാൽ നേരിയ ഒരു മണം. വെറുതെ കഴിക്കാൻ കഴിയാത്തതിനാൽ പഞ്ചസാരയോ തേനോ ചേർത്ത് ഇതര വിഭവങ്ങൾ തയാറാക്കാം.
വിവിധ രാജ്യങ്ങളിൽ ഗാക് പഴം ഉപയോഗിച്ച് വൈവിധ്യമാർന്ന ഉത്പന്നങ്ങൾ തയാറാക്കി വരുന്നു. വിയറ്റ്നാമിൽ പഴത്തിന്റെ കുഴമ്പ് ചോറിനോടൊപ്പം ചേർത്ത് നിറമുള്ള വിഭവം തയാറാക്കുന്നു. പഴത്തിന്റെ കാമ്പ് കുഴമ്പുപരുവത്തിലാക്കി തക്കാളിയുമായി ചേർത്ത് സൂപ്പുകൾ തയാറാക്കുന്നു; കടൽമൽസ്യവിഭവങ്ങൾ, സ്റ്റൂ, പിസ്സ, പാസ്ത എന്നിവയിലെല്ലാം ഇത് ചേരുവയാണ്. തായ്ലൻഡിൽ പഴത്തിന്റെ ഉള്ളിലെ അല്ലികൾ ഐസ് ക്രീം, ബേക്കറി പലഹാരങ്ങൾ എന്നിവയ്ക്ക് നൈസർഗിക നിറം ചേർക്കാനാണ് ഉപയോഗിക്കുന്നത്. അല്ലികൾ വേവിച്ചു ജ്യൂസുകൾ, സ്മൂത്തികൾ എന്നിവയിലും ചേർക്കുന്നു.
ഇന്ത്യയിലും ശ്രീലങ്കയിലും ചിലയിടങ്ങളിൽ അല്ലികളെ പൊതിഞ്ഞിരിക്കുന്ന മഞ്ഞ മാംസളമായ ഭാഗം കഴിക്കാറുണ്ട്. പാകമാകാത്ത ഗാക് പഴം പുറംതൊലി നീക്കി പച്ചക്കറിയായി തന്നെ പാകം ചെയ്തുപയോഗിക്കാറുണ്ട്. തെക്കു കിഴക്കൻ ഏഷ്യയിലെ ചില പ്രദേശങ്ങളിൽ ചെടിയുടെ ഇളം തണ്ടും കിളുന്നിലകളും പച്ചക്കറിയായി കറിവച്ചു കഴിക്കാറുണ്ട്. വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, മത്തൻ എന്നിവയുമായി ചേർത്തും കൈതച്ചക്ക, തേങ്ങ, പാഷൻ ഫ്രൂട്ട് എന്നിവയുമായി ചേർത്തും പാചകം ചെയ്തുപയോഗിക്കാറുണ്ട്. പഴുത്തു പാകമായ ഗാക് പഴങ്ങൾ വിളവെടുത്തു അധികം താമസിയാതെ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വേർതിരിച്ച പഴത്തിന്റെ അല്ലികൾ പാത്രങ്ങളിൽ അടച്ചു ഒന്നോ രണ്ടോ ദിവസം സൂക്ഷിക്കാം. പഴത്തിന്റെ അല്ലികൾ ഉണക്കി പൊടിച്ചു പിന്നീടുള്ള ഉപയോഗത്തിനും സൂക്ഷിക്കാം.
ഗാക്കിന്റെ പോഷകവിസ്മയം
ലൈക്കോപ്പീൻ, ബീറ്റാ കരോട്ടിൻ തുടങ്ങിയ നിരോക്സീകാരകങ്ങളുടെ കലവറ ആയ ഗാക് ഫ്രൂട്ട് 100 ഗ്രാം പഴത്തിൽ 31 കിലോ കാലറി ഊർജം, 0.9 മാംസ്യം, 0.1 ഗ്രാം കൊഴുപ്പ്, 6.6 ഗ്രാം അന്നജം, 0.8 ഗ്രാം നാരുകൾ, 50 മില്ലിഗ്രാം കാൽസ്യം, 9 ഗ്രാം ഫോസ്ഫറസ്, 0.4 മില്ലിഗ്രാം ഇരുമ്പ്, 0.11 മില്ലിഗ്രാം വിറ്റാമിൻ ബി -1, 0.14 മില്ലിഗ്രാം വിറ്റാമിൻ ബി -2, 0.6 മില്ലിഗ്രാം നിയാസിൻ, 178 മില്ലിഗ്രാം വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. അപൂർവമായ പോഷകസമൃദ്ധി കൈമുതലായതു കൊണ്ട് ഇത് നേത്രാരോഗ്യം സംരക്ഷിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, വിളർച്ച തടയാനുപകരിക്കുന്നു തുടങ്ങിയ ഗുണങ്ങളുണ്ട്.
വിളവിലെ വിസ്മയം, വിലയിലും
ആദ്യം നാവിൽ തൊടുമ്പോൾ തെല്ലും മധുരം തോന്നാത്ത ഒരു പഴത്തിന് ഇത്രയും വിലയോ? ഗാക് ഫ്രൂട്ടിന്റെ വിലയറിയുമ്പോൾ ഒരു പക്ഷേ പലരും അദ്ഭുതം കൊണ്ടേക്കാം. കിലോക്ക് 1000 മുതൽ 1500 രൂപവരെയാകാം ഗാക്കിന്റെ വില. എന്നാൽ, ഗാക്കിന്റെ വിത്തുകളിൽനിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് രാജ്യാന്തര വിപണിയിൽ 20,000 രൂപവരെ വിലയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെ ലഭ്യതക്കുറവ്, അസാധാരണമായ ഔഷധഗുണങ്ങൾ, ഉയർന്ന മൂല്യവർധിത ഡിമാൻഡ്, നടീൽ വസ്തുക്കളുടെ ഉയർന്ന വില തുടങ്ങിയ കാരണങ്ങളാണ് ഗാക് ഫ്രൂട്ടിന് ഇത്രയധികം വില ഉയരാൻ കാരണം എന്നാണ് വിദഗ്ദ്ധമതം. ഗാക് ഫ്രൂട്ടിന്റെ പോളിബാഗിൽ വളർത്തിയ തൈകൾ കേരളകാർഷിക സർവകലാശാലയുടെ നഴ്സറിയിലും കൂടാതെ വിവിധ സ്വകാര്യ നഴ്സറികളിലും വാങ്ങാൻ ലഭ്യമാണ്.
: സുരേഷ് മുതുകുളം
(ജോയിന്റ് ഡയറക്ടര് ആന്ഡ് പ്രിന്സിപ്പല് ഇന്ഫര്മേഷന് ഓഫീസര് (റിട്ട) ഫാം ഇന്ഫര്മേഷന് ബ്യൂറോ. കൃഷി: വീട്ടുവളപ്പിലും മട്ടുപ്പാവിലും, മാവ് തേന്മാവ്, വാഴക്കൃഷി അറിയേണ്ടതെല്ലാം തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്.) .
Content Highlights: Gac fruit, hailed as a "super fruit" for its exceptional nutritional profile and high antioxidant content, is gaining popularity for its health benefits and unique cultivation methods.
ശുദ്ധമായ ഭക്ഷണം
ഓരോ പൗരൻ്റെയും ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































