പരിയാരം മെഡിക്കൽ കോളേജിന് എം.വി. രാഘവന്റെ പേരിടണം; സി.എം.പി. അനുസ്മരണയോഗത്തിൽ ആവശ്യം
കോഴിക്കോട്: കേരളത്തിലെ സഹകരണ മേഖലയെ എൽ.ഡി.എഫ് അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയെന്നും ഈ കൊള്ളയ്ക്ക് നേതൃത്വം നൽകിയത് സി.പി.എമ്മാണെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സി.എം.പി. ജില്ലാ കൗൺസിൽ സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമായതോടെ സഹകരണ പ്രസ്ഥാനങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണം നേരിടേണ്ട സാഹചര്യത്തിലായിരിക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. കിഫ്ബിയിലൂടെ കോടികൾ സി.പി.എം. നേതാക്കൾ തട്ടിയെടുത്തതായും അദ്ദേഹം ആരോപിച്ചു.
പത്തുവർഷം കേരളം ഭരിച്ച മുൻ മുഖ്യമന്ത്രി ഭരണാധികാരികളുടെ ആഡംബരത്തിലും സുരക്ഷാ അകമ്പടിയിലും ധൂർത്തിലും റൊമാനിയൻ ഭരണാധികാരി നിക്കോളെ ചൗഷസ്ക്യൂവിനെപ്പോലും മറികടന്നുവെന്ന് മുല്ലപ്പള്ളി പരിഹസിച്ചു. ചൗഷസ്ക്യൂവിന്റെ ആഡംബരജീവിതത്തെയും ഭാര്യ എലീനയോടൊപ്പമുള്ള കൊട്ടാരവാസത്തെയും പരാമർശിച്ച അദ്ദേഹം, അഴിമതിയിലൂടെ നാടിനെ തകർക്കുകയും ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത മുൻ മുഖ്യമന്ത്രിക്ക് ഇപ്പോഴും കൊട്ടാരസദൃശമായ വസതികളോടാണ് താൽപര്യമെന്നും വിമർശിച്ചു.
ഇതിന്റെ ഫലമായി കമ്യൂണിസത്തിന്റെ അവസാന തുരുത്തുപോലും യു.ഡി.എഫ്. സുനാമിയിൽ ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അതുല്യമായ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയും യഥാർഥ കമ്യൂണിസ്റ്റുമായിരുന്നു എം.വി. രാഘവനെന്ന് മുല്ലപ്പള്ളി അനുസ്മരിച്ചു.
പരിയാരം മെഡിക്കൽ കോളേജിന്
എം.വി. രാഘവന്റെ പേരിടണം
പരിയാരം മെഡിക്കൽ കോളേജിന് എം.വി. രാഘവന്റെ പേരിടണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.
ഈ ആവശ്യം പലവട്ടം ഉന്നയിച്ച് മടുത്തുവെന്നും പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ഈ വിഷയം മറ്റൊരിടത്തും ഉന്നയിക്കില്ലെന്നും പരിയാരം മെഡിക്കൽ കോളേജിന് എം.വി. രാഘവന്റെ പേരിടണമെന്നത് സി.പി.എമ്മുകാർക്കിടയിൽ പോലും ആഗ്രഹമുള്ള കാര്യമാണെന്നും വിജയകൃഷ്ണൻ കൂട്ടിച്ചേർത്തു.
വീടില്ലാത്തവർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ എം.വി. രാഘവന്റെ സ്മരണാർഥം അഞ്ചുലക്ഷം രൂപ ചെലവിൽ വീടുകൾ നിർമിച്ചുനൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇക്കാര്യം പറയുന്നതിനിടെ അദ്ദേഹം വികാരാധീനനായി.
ജില്ലാ സെക്രട്ടറി പി. ബാലഗംഗാധരൻ, എൻ.പി. അബ്ദുൾ ഹമീദ്, എ. അബ്ദുൾ അസീസ് എന്നിവരും സംസാരിച്ചു.
ചിത്രം :സി.എം.പി. ജില്ലാ കൗൺസിൽ കോഴിക്കോട്ട് സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































