മാഹി: ഭൗതികതയും, ആത്മീയതയും ഒരു പോലെ സമന്വയിപ്പിച്ച്, പിറന്ന നാടിന്റെ മോചനത്തിന് വേണ്ടി അനവരതം പോരാടിയ ഈ മനുഷ്യനെ ഋതുക്കൾ എത്ര തവണ മാറി മറിഞ്ഞാലും മയ്യഴിക്ക്മറക്കാനാവില്ല. അത്രമേൽ ആ ധന്യജീവിതം ഈ മണ്ണുമായി ഇഴുകി ചേർന്ന് കിടക്കുന്നു.
കുമ്മായ മുകുന്ദൻ എന്ന നാമം മയ്യഴിക്കാർക്ക് കേവലമായ ഒരു പേര് മാത്രമല്ല, മഹിതമായ ഒരുനാടിന്റെവികാരമാണ്.. ആത്മാഭിമാനത്തിന്റെ ആവേശമാണ്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ, സമഭാവനയുടെ സ്തന്യം നുകർന്ന്, ഫ്രഞ്ച് വിരുദ്ധ വിമോചനപോരാട്ടത്തിന്റെ ത്രസിക്കുന്ന ആവേശമായി മാറിയ യൗവ്വനം..
വിമോചന ദൗത്യത്തിന് ശേഷം സബ്- രജിസ്ട്രാരുടെ കർമ്മകാണ്ഡം..
ഉത്തര കേരളത്തിന്റെ കൊച്ചു ഗുരുവായൂർ എന്ന് വിശേഷിപ്പിക്കുന്ന മാഹിശ്രീകൃഷ്ണക്ഷേത്രത്തിന്റെ ദീർഘകാല പ്രസിഡണ്ട്.. സോഷ്യലിസ്റ്റ് പ്രസ്ഥാനം വഴി പിരിഞ്ഞപ്പോൾ , മയ്യഴിയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരൻ.. ഗാന്ധിയൻ ചിന്താധാരയിൽ അനുധാവനം ചെയ്ത ആ ധന്യജീവിതം, ഖദറിന്റെ വിശുദ്ധിയും, സാമൂഹ്യ പ്രവർത്തനത്തിന്റെ തെളിമയും, ഔദ്യോഗിക ജീവിതത്തിലെ സുതാര്യതയും പുതുതലമുറയ്ക്ക് പകർന്നേകിയ അപൂർവ്വ വ്യക്തിത്വമായിരുന്നു. പ്രകൃതിയേയും, ജീവജാലങ്ങളേയുമെല്ലാം ഏറെ സ്നേഹിച്ച മനസ്സിന്നുടമ. പ്രായഭേദങ്ങൾക്കുമപ്പുറം കുട്ടികളോട് പോലും സമശീർഷരോടെന്നപോലെ ആദരവും, സ്നേഹവും പ്രകടിപ്പിച്ച അപൂർവ വ്യക്തിത്വം. മയ്യഴിയോടും, ലോകത്തോടും വിട ചൊല്ലിയിട്ട് പതിമൂന്ന് വർഷങ്ങൾ കടന്നുപോകുമ്പോഴും,
തൂവെള്ള ഖദർഷർട്ട് ധരിച്ച. ആ നരച്ച തലമുടിക്കാരന്റെ രൂപം ഇന്നലെയെന്നപോൽ, പരിചിത സീമയിൽ പെട്ടവരുടെയെല്ലാം മനസ്സിൽ ,തെളിമയോടെ പുഞ്ചിരിച്ച് നിൽപ്പുണ്ട്.
കഴിഞ്ഞ ദിവസം മാഹി ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ കുമ്മായ മുകുന്ദന്റെ ഛായാപടംഅനാച്ഛാദനം ചെയ്യാനെത്തിയ വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞതിങ്ങനെ.." മയ്യഴിക്കാർക്ക് അഭിമാനിക്കാവുന്ന മാതൃകകളിൽ ഒരാളാണ് പ്രൗഢമായ ജീവിതം നയിച്ച തലയെടുപ്പുള്ള ഈ മനുഷ്യൻ "
മയ്യഴി രജിസ്ട്രാർ ഓഫീസിലെരജിസ്ട്രാറായിരുന്നപ്പോൾ , കുമ്മായ മുകുന്ദൻ എഴുതിയ ആധാരങ്ങളുടെ ഒടുവിലത്തെ ഖണ്ഡിക 'ചെരിച്ചെഴുത്തി'ന്റെ മനോഹാരിത പ്രകടമാക്കുന്നതായിരുന്നു. ഫ്രഞ്ച് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിയിൽ നിൽക്കുമ്പോഴും, ഫ്രഞ്ച് ഭാഷയേയും, ഫ്രഞ്ച് സാഹിത്യത്തേയും വല്ലാതെപ്രണയിച്ചിരുന്നു.
മയ്യഴി വിമോചന സമരനായകൻ ഐ.കെ.കുമാരൻ മാസ്റ്റരുടേയും, ധിരരക്തസാക്ഷി പി.കെ. ഉസ്മാൻ മാസ്റ്റരുടേയും, അമ്മാഞ്ചേരി ശ്രീധരേട്ടന്റേയും, കാരാടൻനാണുവേട്ടന്റേയുംആത്മസുഹൃത്തായിരുന്നു മുകുന്ദേട്ടൻ.. അനീതി എവിടെ കണ്ടാലും ജീവിതാന്ത്യം വരെ ഉറക്കെ പ്രതിഷേധിക്കുകയും, മുഖത്ത് നോക്കി വിരൽ ചൂണ്ടുകയും ചെയ്ത ധീരനായപോരാളി. ഫ്രഞ്ചു കോടതി ഈ പോരാളിക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒളിവിലായതിനാൽ ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല.
മുൻപ് തലശ്ശേരിയിൽ സോഷ്യലിസ്റ്റുകൾ നടത്തിയഐക്യനാണയ സംഘത്തിൽ ജോലി ചെയ്തിരുന്നതായി അദ്ദേഹം ഒരിക്കൽ പറഞ്ഞതോർക്കുന്നു.അക്കാലത്ത് അരങ്ങിൽ ശ്രീധരൻ, കെ.കുഞ്ഞിരാമക്കുറുപ്പ്,കെ.കേളപ്പൻ,മംഗലാട്ട് രാഘവൻഎന്നിവരുമായിനിരന്തരബന്ധമുണ്ടായിരുന്നു.മാഹി ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപകനായ സ്വാതന്ത്ര്യ സമര സേനാനിയും, മാഹി എം.എൽ എ യും, പ്രമുഖസോഷ്യലിസ്റ്റുമായ പി.കെ.രാമന്റെ സന്തത സഹചാരി കൂടിയായിരുന്നു . പി.കെ.രാമൻപിൽക്കാലത്ത് കോൺഗ്രസ്സിൽ ചേർന്നപ്പോൾ , ഒപ്പം കുമ്മായമുകുന്ദനുമുണ്ടായിരുന്നു.
മാഹിയിൽ സർക്കാർ ജീവനക്കാരുടെ സംഘടനകെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
മാഹിഅഴിമുഖത്തെ പാതാറിൽ ഫ്രഞ്ചുകാർ സ്ഥാപിച്ച "മറിയന്ന്"പ്രതിമ, സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ട വേളയിൽ,കുമ്മായ
മുകുന്ദേട്ടൻ ഉൾപ്പെട്ട വിമോചനപോരാളികൾ പിഴുതെടുത്ത് പുഴയിൽ വലിച്ചെറിഞ്ഞിരുന്നു. എന്നാൽ വിമോചനത്തിന് ശേഷം ഈ പ്രതിമയുടെ സംരക്ഷണത്തിനായി ഇദ്ദേഹംതന്നെ മുന്നിട്ടിറങ്ങുകയും ചെയ്തത് ഓർക്കുന്നു. ഏറ്റവുമൊടുവിൽ പങ്കെടുത്ത ചടങ്ങ് പള്ളൂർ കസ്തൂർബാ ഗാന്ധിഗവ:ഹൈസ്കൂളിൽ ഒരു മാവ് നടൽ ചടങ്ങിലായിരുന്നു.. മഹാത്ജിയുടെ നിശബ്ദമായ കരുത്തായിരുന്ന കസ്തൂർബയുടെ നാമധേയത്തിലുള്ള തലയെടുപ്പുള്ള ആ വിദ്യാലയത്തിന്റെ പ്രവേശന കവാടത്തിൽ, കേന്റീനിലേക്ക് വഴി പിരിയുന്നിടത്ത് തലമുറകൾക്ക് തണലേകാൻ ആ ഓർമ്മമാവ് ഇന്നും ഹരിത കാന്തിയോടെ തലയുയർത്തിനിൽപ്പുണ്ട്...കുമ്മായമുകുന്ദേട്ടനെപോലെ....
:ചാലക്കര പുരുഷു
മാഹിയിലെ അവസാനത്തെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.ബാലൻ വിടവാങ്ങി
മാഹിയിലെ അവസാനത്തെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പള്ളൂരില കുന്നുമ്മൽ ഹൗസിൽ കെ.ബാലൻ (85) നിര്യാതനായി. വർഷങ്ങളായി വയലളം ഉക്കണ്ടൻ പീടികയ്ക്ക് സമീപം അച്ചുത നിവാസിലായിരുന്നു താമസം. മാഹി അഡ്മിനിസ്ട്രേഷനു വേണ്ടി ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് പുഷ്പചക്രം സമർപ്പിച്ചു. ഭാര്യ: കോച്ചേരി ജാനകി. സഹോദരങ്ങൾ: കൗസു, പരേതരായ നാണു, ശേഖരൻ, ജാനകി.
ഷാനോജ് മനോളിക്ക്
വേൾഡ് റെക്കാർഡ്...
മാഹി സ്വദേശി മെൻ്റലിസ്‌റ്റ് ഷിനോജ് മനോളിക്ക് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം നേടി.
നവംബർ 6 ന് വൈകുന്നേരം 4 മണിക്ക് മാഹി ജവഹർലാൽ നെഹ്റു ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന പൗരസ്വീകരണവും അനുമോദന ചടങ്ങും അഡ്വ.ടി.അശോക് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തും.
മനശാസ്ത്രവും നിരീക്ഷണപാടവവും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ട പ്രകടനത്തിലൂടെയാണ് മാഹി സ്വദേശിയായ പ്രമുഖ മെൻ്റലിസ്‌റ്റ് ഷിനോജ് മനോളിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഒരേസമയം പൂർണ്ണമായും കണ്ണുകെട്ടിയ 76 പേരെ അണിനിരത്തി വെറും 14 സെക്കന്റ് കൊണ്ട് വിജയകരമായി പൂർത്തിയാക്കിയ മാസ്സ് ഇലക്ട്രോകൈനിസിസ് പ്രകടനത്തിനാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അംഗീകാരം ലഭിച്ചത്.
മെന്റലിസം എന്ന കലാരൂപത്തെ സാധാരണക്കാരിലേക്ക് ലളിതമായും ശാസ്ത്രീയമായും എത്തിക്കുന്നതിൽ ശ്രദ്ധേയനായ ഷിനോജ് മനോളി, 'ഫ്രാഗമെൻ്റ്സ് ഓഫ് ഫേറ്റ് ഉൾപ്പെടെയുള്ള ഒറിജിനൽ സ്‌റ്റേജ് ഷോകളിലൂടെയും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
വാർത്താ സമ്മേളനത്തിൽ അബ്ദുൾ ഗഫൂർ.എം, മുഹമ്മദ് ഷിനോജ്, എം. ഹസീബ്.,പള്ള്യൻപ്രമോദ് സംബന്ധിച്ചു
ദേശീയഗാനം ആലപിക്കാതെ ലിബറേഷൻ ഡേ ആഘോഷം
മാഹി:മയ്യഴി ഭരണകൂടത്തിന്റെ നടപടിയിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം
മയ്യഴിയുടെ 73-ാമത് വിമോചനദിനാഘോഷമായ ലിബറേഷൻ ഡേയുടെ ഔദ്യോഗിക ചടങ്ങിൽ ദേശീയഗാനം ആലപിക്കാതെ, കേവലം സംഗീതാവിഷ്കാരത്തിൽ ഒതുക്കിയ ഭരണകൂടത്തിന്റെ നടപടിയിൽ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തിന്റെ അഭിമാനവും ഐക്യവും പരമാധികാരവും പ്രതിനിധീകരിക്കുന്ന ദേശീയഗാനം ഓരോ പൗരനും ആദരവോടെ നെഞ്ചേറ്റുന്ന ഒന്നാണ്. ഔദ്യോഗികമായ ദേശീയ ദിനാഘോഷച്ചടങ്ങിൽ ദേശീയഗാനം ആലപിക്കേണ്ടതിനു പകരം സംഗീതാവിഷ്കാരത്തിൽ മാത്രം ഒതുക്കിയത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്
ദേശീയഗാനത്തോടുള്ള ആദരവ് കേവലം ഒരു ഔപചാരികതയല്ല; അത് നമ്മുടെ ഭരണഘടനയോടും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളോടുമുള്ള ആദരവിന്റെ ഭാഗമാണ്. ദേശീയഗാനത്തിന് അർഹമായ മാന്യതയും ഔദ്യോഗിക പരിഗണനയും നൽകുന്നതിൽ വീഴ്ച വരുത്തിയ മയ്യഴി ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഭവത്തിൽ വ്യക്തമായ വിശദീകരണം നൽകണമെന്നും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മയ്യഴി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹനൻ പ്രസ്താവനയിൽ അറിയിച്ചു.
മാഹി പാലത്ത് ദീർഘ ദൂര ബസ്സുകൾ നിർത്തണം
മാഹി:അന്തർ സംസ്ഥാന അതിർത്തിയായ മാഹി പ്പാലത്ത് മിന്നൽ ഒഴികെയുള്ള മുഴുവൻ ബസ്സുകൾക്കും സ്‌റ്റോപ്പ് അനുവദിക്കണം. രാത്രികാലങ്ങളിൽ കെ.എസ്. ആർ.ടി.സി ബസ് പോലുംസ്‌റ്റോപ്പിൽ നിർത്താത്ത സ്ഥിതിയാണ്. നൈറ്റ് സർവീസ് ബസ്സുകൾഇതുവഴി വരാതെ പുതിയ മാഹി - തലശേരി ബൈപ്പാസ് വഴി കടന്നുപോകുന്നത് യാത്രക്കാർക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. സൗകര്യപ്രദമായ കെട്ടിടമുണ്ടായിട്ടും, നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന
ന്യൂമാഹിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ പ്രവർത്തിക്കാത്തതും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രശ്‌നത്തിൽ അധികൃതരുടെ ഭാഗത്തു നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാവണമെന്ന് പ്രദേശവാസികളും, നാട്ടുകാരും ആവശ്യപ്പെടുന്നു
'ഓർമ്മകളിലെ കെ.കെ '
അനുസ്മരണം ഇന്ന്
തലശ്ശേരി : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രിക പത്രം മുൻ എഡിറ്ററും, മുസ്ലിം ലീഗ് നേതാവുമായിരുന്ന കെ.കെ.മുഹമ്മദിനെ ഇന്ന് അനുസ്മരിക്കുന്നു.
തലശ്ശേരികോ-ഓപ്പ്.. ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് വൈ:3.മണിക്ക് നടക്കുന്ന 'ഓർമ്മകളിലെ കെ.കെ.' അനുസ്മരണ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും പ്രമുഖ നേതാക്കൾസംബന്ധിക്കും.
നാണി നിര്യാതയായി.
ന്യൂമാഹി: പുന്നോൽ താഴെ വയൽ പീച്ചാണി പാലത്തിന് സമീപം നാണി ചെള്ളത്ത് (85) നിര്യാതയായി.
ഭർത്താവ് :പരേതനായ കുഞ്ഞിക്കണ്ണൻ.
മക്കൾ: ശ്യാമള, സുധ, ശോഭ, ഗീത, അനിത, പരേതനായ ശശി.
മരുമക്കൾ: ശശി, സുനിൽകുമാർ, രമ, പരേതനായ രാജൻ.
സഹോദരങ്ങൾ: ശാന്ത, ചന്ദ്രൻ, പരേതനായ അനന്തൻ, വാസു, ദേവൂട്ടി.
സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





















































_h_small.jpg)








