വയോജന സംരക്ഷണം: കരുതലിന്റെ പുതിയ അധ്യായത്തിന് കേരളം വഴികാട്ടിയാകട്ടെ!

വയോജന സംരക്ഷണം: കരുതലിന്റെ പുതിയ അധ്യായത്തിന് കേരളം വഴികാട്ടിയാകട്ടെ!
വയോജന സംരക്ഷണം: കരുതലിന്റെ പുതിയ അധ്യായത്തിന് കേരളം വഴികാട്ടിയാകട്ടെ!
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Oct 14, 06:09 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

നിയമസഭയിലെ നിയമനിർമാണ നീക്കം പ്രതീക്ഷ പകരുന്നു; വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ കുടുംബവും സമൂഹവും സർക്കാരും കൈകോർക്കണം


ഒരു സമൂഹത്തിന്റെ യഥാർഥ സംസ്കാരം തിരിച്ചറിയപ്പെടുന്നത് അവിടത്തെ വയോജനങ്ങളോട് അത് പുലർത്തുന്ന സമീപനത്തിലൂടെയാണ്.

 പ്രായമായവരെ സംരക്ഷിക്കാനും അവരുടെ അന്തസ്സും അവകാശങ്ങളും ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേരളത്തിൽ ഉയരുന്ന നിയമനിർമാണ നീക്കങ്ങൾക്ക് ആദരവോടെ അഭിവാദ്യമർപ്പിക്കാം.

മുതിർന്ന പൗരന്മാരുടെ സംരക്ഷണം കേവലം കുടുംബങ്ങളുടെ സ്വകാര്യ ഉത്തരവാദിത്വമല്ലെന്നും അതിൽ സർക്കാരിനും സമൂഹത്തിനും നിർണായകമായ പങ്കുണ്ടെന്നും തിരിച്ചറിയുന്ന ഈ സമീപനം കാലഘട്ടത്തിൻ്റെ അനിഷേധ്യമായ ആവശ്യമാണ്. വയോജന സംരക്ഷണത്തിന് നിയമപരമായ കരുത്ത് നൽകാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ മുൻകൈ പ്രതീക്ഷയോടെയാണ് കാണേണ്ടത്. ഈ പ്രഖ്യാപനങ്ങളും നിയമനിർമാണ നടപടികളും പ്രായോഗികമായ സംരക്ഷണമായി മാറുമ്പോഴാണ് അതിന്റെ യഥാർഥ ലക്ഷ്യം സഫലമാകുന്നത്.

വാർധക്യം ജീവിതത്തിന്റെ അവസാന അധ്യായം മാത്രമല്ല; ഒരു തലമുറയുടെ അനുഭവങ്ങളും അറിവുകളും ജീവിതപാഠങ്ങളും അടുത്ത തലമുറയ്ക്ക് കൈമാറുന്ന അമൂല്യമായ കാലഘട്ടം കൂടിയാണ്. എന്നാൽ, ഈ തിരിച്ചറിവ് നമ്മുടെ സാമൂഹിക ജീവിതത്തിൽ വേണ്ടത്ര പ്രതിഫലിക്കുന്നുണ്ടോ എന്ന ചോദ്യം ഗൗരവത്തോടെ ഉയരേണ്ടതുണ്ട്.ചിന്തിക്കേണ്ടതുണ്ട് .

'പുരാവസ്തു' വല്ല, അനുഭവങ്ങളുടെ അമൂല്യശേഖരം

പ്രായം ചെന്നവരെയും അവരുടെ അനുഭവസമ്പത്തിനെയും ആദരിക്കേണ്ടതിന് പകരം, അവരെ തമാശയായി 'പുരാവസ്തു' എന്നു വിശേഷിപ്പിക്കുന്ന പുതിയ തലമുറയുടെ ചില പ്രയോഗങ്ങൾ കേൾക്കുമ്പോൾ സങ്കടത്തോടൊപ്പം ചിന്തയും തോന്നുന്നു. തലമുറകളെ കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെയും അറിവിന്റെയും ആഴമുള്ള വേരുകളെയാണ് 'പഴഞ്ചൻ' എന്ന ഒറ്റ വാക്കുകൊണ്ട് നാം കാണാതെ പോകുന്നത്.


കാലം മാറുന്നതനുസരിച്ച് ജീവിതരീതികളും ചിന്താഗതികളും മാറുക സ്വാഭാവികമാണ്. പുതിയ തലമുറയുടെ സ്വാതന്ത്ര്യത്തെയും കാഴ്ചപ്പാടുകളെയും അംഗീകരിക്കുന്നതുപോലെ പഴയ തലമുറയുടെ അനുഭവങ്ങളെയും ജീവിതസമരങ്ങളെയും ആദരിക്കാനും നമുക്ക് കഴിയണം. ഇന്നത്തെ സൗകര്യങ്ങളും പുരോഗതിയും ആസ്വദിക്കുന്ന തലമുറയ്ക്ക് അതിന്റെ പിന്നിലെ അധ്വാനവും ത്യാഗവും ഓർമിപ്പിക്കുന്നവരാണ് മുതിർന്നവർ.

അവരെ മാറ്റിനിർത്തുന്നത് ഒരു വ്യക്തിയെ അവഗണിക്കുന്നതിലുപരി ചരിത്രത്തിന്റെ ജീവിക്കുന്ന ഓർമകളെ തള്ളിപ്പറയുന്നതിന് തുല്യമാണ്.


വയോജന സൗഹൃദ സംസ്കാരം പ്രസംഗങ്ങളിലോ ദിനാചരണങ്ങളിലോ ഒതുങ്ങേണ്ടതല്ല. കുട്ടികളുടെ മനസ്സിൽ ചെറുപ്പം മുതൽതന്നെ മുതിർന്നവരോടുള്ള ആദരവും കരുതലും വളർത്തണം. വീടുകളിലും വിദ്യാലയങ്ങളിലും പൊതുസമൂഹത്തിലും ഈ മൂല്യങ്ങൾ ജീവിതത്തിന്റെ ഭാഗമാകണം. പ്രായമായവരെ പരിഹസിക്കുകയല്ല, അവരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ് പരിഷ്കൃത സമൂഹത്തിന്റെ അടയാളം.

ജീവിച്ചിരിക്കുമ്പോൾ സ്നേഹം; മരണശേഷം ആർഭാടം!

വയോജന സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളിൽ നമ്മൾ ആത്മപരിശോധന നടത്തേണ്ട മറ്റൊരു വൈരുധ്യമുണ്ട്. ജീവിച്ചിരിക്കുമ്പോൾ തിരക്കുകളുടെ ലോകത്ത് മാതാപിതാക്കൾക്കൊപ്പം അൽപ്പനേരം ഇരിക്കാനോ സ്നേഹത്തോടെ സംസാരിക്കാനോ പലർക്കും സമയം കണ്ടെത്താനാകുന്നില്ല. അവരുടെ ചെറിയ ആവശ്യങ്ങൾ ശ്രദ്ധിക്കാനും ഏകാന്തതയുടെ വേദന മനസ്സിലാക്കാനും പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നു.

എന്നാൽ, അവർ യാത്രപറഞ്ഞുപോയാലോ? സഞ്ചയനത്തിനും നാൽപ്പത്തിയൊന്ന് അടിയന്തിരത്തിനും ചരമവാർഷികത്തിനും പ്രമുഖ പത്രങ്ങളിൽ വലിയ തുക ചെലവഴിച്ച് വർണാഭമായ പരസ്യങ്ങൾ നൽകാനും ഡിജിറ്റൽ ചിത്രങ്ങളും ഓയിൽ പെയിന്റിങ് ഫ്രെയിമുകളും സ്ഥാപിക്കാനും മടിയില്ല. പരേതരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ജീവിച്ചിരുന്നപ്പോൾ നൽകേണ്ടിയിരുന്ന സ്നേഹത്തിനും പരിചരണത്തിനും പകരമാകാൻ മരണശേഷമുള്ള ആർഭാടങ്ങൾക്ക് കഴിയില്ലെന്ന സത്യം നാം മറക്കന്നുകൂടാ .ചില്ലിട്ട് ചുമരലങ്കാരത്തിനായി മാത്രം ഉപയോഗിക്കേണ്ടവരല്ല വയോജനങ്ങൾ....

മരണാനന്തര അനുസ്മരണങ്ങൾക്കായി ചെലവഴിക്കുന്നതിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ ചികിത്സയ്ക്കും പോഷകാഹാരത്തിനും സുരക്ഷിതമായ താമസത്തിനും സന്തോഷകരമായ ജീവിതത്തിനുമായി മാറ്റിവയ്ക്കാൻ കഴിയുമോ? അവരുടെ പിറന്നാളിനും വിവാഹവാർഷികത്തിനും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നതിനേക്കാൾ, അവർക്ക് ആവശ്യമുള്ളപ്പോൾ അരികിലിരുന്ന് സംസാരിക്കാനും കൈപിടിക്കാനും കഴിയുന്നതല്ലേ വലിയ സമ്മാനം?

വയോജന സംരക്ഷണത്തിന്റെ ആദ്യപാഠം ഇവിടെയാണ് തുടങ്ങുന്നത്. സ്നേഹം പ്രകടിപ്പിക്കേണ്ടത് അനുസ്മരണച്ചടങ്ങുകളിലല്ല, ജീവിതത്തിന്റെ നിത്യനിമിഷങ്ങളിലാണ്. മുതിർന്നവരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിലനിർത്താൻ കഴിയുന്ന കുടുംബാന്തരീക്ഷമാണ് ഏറ്റവും വലിയ ആദരസ്മാരകം.

മാറുന്ന കുടുംബവ്യവസ്ഥ; വർധിക്കുന്ന സാമൂഹിക ഉത്തരവാദിത്വം

വയോജനങ്ങളുടെ സംരക്ഷണം കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമായി മാറിയതിന് വ്യക്തമായ സാമൂഹിക പശ്ചാത്തലമുണ്ട്. ആയുർദൈർഘ്യം വർധിച്ചതോടെ മുതിർന്ന പൗരന്മാരുടെ എണ്ണം ഉയരുന്നു. അതേസമയം, അണുകുടുംബങ്ങളുടെ വ്യാപനം, മക്കളുടെ തൊഴിൽപരമായ കുടിയേറ്റം, വിദേശവാസം, മാറിയ ജീവിതക്രമങ്ങൾ എന്നിവ പല വയോജനങ്ങളെയും ഏകാന്തതയിലേക്കും അരക്ഷിതാവസ്ഥയിലേക്കും നയിക്കുന്നു.


മക്കൾ അകലെയാണെന്നതുകൊണ്ടുമാത്രം അവർ മാതാപിതാക്കളെ സ്നേഹിക്കുന്നില്ലെന്ന് വിധിക്കാനാവില്ല. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവർക്കെല്ലാം നേരിട്ട് പരിചരണം നൽകുക പ്രായോഗികമായി സാധ്യമാകണമെന്നില്ല. സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർക്ക് പോലും രോഗാവസ്ഥയിൽ മാതാപിതാക്കൾക്കരികിൽ സ്ഥിരമായി നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഈ യാഥാർഥ്യത്തെ കുറ്റപ്പെടുത്തലിലൂടെ മാത്രം പരിഹരിക്കാനാവില്ല.

എന്നാൽ, അകലെ താമസിക്കുന്ന മക്കളുടെ പരിമിതികൾ വയോജനങ്ങളുടെ സുരക്ഷയും പരിചരണവും അവഗണിക്കാനുള്ള കാരണവുമാകരുത്. കുടുംബങ്ങളുടെ ഉത്തരവാദിത്വത്തോടൊപ്പം വിശ്വസനീയമായ പൊതുസംവിധാനങ്ങളും പ്രാദേശികതലത്തിലുള്ള പരിചരണ ശൃംഖലകളും വളർത്തിയെടുക്കണം. സ്വന്തം വീട്ടിൽ സുരക്ഷിതമായി കഴിയാൻ ആഗ്രഹിക്കുന്ന വയോജനങ്ങൾക്ക് അതിനുള്ള സാഹചര്യമൊ രുക്കുകയും പരിചരണം അനിവാര്യമായവർക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയും വേണം.

നിയമത്തിന്റെ കരുത്ത്; നടപ്പാക്കലിന്റെ ഉറപ്പ്

മുതിർന്ന പൗരന്മാരെ വീട്ടിൽനിന്ന് ഇറക്കിവിടുക, ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, സ്വത്ത് കൈവശപ്പെടുത്തിയശേഷം സംരക്ഷണം നിഷേധിക്കുക തുടങ്ങിയ സംഭവങ്ങൾ സമൂഹത്തിന്റെ മനഃസാക്ഷിയെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമസംരക്ഷണം അനിവാര്യമാണ്.

വയോജനങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണ നീക്കങ്ങൾ ഈ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നു. എന്നാൽ, നിയമം പാസാക്കുന്നതുകൊണ്ടുമാത്രം പ്രശ്നങ്ങൾ അവസാനിക്കില്ല. പരാതി നൽകാനുള്ള ലളിതമായ സംവിധാനങ്ങൾ, പരാതികളിൽ സമയബന്ധിതമായ നടപടി, നിയമസഹായം, അടിയന്തര സംരക്ഷണം, പീഡനത്തിനിരയാകുന്നവർക്കുള്ള സുരക്ഷിത താമസം എന്നിവയും ഉറപ്പാക്കണം.

സ്വത്തുക്കൾ മക്കൾക്ക് കൈമാറിയശേഷം സംരക്ഷണം

നിഷേധിക്കപ്പെടുന്നവരുടെ പരാതികൾ ഗൗരവത്തോടെ പരിശോധിക്കണം. അതേസമയം, കുടുംബപ്രശ്നങ്ങളിൽ വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമ്പോൾ നീതിപൂർവമായ നടപടിക്രമങ്ങളും ഉറപ്പാക്കണം. നിയമത്തിന്റെ ലക്ഷ്യം ശിക്ഷയിൽ മാത്രം ഒതുങ്ങരുത്; വയോജനങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ ജീവിതം ഉറപ്പാക്കുക എന്നതായിരിക്കണം.

വയോജന സംരക്ഷണത്തിന് പ്രത്യേക ഭരണസംവിധാനങ്ങളും നയങ്ങളും നിയമങ്ങളും രൂപപ്പെടുന്നത് സ്വാഗതാർഹമാണ്. എന്നാൽ, അവയുടെ ഫലം സാധാരണക്കാരന്റെ ജീവിതത്തിൽ ദൃശ്യമാകണം. വയോജനങ്ങൾക്ക് എവിടെ പരാതി നൽകാം, ആരാണ് സഹായിക്കുക, അടിയന്തരാവശ്യങ്ങളിൽ ആരെ സമീപിക്കാം എന്നതെല്ലാം വ്യക്തമായിരിക്കണം. സർക്കാർ സംവിധാനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ സമീപിക്കാവുന്നവയാകണം.

വയോജന കേന്ദ്രങ്ങൾ: ഉപേക്ഷിക്കപ്പെടുന്നവർക്കുള്ള അഭയമല്ല, അന്തസ്സുള്ള ജീവിതത്തിനുള്ള ഇടം

വയോജന കേന്ദ്രങ്ങളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലും മാറ്റം ആവശ്യമാണ്. മക്കളില്ലാത്തവർക്കോ ഉപേക്ഷിക്കപ്പെട്ടവർക്കോ മാത്രമുള്ള ഇടങ്ങളെന്ന പഴയ ധാരണയിൽനിന്ന് അവയെ മോചിപ്പിക്കണം. ആവശ്യാനുസരണം പരിചരണവും ആരോഗ്യസേവനങ്ങളും സാമൂഹിക ഇടപെടലുകളും ലഭിക്കുന്ന അന്തസ്സുള്ള താമസകേന്ദ്രങ്ങളായി അവ വളരണം.


സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിവിധ സാമ്പത്തികശേഷിയുള്ളവർക്ക് പ്രാപ്യമായ വയോജന പരിചരണകേന്ദ്രങ്ങൾ വികസിപ്പിക്കണം. സേവനങ്ങളുടെ ചെലവ് താങ്ങാൻ കഴിയുന്ന കുടുംബങ്ങളിൽനിന്ന് ന്യായമായ ഫീസ് ഈടാക്കുന്ന മാതൃകകൾ പരിഗണിക്കാം. എന്നാൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഉപേക്ഷിക്കപ്പെട്ടവർക്കും സൗജന്യമോ സബ്സിഡിയോടുകൂടിയതോ ആയ സേവനങ്ങൾ ഉറപ്പാക്കണം.


ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം സുതാര്യവും ഉത്തരവാദിത്വമുള്ളതുമാകണം. ജീവനക്കാരുടെ യോഗ്യത, പരിചരണത്തിന്റെ നിലവാരം, ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ചികിത്സാ സൗകര്യങ്ങൾ, പരാതിപരിഹാര സംവിധാനം എന്നിവയിൽ കൃത്യമായ മാനദണ്ഡങ്ങൾ വേണം. വയോജനങ്ങളെ പാർപ്പിക്കുന്ന കെട്ടിടങ്ങൾ മാത്രമല്ല, അവരുടെ ജീവിതത്തെ മാനിക്കുന്ന ഇടങ്ങളായിരിക്കണം ഇത്തരം കേന്ദ്രങ്ങൾ.


അതേസമയം, സ്വന്തം വീടും പരിസരവും വിട്ടുപോകാൻ ആഗ്രഹിക്കാത്തവരുടെ താൽപര്യം മാനിക്കണം. വീട്ടിൽത്തന്നെ പരിചരണം ലഭ്യമാക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കണം. കിടപ്പുരോഗികൾക്കും ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങൾക്കും നിശ്ചിത ഇടവേളകളിൽ ആരോഗ്യപ്രവർത്തകരുടെയും പരിശീലനം നേടിയ പരിചരണപ്രവർത്തകരുടെയും സേവനം ലഭ്യമാക്കാൻ കഴിയണം.

പരിശീലനം നേടിയ പരിചരണപ്രവർത്തകർ വേണം

വയോജന പരിചരണം വൈകാരികമായ കരുതൽ മാത്രമല്ല; അതിന് പ്രത്യേക അറിവും പരിശീലനവും ആവശ്യമാണ്. കിടപ്പുരോഗികളെ പരിചരിക്കുക, മരുന്നുകൾ കൃത്യമായി നൽകുക, ഭക്ഷണം നൽകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ, ശുചിത്വം, വീഴ്ചകൾ തടയൽ, അടിയന്തര സാഹചര്യങ്ങൾ തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം അനിവാര്യമാണ്.


ഇപ്പോൾ പല കുടുംബങ്ങളും ഹോം നഴ്സുമാരെയും പരിചരണപ്രവർത്തകരെയും സ്വകാര്യ ഏജൻസികൾ വഴിയാണ് കണ്ടെത്തുന്നത്. ഇവരുടെ യോഗ്യതയും പരിശീലനവും സേവനങ്ങളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്ന സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെയും അംഗീകൃത പരിശീലനസ്ഥാപനങ്ങളുടെയും സഹകരണത്തോടെ വയോജന പരിചരണത്തിൽ തൊഴിൽപരമായ പരിശീലനം നൽകാം. പരിചരണപ്രവർത്തകരുടെ സേവനനിലവാരം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ തൊഴിൽസുരക്ഷയും ന്യായമായ വേതനവും പരിഗണിക്കണം. ഏതാനും വർഷങ്ങളായി എന്റെ അടുത്ത ബന്ധുവിനെ പരിചരിച്ചുവരുന്നത് ഹോം നേഴ്‌സാണ് .എങ്കിലും ഞങ്ങളവരെ കുടുംബാഗമായാണ് കാണുന്നതും ഇടപെടുന്നതും ,ഏറ്റെടുത്ത കർമ്മം അത്രയേറെ കുറ്റമറ്റ നിലയിൽ സമർപ്പണ മനോഭാവത്തിൽ

നിർവ്വഹിക്കുന്നവരെ 'ഹോം നേഴ്‌സ് ' എന്ന പേരിലൊതുക്കാൻ നമുക്കാവുമോ ?

ഇത് തൊഴിൽസാധ്യതയുള്ള ഒരു മേഖലയുമാണ്. വയോജനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശീലനം നേടിയ പരിചരണപ്രവർത്തകർക്ക് വലിയ ആവശ്യകതയുണ്ടാകും. ശാസ്ത്രീയ പരിശീലനവും അംഗീകൃത സർട്ടിഫിക്കേഷനും ലഭിക്കുന്നതോടെ ഈ മേഖലയെ വിശ്വാസ്യതയുള്ള തൊഴിൽമേഖലയായി വികസിപ്പിക്കാനും കഴിയും.

പാലിയേറ്റീവ് പരിചരണം വീടുകളിലേക്കും

വാർധക്യത്തോടൊപ്പം പലർക്കും ദീർഘകാല രോഗങ്ങളും ചലനപരിമിതികളും കിടപ്പിലാകുന്ന അവസ്ഥകളും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളും നേരിടേണ്ടിവരുന്നു. അത്തരം സാഹചര്യങ്ങളിൽ ആശുപത്രികളിലെ ചികിത്സയ്ക്കൊപ്പം വീട്ടിൽ ലഭിക്കുന്ന പരിചരണത്തിനും വലിയ പ്രാധാന്യമുണ്ട്. പാലിയേറ്റീവ് പരിചരണ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുകയും എല്ലാ പ്രദേശങ്ങളിലും ആവശ്യമായ സേവനം ലഭ്യമാക്കുകയും വേണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പാലിയേറ്റീവ് പ്രവർത്തകർ, സന്നദ്ധസംഘടനകൾ, പരിശീലനം നേടിയ പരിചരണപ്രവർത്തകർ എന്നിവർ ഏകോപിതമായി പ്രവർത്തിച്ചാൽ ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങളുടെ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാൻ കഴിയും. പതിവായ ആരോഗ്യപരിശോധന, മാനസിക പിന്തുണ, മരുന്നുകളുടെ ലഭ്യത, അടിയന്തര സഹായം എന്നിവ ഏകോപിപ്പിച്ചുള്ള സംവിധാനം വികസിപ്പിക്കണം.


ശാരീരികമായ പരിചരണത്തിനൊപ്പം മാനസികാരോഗ്യവും പ്രധാനമാണ്. ദിവസങ്ങളോളം ആരോടും സംസാരിക്കാതെ കഴിയുന്ന ഒരാളുടെ ഏകാന്തതയും ഒരു ആരോഗ്യപ്രശ്നമായി കാണണം. സൗഹൃദ സന്ദർശനങ്ങൾ, കൂട്ടായ്മകൾ, വായനശാലകൾ, പകൽപരിചരണ കേന്ദ്രങ്ങൾ, തലമുറകൾ തമ്മിലുള്ള സംവാദപരിപാടികൾ എന്നിവ വയോജനങ്ങളെ സമൂഹത്തിന്റെ സജീവഭാഗമായി നിലനിർത്താൻ സഹായിക്കും.

വയോജനങ്ങൾക്കായി മാത്രമല്ല, വയോജനങ്ങളോടൊപ്പം

പ്രായമായവരെ സഹായം സ്വീകരിക്കുന്നവരായി മാത്രം കാണുന്ന സമീപനവും മാറണം. അവരുടെ അറിവും അനുഭവവും സാമൂഹിക ഇടപെടലുകളും ഇന്നും സമൂഹത്തിന് മുതൽക്കൂട്ടാണ്. കുട്ടികൾക്ക് ജീവിതമൂല്യങ്ങൾ പകർന്നുനൽകാനും പരമ്പരാഗത അറിവുകൾ കൈമാറാനും യുവതലമുറയ്ക്ക് മാർഗനിർദേശം നൽകാനും വയോജനങ്ങൾക്ക് കഴിയും.അതിന്റെ തെളിവാണ് എൺപത്തിഒന്ന് വയസ്സിലും ഞാൻ ഈ മാറ്റർ കമ്പ്യുട്ടറിൽ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നത് .


ആരോഗ്യവും താൽപര്യവും അനുവദിക്കുന്നവർക്ക് അനുയോജ്യമായ ചെറുകിട തൊഴിൽസംരംഭങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ അവസരം നൽകണം. പെൻഷനും സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക സ്വാതന്ത്ര്യം നിലനിർത്താൻ സഹായിക്കുന്ന പദ്ധതികളും വേണം. 75 വയസ്സ് കഴിഞ്ഞവരിൽ സാമ്പത്തികമായിപിന്നോക്കാവസ്ഥയിലുള്ളവർക്ക് മാസം പതിനഞ്ചായിരം രൂപയെങ്കിലും സഹായധനമായി  നല്കുമെങ്കിൽ അത് അധികപറ്റാവുമെന്നു പറയാനാവില്ല .

ജോലി ചെയ്യാൻ കഴിയുന്നവരെ പ്രായത്തിന്റെ പേരിൽ മാറ്റിനിർത്താതെ അവരുടെ ശേഷിക്കനുസരിച്ചുള്ള അവസരങ്ങൾ ഒരുക്കണം.


പൊതുസ്ഥലങ്ങളും ഗതാഗതസംവിധാനങ്ങളും ആശുപത്രികളും സർക്കാർ ഓഫീസുകളും വയോജനസൗഹൃദമാക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇരിപ്പിടങ്ങൾ, കൈവരികൾ, സുരക്ഷിതമായ നടപ്പാതകൾ, സൗകര്യപ്രദമായ ശൗചാലയങ്ങൾ, ക്യൂവിൽ ആവശ്യമായ പരിഗണന, എളുപ്പത്തിൽ ലഭിക്കുന്ന വിവരങ്ങൾ എന്നിവ ചെറിയ കാര്യങ്ങളായി തോന്നാം. എന്നാൽ, സ്വയംപര്യാപ്തതയോടെ ജീവിക്കാൻ ശ്രമിക്കുന്ന ഒരു വയോജനത്തിന് ഇവ വലിയ ആശ്വാസമാണ്.


കരുതൽ കുടുംബത്തിൽ തുടങ്ങട്ടെ; ഉത്തരവാദിത്വം സമൂഹത്തിലേക്ക് വളരട്ടെ

നിക്ഷിപ്തമല്ല. കുടുംബമാണ് അതിന്റെ ആദ്യപാഠശാല. എന്നാൽ, കുടുംബത്തിന് ഒറ്റയ്ക്ക് നിറവേറ്റാൻ കഴിയാത്ത ആവശ്യങ്ങളിൽ സർക്കാർ സഹായവും സമൂഹത്തിന്റെ കൂട്ടായ്മയും അനിവാര്യമാണ്. മക്കളെ കുറ്റപ്പെടുത്തുക, വയോജനങ്ങളെ ഉപേക്ഷിക്കുന്ന കുടുംബങ്ങളെ വിമർശിക്കുക എന്നതിലുപരി പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തണം.


മുതിർന്നവരെ സംരക്ഷിക്കുന്നത് അവരുടെ അവസാനകാലത്തെ ബാധ്യത നിറവേറ്റൽ മാത്രമല്ല; നമ്മൾ ജീവിച്ചുവളർന്ന സാമൂഹികബന്ധങ്ങളോടുള്ള കടപ്പാട് കൂടിയാണ്. ഇന്ന് മറ്റൊരാളുടെ കരുതൽ ആവശ്യമുള്ളവർ ഒരുകാലത്ത് കുടുംബത്തിനും സമൂഹത്തിനും താങ്ങായിരുന്നവരാണ്. നാളെയൊരിക്കൽ നമുക്കും ആ കരുതൽ ആവശ്യമായി വരാം.


കേരളത്തിന്റെ വയോജന നയവും നിയമനിർമാണ നീക്കങ്ങളും പുതിയൊരു സാമൂഹിക സംസ്കാരത്തിന് വഴിയൊരുക്കട്ടെ. വയോജനങ്ങളുടെ അവകാശങ്ങൾ കടലാസിൽ ഒതുങ്ങാതെ വീടുകളിലും ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പരിചരണകേന്ദ്രങ്ങളിലും യാഥാർഥ്യമാകണം. അവർക്ക് ഭയമില്ലാതെ ജീവിക്കാനും സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിക്കാനും ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാനും കഴിയണം.


മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിന് നിയമത്തിന്റെ കരുത്തും ഭരണകൂടത്തിന്റെ ഉറപ്പും കുടുംബത്തിന്റെ സ്നേഹവും സമൂഹത്തിന്റെ കരുതലും ഒരുപോലെ വേണം. പ്രായമായവരെ ആദരിക്കുന്നത് ഒരു തലമുറയോടുള്ള കടമ മാത്രമല്ല; നാം എങ്ങനെയുള്ള സമൂഹമായി മാറാൻ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രഖ്യാപനം കൂടിയാണ്.


ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക, അവശതകളിൽ ചേർത്തുപിടിക്കുക, അവകാശങ്ങൾ സംരക്ഷിക്കുക, അനുഭവങ്ങളെ ആദരിക്കുക ഇതാകട്ടെ വയോജന സൗഹൃദ കേരളത്തിന്റെ മുഖമുദ്ര.

വാർധക്യം ആരുടെയും ശാപമാകാത്ത, ഒറ്റപ്പെടൽ ആരുടെയും വിധിയാകാത്ത, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഉറപ്പാകുന്ന കേരളത്തിലേക്കുള്ള യാത്രയിൽ ഈ നിയമനിർമാണ നീക്കങ്ങൾ ഫലപ്രദമായ നാഴികക്കല്ലുകളായി മാറട്ടെ.


: ദിവാകരൻ ചോമ്പാല

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w