മാസം 10 മുതൽ 20 ശതമാനം വരെ പലിശ; ഭീഷണിപ്പെടുത്തി പണം തിരിച്ചുപിടിക്കുന്നതായി ആരോപണം
വടകര: കൊള്ളപ്പലിശക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ കുബേരയുടെ പ്രവർത്തനങ്ങൾ നിലച്ചതോടെ പ്രദേശത്ത് ബ്ലേഡ് മാഫിയാ സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി പരാതി. മാസം 10 മുതൽ 20 ശതമാനം വരെ ഉയർന്ന പലിശയ്ക്കു പണം കടം നൽകുന്ന സംഘങ്ങൾ സാധാരണക്കാരെ കടക്കെണിയിലാക്കുന്നതായും പണവും പലിശയും തിരിച്ചുപിടിക്കാൻ ഭീഷണിയും സമ്മർദവും പ്രയോഗിക്കുന്നതായും പരാതിയുണ്ട്.
വായ്പയായി നൽകുന്ന തുകയും പലിശയും തിരിച്ചുപിടിക്കുന്നതിനായി സംഘങ്ങളോടൊപ്പം വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് ആരോപണം. ഒഴിഞ്ഞ ചെക്കുകളിലും പൂരിപ്പിക്കാത്ത മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടുവാങ്ങിയാണ് ചിലർ പണം കടം നൽകുന്നതെന്നും പരാതിക്കാർ പറയുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ ഇത്തരം രേഖകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നു.
മുമ്പ് തമിഴ്‌നാട്ടിൽനിന്നെത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം പരാതികൾ കൂടുതലായി ഉയർന്നിരുന്നതെങ്കിൽ ഇപ്പോൾ പ്രദേശവാസികളായ ചിലരും കൊള്ളപ്പലിശ ഇടപാടുകളിൽ സജീവമാണെന്നാണ് ആരോപണം. സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുന്ന സാധാരണക്കാരും സ്ത്രീകളുമാണ് പലപ്പോഴും ഇത്തരം സംഘങ്ങളുടെ കെണിയിൽ അകപ്പെടുന്നത്.
ബ്ലേഡ് മാഫിയാ സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും ഫലപ്രദമായ പോലീസ് നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ശക്തമായ പരിശോധനകളും നിയമനടപടികളും പുനരാരംഭിക്കണമെന്നും കൊള്ളപ്പലിശക്കാരുടെ ഭീഷണിയിൽനിന്ന് സാധാരണക്കാരെ സംരക്ഷിക്കാൻ പോലീസ് അടിയന്തരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































