ആയിരക്കണക്കിന് ഉപഭോക്താക്കൾ ആശ്രയിക്കുന്ന മത്സ്യത്തുറമുഖം; നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിവസേന പോകുന്നത് നൂറുകണക്കിന് ലോഡ് മത്സ്യം | 31 കോടിയുടെ വികസനപദ്ധതിക്കൊപ്പം ഭക്ഷ്യസുരക്ഷ യ്ക്കും മുൻഗണന നൽകണമെന്ന് ഭക്ഷ്യശ്രീ ബഹുജന സംഘടന
ചോമ്പാല: ആയിരക്കണക്കിന് ആളുകൾ നേരിട്ട് മത്സ്യം വാങ്ങുകയും ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മത്സ്യം കയറ്റിപ്പോകുകയും ചെയ്യുന്ന ചോമ്പാൽ ഫിഷിങ് ഹാർബറിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉൾപ്പെടെയുള്ള സ്ഥിരം ഭക്ഷ്യസുരക്ഷാ പരിശോധനാ സംവിധാനം ഏർപ്പെടുത്തണമെന്ന് ഭക്ഷ്യശ്രീ ബഹുജന സംഘടന സർക്കാരിനോട് ആവശ്യപ്പെടുന്ന...അപേക്ഷിക്കുന്നു .
‘ശുദ്ധമായ ഭക്ഷണം ജന്മാവകാശം’ എന്ന സന്ദേശവുമായി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീയുടെ ആവശ്യം, ചോമ്പാൽ ഹാർബറിന്റെ 31 കോടി രൂപയുടെ വികസനപദ്ധതിയുടെ പശ്ചാത്തലത്തിൽ പ്രത്യേക പ്രാധാന്യമർഹിക്കുന്നതാണ്. ഹാർബറിന്റെ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം അവിടെ എത്തുന്ന മത്സ്യത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടി പദ്ധതിയുടെ ഭാഗമായി പരിഗണിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
മത്സ്യത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പലപ്പോഴും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുന്നുണ്ട്. ബേപ്പൂർ ഹാർബറിലും പരിസരങ്ങളിലുമൊടുവിൽ നടത്തിയ പരിശോധന ഇതിന് ഉദാഹരണമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും കോഴിക്കോട് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബും ചേർന്ന് നടത്തിയ പരിശോധനയിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് 12 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. സ്രാവ്, ചൂര, അയല തുടങ്ങിയ മത്സ്യങ്ങളാണ് പരിശോധനയിൽ ഉൾപ്പെട്ടത്. ബന്ധപ്പെട്ടവർക്കെതിരെ പിഴ നടപടിയും സ്വീകരിച്ചു.
ബേപ്പൂർ ഹാർബറിലെയും പരിസരങ്ങളിലെയും 12ഓളം മത്സ്യവിപണന സ്റ്റാളുകളിലാണ് പരിശോധന നടത്തിയത്. കൂടാതെ ഹാർബർ പരിസരത്തെ 19 ചായക്കടകളിലും പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതും പഴകിയ ഭക്ഷണം സൂക്ഷിച്ചതുമായ അഞ്ച് കടകൾക്ക് നോട്ടീസ് നൽകി. വീണ്ടും ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമല്ലാത്ത എട്ട് ലിറ്റർ പഴകിയ എണ്ണയും പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ പരിശോധനകൾ മത്സ്യവിപണന കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നതല്ല. കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനകളിൽ വിവിധ സ്ഥാപനങ്ങൾക്കെതിരെ 16 ലക്ഷം രൂപ പിഴ ചുമത്തിയതായും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർ ഗ്ലൗസും ഹെയർ ക്യാപ്പും ഉപയോഗിക്കണമെന്ന നിർദ്ദേശം നിലനിൽക്കെയാണ് ചില സ്ഥാപനങ്ങളിൽ ഇത് പാലിക്കാത്തതായി കണ്ടെത്തിയത്. കൈകളിലും നഖങ്ങൾക്കിടയിലും അടിഞ്ഞുകൂടുന്ന അഴുക്കും രോഗാണുക്കളും ഭക്ഷണത്തിൽ കലരുന്നത് ഇ-കോളി, സാൽമൊണല്ല തുടങ്ങിയ രോഗാണുക്കളുടെ സാന്നിധ്യത്തിന് ഇടയാക്കാം. ദിവസങ്ങളോളം പഴകിയ ഭക്ഷണം സൂക്ഷിക്കൽ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കൽ, മലിനജലം ഒഴുകുന്ന ഇടങ്ങളിൽ ഭക്ഷണം വിൽക്കൽ, വൃത്തിഹീനമായ പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കൽ തുടങ്ങിയ വീഴ്ചകളും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.
മലബാർ ക്രിസ്ത്യൻ കോളേജിന് സമീപത്തെ ബട്ടർ ഹൗസിൽ നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പഴകിയ കറികൾ, മസാലകൾ, മസാലക്കൂട്ടുകൾ, പഴങ്ങൾ, പച്ചക്കറികൾ, റൊട്ടി, ചപ്പാത്തി തുടങ്ങിയവയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഒരു സ്ഥാപനം പൂട്ടാൻ ഉത്തരവിടുകയും ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കോഴിക്കോട് ജില്ലയിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ചോമ്പാൽ ഹാർബറിൽ മൊബൈൽ ഭക്ഷ്യപരിശോധനാ കേന്ദ്രത്തിന്റെ ആവശ്യകത ഉയരുന്നത്. ഹാർബറിലേക്ക് മത്സ്യബന്ധന ബോട്ടുകൾ എത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മത്സ്യം ഇവിടെ എത്തുകയും തുടർന്ന് പ്രാദേശിക വിപണിയിലേക്കും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കൊണ്ടുപോകുകയും ചെയ്യുന്നു. ഓരോ ദിവസവും ഇവിടെ നടക്കുന്ന മത്സ്യവ്യാപാരത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സ്ഥലത്തുതന്നെ സംവിധാനമുണ്ടാ കുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും.
ഹാർബറിൽ എത്തുന്ന ഓരോ മത്സ്യലോഡിന്റെയും ഉറവിടം, സംഭരണരീതി, മത്സ്യത്തിന്റെ പുതുമ, രാസവസ്തുക്കളുടെ സാന്നിധ്യം തുടങ്ങിയവ പരിശോധിക്കാൻ ആവശ്യമായ സംവിധാനം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ‘എവിടെ നിന്നാണ് മത്സ്യം എത്തുന്നത്, എങ്ങനെ സൂക്ഷിക്കുന്നു, ഉപഭോക്താവിന്റെ കൈയിലെത്തുമ്പോൾ അതിന്റെ ഗുണനിലവാരം എന്താണ്’ എന്ന ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ പരിശോധനയിലൂടെ മറുപടി ലഭിക്കേണ്ടത് പൊതുജനാരോഗ്യത്തിന്റെ വിഷയമാണ്.
മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്ന് പ്രാഥമികമായി പരിശോധിക്കാനും സംശയമുള്ള സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്ക് അയയ്ക്കാനും കഴിയുന്ന മൊബൈൽ ലാബ് ഹാർബറിൽ സ്ഥിരമായി ലഭ്യമാകുന്നത് മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാകും.
ചോമ്പാൽ ഹാർബറിന്റെ വികസനത്തിനായി 31 കോടി രൂപയുടെ പദ്ധതിയാണ് മുന്നോട്ടുപോകുന്നത്.
ജെട്ടി മുതൽ ലേലപ്പുര വരെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഭക്ഷ്യസുരക്ഷയും ആരോഗ്യ സുരക്ഷയും വികസനത്തിന്റെ അവിഭാജ്യ ഘടകമാക്കണ മെന്നാണ് ഭക്ഷ്യശ്രീയുടെ ആവശ്യം.
വികസനം കെട്ടിടങ്ങളിലും റോഡുകളിലും ജെട്ടികളിലും മാത്രം ഒതുങ്ങരുത്. ഹാർബറിൽ എത്തുന്ന മത്സ്യം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള സംവിധാനവും അതിന്റെ ഭാഗമാകണം. ദിവസേന ഹാർബറിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഉപഭോക്താക്കളുടെയും മത്സ്യവ്യാപാരികളുടെയും താൽപര്യം കണക്കിലെടുത്ത് ചോമ്പാലിൽ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് ഭക്ഷ്യശ്രീ ആവശ്യപ്പെടുന്നത്.
ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്. ആ അവകാശം ഉറപ്പാക്കാൻ പരിശോധനയും നിരീക്ഷണവും ഹാർബറിന്റെ വികസനത്തോടൊപ്പം തന്നെ നടക്കണം.
: ദിവാകരൻ ചോമ്പാല
(സംസ്ഥാന കോർഡിനേറ്റർ ,
ഭക്ഷ്യശ്രീ ബഹുജന ന സംഘടന )
സമീപദിവസങ്ങളിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഏതാനും വാർത്താചിത്രങ്ങൾ
സമീപദിവസങ്ങളിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഏതാനും വാർത്താചിത്രങ്ങൾ
സമീപദിവസങ്ങളിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഏതാനും വാർത്താചിത്രങ്ങൾ
സമീപദിവസങ്ങളിലെ ഭക്ഷ്യസുരക്ഷാ പരിശോധനകളുടെ ഏതാനും വാർത്താചിത്രങ്ങൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































