കോഴിക്കോട്: പഴകിയതും ആവർത്തിച്ച് ചൂടാക്കിയതുമായ ഭക്ഷ്യ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെ തിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്.
‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതരമായ നിയമലം ഘനങ്ങൾ കണ്ടെത്തിയ 10 സ്ഥാപനങ്ങൾ അടപ്പിച്ചു. ഉപയോഗശൂന്യമായ 238 ലിറ്റർ എണ്ണ പിടിച്ചെടുത്ത് നശിപ്പിക്കുകയും നിയമലംഘനം നടത്തിയ 66 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഏഴ് സ്ക്വാഡുകളായി തിരിഞ്ഞ് 201 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുടെയും ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്സ്) മീറ്ററിന്റെയും സഹായത്തോടെയായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം പാചക എണ്ണയിലെ ടി.പി.സി അളവ് 20 ശതമാനത്തിൽ കൂടാൻ പാടില്ല. ഈ പരിധി ലംഘിക്കുന്ന എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നതാണ്.
എണ്ണ ആവർത്തിച്ച് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ രാസസംയുക്തങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAH), ട്രാൻസ് ഫാറ്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അർബുദം, ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, കരൾ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യതയും ഇത്തരം എണ്ണയുടെ ഉപയോഗം വർധിപ്പിക്കാം.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയെ ' ഭക്ഷ്യശ്രീ ബഹുജന സംഘടന 'സ്വാഗതം ചെയ്തു. ശുദ്ധമായ ഭക്ഷണം ജനങ്ങളുടെ ജന്മാവകാശമാണെന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കും വ്യാപാരരീതികൾക്കുമെതിരെ ശക്തമായ നടപടി അനിവാര്യമാണെന്നും സംഘടന വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ തെളിമ’ അഭിനന്ദനാർഹമായ കർമപദ്ധതിയാണെന്നും ഭക്ഷ്യശ്രീ ബഹുജന സംഘടന ജനറൽ സെക്രട്ടറി ടി .ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
നിയമപ്രകാരം പ്രതിദിനം 25 ലിറ്ററിലധികം പാചക എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ, ഉപയോഗശേഷം ശേഖരിക്കുന്ന പഴകിയ എണ്ണ അംഗീകൃത ഏജൻസികൾക്ക് കൈമാറണം. ഈറ്റ് റൈറ്റ് ഇന്ത്യയുടെ റൂകോ (RUCO — Repurpose Used Cooking Oil) പദ്ധതിയുടെ ഭാഗമായി ബയോഡീസൽ നിർമാണത്തിനായി എണ്ണ ശാസ്ത്രീയമായി ശേഖരിച്ച് പുനരുപയോഗിക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്.
രിശോധനയുടെ ഭാഗമായി ശേഖരിച്ച 23 എണ്ണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ജനങ്ങളുടെ ആരോഗ്യവും ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷ്യവ്യാപാര മേഖലയിലെ ഉത്തരവാദിത്വവും നിയമപാലനവും ശക്തിപ്പെടുത്താൻ ഇത്തരം പരിശോധനകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































