ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളുടെ അക്ഷരാഭ്യാസവും ഭാവിയും കടുത്ത ഭീഷണി നേരിടുകയാണെന്ന് വെളിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ (UNESCO) ഏറ്റവും പുതിയ 2026 ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് (GEM) റിപ്പോർട്ട്. വികസിത-വികസ്വര രാജ്യ വ്യത്യാസമില്ലാതെ, കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനും അവരെ നിലനിർത്തുന്നതിനും നടത്തുന്ന ശ്രമങ്ങൾ മിക്ക മേഖലകളിലും കടുത്ത മന്ദഗതിയിലായെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം എന്നത് ഏതൊരു കുട്ടിയുടെയും അടിസ്ഥാനപരമായ മൗലികാവകാശമാണ്.
വർദ്ധിച്ചുവരുന്ന പ്രതിസന്ധി:-
യുനെസ്‌കോയുടെ കണക്കനുസരിച്ച് നിലവിൽ ലോകത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് പുറത്തുള്ള കുട്ടികളുടെ എണ്ണം 27.3 കോടിയായി (273 മില്യൺ) ഉയർന്നിരിക്കുന്നു. തുടർച്ചയായ ഏഴാം വർഷമാണ് ഈ സംഖ്യ മാറ്റമില്ലാതെ തുടരുന്നത്. ആഗോളതലത്തിൽ ആറിലൊന്ന് കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാൻ സാധിക്കുന്നില്ല എന്നത് തികച്ചും സങ്കടകരമായ യാഥാർത്ഥ്യമാണ്. 2015-ന് ശേഷം ഈ രംഗത്തുണ്ടായ പുരോഗതി തികച്ചും മന്ദഗതിയിലാണ് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
വിദ്യാഭ്യാസത്തിന്
തടസ്സമാകുന്ന പ്രധാന കാരണങ്ങൾ:-
ലോകത്തിലെ ആറിലൊന്ന് കുട്ടികളും നിലവിൽ ജീവിക്കുന്നത് സജീവമായ യുദ്ധ-സംഘർഷ മേഖലകളിലാണ്, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിലും. ഇത്തരം പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ വൻതോതിൽ അടച്ചുപൂട്ടപ്പെടുകയും ഭയം കാരണം ദശലക്ഷക്കണക്കിന് കുട്ടികൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. ദാരിദ്ര്യം, ജനസംഖ്യാ പെരുപ്പം, ഗവൺമെന്റുകളുടെ വിദ്യാഭ്യാസ ബജറ്റുകളിലെ കുറവ്, പ്രകൃതിദുരന്തങ്ങൾ എന്നിവയും കുട്ടികളെ സ്കൂളുകളിൽ നിന്ന് അകറ്റുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പല വികസ്വര രാജ്യങ്ങൾക്കും സൗജന്യ വിദ്യാഭ്യാസവും അടിസ്ഥാന സ്കൂൾ സൗകര്യങ്ങളും ഉറപ്പാക്കാൻ സാധിക്കുന്നില്ല.
പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങൾ:-
ലോകത്ത് സ്കൂളിൽ പോകാത്ത കുട്ടികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പ്രധാന രാജ്യങ്ങളിൽ നൈജീരിയയാണ് ഒന്നാമതായി നിൽക്കുന്നത്; 90 ലക്ഷത്തിലധികം കുട്ടികളാണ് ഇവിടെ സ്കൂളിന് പുറത്തുള്ളത്. പ്രകൃതിദുരന്തങ്ങളും സാമ്പത്തിക പ്രതിസന്ധിയും കാരണം പാകിസ്ഥാനിൽ 50 ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. വംശീയ അക്രമങ്ങളും ആഭ്യന്തരയുദ്ധവും കാരണം കോംഗോ, സുഡാൻ എന്നീ രാജ്യങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ തടസ്സം നേരിടുന്നു. രാഷ്ട്രീയ പ്രതിസന്ധികളും, പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ വിലക്കുകളും അഫ്ഗാനിസ്ഥാനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഭീഷണിയാകുന്നു. ഗാസ, പലസ്തീൻ, യെമൻ, സിറിയ എന്നീ സ്ഥലങ്ങളിൽ ഉണ്ടാകുന്ന നിരന്തരമായ ബോംബാക്രമണങ്ങൾ കാരണം സ്കൂളുകൾ തകരുകയോ അഭയാർത്ഥി ക്യാമ്പുകളാക്കി മാറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, നൈജർ, അങ്കോള എന്നിവിടങ്ങളിൽ വറുതിയും സാമ്പത്തിക തകർച്ചയും കാരണം വലിയൊരു വിഭാഗം കുട്ടികൾ വിദ്യാലയങ്ങൾക്ക് പുറത്താണ്.
പരിഹാര മാർഗ്ഗങ്ങളും ആഗോള ഇടപെടലുകളും:-
യുദ്ധമേഖലകളിൽ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാനും സ്കൂളുകൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിക്കാനുമുള്ള 'Safe Schools Declaration' എന്ന അന്താരാഷ്ട്ര ഉടമ്പടി ഉണ്ടെങ്കിലും ഇത് പൂർണ്ണമായും നടപ്പിലാക്കപ്പെടുന്നില്ല. പ്രകൃതിദുരന്തങ്ങളും അടിയന്തിര സാഹചര്യങ്ങളും ബാധിച്ച പ്രദേശങ്ങളിൽ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ രൂപീകരിച്ച ആഗോള ഫണ്ടായ 'Education Cannot Wait' (ECW) പോലുമുള്ള സംവിധാനങ്ങൾക്ക് സാമ്പത്തിക ലഭ്യതക്കുറവ് മൂലം രാജ്യങ്ങളെ കാര്യക്ഷമമായി സഹായിക്കാൻ സാധിക്കുന്നില്ല. യുദ്ധത്തിലോ ദുരന്തങ്ങളിലോ സ്കൂളുകൾ അടയ്ക്കുമ്പോൾ ഓൺലൈൻ വഴിയുള്ള ഡിജിറ്റൽ & ഹൈബ്രിഡ് പഠന സംവിധാനങ്ങൾ ഒരുക്കാൻ പല രാജ്യങ്ങൾക്കും ഫണ്ടില്ലാത്തതിനാൽ സാധിക്കുന്നില്ല; ഇതിനായുള്ള ആഗോള സഹായങ്ങൾ നാമമാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്തിരിക്കുന്നു.
യൂണിസെഫിന്റെ പങ്ക്
എല്ലാ കുട്ടികൾക്കും സമഗ്രവും ഗുണനിലവാരമുള്ളതുമായ സൗജന്യ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം-4 (SDG-4) നേടുന്നതിൽ യുണിസെഫിന് വലിയ പങ്കാണുള്ളത്. യുദ്ധ/ദുരന്ത മേഖലകളിൽ 'Temporary Learning Centres' സ്ഥാപിക്കുകയും, 'School-in-a-Box' കിറ്റുകൾ വഴി പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നുണ്ടെങ്കിലും അത് കൂടുതൽ ഫലപ്രദമാക്കേണ്ടതുണ്ട്. കുട്ടികൾക്ക് സൈക്കോസോഷ്യൽ സപ്പോർട്ടും (Psychosocial support) സ്കൂളുകൾ വഴി ഉച്ചഭക്ഷണവും കുടിവെള്ള സൗകര്യങ്ങളും കൂടുതലായി നൽകാൻ യൂണിസേഫ് മുന്നോട്ട് വരേണ്ടതുണ്ട്. ദരിദ്ര-വികസ്വര രാജ്യങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് വലിയ രീതിയിൽ പിന്തുണ ആവശ്യമുണ്ട്; ആയത് നൽകാൻ യുണിസെഫ് മുൻകൈയെടുക്കേണ്ടതാണ്.
ഈ കാര്യത്തിൽ വികസിത രാജ്യങ്ങളുടെ സമീപനം ആശാവഹമല്ല. ആഗോള വിദ്യാഭ്യാസ മേഖലയെ സഹായിക്കുന്നതിൽ വികസിത രാജ്യങ്ങൾ പൂർണ്ണമായി സഹകരിക്കുന്നില്ല എന്ന വിമർശനം ശക്തമായിട്ടുണ്ട്. വികസന സഹായങ്ങൾക്കുള്ള സാമ്പത്തിക ബജറ്റുകളിൽ കുറവ് വരുത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. വിദ്യാഭ്യാസപരമായ ആവശ്യങ്ങളേക്കാൾ മറ്റു നയതന്ത്ര മേഖലകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ വിദ്യാഭ്യാസ മേഖല തഴയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനവും കാർബൺ ഉദ്‌വമനവും മൂലം പ്രകൃതിദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് അർഹമായ 'ക്ലൈമറ്റ് ഫൈനാൻസ്' (Climate Finance) നൽകാൻ വികസിത രാജ്യങ്ങൾ പൂർണ്ണമായി തയ്യാറാകുന്നില്ല. നിർമ്മിത ബുദ്ധി (AI), ഡിജിറ്റൽ ലേണിംഗ് എന്നിവയിൽ വികസിത രാജ്യങ്ങൾ വലിയ മുന്നേറ്റം നടത്തുമ്പോൾ, പല രാജ്യങ്ങളിലും വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥ നിലനിൽക്കുന്നു.
ഇത് തുടർന്നാൽ ഗുരുതരമായ ഭവിഷ്യത്തുകളാണ് ഉണ്ടാകാൻ പോകുന്നത്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ കുറഞ്ഞ വേതനമുള്ള പണികളിലേക്ക് ഒതുക്കപ്പെടുകയും ഭാവി തലമുറയും ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും. ആഗോള സാമ്പത്തിക അസമത്വം വർദ്ധിപ്പിക്കാനേ ഇത് സഹായിക്കുകയുള്ളൂ. തൊഴിലില്ലാത്ത യുവാക്കൾ തീവ്രവാദ ഗ്രൂപ്പുകളുടെയും ലഹരി മാഫിയകളുടെയും വലയിൽ പെടാൻ സാധ്യതയേറുന്നു. ആഗോള സാമ്പത്തിക രംഗത്ത് ഉൽപ്പാദനക്ഷമതാ നഷ്ടവും ട്രില്യൺ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടവും ഉണ്ടാകും. പെൺകുട്ടികളുടെ പഠനം മുടങ്ങുന്നത് ബാലവിവാഹം, കൗമാരപ്രായത്തിലെ ഗർഭധാരണം എന്നിവ വർദ്ധിപ്പിക്കും. രോഗങ്ങളെക്കുറിച്ചുള്ള അവബോധം കുറയുന്നതിനും, അനിയന്ത്രിതമായ അഭയാർത്ഥി പ്രവാഹത്തിനും ഇത് കാരണമാകും.
100% കുട്ടികളും സ്കൂളിൽ പോകുന്ന മാതൃകാ രാജ്യങ്ങൾ:-
സാമ്പത്തിക ഭദ്രതയും വിദ്യാഭ്യാസത്തിന് പ്രാഥമിക മുൻഗണനയും നൽകുന്ന ചില രാജ്യങ്ങളിൽ എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കിയിട്ടുണ്ട്. ഫിൻലാൻഡ്, നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, അയർലൻഡ്, യുകെ, ജർമ്മനി, സ്ലൊവേനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ പ്രവർത്തനം ഈ കാര്യത്തിൽ തികച്ചും മാതൃകാപരമാണെന്ന് യുനെസ്‌കോയുടെ 2026-ലെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം എന്നത് ഏതൊരു കുട്ടിയുടെയും മൗലികാവകാശമാണ്. ഒരു തലമുറയെ മുഴുവൻ അക്ഷരവെളിച്ചത്തിൽ നിന്ന് അകറ്റിനിർത്തുന്നത് ലോകത്തിന്റെ വരുംകാല ശാന്തിയെയും സമൃദ്ധിയെയും ദോഷകരമായി ബാധിക്കും. 2030-ഓടെ ഏവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ആഗോള സമൂഹം ഒന്നിച്ച് അടിയന്തരമായി പ്രവർത്തിക്കേണ്ട സമയമാണിത്. ദരിദ്ര രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം എന്നത് ആ രാജ്യങ്ങളുടെ മാത്രം പ്രശ്നമല്ല, മറിച്ച് ആഗോള സമാധാനത്തെയും സാമ്പത്തിക നിലനിൽപ്പിനെയും ബാധിക്കുന്ന ഒന്നാണെന്ന് റിപ്പോർട്ട് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു. ഇത് പരിഹരിക്കാൻ ആഗോള കൂട്ടായ്മ ശക്തമാക്കാൻ യുണിസെഫ് ആഹ്വാനം ചെയ്യുന്നു.
By
ടീ. ഷാഹുൽ ഹമീദ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































