അഴിയൂർ–വെങ്ങളം പാതയിൽ ജനജീവിതം ദുരിതത്തിൽ; മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ — പൊതുമരാമത്ത് മന്ത്രി അടിയന്തരമായി സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യം
ചോമ്പാൽ : ദേശീയപാത 66-ന്റെ അഴിയൂർ–വെങ്ങളം ഭാഗത്തെ നിർമാണപ്രശ്നങ്ങളും അടിപ്പാതകളുടെ അപര്യാപ്തതയും രൂക്ഷമായ ജനദുരിതവും പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി അടിയന്തരമായി പ്രദേശം സന്ദർശിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ചോമ്പാൽ ഫിഷിങ് ഹാർബറിന്റെ പ്രാധാന്യം പോലും പരിഗണിക്കാതെ ഹാർബറിലേക്കുള്ള അടിപ്പാത ഒഴിവാക്കിയത് ഗുരുതരമായ വീഴ്ചയാണെന്നും, പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള യാത്രാസൗകര്യം കൂടി പരിഗണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ വീണ്ടും സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണിടിച്ചിലുണ്ടായ പശ്ചാത്തലത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 80 മീറ്റർ നീളത്തിൽ മണ്ണ് ഇടിഞ്ഞതായി റിപ്പോർട്ടുണ്ട്. നിർമാണത്തൊഴിലാളികൾ ഉച്ചഭക്ഷണത്തിനായി മാറിനിന്ന സമയമായതിനാൽ വലിയ ദുരന്തം ഒഴിവായെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൂന്ന് വീടുകൾ അപകടഭീഷണിയിലായതായും നേരത്തേ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
സംഭവം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിക്കു കയും ചെയ്തു. പ്രശ്നപരിഹാരത്തിന് ചർച്ചയ്ക്ക് വേദിയൊരുക്കാമെന്ന പൊലീസ് ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
അഴിയൂർ–വെങ്ങളം മേഖലയിൽ വാഹനഗതാഗതം വർഷങ്ങളായി താറുമാറായിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമർശനം. നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡുകൾ ശാസ്ത്രീയമായി ആദ്യം തന്നെ പൂർത്തിയാക്കേണ്ടിയിരുന്നുവെന്നും അത് കുറ്റമറ്റ രീതിയിൽ നടപ്പാകാത്തത് ജനങ്ങളുടെ യാത്രാദുരിതം വർധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചോമ്പാൽ ഹാർബറിനെ മറന്നതെങ്ങനെ?
വടകരയുടെ വികസനത്തിന്റെ പ്രധാന നാഴികക്കല്ലായ ചോമ്പാൽ ഫിഷിങ് ഹാർബറിലേക്ക് ആവശ്യമായ അടിപ്പാത നിർമ്മിക്കാത്തത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഹാർബറിന്റെ പ്രാധാന്യം ദേശീയപാതാ അതോറിറ്റിക്ക് തിരിച്ചറിയാൻ കഴിയാതെ പോയെന്നും അദ്ദേഹം വിമർശിച്ചു.
ചോമ്പാൽ മേഖലയിലെ ബാസൽ മിഷൻ വിദ്യാലയം, ക്രൈസ്തവ മുള്ളവർ വനിതാ കോളേജ്, ക്രൈസ്തവ ദേവാലയം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള യാത്രാസൗകര്യവും ദേശീയപാതയുടെ രൂപകൽപ്പനയിൽ മതിയായ രീതിയിൽ പരിഗണിച്ചില്ലെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.
ബ്ലോക്ക് ഓഫീസ് ഭാഗത്തെ കാറ്റിൽ പാസ് അടിപ്പാത, മീത്തലെ മുക്കാളിയിലെ അടിപ്പാത എന്നിവ ഉൾപ്പെടെ ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ അടിയന്തര സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് ഓഫീസ് സമീപം നിർമിക്കേണ്ട വെറ്ററിനറി ആശുപത്രിയിലേക്കുള്ള കണക്റ്റിവിറ്റിയും പരിഗണിക്കേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ദേശീയപാത നിർമാണച്ചെലവിന്റെ 25 ശതമാനം കേരള സർക്കാർ വഹിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമു ണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. കരാർ സംബന്ധിച്ചും നിർമാണത്തിലെ വീഴ്ചകളെക്കുറിച്ചും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം ഇക്കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്നും ആവശ്യപ്പെട്ടു.
ജനങ്ങളുടെ യാത്രാസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ വിഷയത്തെ നിസ്സാരവൽക്കരിക്കരുതെന്നും, പൊതുമരാമത്ത് മന്ത്രി നേരിട്ട് പ്രദേശത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്നുമാണ് മുല്ലപ്പള്ളിയുടെ ആവശ്യം.
മന്ത്രിയുടെ സന്ദർശനം പ്രദേശവാസികളുടെ ഒറ്റക്കെട്ടായ ആവശ്യമായി സർക്കാർ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































