പഞ്ചായത്ത് വിളക്കുകളുടെ കാലം നമ്മെ പഠിപ്പിച്ച ഒരു ചെറിയ പാഠമുണ്ട്...വെളിച്ചം തെളിയിക്കുക എന്നത് ഒരു സാങ്കേതിക ജോലി മാത്രമല്ല; അതൊരു സാമൂഹിക ഉത്തരവാദിത്വമാണ്.
തെരുവുവിളക്കുകൾ കെടുമ്പോൾ ഇരുട്ടിലാകുന്നത് വെളിച്ചം മാത്രമല്ല; ഒരു സമൂഹത്തിന്റെ സുരക്ഷയും നാഗരികതയും കൂടിയാണ്.
ഭരണപരിഷ്കാരം, നഗരവികസനം, സ്മാർട്ട് നഗരം, ആധുനിക സൗകര്യങ്ങൾ ഇത്തരം പദങ്ങൾ വികസനത്തിന്റെ നിഘണ്ടുവിൽ നിറയുമ്പോഴും സന്ധ്യമയങ്ങിയാൽ തെരുവുകൾ ഇരുട്ടിലമരുന്ന കാഴ്ച പല പ്രദേശങ്ങളിലും ഇന്നും മാറിയിട്ടില്ല.
ഭാഗികമായോ പൂർണമായോ ഇരുട്ടിലാകുന്ന ഒരു പ്രദേശത്തിന് നാഗരികത അവകാശപ്പെടാനാകുമോ? എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
ഭക്ഷണം, വെള്ളം, പാർപ്പിടം, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം മനുഷ്യന്റെ സുരക്ഷിതമായ സഞ്ചാരത്തിനും ജീവിതത്തിനും ആവശ്യമായതാണ് വെളിച്ചം. തെരുവുവിളക്ക് എന്നത് ഒരു അലങ്കാര സൗകര്യമല്ല. അത് പൊതുസുരക്ഷയുടെ അടിസ്ഥാന സംവിധാനങ്ങളിൽ ഏറെ വിലപ്പെട്ടതാണ് . ഒരു വഴിയിലൂടെ ഭയമില്ലാതെ നടന്നുപോകാൻ കഴിയുക, രാത്രി ജോലി കഴിഞ്ഞെത്തുന്ന ഒരാൾക്ക് വീടണയാൻ കഴിയുക, വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വഴിയറിയാൻ കഴിയുക ഇവയൊക്കെ വെളിച്ചവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
ഇരുട്ട് വെളിച്ചത്തിന്റെ അഭാവം മാത്രമല്ല. അത് പലപ്പോഴും ഭീതിയുടെ അന്തരീക്ഷം കൂടിയാണ്.
പഴയകാലത്തെ പഞ്ചായത്ത് വിളക്കുകളുടെ ഓർമ ഇവിടെ പ്രസക്തമാണ്. സന്ധ്യയാകുമ്പോൾ മണ്ണെണ്ണ ഒഴിച്ച് തിരി തെളിയിക്കുന്ന ഒരു പതിവ്. വലിയ സാങ്കേതികവിദ്യകളൊന്നുമില്ലാത്ത കാലത്തും ആ ചെറിയ വെളിച്ചം തെളിയിക്കാൻ ഒരാൾ തോളിൽ ചെറിയ മുളങ്കോണിയുമായെ ത്തും .
ആ കർമ്മം തന്റെ ഉത്തരവാദിത്വമായി കണ്ടിരുന്നു. പഞ്ചായത്ത് വിളക്കുകൾ കത്തിക്കുന്ന ആ കർമ്മം ഒരു ദിവസം പോലും മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന പഴയ കാലം.
കാലം മാറി. പഞ്ചായത്തുകൾ വളർന്നു. പലതും മുനിസിപ്പാലിറ്റികളായി, കോർപ്പറേഷനുകളായി. നഗരങ്ങൾ വികസിച്ചു. വൈദ്യുതി ശൃംഖലകൾ വ്യാപിച്ചു. എൽ.ഇ.ഡി. വിളക്കുകളും ഓട്ടോമാറ്റിക് സംവിധാനങ്ങളും വന്നു. സോളാര് പാനലുകളും .
എന്നാൽ വിചിത്രമെന്നു പറയട്ടെ, പഞ്ചായത്ത് വിളക്കുകളുടെ കാലത്ത് ഉണ്ടായിരുന്ന ഉത്തരവാദിത്വബോധം ഇന്നത്തെ ചില ആധുനിക സംവിധാനങ്ങളിൽ കാണാതെ പോകുന്നു.
ഇരുട്ടിലായ ഒരു തെരുവിന്റെ പ്രശ്നം അവിടെ ഒരു വിളക്ക് കത്തുന്നില്ല എന്നതിൽ അവസാനിക്കുന്നില്ല.
വെളിച്ചമില്ലാത്ത ഇടവഴികൾ തെരുവുനായ്ക്കളുടെ വിളയാട്ടത്തിന് കൂടുതൽ ഭീതിജനകമായ പശ്ചാത്തലമൊരുക്കുന്നു , കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും അപകടസാധ്യത നേരിടുന്നു. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ ലഭിക്കുന്നു. പിടിച്ചുപറിക്കാർക്ക് ഇരുട്ട് അനുകൂല സാഹചര്യമാകുന്നു. ലഹരി ഇടപാടുകൾക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ആളൊഴിഞ്ഞ ഇരുണ്ട ഇടങ്ങൾ സുരക്ഷിത താവളങ്ങളായി മാറാനുള്ള സാധ്യതയേറെ .
ഇരുട്ട് കുറ്റകൃത്യം സൃഷ്ടിക്കുന്നില്ല; പക്ഷേ കുറ്റകൃത്യങ്ങൾക്ക് മറയൊരുക്കുന്ന സാഹചര്യം സൃഷ്ടിക്കാം. അതാണ് അധികാരികൾ തിരിച്ചറിയേണ്ടത്.
നഗരത്തിന്റെ പ്രധാന റോഡുകളിൽ മാത്രം വിളക്കുകൾ തെളിയിച്ചാൽ നഗരവികസനത്തിന്റെ കടമ പൂർത്തിയാകുന്നില്ല. പ്രധാന പാതയിൽ നിന്ന് തിരിയുന്ന ഇടവഴിയിലും, വീടുകളിലേക്കുള്ള ചെറിയ റോഡിലും, പൊതുസ്ഥലത്തിന്റെ പരിസരത്തും, യാത്രക്കാർ ആശ്രയിക്കുന്ന ഓരോ ഇടത്തും സുരക്ഷിതമായ വെളിച്ചം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു വിളക്ക് കെട്ടുപോയാൽ അത് മാറ്റാൻ ദിവസങ്ങളെടുക്കുന്ന സംവിധാനവും ചോദ്യത്തിന് വിധേയമാണ്. പരാതി നൽകിയിട്ടും പരിഹാരമില്ലെങ്കിൽ, പരിപാലന കരാർ കഴിഞ്ഞുവെന്നോ സാങ്കേതിക തടസ്സമാണെന്നോ പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമോ? ജനങ്ങളിൽ നിന്ന് നികുതി കൃത്യമായി പിരിച്ചെടുക്കുന്ന സംവിധാനത്തിന്, അതേ ജനങ്ങളുടെ വഴിയിൽ ഒരു വിളക്ക് തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ വികസനത്തിന്റെ അർത്ഥമെന്താണ്?
തെരുവുവിളക്കുകളുടെ കാര്യത്തിൽ മറ്റൊരു പ്രധാന പ്രശ്നം കൂടി ഉണ്ട്. വിളക്കുകൾ സ്ഥാപിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവയുടെ തുടർച്ചയായ പരിപാലനം അവഗണിക്കപ്പെടുന്നു. കത്താത്ത വിളക്കുകളുടെ കണക്കെടുപ്പ്, തകരാറുകൾ കണ്ടെത്താനുള്ള സംവിധാനം, പരാതികൾക്ക് സമയബന്ധിത പരിഹാരം, വൈദ്യുതി ബന്ധത്തിന്റെ പരിശോധന, മരച്ചില്ലകൾ വെളിച്ചം തടയുന്നുണ്ടോ എന്ന പരിശോധന ഇവയെല്ലാം ഒരു നഗരത്തിന്റെ ദൈനംദിന ഭരണത്തിന്റെ ഭാഗമാകണം.
വികസനം ഉദ്ഘാടനച്ചടങ്ങുകളിലും പദ്ധതികളുടെ പട്ടികകളിലും മാത്രം അളക്കാനാകില്ല. രാത്രി ഒരു സാധാരണ മനുഷ്യൻ തന്റെ വഴിയിലൂടെ എത്രമാത്രം സുരക്ഷിതമായി നടക്കുന്നു എന്നതിലും വികസനത്തിന്റെ യഥാർഥ അളവുണ്ട്.
നഗരവികസനം വലിയ കെട്ടിടങ്ങളുടെയും വീതിയേറിയ റോഡുകളുടെ യും അലങ്കാര വിളക്കുകളുടെയും പേരല്ല. വീടിന് പുറത്തേക്ക് ഇറങ്ങുന്ന സാധാരണ മനുഷ്യന് “ഈ വഴി സുരക്ഷിതമാണ്” എന്ന വിശ്വാസം നൽകുന്നതാണ് നാഗരികതയുടെ യഥാർഥ മുഖം.
അതുകൊണ്ടുതന്നെ തെരുവുവിളക്കുകൾ കത്താത്ത ഓരോ ഇരുണ്ട മൂലയും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതയെ ചോദ്യം ചെയ്യുന്ന ഒരു നിശ്ശബ്ദ സാക്ഷ്യമാണ്.
ആ ഇരുട്ടിനെ വെറും വൈദ്യുതി തകരാറായി കാണരുത്. അത് ഭരണത്തിന്റെ ശ്രദ്ധക്കുറവിന്റെ ഇരുട്ടാണോ, പരിപാലന സംവിധാനത്തിന്റെ പരാജയമാണോ, ഉത്തരവാദിത്വബോധത്തിന്റെ കുറവാണോ എന്ന് പരിശോധിക്കേണ്ട സമയമാണിത്.
പഞ്ചായത്ത് വിളക്കുകളുടെ കാലം നമ്മെ പഠിപ്പിച്ച ഒരു ചെറിയ പാഠമുണ്ട്...
വെളിച്ചം തെളിയിക്കുക എന്നത് ഒരു സാങ്കേതിക ജോലി മാത്രമല്ല; അതൊരു സാമൂഹിക ഉത്തരവാദിത്വമാണ്.
:ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















































