കലാകാരന്മാരെ പുകച്ചോടിക്കല്ലേ! വടകരയുടെ സാംസ്കാരിക അഭിമാനത്തിന് ഈ ദുരവസ്ഥയിൽ നിന്ന് എന്ന് മോചനം?
വടകരയുടെ സാംസ്കാരിക ചരിത്രം പറയുമ്പോൾ ടൗൺ ഹാളിനെ മാറ്റിനിർത്താനാവില്ല. വടക്കൻപാട്ടുകളുടെയും കളരിപ്പയറ്റിന്റെയും ചരിത്രഭൂമിയായ വടകരയിൽ നിരവധി പ്രമുഖ രാഷ്ട്രീയ നാടകങ്ങൾക്കും സാഹിത്യ ചർച്ചകൾക്കും ശാസ്ത്ര-സാംസ്കാരിക സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും വേദിയായത് ഈ ഹാളാണ്.
തലമുറകളുടെ ഓർമ്മകളിൽ ഇടം നേടിയ ഒരു പൊതുഇടം കൂടിയാണിത്.
കാലപ്പഴക്കം കാരണം 2003-ൽ ലക്ഷങ്ങൾ ചെലവഴിച്ച് നഗരസഭ വലിയ രീതിയിൽ നവീകരിച്ച ഈ സാംസ്കാരിക നിലയം ഇന്ന് വീണ്ടും അവഗണനയുടെ പിടിയിലായിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരിക്കൽ വടകരയുടെ സാംസ്കാരിക പ്രൗഢിയുടെ പ്രതീകമായിരുന്ന ടൗൺ ഹാൾ, ഇന്ന് ക്ഷയിച്ചുപോയ ഒരു തറവാടിന്റെ അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
വാടക ഈടാക്കുന്നതിൽ നഗരസഭയ്ക്ക് കൃത്യതയുണ്ട്. എന്നാൽ ആ വാടകയ്ക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ എന്തുകൊണ്ടാണ് ഈ അനാസ്ഥ?
ഇതാണ് ഉയരുന്ന പ്രധാന ചോദ്യം.
പരിപാടികൾക്കായി ഹാൾ വാടകയ്ക്കെടുക്കുന്നവരിൽ നിന്ന് തുക ഈടാക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടാകരുത്. എന്നാൽ അതേ ഗൗരവത്തോടെ ഹാളിന്റെ അടിസ്ഥാന സൗകര്യങ്ങളും പരിപാലനവും ഉറപ്പാക്കേണ്ട ബാധ്യതയും നഗരസഭയ്ക്കുണ്ട്. പണം വാങ്ങുന്നതിൽ മാത്രം ‘സിസ്റ്റം’ കൃത്യമായാൽ പോരാ; ജനങ്ങൾക്ക് നൽകുന്ന സേവനത്തിലും അതേ ഉത്തരവാദിത്തബോധം പ്രകടമാകണം.
ടൗൺ ഹാളിൽ എത്തുന്ന കാണികൾക്ക് ചില ഭാഗങ്ങളിൽ കടുത്ത ചൂട് സഹിക്കേണ്ടിവരുന്നു. പ്രവർത്തനരഹിതമായ ഫാനുകൾ പലപ്പോഴും കാഴ്ചയിൽപ്പെടുന്നു. വേദിക്ക് പിന്നിലെ ഭാഗങ്ങളിലും ഗ്രീൻ റൂമുകളിലും ചൂടും അസൗകര്യങ്ങളും കലാകാരന്മാരെ കാത്തിരിക്കുന്നുവെന്ന പരാതിയും ഉയരുന്നു.
ഒരു കലാകാരൻ വേദിയിലെത്തുന്നതിന് മുമ്പ് വിയർപ്പിൽ കുളിക്കേണ്ടിവരുന്ന സാഹചര്യം ഒരു സാംസ്കാരിക നഗരത്തിന് അഭിമാനിക്കാവുന്നതാണോ?
ശൗചാലയങ്ങളുടെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ലെന്നതാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. വൃത്തിയും ശുചിത്വവും ഉറപ്പാക്കേണ്ട ഇടങ്ങളിൽ ദുർഗന്ധവും പരിപാലനക്കുറവും അനുഭവപ്പെടുന്നുവെങ്കിൽ അതിന്റെ ദുരിതം അനുഭവിക്കുന്നത് പരിപാടി സംഘടിപ്പിക്കുന്നവരും പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുമാണ്.
ഓണക്കാലത്ത് ടൗൺ ഹാളിൽ നടന്ന ഒരു പരിപാടിക്കിടെ ശൗചാലയത്തിലെ ഫ്ലഷ് സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിനാൽ ഉണ്ടായ ദുർഗന്ധം കാരണം മറ്റൊരു ശൗചാലയത്തിന് മുന്നിൽ കാത്തുനിൽക്കേണ്ടിവന്ന അനുഭവം ഇന്നും ഓർമ്മയിലുണ്ട്. ഇത് ഒരു വ്യക്തിയുടെ മാത്രം അസൗകര്യമായി കാണാനാവില്ല. പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഒരു നഗരസഭാ സ്ഥാപനത്തിലെ അടിസ്ഥാന ശുചിത്വത്തിന്റെ പ്രശ്നമായാണ് ഇതിനെ കാണേണ്ടത്.
ഫാൻ കറങ്ങാത്തത് ഒരു ചെറിയ പ്രശ്നമല്ല
ഏതാനും മാസങ്ങൾക്ക് മുമ്പ് ടൗൺ ഹാളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴും സമാനമായ അനുഭവമുണ്ടായി. സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം ചെയർമാൻ ടി. ശ്രീനിവാസനും ഭാര്യ അഡ്വ. ലതിക ശ്രീനിവാസനും ഉൾപ്പെടെയുള്ളവരോടൊപ്പമായിരുന്നു അന്ന് പരിപാടിയിൽ പങ്കെടുത്തത്. ഞങ്ങൾ ഇരുന്ന ഭാഗത്തെ പല ഫാനുകളും പ്രവർത്തിച്ചിരുന്നില്ല.
പ്രവർത്തനരഹിതമായ ഫാനുകളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ശ്രീനിവാസന് കൈമാറുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം മറ്റൊരു പരിപാടിക്കായി ടൗൺ ഹാളിലെത്തിയപ്പോൾ ഫാനുകൾ കറങ്ങുന്നത് കാണാനായി. അതൊരു ആശ്വാസമായിരുന്നു.
പക്ഷേ ചോദ്യം അവശേഷിക്കുന്നു:
ഒരു പൊതുസ്ഥാപനത്തിലെ അടിസ്ഥാന സൗകര്യം ശരിയാക്കാൻ പരാതി, ചിത്രം, ഇടപെടൽ എന്നിവ ആവശ്യമാകേണ്ടതുണ്ടോ?
പരിപാലനം എന്നത് തകരാറുണ്ടായാൽ മാത്രം നടത്തുന്ന അറ്റകുറ്റപ്പണിയല്ല. തകരാറുണ്ടാകുന്നതിന് മുമ്പ് കണ്ടെത്തി പരിഹരിക്കുന്ന സംവിധാനമാണ് യഥാർത്ഥ പരിപാലനം.
വാടകയ്ക്ക് പുറമേ വീണ്ടും പണം മുടക്കേണ്ടി വരുന്നത് എന്തിന്?
ടൗൺ ഹാൾ വാടകയ്ക്കെടുത്ത് പരിപാടി നടത്തുന്ന സംഘാടകർക്ക് പലപ്പോഴും ഹാളിന്റെ അടിസ്ഥാന സംവിധാനങ്ങൾക്കുപുറമെ സ്വന്തം നിലയിൽ അധിക ചെലവുകൾ വഹിക്കേണ്ട സാഹചര്യമുണ്ടാകുന്നതായും പരാതിയുണ്ട്. ലൈറ്റ്, ഫാൻ, സ്റ്റേജ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങി പരിപാടിയുടെ സ്വാഭാവിക നടത്തിപ്പിന് ആവശ്യമായ കാര്യങ്ങൾക്കായി വീണ്ടും പണം ചെലവഴിക്കേണ്ടിവരുന്നുവെങ്കിൽ ഹാൾ വാടകയുടെ അർത്ഥം തന്നെ ചോദ്യം ചെയ്യപ്പെടും.
വാടക വാങ്ങുന്ന സ്ഥാപനത്തിന് നൽകേണ്ട സേവനത്തിന്റെ നിലവാരവും ഉറപ്പാക്കേണ്ടതുണ്ട്.
ഇത് ഏതെങ്കിലും ഒരു സംഘടനയുടെ മാത്രം പരാതിയല്ല. വടകരയിലെ കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പരിപാടി സംഘാടകരുടെയും പൊതുജനങ്ങളുടെയും അനുഭവങ്ങളെ ഗൗരവത്തോടെ കേൾക്കേണ്ട വിഷയമാണിത്.
വടകരയുടെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് അഭിമാനത്തോടെ പറയുമ്പോൾ അതിന്റെ പ്രധാന വേദികളിലൊന്നായ ടൗൺ ഹാളിന്റെ ഇന്നത്തെ അവസ്ഥയും നാം കാണണം.
പുറത്ത് സാംസ്കാരിക നഗരമെന്ന അഭിമാനം; അകത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത .ശോച്യാവസ്ഥ ! ഈ വൈരുധ്യം ഇനിയും തുടരാൻ പാടില്ല.
നഗരസഭ കാതോർത്തു കേൾക്കണം.
കൺതുറന്നു കാണണം.
അടിയന്തരമായി ഇടപെടണം.
ടൗൺ ഹാളിന്റെ സമഗ്രമായ അറ്റകുറ്റപ്പണി നടത്തണം. പ്രവർത്തനരഹിതമായ ഫാനുകളും ലൈറ്റുകളും പരിശോധിച്ച് സ്ഥിരമായി പ്രവർത്തനക്ഷമമാക്കണം. ഗ്രീൻ റൂമുകളുടെയും വേദിയുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ശൗചാലയങ്ങളിൽ കൃത്യമായ ശുചീകരണവും പരിപാലനവും ഉറപ്പാക്കണം. പരിപാടികൾക്ക് എത്തുന്ന കലാകാരന്മാർക്കും കാണികൾക്കും സംഘാടകർക്കും മാന്യമായ അടിസ്ഥാന സൗകര്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
വാടകപ്പിരിവിൽ കാണിക്കുന്ന കൃത്യത പരിപാലനത്തിലും കാണിക്കുകയാണ് വേണ്ടത്.
വടകരയുടെ സാംസ്കാരിക വേദിയെ കലാകാരന്മാർക്ക് അസൗകര്യത്തിന്റെ ഇടമാക്കി മാറ്റരുത്.
പുകച്ചോടിക്കരുത്.
അവഗണിക്കരുത്.
വടകരയുടെ സാംസ്കാരിക അഭിമാനത്തെ സംരക്ഷിക്കണം.
ഒരു നഗരത്തിന്റെ സാംസ്കാരിക നിലവാരം അളക്കുന്നത് അവിടെ എത്ര പരിപാടികൾ നടക്കുന്നു എന്നതുകൊണ്ട് മാത്രമല്ല; ആ പരിപാടികൾക്കായി ജനങ്ങൾക്കും കലാകാരന്മാർക്കും ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം കൊണ്ടുകൂടിയാണ്.
വടകര ടൗൺ ഹാൾ അതിന്റെ പഴയ പ്രൗഢിയിലേക്ക് മടങ്ങിവരേണ്ട സമയമാണിത്.
‘വാടകപ്പിരിവിൽ ഹീറോ, പരിപാലനത്തിൽ സീറോ’ എന്ന പരിഹാസം മാറ്റി, ‘പൊതുസേവനത്തിൽ മാതൃക’ എന്ന വിശേഷണം നേടാൻ നഗരസഭ തയ്യാറാകണം.
:ദിവാകരൻ ചോമ്പാല
ലോക ഫുട്‌ബോള്‍ ഇതിഹാസ താരങ്ങള്‍ കൊച്ചിയില്‍ എത്തുന്നു
കൊച്ചി: റൊണാൾഡീഞ്ഞോ അടക്കമുള്ള ലോക ഫുട്‌ബോളിലെ ഇതിഹാസതാരങ്ങള്‍ ഇന്ത്യന്‍ താരങ്ങളെ നേരിടാൻ കൊച്ചിയിൽ എത്തുന്നു. ഗാമന്‍ സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഈ അവിസ്മരണീയ മത്സരം, കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് അരങ്ങേറും. മത്സരം കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്യും.
''റിട്ടേണ്‍ ഓഫ് ദി ടൈറ്റന്‍സ്''എന്ന ബാനറില്‍ നടത്തപ്പെടുന്ന ഈ പ്രദര്‍ശന മത്സരങ്ങളുടെ പരമ്പരയിലെ സെലിബ്രിറ്റി ബ്രാന്‍ഡ് അംബാസിഡറായി ബോചെ തെരഞ്ഞെടുക്കപ്പെട്ടു. സ്‌പോര്‍ട്‌സ്മാന്‍ എന്ന നിലയില്‍ മത്സരത്തിനുള്ള പിന്തുണ അറിയിക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്വം എന്ന് അദ്ദേഹം അറിയിച്ചു. 'വിഷ്യോ എം ഫുതെബോള്‍ കോണ്‍ട്രാ വിഷ്യോ എം ഡ്രോഗാസ്' എന്ന മുദ്രാവാക്യം രൂപീകരിച്ച് സമൂഹത്തിൽ എത്തിക്കും എന്ന് ബോചെ അറിയിച്ചു. ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിൽ ഈ വാചകത്തിന്റെ അർത്ഥം. Boche Cinemania എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ 'നോ ഡ്രഗ്‌സ്' എന്ന് കമന്റ് ചെയ്യുന്നവരില്‍ നിന്ന് 500 പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മത്സരത്തിന്റെ ടിക്കറ്റ് സൗജന്യമായി നല്‍കും. കൂടാതെ, ഒരു ഭാഗ്യശാലിക്ക് 125000 രൂപ വില വരുന്ന വി വി ഐ പി ടിക്കറ്റും ലഭിക്കുന്നതാണ്. ആ വ്യക്തിക്ക് ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ഡിന്നര്‍ കഴിക്കാനുമുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍, District by Zomato ആപ്പിലൂടെ ലഭിക്കും. ടിക്കറ്റുകൾ വാങ്ങുമ്പോൾ boche 20 എന്ന കൂപ്പൺ കോഡ് കൊടുത്താൽ 20% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.
മത്സരത്തിനോട് അനുബന്ധിച്ച് ലഹരിക്കെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഓപ്പറേഷൻ തൂഫാന് പിന്തുണയേകുന്നതിനുമായി നടത്തുന്ന ബൈക്ക് റാലി സെപ്റ്റംബര്‍ 21 ന് വൈകുന്നേരം 5 മണിക്ക് ആലുവയിൽ നിന്നും ബോചെ ഫ്ലാഗ് ഓഫ് ചെയ്യും. റാലി 7 മണിയോടെ നെഹ്റു സ്റ്റേഡിയത്തിൽ അവസാനിക്കും. ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഫുട്‌ബോള്‍ മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും ജേഴ്‌സികളും ലഭിക്കും. പങ്കെടുക്കാൻ എത്തുന്നവർ 7994811116 എന്ന വാട്സാപ്പ് നമ്പറിൽ പേരും ഫോൺ നമ്പറും അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജോര്‍ജീഞ്ഞോ, വിയോള എന്നീ ബ്രസീല്‍ താരങ്ങളടങ്ങിയ ബ്രസീല്‍ ലെജന്‍ഡ്‌സും, ഐ എം വിജയന്‍, ജോപോള്‍ അഞ്ചേരി, സി കെ വിനീത്, എന്‍ പി പ്രദീപ്, കെ. ടി ചാക്കോ, മെഹ്താബ് ഹൊസൈന്‍, അര്‍ണബ് മൊണ്ടാല്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലാണ് മത്സരം.
കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ബോചെ,
ഗാമൻ സ്പോർട്സ് & എൻ്റർടെയ്ൻമെൻ്റിൻ്റെ സി. ഇ. ഒ. ആയ ആർ. എ. വി, ഡയറക്ടർ ചാൾസ് ഡാനിയൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































