ശുദ്ധമായ ഭക്ഷണം ജന്മാവകാശം ; സൗകര്യത്തിന്റെ പേരിൽ അന്നത്തിന്റെ വിശുദ്ധി കച്ചവടച്ചതിയിൽ ചോരരുത്
'ശുദ്ധമായ ഭക്ഷണം ജന്മാവകാശശം '. അത് ആരുടെയും ഔദാര്യമല്ല; വിലകൊടുത്ത് വാങ്ങുന്ന ഒരു സാധനം മാത്രവുമല്ല. മനുഷ്യന്റെ ആരോഗ്യത്തോടും ജീവിതത്തോടും നേരിട്ട് ബന്ധപ്പെട്ട അടിസ്ഥാന അവകാശമാ ണ്.
വിശപ്പകറ്റുന്ന അന്നം നൽകുന്നവനെ അന്നദാതാവ് എന്ന് വിശേഷിപ്പിച്ചൊരു സംസ്കാരമാണ് നമ്മുടേത്. വിശക്കുന്ന മനുഷ്യന്റെ മുന്നിൽ ഭക്ഷണപ്പാത്രം വയ്ക്കുന്ന കൈകൾക്ക് ദൈവികമായ സ്ഥാനമാണ് നമ്മുടെ സമൂഹം നൽകിയിരുന്നത്.
എന്നാൽ ആ വിശ്വാസത്തെ തന്നെ ചൂഷണം ചെയ്ത് ഇന്ന് ചിലർ നടത്തുന്നത് ഭക്ഷണവ്യാപാരമല്ല; മനുഷ്യരുടെ വിശ്വാസത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്ന തട്ടിപ്പാണ്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും വഴിയോരങ്ങ ളിലെ വൈദ്യുതി തൂണുകളിൽ പ്രത്യക്ഷപ്പെടുന്ന “മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം 100 രൂപയ്ക്ക്” പോലുള്ള പരസ്യങ്ങൾ കണ്ട് പണം നൽകി വഞ്ചിക്കപ്പെട്ടവരുടെ വാർത്തകൾ ഗൗരവമുള്ള മുന്നറിയിപ്പാണ്. കുറഞ്ഞ ചെലവിൽ ഭക്ഷണം പ്രതീക്ഷിക്കുന്ന ബാച്ചിലേഴ്സും സാധാരണക്കാരുമാണ് പലപ്പോഴും ഇത്തരം വാഗ്ദാനങ്ങളുടെ ഇരകൾ.
പരസ്യം കാണുന്നു. ഫോൺ ചെയ്യുന്നു. അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നു. പിന്നെ മറുവശത്ത് നിശ്ശബ്ദത.
ഇത് ഒരു ഭക്ഷണ ഇടപാടിന്റെ പരാജയമല്ല; വിശ്വാസത്തെ മുതലെടുത്തുള്ള തട്ടിപ്പാണ്.
ഇതോടൊപ്പം മറ്റൊരു വലിയ ചോദ്യവും ഉയരുന്നു. “കാറ്ററിംഗ്” എന്ന പേരിൽ ആർക്കും എവിടെയും അടുക്കള തുറന്ന് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യാവുന്ന അവസ്ഥയിലേക്കാണോ ഈ രംഗം നീങ്ങുന്നത്?
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കാറ്ററിംഗ് സേവനങ്ങളുടെ പ്രസക്തി നിഷേധിക്കാനാവില്ല. കുടുംബങ്ങൾ ചെറുതായി, സമയക്കുറവ് വർധിച്ചു, ചടങ്ങുകളുടെ വലുപ്പവും ഒരുക്കങ്ങളും വർധിച്ചു. അതുകൊണ്ടുതന്നെ കാറ്ററിംഗ് പല കുടുംബങ്ങൾക്കും വലിയൊരു സൗകര്യമാണ്. പക്ഷേ സൗകര്യം ഉത്തരവാദിത്വത്തിന് പകരമാകരുത്.
ഭക്ഷണം എവിടെയാണ് തയ്യാറാക്കുന്നത്? വെള്ളം സുരക്ഷിതമാണോ? പാചകപ്പുര എത്രത്തോളം ശുചിത്വമുള്ളതാണ്? ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടോ? പാകം ചെയ്ത ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു? ഭക്ഷണം വിതരണം ചെയ്യുമ്പോൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ? സ്ഥാപനത്തിന് ആവശ്യമായ ലൈസൻസും രജിസ്ട്രേഷനും ഉണ്ടോ?
ഇവയെല്ലാം പഞ്ചായത്തുതലം മുതൽ ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണ്.
ഒരു ഭക്ഷ്യവിഷബാധയുണ്ടായതിന് ശേഷം പരിശോധന നടത്തുന്നതുകൊണ്ട് മാത്രം കാര്യമില്ല. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അപകടസാധ്യത കണ്ടെത്തുകയും തടയുകയും ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
ഇവിടെ ഒരു പഴയകാല ഓർമ്മയിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്.
ഒരു കാലത്ത് നമ്മുടെ കല്യാണപ്പന്തലിന് പുറത്തൊരുങ്ങിയിരുന്ന അടുക്കളകൾക്ക് ഇന്നത്തെ ആധുനിക കാറ്ററിംഗ് യൂണിറ്റുകളുടെ സൗകര്യങ്ങളോ സാങ്കേതിക സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ മറ്റൊന്നുണ്ടായിരുന്നു — ബന്ധങ്ങളുടെ ചൂട്, നാട്ടുകാരുടെ പങ്കാളിത്തം, വീട്ടുകാരുടെ മേൽനോട്ടം, അന്നത്തോടുള്ള ആത്മാർഥത.
കല്യാണവീട്ടുകാരുടെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തുചേരും. ഒരാൾ പച്ചക്കറി അരിയും. മറ്റൊരാൾ വിറക് ഒരുക്കും. മറ്റൊരാൾ വെള്ളമെത്തിക്കും. പരിചയസമ്പന്നരായ പാചകക്കാർ വലിയ ചെമ്പുകൾക്കരികിൽ നേതൃത്വം നൽകും. വീട്ടിലെ മുതിർന്നവർ പാചകത്തിന്റെ ഓരോ ഘട്ടവും ശ്രദ്ധിക്കും.
“കറി പാകമായോ?”
“പായസം മതിയാകുമോ?”
“അതിഥികൾക്ക് ഭക്ഷണം തികയുമോ?”
എന്നൊക്കെ നോക്കാൻ ആരെങ്കിലും അവിടെ ഉണ്ടാകും.
ഭക്ഷണത്തിന്റെ മേൽനോട്ടം ഒരു അന്യസ്ഥാപനത്തിന്റേതായിരുന്നില്ല; സ്വന്തം വീട്ടുകാരുടെ ഉത്തരവാദിത്വമായിരുന്നു.
അത് വെറും പാചകമായിരുന്നില്ല. ഒരു നാടിന്റെ വിരുന്നൊരുക്കലായിരുന്നു. ഒരു കുടുംബത്തിന്റെ സ്നേഹപ്രകടനമായിരുന്നു. ഒരു കൂട്ടായ്മയുടെ ഐശ്വര്യമായിരുന്നു.
വലിയ ചെമ്പുകളിൽ കറി തിളയ്ക്കുമ്പോഴും അടുപ്പിൽ പായസം കുറുകുമ്പോഴും ഉയർന്നിരുന്ന പുകപോലും ഒരു ആഘോഷത്തിന്റെ അടയാളമായിരുന്നു. അടുക്കളയ്ക്കു ചുറ്റുമുള്ള തിരക്കും, പന്തലിലേക്കുള്ള ഓട്ടവും, അതിഥികളെ വരവേൽക്കാനുള്ള ആവേശവും ചേർന്നപ്പോൾ ഒരു കുടുംബത്തിന്റെ വിവാഹം ഒരു നാടിന്റെ ആഘോഷമായി മാറിയിരുന്നു.
ഇന്ന് ആ കാലം മാറി. മാറേണ്ടതുമാണ്. പഴയകാലത്തെ എല്ലാ രീതികളും മാതൃകയാക്കണമെന്നില്ല. എന്നാൽ അന്നത്തെ കൂട്ടായ്മയിൽ ശക്തമായിരുന്ന “അന്നം ഒരു സാമൂഹിക ഉത്തരവാദിത്വമാണ്” എന്ന ബോധം ഇന്നത്തെ കാറ്ററിംഗ് രംഗത്തും നഷ്ടപ്പെടാൻ പാടില്ല.
കാറ്ററിംഗ് ഏൽപ്പിച്ചുവെന്നതുകൊണ്ട് ഭക്ഷണത്തിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. മറിച്ച്, ആ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിക്കുന്നതെന്നത് കൂടുതൽ പ്രധാനമാകുന്നു.
ഈ ഉത്തരവാദിത്വം മറക്കുമ്പോഴാണ് വിവാഹപ്പന്തലുകളിൽ നിന്നുള്ള വേദനാജനകമായ വാർത്തകൾ ഉണ്ടാകുന്നത്.
വർഷങ്ങളായി കാത്തിരുന്ന വിവാഹദിനം. പന്തൽ നിറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കഴിഞ്ഞു. വിരുന്നിനുള്ള സമയം അടുത്തു. പക്ഷേ ഭക്ഷണമില്ല. കാറ്ററിംഗ് സംഘം എത്തിയില്ല. ഫോൺ വിളിച്ചാൽ മറുപടിയില്ല. വാട്സ്ആപ്പിൽ നിശ്ശബ്ദത. മുൻകൂറായി നൽകിയ പണം പോയി.
ഭക്ഷണം എങ്ങനെ എത്തിക്കുമെന്നറിയാതെ, ജീവിക്കണോ മരിക്കണോ എന്നറിയാത്തതുപോലെ വീട്ടുകാരും ബന്ധുക്കളും നെട്ടോട്ടമോടേണ്ടിവരുന്ന ആ നിമിഷം എത്രമാത്രം വേദനാജനകമായിരിക്കും!
അതിഥികൾ ഭക്ഷണത്തിനായി കാത്തുനിൽക്കുമ്പോൾ, പന്തലിന് പുറത്തേക്ക് ഓടുന്ന വീട്ടുകാരുടെ നിസ്സഹായത ഒന്ന് ചിന്തിച്ചുനോക്കണം.
അവരുടെ മുന്നിൽ അന്ന് നഷ്ടപ്പെട്ടത് ഒരു അഡ്വാൻസ് തുക മാത്രമല്ല. ഒരു കുടുംബത്തിന്റെ അഭിമാനം, ഒരു മകന്റെയോ മകളുടെയോ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം, ബന്ധുക്കളുടെ വിശ്വാസം, വർഷങ്ങളായി കാത്തുസൂക്ഷിച്ച ഒരു ഓർമ്മ — ഇതെല്ലാം കൂടിയാണ്.
അതുകൊണ്ടുതന്നെ മുൻകൂറായി പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങുന്നവരുടെ പ്രവൃത്തി ഒരു സാധാരണ ബിസിനസ് വീഴ്ചയായി കാണാനാവില്ല.
അത് വിശ്വാസത്തിന്റെ ദുരുപയോഗമാണ്.
ഒരു വശത്ത് ഭക്ഷണം എത്തിക്കാതെ പണം തട്ടുന്നവർ. മറുവശത്ത് ഭക്ഷണം എത്തിച്ചുകൊണ്ടുതന്നെ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നവർ.
ശുചിത്വമില്ലാത്ത അടുക്കളകൾ, സുരക്ഷിതമല്ലാത്ത വെള്ളം, നിലവാരം സംശയമുള്ള അസംസ്കൃത വസ്തുക്കൾ, ശരിയായ രീതിയിൽ സൂക്ഷിക്കാത്ത പാകം ചെയ്ത ഭക്ഷണം, വൃത്തിയില്ലാത്ത പാത്രങ്ങൾ, തെറ്റായ സംഭരണരീതികൾ — ഇവയെല്ലാം പൊതുജനാരോഗ്യത്തിന് ഭീഷണിയാകാം.
വിലക്കുറവ് ഭക്ഷ്യസുരക്ഷയുടെ സർട്ടിഫിക്കറ്റല്ല.
വലിയ അളവിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ഉത്തരവാദിത്വവും അതനുസരിച്ച് വലുതാകണം. ഒരു വീട്ടിൽ നാലുപേർക്കായി പാചകം ചെയ്യുന്നതും നൂറുകണക്കിന് ആളുകൾക്കായി ഭക്ഷണം തയ്യാറാക്കുന്നതും ഒരുപോലെയല്ല.
അടുക്കള വലുതാകുമ്പോൾ ഉത്തരവാദിത്വവും വലുതാകണം.
അതേസമയം, ഈ രംഗത്ത് വർഷങ്ങളായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സത്യസന്ധരായ സംരംഭകരെയും മറക്കരുത്. സ്വന്തം അധ്വാനവും പണവും മുടക്കി സ്ഥാപനങ്ങൾ സ്ഥാപിച്ചവർ, നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയവർ, ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നവർ, ഉപഭോക്താക്കളുടെ വിശ്വാസം വർഷങ്ങളെടുത്ത് നേടിയവർ — ഇവരുടെ നിലനിൽപ്പിനും ഇത്തരം വ്യാജന്മാർ ഭീഷണിയാണ്.
ഒരു കാറ്ററിംഗ് തട്ടിപ്പ് നടക്കുമ്പോൾ പണം നഷ്ടപ്പെടുന്നത് ഒരാൾക്കായിരിക്കാം. പക്ഷേ അതിന്റെ ചീത്തപ്പേര് പലപ്പോഴും മുഴുവൻ മേഖലയിലേക്കും പടരും.
കള്ളനാണയം വിപണിയിൽ ഇറങ്ങിയാൽ യഥാർത്ഥ നാണയത്തിനും സംശയത്തിന്റെ നിഴൽ വീഴുന്നതുപോലെ.
അതിനാൽ സത്യസന്ധരായ കാറ്ററിംഗ് സംരംഭകരും ഇത്തരം വ്യാജ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്.
ഇതിനൊപ്പം ഉപഭോക്താക്കൾക്കും വലിയൊരു ഉത്തരവാദിത്വമുണ്ട്. സോഷ്യൽ മീഡിയയിലെ മനോഹരമായ ഭക്ഷണചിത്രങ്ങളും കുറഞ്ഞ നിരക്കുകളും വലിയ വാഗ്ദാനങ്ങളും “സ്പെഷ്യൽ ഓഫർ”, “ഹോം ഡെലിവറി”, “മൂന്നുനേരം ഭക്ഷണം” തുടങ്ങിയ വാക്കുകളും ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്കുള്ള സർട്ടിഫിക്കറ്റുകളല്ല.
കേട്ടറിവിലും പരസ്യത്തിലും മാത്രം കുടുങ്ങരുത്.
വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടി തുടങ്ങിയ ചടങ്ങുകൾക്ക് കാറ്ററിംഗ് ഏൽപ്പിക്കുമ്പോൾ സ്ഥാപനത്തിന്റെ മുൻപരിചയം, നിയമപരമായ രേഖകൾ, വ്യക്തമായ കരാർ, ബിൽ, പേയ്മെന്റ് രേഖകൾ, മുൻ ഉപഭോക്താക്കളുടെ അനുഭവങ്ങൾ എന്നിവ പരിശോധിക്കണം. പ്രത്യേകിച്ച് വലിയ തുക മുൻകൂറായി നൽകുമ്പോൾ കൂടുതൽ ജാഗ്രത അനിവാര്യമാണ്.
വിശ്വാസം വേണം; പക്ഷേ പരിശോധനയില്ലാത്ത വിശ്വാസം വേണ്ട.
ഇത്തരം സാഹചര്യത്തിൽ അധികൃതരുടെ ഇടപെടലും ശക്തമാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, പോലീസ് എന്നിവ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കണം.
ലൈസൻസില്ലാത്ത കാറ്ററിംഗ് യൂണിറ്റുകൾ, അനധികൃത അടുക്കളകൾ, സംശയാസ്പദമായ സോഷ്യൽ മീഡിയ ഭക്ഷ്യവിതരണ ശൃംഖലകൾ, വഴിയോരങ്ങളിൽ പതിക്കുന്ന ഭക്ഷണപരസ്യങ്ങൾ എന്നിവ പരിശോധന യുടെ പരിധിയിൽ വരണം.
ഭക്ഷ്യസുരക്ഷാ പരിശോധന ഹോട്ടലിന്റെ വാതിൽക്കൽ അവസാനിക്കരുത്; ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയിലേക്ക് എത്തണം.
പരാതി വന്നശേഷം നടപടി സ്വീകരിക്കുന്നതിലുപരി, പരാതി ഉണ്ടാകാത്ത വിധം സംവിധാനം ഒരുക്കുകയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം.
കാലം മാറി. നാട്ടുകൂട്ടായ്മയുടെ അടുക്കളകൾ കുറഞ്ഞു. കാറ്ററിംഗ് സേവനങ്ങൾ വളർന്നു. സൗകര്യങ്ങൾ വർധിച്ചു. ഇതെല്ലാം കാലത്തിന്റെ മാറ്റമാണ്.
പക്ഷേ അന്നത്തിന്റെ മഹത്വം മാറിയിട്ടില്ല.
പഴയകാലത്തെ നാട്ടുകൂട്ടായ്മയുടെ ആത്മാവും ഇന്നത്തെ ശാസ്ത്രീയ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും കൈകോർക്കണം. അന്നത്തെ വലിയ ചെമ്പുകളും കൂട്ടായ്മയുടെ കൈകളും ഇന്നില്ലെങ്കിലും, ആ അടുക്കളകളിലുണ്ടായിരുന്ന കരുതൽ ഇന്നത്തെ ആധുനിക അടുക്കളകളിൽ ഉണ്ടാകണം.
അന്നം നൽകുന്നത് വയറുനിറയ്ക്കൽ മാത്രമല്ല.
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിക്കുന്ന കരുതലാണ്.
അതുകൊണ്ടുതന്നെ അന്നത്തിന്റെ പേരിൽ ചതി ചെയ്യുന്നത് പണത്തോടുള്ള വഞ്ചന മാത്രമല്ല; ആ കരുതലിനോടുള്ള വഞ്ചന കൂടിയാണ്.
ഒരു കാലത്ത് കല്യാണപ്പന്തലിന് പുറത്തുനിന്ന് ഉയർന്നിരുന്ന പാചകപ്പുക ഒരു നാടിന്റെ കൂട്ടായ്മയുടെ അടയാളമായിരുന്നു. ഇന്ന് ആ കൂട്ടായ്മയുടെ രൂപം മാറിയാലും അതിന്റെ ആത്മാവ് നഷ്ടപ്പെടരുത്.
അന്നദാതാവിന്റെ കൈ വിശുദ്ധമായിരിക്കണം.
അടുക്കള ശുചിയായിരിക്കണം.
ഭക്ഷണം സുരക്ഷിതമായിരിക്കണം.
വാഗ്ദാനം സത്യമായിരിക്കണം.
പണം വാങ്ങുന്നവന് ഉത്തരവാദിത്വമുണ്ടായിരിക്കണം.
അപ്പോഴേ ഭക്ഷണം കച്ചവടമാകുമ്പോഴും അന്നത്തിന്റെ മഹത്വം നഷ്ടപ്പെടാതിരിക്കൂ.
അന്നം മനുഷ്യനെ നിലനിർത്താനുള്ളതാണ്;
അന്നത്തിന്റെ പേരിൽ മനുഷ്യനെ വഞ്ചിക്കാനുള്ളതല്ല.
ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്.
:ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































_h_small.jpg)





