നിയമം കടലാസിൽ കിടക്കുമ്പോൾ
ജീവൻ നിരത്തിൽ വീഴുന്നു...
കേരളത്തിലെ റോഡുകൾ ഇന്ന് യാത്രയ്ക്കുള്ള ഇടങ്ങൾ മാത്രമല്ല; ഓരോ നിമിഷവും അപകടസാധ്യത പതിയിരിക്കുന്ന ഇടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
നിയമങ്ങളുണ്ട്, പരിശോധനാ സംവിധാനങ്ങളുണ്ട്, പിഴകളുണ്ട്, എ.ഐ. ക്യാമറകളുണ്ട്, റോഡരികിൽ മുന്നറിയിപ്പ് ബോർഡുകളുമുണ്ട്.
എന്നിട്ടും അപകടകരമായ യാത്രകളും അശാസ്ത്രീയമായ ചരക്കുകടത്തും അനാസ്ഥയും യാതൊരു നിയന്ത്രണവുമില്ലാതെ തുടരുന്നു. അപ്പോൾ ചോദിക്കേണ്ടത് ഒരു കാര്യം മാത്രം....
നിയമങ്ങൾ ഇത്രയേറെ ഉണ്ടായിട്ടും അവ നടപ്പാക്കപ്പെടാത്തത് എന്തുകൊണ്ട് ?
കഴിഞ്ഞദിവസം നഗരവീഥിയിൽ കണ്ട ഒരു കാഴ്ച ഇതിന്റെ ഭീകരമായൊരു ഉദാഹരണമായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്നയാൾ രണ്ടു തുടകൾക്കും മുകളിൽ ചേർത്തുപിടിച്ചിരുന്നത് വലിയൊരു ചില്ലുപാളി. വാഹനത്തിന്റെ പിൻഭാഗത്ത് ഇരിക്കുന്നയാളുടെ തലയേക്കാൾ ഉയരത്തിൽ പുറത്തേക്ക് നീണ്ടുനിന്ന ഗ്ലാസ്, കാറ്റിൽ ആടിക്കൊണ്ടായിരുന്നു യാത്ര. ഒരു ചെറിയ ബ്രേക്കിംഗ്, ഒരു അപ്രതീക്ഷിത കാറ്റ്, ഒരു വാഹനത്തിന്റെ നേരിയ ഇടിച്ചിൽ മതി, ആ ചില്ല്പാളി യാത്രക്കാരുടെയും പിന്നാലെ വരുന്നവരുടെയും ജീവനെടുക്കാൻ. അന്നത്തെ ദിവസം എത്രക്യാമറകളിൽ ഈ ദൃശ്യം പതിഞ്ഞിരിക്കാം .....
ഇത് ഒറ്റപ്പെട്ടൊരു കാഴ്ചയല്ല. കൈക്കുഞ്ഞിനെ ഇരുകൈകൊണ്ടും ചേർത്തുപിടിച്ച് സ്കൂട്ടറിൽ അലസമായിരുന്നു സഞ്ചരിക്കുന്ന അമ്മമാർ , മൂന്നും നാലും പേർ കയറി അമിതവേഗത്തിൽ പായുന്ന ഇരുചക്രവാഹനങ്ങൾ, മുന്നറിയിപ്പിന് ഒരു ചുവന്ന തുണിപോലും കെട്ടാതെ നീളമുള്ള ഇരുമ്പ് പൈപ്പുകളും അലുമിനിയം ഷീറ്റുകളും വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്നവർ ഇവയെല്ലാം നമ്മുടെ നിരത്തുകളിൽ പതിവ് കാഴ്ചകളായി മാറിയിരിക്കുന്നു.പരിധിക്കു മുകളിൽ ലോറിയിൽ വലിച്ചുകെട്ടി ഉയരംകൂട്ടി യ ആക്രിസാധനങ്ങളുടെ കടത്തുലോറികൾ ......
ഇവിടെ പ്രശ്നം നിയമമില്ലാത്തതല്ല. നിയമം ലംഘിച്ചാലും ഒന്നും സംഭവിക്കില്ലെന്ന ധാരണ വളർന്നുവരുന്നതാണ്.
ഹെൽമറ്റ് ധരിക്കാത്തവരെയും സിഗ്നൽ തെറ്റിക്കുന്നവരെയും കണ്ടെത്താൻ ക്യാമറകൾക്ക് കഴിയുന്നു. എന്നാൽ മറ്റുള്ളവരുടെ ജീവനുതന്നെ ഭീഷണിയാകുന്ന രീതിയിൽ വസ്തുക്കൾ വാഹനങ്ങളിൽ കെട്ടിവെച്ച് കൊണ്ടുപോകുന്നവരെ കണ്ടെത്തുന്നതിൽ അതേ ജാഗ്രത എവിടെ?
റോഡിൽ അപകടം വിതയ്ക്കുന്ന തരത്തിൽ നീണ്ട പൈപ്പുകളും കമ്പികളും മരത്തടികളും കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിശോധനാ സംവിധാനങ്ങൾ എവിടെയാണ് ?
അപകടകരമായ ചരക്കുകടത്തിനെതിരെ 20,000 രൂപ വരെ പിഴ ചുമത്താനുള്ള വ്യവസ്ഥകളുണ്ടെങ്കിലും, പിഴയുടെ തുക മാത്രം വർധിപ്പിച്ചതുകൊണ്ട് റോഡ് സുരക്ഷ ഉറപ്പാകില്ല. നിയമലംഘനം കണ്ടെത്തുന്ന നിമിഷം മുതൽ തുടർനടപടി വരെ കർശനമായ പരിശോധനയും ഉത്തരവാദിത്തവും ഉറപ്പാക്കണം. അല്ലെങ്കിൽ വലിയ പിഴത്തുകയും മറ്റൊരു ‘കടലാസ് ശിക്ഷ’യായി മാറും.
എന്നാൽ പൊതുജനങ്ങളുടെ അനാസ്ഥയെ മാത്രം കുറ്റപ്പെടുത്തി സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ നിന്നുതന്നെ അപകടസാധ്യത സൃഷ്ടിക്കപ്പെടുന്നുവെങ്കിൽ അത് അതീവ ഗൗരവമുള്ള വിഷയമാണ്.
മണിയൂരിൽ കെ.എസ്.ഇ.ബി. വാഹനത്തിൽ അപകടകരമായി പുറത്തേക്ക് തള്ളിനിന്നിരുന്ന അരിവാൾ ഉപകരണം തട്ടി വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം ഇതിന് ശക്തമായ മുന്നറിയിപ്പാണ്. വഴിയാത്രക്കാരുടെ ജീവൻ സംരക്ഷിക്കേണ്ട സ്ഥാപനത്തിന്റെ വാഹനത്തിൽ നിന്നുതന്നെ ഒരാളുടെ ശരീരത്തിന് മാരകമായ പരിക്ക് സംഭവിക്കുന്ന സാഹചര്യം ഒരുതരത്തിലും സാധാരണ വീഴ്ചയായി കാണാനാവില്ല.
സാധാരണക്കാരൻ നിയമം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടം ആദ്യം സ്വന്തം സംവിധാനങ്ങളുടെ നിയമപാലനം ഉറപ്പാക്കണം. സ്വകാര്യ വാഹനത്തിലെ നിയമലംഘനത്തിന് പിഴ ഈടാക്കുന്ന അതേ കണിശത സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും ഉണ്ടാകണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന ബോധം അവിടെയാണ് തുടങ്ങേണ്ടത്.
റോഡ് സുരക്ഷ എന്നത് ട്രാഫിക് പോലീസിന്റെ മാത്രം ചുമതലയല്ല. വാഹന ഉടമയ്ക്കും ഡ്രൈവർക്കും ചരക്ക് കൊണ്ടുപോകുന്ന സ്ഥാപനത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഓരോ ഉത്തരവാദിത്തമുണ്ട്. സ്വന്തം യാത്ര സൗകര്യപ്രദമാക്കാൻ മറ്റൊരാളുടെ ജീവൻ അപകടത്തിലാക്കാനുള്ള അവകാശം ആർക്കുമില്ല.
റോഡിൽ ഒരു അപകടം സംഭവിച്ചതിനുശേഷം കാരണം അന്വേഷിക്കുകയും നഷ്ടപരിഹാരം പ്രഖ്യാപിക്കു കയും ചെയ്യുന്നത് മാത്രം മതിയാകില്ല. അപകടം സംഭവിക്കുന്നതിന് മുമ്പ് അത് തടയുകയാണ് യഥാർത്ഥ ഭരണപരമായ ഉത്തരവാദിത്തം.
എ.ഐ. ക്യാമറകൾ സ്ഥാപിച്ചതുകൊണ്ടോ, റോഡരികിൽ ബോധവൽക്കരണ ബോർഡുകൾ നിരത്തിയതു കൊണ്ടോ മാത്രം റോഡുകൾ സുരക്ഷിതമാകുന്നില്ല.ക്യാമറ കാണുന്ന നിയമലംഘനത്തിന് മാത്രം പിഴയിട്ട്, ക്യാമറയ്ക്ക് മുന്നിലൂടെ തന്നെ കടന്നുപോകുന്ന വലിയ അപകടസാധ്യതകൾ അവഗണിച്ചാൽ സാങ്കേതിക വിദ്യയും ഒടുവിൽ നോക്കുകുത്തിയാകും.
അപകടകരമായ ചരക്കുകടത്തിനെതിരെ കൃത്യമായ പരിശോധന വേണം. വാഹനങ്ങളിൽ കയറ്റുന്ന സാധനങ്ങളുടെ അളവും രീതിയും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ നിർബന്ധമാക്കണം. ഗുരുതരമായ നിയമലംഘനങ്ങൾക്ക് പിഴയ്ക്കപ്പുറം നിയമപരമായ തുടർനടപടികളും ഉറപ്പാക്കണം. സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങളിലുണ്ടാകുന്ന സുരക്ഷാവീഴ്ചകൾക്കും അതേ കർശനത ബാധകമാകണം.
കാരണം റോഡിലെ ഓരോ മനുഷ്യനും
ഒരു നമ്പറല്ല ; ഒരു ജീവനാണ്.
അവൻ കാൽനടയാത്രക്കാരനായിരിക്കാം. ബസ് യാത്രക്കാരനായിരിക്കാം. ഇരുചക്രവാഹന യാത്രക്കാരനായിരിക്കാം. റോഡരികിലൂടെ സ്കൂളിലേക്ക് പോകുന്ന കുട്ടിയായിരിക്കാം. പ്രായമായ ഒരാളായിരിക്കാം. അവന്റെ സുരക്ഷ മറ്റൊരാളുടെ ജാഗ്രതയെയും നിയമപാലനത്തെയും ആശ്രയിച്ചിരിക്കുന്നു.
അതിനാൽ ഇനി വേണ്ടത് അപകടത്തിന് ശേഷമുള്ള പ്രതികരണമല്ല—അപകടത്തിന് മുമ്പുള്ള കർശനമായ ഇടപെടലാണ്.
നിയമം ഉണ്ടെന്നത് മാത്രം പോരാ.
നിയമം ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്ന് ബോധ്യപ്പെടണം.
പിഴയുടെ ഭയം മാത്രമല്ല, മറ്റൊരാളുടെ ജീവനെ മാനിക്കേണ്ട സാമൂഹിക ഉത്തരവാദിത്തവും വളരണം. അതിനൊപ്പം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് പിന്നോട്ടുപോകരുത്.
റോഡുകൾ മരണപ്പാച്ചിലിന്റെ വേദികളാകരുത്.
നിയമം കടലാസിൽ കിടക്കുകയും ജീവൻ നിരത്തിൽ വീഴുകയും ചെയ്യുന്ന അവസ്ഥയ്ക്ക് ഇനി അറുതിയുണ്ടാകണം.
: ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










































_h_small.jpg)






