“പാരിറ്റി വേണ്ടത് ശമ്പളത്തിലല്ല; നമ്മോടൊപ്പം ജീവിക്കുന്നവരുമായിട്ടാണ്.”
: ഡി.പങ്കജാക്ഷക്കുറുപ്പ്
“ഉണ്ടല്ലോ… കൊണ്ടുപോകാം.”
അരനൂറ്റാണ്ടിന് മുമ്പ് കഞ്ഞിപ്പാടമെന്ന ഗ്രാമത്തിൽ തുടക്കം കുറിച്ച “അയൽക്കൂട്ടം” എന്ന വേറിട്ട സാമൂഹിക പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു ഈ വാക്കുകൾ. അതിരുകളില്ലാത്ത ലോകത്തെയും സ്വയംസമ്പൂർണമായ ഗ്രാമത്തെയും നാണയരഹിതമായ സമ്പദ്‌വ്യവസ്ഥയെയും സ്വപ്നം കണ്ട ഒരു തികഞ്ഞ ഗാന്ധിയൻ; കർഷകൻ, അധ്യാപകൻ, മനുഷ്യസ്നേഹി, സമൂഹപരിഷ്കർത്താവ് — ഈ വിശേഷണങ്ങളെല്ലാം ഒരുമിച്ച് ചേരുന്ന വ്യക്തിത്വമായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്.
സമൂഹപുരോഗതിക്ക് തടസ്സമാകുന്ന ധനാർത്തിയും സ്വാർഥതയും സ്വജനപക്ഷപാതവും ഉപേക്ഷിച്ച്, പരസ്പരസ്നേഹവും സഹകരണവും കരുണയും കരുതലും സഹവർത്തിത്വവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ആ സ്വപ്നത്തിന്റെ പ്രായോഗിക രൂപമായിരുന്നു അയൽക്കൂട്ടം.
സ്വന്തം ഇഷ്ടപ്രകാരം വിഭവങ്ങൾ പരസ്പരം പങ്കുവെക്കുന്ന, ഒരാളുടെ ആവശ്യത്തിൽ മറ്റൊരാൾ കൈത്താങ്ങാകുന്ന, മനുഷ്യബന്ധങ്ങൾക്ക് സാമ്പത്തിക ഇടപാടുകളേക്കാൾ വില കൽപ്പിക്കുന്ന ഒരു കൂട്ടായ്മയെ ക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, സാമൂഹിക മൂലധനത്തിനും പങ്കുവെപ്പ് സമ്പദ്‌വ്യവസ്ഥയ്ക്കും ഏറെ മുമ്പേ അദ്ദേഹം മുന്നോട്ടുവച്ച ഒരു മാതൃക.
എന്തുകൊണ്ടോ, അദ്ദേഹം ജീവിച്ചിരുന്ന കാലത്തും അതിനുശേഷവും കേരളീയ സമൂഹം വേണ്ടത്ര ഗൗരവത്തോടെ ചർച്ച ചെയ്യാൻ മടിച്ചുപോയ ഒരു മഹത്തായ ആശയമായിരുന്നു അത്. അയൽക്കൂട്ടം എന്ന ആശയം പിന്നീട് “കുടുംബശ്രീ” എന്ന പേരിൽ കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ നിർണായകമായ ഇടം നേടിയെങ്കിലും, അതിന്റെ പിന്നിലെ വിശാലമായ മാനവിക ദർശനം നാം വേണ്ടത്ര പിന്തുടർന്നോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.
പങ്കജാക്ഷക്കുറുപ്പ് ഒരു പ്രസ്ഥാനത്തിന്റെ സംഘാടകൻ മാത്രമായിരുന്നില്ല. പുതിയൊരു സമൂഹത്തെക്കുറിച്ച് ചിന്തിക്കുകയും അതിനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്ത ചിന്തകനായിരുന്നു. “പുതിയ ലോകം, പുതിയ വഴി”, “ഭാവിയിലേക്ക്” തുടങ്ങിയ കൃതികളിലൂടെയും “ദർശനം” മാസികയിലൂടെയും അദ്ദേഹം തന്റെ ആശയങ്ങൾ സമൂഹവുമായി പങ്കുവച്ചു. പാഠശാലകളേക്കാൾ ചിന്താശാലകളാണ് വേണ്ടത് എന്ന അദ്ദേഹത്തിന്റെ നിലപാട് അറിവിനെ ജീവിതപരിവർത്തനത്തിന്റെ ഉപാധിയായി കണ്ട ഒരു ദർശനത്തിന്റെ ഭാഗമായിരുന്നു.
കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ വേറിട്ട വഴികളിലൂടെ ചിന്തിച്ച ചില മഹത്തായ വ്യക്തിത്വങ്ങളെ ഓർക്കുമ്പോൾ പങ്കജാക്ഷക്കുറുപ്പിന്റെ സ്ഥാനം കൂടുതൽ വ്യക്തമായി മനസ്സിലാക്കാം. പരിസ്ഥിതി രംഗത്ത് പ്രൊഫ. ജോൺസി ജേക്കബ്ബും, ആരോഗ്യരംഗത്ത് ഡോ. സി. ആർ. ആർ. വർമ്മയും, സാമൂഹികരംഗത്ത് ഡി. പങ്കജാക്ഷക്കുറുപ്പും ഈ മൂന്ന് ഗുരുക്കന്മാരും കേരളത്തിന് പുറത്താണ് ജീവിച്ചിരുന്നതെങ്കിൽ കേരളത്തിന് എത്ര വലിയ നഷ്ടബോധമായിരുന്നേനെ എന്ന് ചിന്തിച്ചുനോക്കാം.
കേരളീയനായ അതുല്യ ചിത്രകാരൻ രാജാ രവിവർമ്മയെക്കുറിച്ച് ഒരു ജീവചരിത്രനോവൽ എഴുതാൻ ഒരു മഹാരാഷ്ട്രക്കാരൻ വേണ്ടി വന്നത് നമ്മുടെ സാംസ്കാരിക ഓർമയുടെ ചില വൈരുധ്യങ്ങളെ ഓർമിപ്പിക്കുന്നതാണ്. സ്വന്തം നാട്ടിലെ മഹത്തായ ചിന്തകരെയും സാമൂഹിക പരിഷ്കർത്താക്കളെയും അവരുടെ കാലത്ത് വേണ്ടത്ര തിരിച്ചറിയാതിരിക്കുക എന്നത് കേരളത്തിന്റെ പൊതുബോധത്തിന് അപരിചിതമായ കാര്യമല്ല.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ നോക്കുമ്പോൾ പങ്കജാക്ഷക്കുറുപ്പിന്റെ ചിന്തകൾക്ക് പുതിയ പ്രസക്തി കൈവരുന്നു. മനുഷ്യനെ മനുഷ്യനിൽ നിന്ന് അകറ്റുന്ന അമിത ഉപഭോഗവും ധനാർത്തി യും സ്വാർത്ഥതയും സാമൂഹിക അസമത്വവും വർധിക്കുമ്പോൾ, പങ്കുവെപ്പിന്റെയും സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഒരു പുതിയ സാമൂഹിക മാതൃക ആവശ്യമായി വരികയാണ്.
മഹാത്മാഗാന്ധിയിലേക്ക് മടങ്ങിപ്പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്ന സമകാലിക ലോകത്ത്, ഗാന്ധിജി ചൂണ്ടിക്കാട്ടിയ സമൂഹത്തെ ബാധിക്കുന്ന ഏഴ് സാമൂഹിക തിന്മകളെയും അപ്രസക്തമാക്കുന്ന തരത്തിൽ മനുഷ്യകേന്ദ്രിതമായ ഒരു ജീവിതദർശനം നമുക്ക് പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. അതിന് കാലത്തിനനുസരിച്ചുള്ള പുതിയ ആവിഷ്കാരവും പ്രായോഗിക മാതൃകകളും ആവശ്യമാണ്.
അത്തരമൊരു കാലത്ത് “അയൽക്കൂട്ടം” എന്ന ആശയം വെറും പഴയൊരു ഓർമയായി മാറാതെ, പുതിയ തലമുറയുടെ സാമൂഹിക ചിന്തയിൽ വീണ്ടും ജനിക്കണം. പരസ്പരം മത്സരിക്കുന്ന മനുഷ്യരിൽ നിന്ന് പരസ്പരം കരുതുന്ന മനുഷ്യരിലേക്കുള്ള യാത്രയാണ് അതിന്റെ കാതൽ.
“ഉണ്ടല്ലോ… കൊണ്ടുപോകാം” എന്ന ലളിതമായ വാക്കുകളിൽ ഒളിഞ്ഞിരുന്നത് ഒരു വലിയ സാമൂഹിക ദർശനമായിരുന്നു എനിക്കുള്ളത് എന്റേതു മാത്രമല്ല; ആവശ്യമുള്ളവനുമായി പങ്കിടാനുള്ളതുമാണ് എന്ന മനുഷ്യസ്നേഹത്തിന്റെ ദർശനം.
പുതിയ ലോകത്തിന് പുതിയ വഴികൾ തേടുന്ന ഈ കാലത്ത്, ആ മഹത്തായ ആശയത്തിന് പുത്തൻ കാലത്തിന്റെ ഭാവത്തിനനുസരിച്ച് പുനരാവിഷ്കാരം നൽകാൻ ഒരു മനുഷ്യാത്മാവ് ഉദയംകൊള്ളുമെന്ന പ്രതീക്ഷയോടെ, പാഠശാലകളേക്കാൾ ചിന്താശാലകളാണ് വേണ്ടത് എന്ന് നമ്മെ ഓർമിപ്പിച്ച ആ മഹാത്മാവിന്റെ ഓർമയ്ക്കു മുന്നിൽ സ്നേഹപൂർവ്വം സ്മരണാഞ്ജലികൾ അർപ്പിക്കാം.
ഡി. പങ്കജാക്ഷക്കുറുപ്പ് ഓർമ്മയല്ല ,
പിന്തുടരേണ്ട ഒരു ചിന്ത.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































