ഭക്ഷണമല്ല, വിഷമാണ് വിളമ്പുന്നതെങ്കിൽ അടുക്കള രഹസ്യമാകരുത്......./
“അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്” എന്ന പഴയ ചൊല്ല് ഇന്നത്തെ ഹോട്ടൽ സംസ്കാരത്തിൽ അന്വർത്ഥമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നാല് ചുവരുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹോട്ടൽ അടുക്കളയിലെ ഓരോ പ്രവർത്തനവും ഉപഭോക്താവിന്റെ മുന്നിൽ സുതാര്യ മാകണം. ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു, എങ്ങനെ കഴുകുന്നു, എങ്ങനെ പാകം ചെയ്യുന്നു എന്നതെല്ലാം ഉപഭോക്താവിന് കാണാൻ കഴിയുന്ന സംവിധാനത്തി ലേക്ക് ഹോട്ടൽ മേഖല മാറേണ്ടതുണ്ട്.
കുന്നമംഗലത്ത് ഹോട്ടലിൽ നിന്ന് പഴകിയ ചിക്കനും മത്സ്യവും പിടിച്ചെടുത്ത സംഭവം വീണ്ടും ഉയർത്തുന്ന ചോദ്യം ഇതാണ് ഡൈനിംഗ് ഹാളിലെ പകിട്ടിനപ്പുറം അടുക്കളയിൽ യഥാർത്ഥത്തിൽ നടക്കുന്നത് എന്താണ്?
എസി മുറികളും തിളങ്ങുന്ന ഗ്ലാസ് പാത്രങ്ങളും മനോഹരമായ അലങ്കാരങ്ങളും ഉപഭോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോൾ, അതിന്റെ പിന്നിലെ അടുക്കള പലപ്പോഴും അയാളുടെ കണ്ണിൽപ്പെടുന്നില്ല. പച്ചക്കറികൾ എങ്ങനെ കഴുകുന്നു, മത്സ്യവും മാംസവും എങ്ങനെ വൃത്തിയാക്കുന്നു, പാകം ചെയ്ത ഭക്ഷണം എത്രനാൾ സൂക്ഷിക്കുന്നു, ഫ്രീസറിൽ എത്രദിവസം പഴകിയ ഭക്ഷണം കിടക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉപഭോക്താവിന് അറിയാൻ കഴിയാത്തതാണ് ഇന്നത്തെ വലിയ പ്രശ്നം.
പഴകിയ ഭക്ഷണത്തിന് പുതിയ രൂപവും രുചിയും നൽകി പ്ലേറ്റിലെത്തിച്ചാൽ അത് തിരിച്ചറിയാൻ ഉപഭോക്താവിന് എല്ലായ്പ്പോഴും കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ഹോട്ടൽ അടുക്കളയുടെ സുതാര്യത ഇനി ഒരു സൗകര്യമല്ല; പൊതുജനാരോഗ്യത്തിന്റെ വിഷയമാണ്.
അടുക്കളയും കാണണം;
ഭക്ഷണത്തിന്റെ പിന്നാമ്പുറവും അറിയണം
ഹോട്ടൽ അടുക്കളകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച്, ഭക്ഷണം തയ്യാറാക്കുന്ന പ്രധാന ഭാഗങ്ങളിലെ തത്സമയ ദൃശ്യങ്ങൾ ഡൈനിംഗ് ഹാളിലെ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന സംവിധാനം നടപ്പാക്കാനാകുമോ എന്നത് സർക്കാർ ഗൗരവമായി പരിഗണിക്കേണ്ട സമയമാണിത്.
ഉപഭോക്താവ് പണം കൊടുത്ത് വാങ്ങുന്ന ഭക്ഷണം ഏത് ?സാഹചര്യത്തിലാണ് തയ്യാറാക്കപ്പെടുന്നതെന്ന് അറിയാനുള്ള സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അടുക്കള വൃത്തിയുള്ളതാണോ, ജീവനക്കാർ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ, അസംസ്കൃത ഭക്ഷണവും പാകം ചെയ്ത ഭക്ഷണവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് കാണാനാകുന്ന സാഹചര്യം ഉണ്ടാകണം.
ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയല്ല. മറിച്ച് ശുചിത്വം പാലിക്കുന്ന സ്ഥാപനങ്ങൾക്ക് വിശ്വാസ്യത വർധിപ്പിക്കുന്ന സംവിധാനമായിരിക്കും.
ദുരന്തത്തിന് ശേഷം പരിശോധന പോരാ
ഭക്ഷ്യവിഷബാധയോ പഴകിയ ഭക്ഷണമോ സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് ശേഷം മാത്രം മിന്നൽ പരിശോധനകൾ നടത്തുന്നത് സ്ഥിരമായ പരിഹാരമല്ല. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് അപകടം കണ്ടെത്തുകയാണ് ഭക്ഷ്യസുരക്ഷാ സംവിധാനത്തിന്റെ യഥാർത്ഥ ലക്ഷ്യം.
അതുകൊണ്ടുതന്നെ ഹോട്ടൽ ലൈസൻസ് നൽകുന്നതിനും പുതുക്കുന്നതിനുമുള്ള മാനദണ്ഡങ്ങളിൽ അടുക്കളയുടെ ശുചിത്വം, ഭക്ഷ്യസംഭരണം, മാലിന്യസംസ്കരണം, ജീവനക്കാരുടെ ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ എന്നിവയ്ക്കൊപ്പം ഡിജിറ്റൽ സുതാര്യതയും ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണം.
നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിൽ മാത്രം നടപടി ഒതുങ്ങരുത്. ആവർത്തിച്ചുള്ള ഗുരുതര നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള ശക്തമായ നടപടികളും ഉറപ്പാക്കണം.
ആരോഗ്യമന്ത്രിയുടെ ശ്രദ്ധ വേണം
ശുദ്ധമായ ഭക്ഷണം ഒരു ആഡംബരമല്ല; ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണ്. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും താൽക്കാലിക പരിശോധനകൾക്കപ്പുറം ദീർഘകാല പരിഹാരങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.
‘സുതാര്യമായ അടുക്കള’ എന്ന ആശയം കേരളത്തിലെ ഹോട്ടൽ മേഖലയി ൽ നടപ്പാക്കുന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും സർക്കാരും ഗൗരവമായി ചർച്ച ചെയ്യണം.
അടുക്കളയിലെ അഴുക്കും പഴകിയ ഭക്ഷണവും ഇനി രഹസ്യമായി തുടരേണ്ടതില്ല. ജനങ്ങളുടെ ഭക്ഷണം തയ്യാറാക്കുന്ന ഇടം ജനങ്ങളുടെ കണ്ണിൽനിന്ന് മറച്ചുവെക്കേണ്ട ഇടമാകരുത്.
അടുക്കളയിലെ രഹസ്യം അങ്ങാടിപ്പാട്ടാകട്ടെ....
അപ്പോൾ മാത്രമേ പ്ലേറ്റിലെ ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് ഉപഭോക്താവിന് യഥാർത്ഥ വിശ്വാസമുണ്ടാകൂ.
:ദിവാകരൻ ചോമ്പാല
(സംസ്ഥാന കോർഡിനേറ്റർ
ഭക്ഷ്യശ്രീ ബഹുജന സംഘടന )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































