കോഴിക്കോട്: കേരളത്തിന്റെ പൈതൃകത്തോടും കടൽവാണിജ്യ ചരിത്രത്തോടും ചേർന്നുനിൽക്കുന്ന ബേപ്പൂരിലെ പരമ്പരാഗത മരക്കപ്പൽ നിർമ്മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ. കെ. എൻ. കുറുപ്പ് ആവശ്യപ്പെട്ടു.
ഒരുകാലത്ത് ബേപ്പൂരിന്റെ സാമ്പത്തിക-സാംസ്കാരിക ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്ന മരക്കപ്പൽ നിർമ്മാണ വ്യവസായം ഇന്ന് ഏതാണ്ട് അസ്തമിച്ച നിലയിലാണ്. ഈ പാരമ്പര്യ വ്യവസായത്തെ തിരിച്ചുകൊണ്ടുവരുന്നതിനായി ഡോ. കെ. കെ. എൻ. കുറുപ്പും ഹിൽ പാലസും ഉൾപ്പെടെയുള്ളവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബേപ്പൂരിൽ നിർമിക്കുന്ന ‘ഉരു’കൾക്ക് അറബ് ലോകത്ത് ഇന്നും വലിയ ആവശ്യകതയുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഉരുക്കൾ സ്വന്തമാക്കാൻ അറേബ്യൻ ഷൈഖുമാർ വരെ താൽപര്യം പ്രകടിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, സംഘടിതമായ ശ്രമങ്ങളുടെ അഭാവമാണ് ഈ സാധ്യതകളെ വ്യവസായ വളർച്ചയിലേക്ക് മാറ്റുന്നതിന് പ്രധാന തടസ്സമാകുന്നതെന്ന് ഡോ. കുറുപ്പ് പറഞ്ഞു.
അടുത്തിടെ മസ്കറ്റിൽ നടന്ന കൂടിക്കാഴ്ചകളിൽ ഈ വിഷയത്തിന് പുതിയ സാധ്യതകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ള പ്രതിനിധികളുമായും ഏഷ്യൻ-അറബ് വ്യാപാര മേഖലയിലെ പ്രമുഖരുമായും കാസർകോട് സ്വദേശിയായ വ്യവസായിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂരിലെ മരക്കപ്പൽ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കോഴിക്കോട്, മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളെയും കോഴിക്കോട്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെയും ഗൾഫ് മേഖലയിലെ ചേംബർ ഓഫ് കൊമേഴ്സ് അധികൃതരെയും ഉൾപ്പെടുത്തി ഒരു ഏകോപന സമിതി രൂപീകരിക്കണമെന്നാണ് നിർദേശം. ഇത്തരമൊരു സംവിധാനം നിലവിൽ വരികയും ആവശ്യമായ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്താൽ രണ്ടോ മൂന്നോ മരക്കപ്പലുകളുടെ നിർമ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കാൻ തയ്യാറാണെന്ന് ഗൾഫ് മേഖലയിലെ വ്യവസായികൾ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
കടത്തനാട് പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന സുധീർ ചന്ത്രോത്ത് ഈ പദ്ധതിക്ക് ഗൾഫ് മേഖലയിൽ നേതൃത്വം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഡോ. കുറുപ്പ് വ്യക്തമാക്കി.
ബേപ്പൂരിന്റെ പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും വിപണി സാധ്യതകളും സമന്വയിപ്പിച്ചാൽ മരക്കപ്പൽ നിർമ്മാണ മേഖലയെ വീണ്ടും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യവസായ മന്ത്രി അടിയന്തരമായി ഇടപെട്ട് ബന്ധപ്പെട്ട വകുപ്പുകളുടെയും വ്യാപാര-വ്യവസായ സംഘടനകളുടെയും പ്രവാസി സമൂഹത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ബേപ്പൂരിന്റെ പൈതൃക വ്യവസായത്തെ സംരക്ഷിക്കുന്നതിനൊപ്പം വലിയ സാമ്പത്തിക സാധ്യതയുള്ള ഒരു മേഖലയായി അതിനെ വികസിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് വാർത്താക്കുറിപ്പിൽ ഡോ. കെ. കെ. എൻ. കുറുപ്പ് ആവശ്യപ്പെട്ടു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































