ഓർമ്മയിലെ ഒരു ‘ലൈവ്’ സിനിമാ പോസ്റ്റർ!
അര നൂറ്റാണ്ടിനോടടുത്ത പഴക്കമുള്ള എൻ്റെ ഒരു ഓർമ്മയിൽ ഒരു ചായക്കടയുടെ പുറം ചുമർ '
അന്ന് ഫ്ലെക്സ് ബോർഡുകളില്ല, ഡിജിറ്റൽ ഡിസൈനുകളില്ല.
കടയുടെ ഭിത്തികളിലും റോഡരികിലെ ചുവരുകളിലും ഒട്ടിച്ചിരുന്ന കൂറ്റൻ സിനിമാ പോസ്റ്ററുകളായിരുന്നു നാട്ടിൻപുറങ്ങളുടെ പരസ്യപ്പലകകൾ. വഴിയാത്രക്കാരുടെ കണ്ണും മനസ്സും ഒരുപോലെ പിടിച്ചിരുത്തിയിരുന്ന ആ പോസ്റ്ററുകൾക്ക് ഇന്നത്തെ ഡിജിറ്റൽ പരസ്യങ്ങളേക്കാൾ ചിലപ്പോൾ ജീവൻ തന്നെയുണ്ടായിരുന്നു.ആകർഷണമുണ്ടായിരുന്നു .
ഐ.വി. ശശിയുടെ ‘വാടകയ്ക്കൊരു ഹൃദയം’ സിനിമ റിലീസ് ചെയ്ത കാലം. വടകരയിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിൽ പോകുമ്പോൾ പയ്യോളിക്കും കൊയിലാണ്ടിക്കും ഇടയിലുള്ള ഒരു നാട്ടിൻപുറത്തെ റോഡരികിലുള്ള ചായക്കടയുടെ പുറംചുമരിൽ പതിച്ചിരുന്ന ആ പോസ്റ്റർ പതിവായി ശ്രദ്ധയിൽപ്പെടുമായിരുന്നു.
നിവർന്നുനിന്ന് പാന്റിന്റെ സിബ്ബിൽ കൈവെച്ച് നിൽക്കുന്ന നടന്റെ ചിത്രം.സോമന്റേതാണെന്നു തോന്നുന്നു .അല്ലെങ്കിൽ സുകുമാരൻ .
പക്ഷേ, യഥാർത്ഥ കൗതുകം പോസ്റ്ററിലായിരുന്നില്ല; അതിന് പിന്നിലെ ചുമരിലായിരുന്നു!
പോസ്റ്റർ ഒട്ടിച്ച ചുമരിന്റെ മറുവശത്തായിരുന്നു ചായക്കടയിലെ വാഷ്‌ബേസിൻ. കൈകഴുകിയ വെള്ളം പുറത്തേക്കൊഴുക്കാൻ ചുമരിലൂടെ ഒരു ചെറിയ ഇരുമ്പുപൈപ്പ് രണ്ടു ഇഞ്ചോളം പുറത്തേയ്ക്ക് കടത്തിവെച്ചിരുന്നു. പോസ്റ്റർ ഒട്ടിച്ചപ്പോൾ യാദൃച്ഛികമായി ആ പൈപ്പ് എത്തിയത് നടന്റെ പാന്റിന്റെ സിബ്ബിന്റെ ഭാഗത്ത്.അതോ പോസ്റ്റർ ഒട്ടിച്ച ആളിൻറെ അറിഞ്ഞുകൊണ്ടുള്ള നേരമ്പോക്കോ എന്തോ ?
അകത്ത് ആരെങ്കിലും കൈ കഴുകുമ്പോൾ വെള്ളം ആ പൈപ്പിലൂടെ പുറത്തേക്ക് വരും.
ബസ്സിൽ കടന്നുപോകുന്നവർക്ക് ഒറ്റനോട്ടത്തിൽ തോന്നുക പോസ്റ്ററിലെ നടൻ റോഡിലേക്ക് മൂത്രമൊഴിക്കുകയാണെന്നാണ്!
അന്നത്തെ യാത്രകളിൽ ആ കാഴ്ച പലർക്കും ചിരിയുടെ വകയായിരുന്നു. ആരും ആ പോസ്റ്റർ അങ്ങനെ രൂപകൽപ്പന ചെയ്തതല്ല. ആരും എഡിറ്റിംഗ് നടത്തിയതുമില്ല. യാതൊരു സോഫ്റ്റ്‌വെയറും ഉപയോഗിച്ചില്ല.
ഒരു ചുമർ, ഒരു പോസ്റ്റർ, ഒരു പൈപ്പ് അത്രമാത്രം.എന്നിട്ടും കാഴ്ച മറ്റൊന്നായി മാറി.
ഇന്ന്, പതിറ്റാണ്ടുകൾക്കിപ്പുറം, ആ സംഭവത്തെ ഓർക്കുമ്പോൾ ചിരിയോടൊപ്പം മറ്റൊരു വാക്കും മനസ്സിൽ വരുന്നു ...‘നാച്ചുറൽ മോർഫിംഗ്!’
പക്ഷേ അന്നത്തെ ആ യാദൃച്ഛിക കാഴ്ചയിൽ നിന്ന് ഇന്നത്തെ മോർഫിംഗി ലേക്കെത്തുമ്പോൾ ചിരി പതിയെ മായുന്നു. കാരണം ഇന്ന് ഒരു ചിത്രത്തെ മറ്റൊന്നാക്കി മാറ്റാൻ ചുമരിലൊരു പൈപ്പ് മതിയാകില്ല; ഒരു മൊബൈൽ ഫോൺ മാത്രം മതി.
ചിത്രം മാറുമ്പോൾ ജീവിതവും മാറാം
ഒരു വ്യക്തിയുടെ യഥാർത്ഥ ചിത്രമോ വീഡിയോയോ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിമറിച്ച് മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുന്നതാണ് പൊതുവിൽ മോർഫിംഗ് എന്ന് പറയുന്നത്. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ മുഖം, ശബ്ദം, ശരീരഭാവം, സംസാരശൈലി എന്നിവയടക്കം അതീവ യാഥാർഥ്യമെന്നു തോന്നുന്ന രീതിയിൽ സൃഷ്ടിക്കപ്പെടുന്ന വ്യാജ ഉള്ളടക്കങ്ങളാണ് ഡീപ്‌ഫേക്കിന്റെ ഭീഷണിയിലേക്ക് നമ്മെ എത്തിക്കുന്നത്.
ഒരുകാലത്ത് ഇത്തരമൊരു കൃത്രിമം ഉണ്ടാക്കാൻ സാങ്കേതിക പരിജ്ഞാന വും ഉപകരണങ്ങളും ആവശ്യമായിരുന്നു. ഇന്ന് സാങ്കേതികവിദ്യ അത്രയും എളുപ്പമായിരിക്കുന്നു..ചില ക്ലിക്കുകൾ മതി.
ഒരിക്കലും പറയാത്ത വാക്കുകൾ ഒരാളുടെ ശബ്ദത്തിൽ പറയിക്കാം. നടന്നിട്ടില്ലാത്ത സംഭവത്തിന്റെ വീഡിയോ നിർമ്മിക്കാം. മറ്റൊരാളുടെ മുഖം മറ്റൊരു ശരീരത്തിൽ പതിപ്പിക്കാം. യാഥാർഥ്യമല്ലാത്ത ഒരു ദൃശ്യം യഥാർഥ സംഭവമായി പ്രചരിപ്പിക്കാം.
ഇവിടെ പ്രശ്നം സാങ്കേതികവിദ്യയുടെ ശക്തിയല്ല.ആ ശക്തി മനുഷ്യൻ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ്.തെറ്റ് സാങ്കേതികവിദ്യയുടേതോ മനുഷ്യന്റേതോ?
സാങ്കേതികവിദ്യ മനുഷ്യജീവിതം എളുപ്പമാക്കാനാണ് വളർന്നത്. അറിവ് പങ്കുവെക്കാനും ആശയവിനിമയം വേഗത്തിലാക്കാനും ചികിത്സയും വിദ്യാഭ്യാസവും ഗവേഷണവും മുന്നോട്ടുകൊണ്ടുപോകാനും അത് വലിയ സാധ്യതകൾ തുറന്നിട്ടുണ്ട്. താടിരോമം പോക്കാൻ നിർമ്മിച്ച ബ്ലേഡുകൊണ്ട് ഒരാൾ ഞരമ്പ് മുറിച്ചെന്ന കാരണത്താൽ ബ്ലേഡ് നിർമ്മാണം നിർത്തലാക്കാനാവുമോ ?
വ്യക്തികൾക്ക് മാനഹാനി വരാതെ ഒരളവോളം മോർഫിംഗ് അംഗീകരിക്കാ മെങ്കിലും അതിരുവിടുന്നവരെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന് മുൻപേ ജയിലിലടക്കുന്നതല്ലേ ഉത്തമം ?
പക്ഷേ അതേ സാങ്കേതികവിദ്യ ഒരാളുടെ സ്വകാര്യത തകർക്കാനും അന്തസ്സ് കളങ്കപ്പെടുത്താനും കുടുംബജീവിതത്തിൽ സംശയത്തിന്റെ വിത്ത് വിതയ്ക്കാനും ഉപയോഗിക്കുമ്പോൾ ചോദ്യം സാങ്കേതികവിദ്യയോട് മാത്രമല്ല.മനുഷ്യന്റെ മനസ്സാക്ഷിയോടാണ്.
‘ചെയ്യാൻ കഴിയും’ എന്നതുകൊണ്ട് ‘ചെയ്യാം’ എന്നല്ല അർത്ഥം .നിരുപദ്രവകരമായ ചിലനേരമ്പോക്കുകൾക്കാവാമെങ്കിലും അതിരിവിട്ടുള്ള മറ്റൊരാളുടെ ചിത്രം കൈവശമുണ്ടെന്നത് അത് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാനുള്ള അവകാശം നൽകുന്നുമില്ല .
ഒരാളുടെ ശബ്ദം അനുകരിക്കാൻ കഴിയുന്നു എന്നതുകൊണ്ട് അയാളുടെ പേരിലുള്ള കൈകടത്തൽ വ്യക്തിഹത്യക്ക് സമാണെന്നു പറയാതെ വയ്യ .
യേശുദാസിൻറെ ശബ്ദം അനുകരിക്കാനായേക്കും .പക്ഷെ അത് യേശദാസിന്റെ പാട്ടാകില്ല ;
ഒരു ചിത്രം മതി... ഒരു ജീവിതം തകർക്കാൻ..ഒരുകുടുംബം തകർക്കാൻ
മോർഫിംഗിന്റെ ഏറ്റവും ഭയാനകമായ വശം അതിന്റെ ആഘാതമാണ്.
ഒരു പെൺകുട്ടിയുടെ സാധാരണ ഫോട്ടോ എടുത്ത് അപമാനകരമായ രീതിയിൽ മാറ്റിമറിച്ച് പ്രചരിപ്പിക്കാൻ കഴിയും. വ്യാജ വീഡിയോ ഒരു കുടുംബത്തിൽ സംശയം വളർത്താം. ഒരാളുടെ പേരിൽ വ്യാജ ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നത് അയാളുടെ വിശ്വാസ്യത തകർക്കാം.
വ്യാജമാണെന്ന് തെളിയിക്കാൻ ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം.
പക്ഷേ അത് പ്രചരിക്കാൻ വേണ്ടത് ചില നിമിഷങ്ങൾ മാത്രം.
ഡിജിറ്റൽ ലോകത്ത് നുണയ്ക്ക് സത്യത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന കാലമാണിത്.
അതുകൊണ്ടുതന്നെ മോർഫിംഗിന്റെ ഇരയെ കുറ്റപ്പെടുത്തുന്ന സമീപനം അവസാനിക്കണം.
“എന്തിനാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടത്?എന്തിനാണ് അങ്ങനെ വസ്ത്രം ധരിച്ചത്?
എന്തിനാണ് ആ വ്യക്തിയുമായി ചിത്രം എടുത്തത്?”
ഇത്തരം ചോദ്യങ്ങൾ കുറ്റവാളിയിലേക്കുള്ള വിരൽ മാറ്റി ഇരയിലേക്ക് ചൂണ്ടുകയാണ്.
കുറ്റം ചിത്രം എടുത്തതിലല്ല; ചിത്രം ദുരുപയോഗം ചെയ്തതിലാണ്.
തമാശയുടെ പേരിൽ നടക്കുന്ന അതിക്രമം“വെറുതെ തമാശയ്ക്ക് ചെയ്തതാണ്.”
മോർഫിംഗിനെ നിസ്സാരവത്കരിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും അപകടകരമായ വാക്കുകളിലൊന്നാണിത്.
മറ്റൊരാളുടെ മുഖം ഉപയോഗിച്ച് അപമാനകരമായ ചിത്രം നിർമ്മിക്കുന്നത് തമാശയല്ല. സമ്മതമില്ലാതെ ഒരാളുടെ ചിത്രം ലൈംഗികമായോ അപകീർത്തികരമായോ ഉള്ളടക്കത്തിൽ ഉപയോഗിക്കുന്നത് തമാശയല്ല.
അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അന്തസ്സിന്മേലുള്ള ആക്രമണമാണ്.
ഓൺലൈനിൽ ചെയ്തതാണെന്ന കാരണം കൊണ്ട് ഒരു കുറ്റം യഥാർഥ ജീവിതത്തിലെ കുറ്റത്തേക്കാൾ ചെറുതാകുന്നില്ല.ഇവിടെ നിയമം കറുത്തതും കർശ്ശനവുമായേതീരൂ .
ഒരു ക്ലിക്ക്... ആയിരം കൈകളിലേക്ക്
മോർഫിംഗിന്റെ മറ്റൊരു ഭീഷണി അതിന്റെ അതിവേഗ വ്യാപനമാണ്.ഒരു ചിത്രം ഒരു ഗ്രൂപ്പിൽ എത്തുന്നു. അവിടെനിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക്. പിന്നെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക്.
അവസാനം ആരാണ് ആദ്യം സൃഷ്ടിച്ചതെന്നും എവിടെ നിന്നാണ് വന്നതെന്നും കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥ.
അതുകൊണ്ട് “ഞാൻ വെറുതെ ഫോർവേഡ് ചെയ്തതേയുള്ളൂ” എന്ന വാദം മതിയാകില്ല.
ഒരു വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നതുപോലെ തന്നെ അത് അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുന്നതും ഗുരുതരമായ ഉത്തരവാദിത്വമാണ്.
ഡിജിറ്റൽ ലോകത്ത് ഓരോ ‘ഷെയർ’ ബട്ടണും ഒരു ഉത്തരവാദിത്വത്തിന്റെ ബട്ടണാണെന്ന് മനസ്സിലാക്കേണ്ട സമയം കഴിഞ്ഞു.
സ്ത്രീകളും കുട്ടികളും: കൂടുതൽ ജാഗ്രത ആവശ്യമുള്ള ഇടം
സോഷ്യൽ മീഡിയയിൽ സജീവമായ സ്ത്രീകളും കുട്ടികളും മോർഫിംഗിന്റെ ഇരകളാകാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങളിലാണ്.
ഇവിടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വം വലുതാണ്. കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റിനിർത്തുന്നതല്ല പരിഹാരം. ഇന്റർനെറ്റ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് പഠിപ്പിക്കുകയാണ് പരിഹാരം.
സ്വകാര്യതാ ക്രമീകരണങ്ങൾ എങ്ങനെ ഉപയോഗിക്കണം, അപരിചിതരുമായി എന്തൊക്കെ വിവരങ്ങൾ പങ്കുവെക്കരുത്, വ്യാജ ഉള്ളടക്കം എങ്ങനെ സംശയിക്കണം, സൈബർ ആക്രമണമുണ്ടായാൽ ആരെ സമീപിക്കണം—ഇതെല്ലാം ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം.
ഇരയായാൽ മിണ്ടാതിരിക്കരുത്
മോർഫിംഗിനോ ഡീപ്‌ഫേക്കിനോ ഇരയായ ഒരാൾ ആദ്യം മനസ്സിലാക്കേണ്ടത് ഒരു കാര്യമാണ്:
ലജ്ജിക്കേണ്ടത് ഇരയല്ല; കുറ്റവാളിയാണ്.
ഭയന്ന് ഒറ്റപ്പെടരുത്. തെളിവുകൾ ഇല്ലാതാക്കരുത്. ലഭിച്ച ചിത്രങ്ങൾ, സന്ദേശങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, ലിങ്കുകൾ തുടങ്ങിയവ സാധ്യമെങ്കിൽ സൂക്ഷിക്കുക. വിശ്വസിക്കുന്ന കുടുംബാംഗങ്ങളുടെയോ അധ്യാപകരുടെയോ സഹായം തേടുക. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുക.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഔദ്യോഗിക സംവിധാനങ്ങളിൽ പരാതി നൽകാനും സഹായം തേടാനും കഴിയുമെന്ന് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം.
ഡിജിറ്റൽ കാലത്തിന്റെ പുതിയ മര്യാദ
നമ്മുടെ വീട്ടിലെ വാതിൽ അടച്ചിടുന്നതുപോലെ തന്നെ നമ്മുടെ ഡിജിറ്റൽ സ്വകാര്യതയും സംരക്ഷിക്കേണ്ട കാലമാണിത്.
അതിന് വലിയ സാങ്കേതിക പരിജ്ഞാനം വേണ്ട.നാലു കാര്യങ്ങൾ മാത്രം ഓർക്കുക:കണ്ടതെല്ലാം വിശ്വസിക്കരുത്.ലഭിച്ചതെല്ലാം ഫോർവേഡ് ചെയ്യരുത്.സംശയമുള്ളത് പ്രചരിപ്പിക്കരുത്.
മറ്റൊരാളുടെ സ്വകാര്യതയെ വിനോദമാക്കരുത്.
ഒരു ചിത്രം പങ്കുവെക്കുന്നതിന് മുമ്പ് ഒരു നിമിഷം നമുക്ക് സ്വയം ചോദിക്കാം:
“ഇത് എന്റെ ചിത്രം ആയിരുന്നെങ്കിൽ?”എന്റെ ഭാര്യയുടേതായിരുന്നെങ്കിൽ ..
മകളുടെതായിരുന്നുവെങ്കിൽ ....
ആ ഒരു ചിന്ത ചിലപ്പോൾ ഒരു മനുഷ്യന്റെ ജീവിതം തന്നെ രക്ഷിച്ചേക്കാം.
അന്നത്തെ ചുമരിലെ പൈപ്പും ഇന്നത്തെ AIയും
പയ്യോളിക്കും കൊയിലാണ്ടിക്കും ഇടയിലെ ആ ചെറിയ ചായക്കടയുടെ ചുമരിൽ, യാതൊരു ഉദ്ദേശവുമില്ലാതെ രൂപപ്പെട്ട ആ ‘നാച്ചുറൽ മോർഫിംഗ്’ ഇന്നും ഓർമ്മയിൽ ഒരു ചിരിയായി നിൽക്കുന്നു.
അന്ന് ഒരു പൈപ്പ് ഒരു സിനിമാ പോസ്റ്ററിന്റെ അർത്ഥം മാറ്റി.
ഇന്ന് ഒരു AI ഉപയോഗിച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരു മനുഷ്യന്റെ മുഖവും ശബ്ദവും ജീവിതകഥയും വരെ മാറ്റിമറിക്കാൻ കഴിയും.
അന്നത്തെ മോർഫിംഗ് ചിരിപ്പിച്ചു.ഇന്നത്തെ മോർഫിംഗ് ഭയപ്പെടുത്തുന്നു.ഈ വ്യത്യാസം മനസ്സിലാക്കേണ്ട സമയമാണിത്.സാങ്കേതികവിദ്യയെ പേടിക്കേണ്ടതില്ല. പക്ഷേ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെ നിസ്സാരമായി കാണുകയും അരുത്.
ഒരു മനുഷ്യന്റെ മുഖം അവന്റെ തിരിച്ചറിയലാണ്.അവന്റെ ചിത്രം അവന്റെ സ്വകാര്യതയാണ്.അവന്റെ ശബ്ദം അവന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.അവന്റെ അന്തസ്സ് അവന്റെ അവകാശമാണ്.
ആ അവകാശങ്ങൾ ഏതാനും ക്ലിക്കുകൾ കൊണ്ട് തകർക്കാൻ ആരെയും അനുവദിക്കരുത്.
സാങ്കേതികവിദ്യ കൂടുതൽ മനുഷ്യനാകാനുള്ള വഴിയാകണം; മനുഷ്യത്ത്വം നഷ്ടപ്പെടുത്താനുള്ള ആയുധമാകരുത്.
ചുമരിലെ ഒരു പൈപ്പ് ഒരിക്കൽ നമ്മെ ചിരിപ്പിച്ച മോർഫിംഗ് ഓർമ്മയായി മാറിയെങ്കിൽ, ഇന്നത്തെ ഡിജിറ്റൽ മോർഫിംഗ് ഒരു സമൂഹത്തിന്റെ മുന്നറിയിപ്പായി മാറുകയാണ്.
ആ മുന്നറിയിപ്പ് നാം കേൾക്കണം.
കാരണം നാളെ മോർഫ് ചെയ്യപ്പെടുന്ന മുഖം മറ്റൊരാളുടേതായിരിക്കണമെന്നില്ല....
അത് നമ്മുടേതാകാം....(കവർചിത്രം പ്രതീകാത്മകം :AI നിർമ്മിതം )
: ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































