തെറ്റുകളുടെ ചാരത്തിൽ നിന്ന് പുതിയൊരു വെളിച്ചം തെളിയിക്കുന്നതാണ് മനുഷ്യന്റെ ധർമ്മം.എന്തു ചെയ്യുമ്പോഴും, എന്തു പറയുമ്പോഴും, എന്തു ചിന്തിക്കുമ്പോഴും നമ്മുടെ ഉള്ളിൽ നിന്നൊരാൾ നമ്മോട് പറയും “ഇത് വേണം” അല്ലെങ്കിൽ “വേണ്ട” എന്ന്.
“ഇത് ശരിയാണ്” എന്നും “ഇത് തെറ്റാണ്” എന്നും പറയുന്ന ആ നിശ്ശബ്ദ ശബ്ദം, ഇതുമായി മുന്നോട്ടുപോകണമോ അതോ ഇവിടെ നിൽക്കണമോ എന്നും നമ്മോട് പറയാറുണ്ട്.
ആ ഉൾവിളിയാണ് മനസ്സാക്ഷിയുടെ ശബ്ദം. അതുതന്നെയാണ് ധർമ്മത്തിന്റെ ആന്തരിക ബോധവും.
മനസ്സാക്ഷിയുടെ ശബ്ദം അതേപടി അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നതാണ് ധാർമ്മികത. അതിനെ അവഗണിച്ചുകൊണ്ട് നാം ചെയ്യുന്ന പ്രവർത്തികളാണ് അധാർമ്മികതയിലേക്ക് നമ്മെ നയിക്കുന്നത്.
എന്നാൽ, മനസ്സാക്ഷിയുടെ ശബ്ദം അനുസരിച്ച് പ്രവർത്തിച്ചാലും എതിർപ്പുകൾ ഉണ്ടാകും. അത്തരം എതിർപ്പുകളെല്ലാം ഭയന്ന് സ്വന്തം ശരിയെന്ന് തോന്നിയ വഴിയിൽ നിന്ന് പിന്മാറേണ്ടതില്ല. ചില എതിർപ്പുകൾ അവഗണിക്കേണ്ടി വരും.
അതേസമയം, മനസ്സാക്ഷിയുടെ ശബ്ദത്തിന് വിരുദ്ധമായി പ്രവർത്തിച്ചപ്പോൾ എതിർപ്പുകൾ ഉയർന്നാൽ അവയെ അവഗണിക്കരുത്. അവിടെ ഒരു നിമിഷം നമുക്ക് നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയണം. ആവർത്തിക്കാതിരിക്കാനും തിരുത്താനും ശ്രമിക്കണം.
“ഗർഭസ്ഥ ശിശുവും ശവശരീരവും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ” എന്ന് അറിവുള്ളവർ പറഞ്ഞുവച്ചിട്ടുണ്ട്.
തെറ്റ് ചെയ്തുവെന്ന് സ്വയം ബോധ്യപ്പെടുക എന്നത് തന്നെ വലിയൊരു കാര്യമാണ്. കാരണം, തെറ്റുകൾ തിരിച്ചറിയാൻ പോലും കഴിയാത്തവരാണ് പലപ്പോഴും ഏറ്റവും വലിയ തെറ്റുകൾ ആവർത്തിക്കുന്നത്.
തെറ്റ് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന കുറ്റബോധത്തിനും ഒരു സ്ഥാനമുണ്ട്.
അത് നിമിഷനേരത്തേക്ക് നല്ലതാണ്. നമ്മുടെ ഉള്ളിൽ ഒരു തിരുത്തലിന്റെ വാതിൽ തുറക്കാൻ അതിന് കഴിയും. “ഞാൻ ചെയ്തത് ശരിയായില്ല” എന്ന് തിരിച്ചറിയാൻ കുറ്റബോധം സഹായിക്കുന്നുവെങ്കിൽ, അത് ജീവിതത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഭവമായി മാറും.
പക്ഷേ, കുറ്റബോധത്താൽ നീറിപ്പുകഞ്ഞ് ജീവിതം മുഴുവൻ തള്ളിനീക്കരുത്.
തെറ്റ് നമ്മെ തകർക്കാനുള്ളതല്ല; തിരുത്താനുള്ളതാണ്.
കുറ്റബോധം നമ്മെ ചുട്ടെരിക്കാനുള്ളതല്ല; വെളിച്ചത്തിലേക്ക് നയിക്കാനുള്ളതാണ്.
ജീവിതം ആളിക്കത്തി മറ്റുള്ളവർക്ക് വെളിച്ചം പകരാനുള്ളതാണ്.
സ്വയം നീറിപ്പുകഞ്ഞ്, ആർക്കും പ്രയോജനപ്പെടാതെ കരിന്തിരിപോലെ എരിഞ്ഞുതീരാനുള്ളതല്ല.
മനസ്സാക്ഷിയുടെ ശബ്ദം കേൾക്കുക.
തെറ്റുണ്ടെങ്കിൽ തിരിച്ചറിയുക.
കഴിയുമെങ്കിൽ തിരുത്തുക.
തിരുത്താൻ കഴിയാത്തതിൽ നിന്ന് പാഠം പഠിക്കുക.കഴിഞ്ഞുപോയ തെറ്റുകളുടെ ചാരത്തിൽ ഇരുന്ന് ജീവിതം അവസാനിപ്പിക്കേണ്ടതില്ല.
ആ ചാരത്തിൽ നിന്ന് ഒരു പുതിയ വെളിച്ചം തെളിയിക്കുകയാണ് മനുഷ്യന്റെ ധർമ്മം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































