ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തിന് ഇന്ത്യയുടെ പാരമ്പര്യത്തിൽ വിചിത്രവും അനന്യവുമായ ഒരു സ്വഭാവമുണ്ട്. ഗുരു തന്റെ ശിഷ്യൻ ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ നല്ല ശിഷ്യൻ തന്റെ ഗുരു ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
തന്റെ ചെറിയ മനസ്സ് വിജയിക്കുകയാണെങ്കിൽ അത് ദുരിതത്തിന് കാരണമാകുമെന്ന് ശിഷ്യന് അറിയാം. എന്നാൽ ഗുരുവിന്റെ വിജയം മഹാമനസ്സിന്റെ വിജയമാണ്; ജ്ഞാനത്തിന്റെ വിജയമാണ്. അത് എല്ലാവർക്കും നന്മയും ആനന്ദവും പകരുന്നു.
അതുകൊണ്ടുതന്നെ ഗുരുവിനേക്കാൾ അറിവ് തനിക്കുണ്ടെന്ന് ശിഷ്യന് തോന്നിത്തുടങ്ങുമ്പോൾ പഠനം അവസാനിക്കുകയാണ്. അഹങ്കാരം ജ്ഞാനത്തെ ഹനിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണത്.
ഒരു അധ്യാപകന് ആവശ്യമായ പ്രധാന ഗുണങ്ങളിൽ ഒന്നാണ് ക്ഷമ. ഒരു വിദ്യാർത്ഥി പഠനത്തിൽ പിന്നിലായിരിക്കാം. എന്നാൽ ക്ഷമയുള്ള അധ്യാപകന് ആ കുട്ടിയെ പതിയെ ഉയർച്ചയിലേക്ക് നയിക്കാനാകും.
മാതാപിതാക്കൾക്ക് ഒന്നോ രണ്ടോ കുട്ടികളുടെ കാര്യമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. എന്നാൽ ഒരു അധ്യാപകന് ക്ലാസിലെ നിരവധി കുട്ടികളുടെ സ്വഭാവവും കഴിവുകളും പ്രശ്നങ്ങളും ഒരേസമയം ശ്രദ്ധിക്കേണ്ടിവരുന്നു. ഈ സാഹചര്യം പലപ്പോഴും പരീക്ഷണങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കും. അതിനെ നേരിടാൻ അധ്യാപകന് ഏകാഗ്രതയും ആത്മനിയന്ത്രണവും ആവശ്യമാണ്.
കുട്ടികൾ അധ്യാപകരെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് അധ്യാപകൻ അവർക്കൊരു മാതൃകയായിരിക്കണം. മൂല്യങ്ങളുടെ ഒരു ഭാഗം കുട്ടികൾ മാതാപിതാക്കളിൽ നിന്ന് പഠിക്കുമ്പോൾ, ബാക്കി വലിയൊരു പങ്ക് അധ്യാപകരിൽ നിന്നാണ് അവർ സ്വായത്തമാക്കുന്നത്.
നിങ്ങൾ പറയുന്നതും ചെയ്യുന്നതും മാത്രമല്ല, നിങ്ങളുടെ ശാന്തതയും സമാധാനവും പിരിമുറുക്കവും കോപവും പോലും കുട്ടികൾ ശ്രദ്ധിക്കും.
ഒരു വിദ്യാർത്ഥി എവിടെ നിന്നാണ് വരുന്നതെന്ന് അധ്യാപകൻ മനസ്സിലാക്കണം. അവനെ എങ്ങനെ പടിപടിയായി മുന്നോട്ടു നയിക്കണമെന്നും അറിയണം.
ഭഗവാൻ കൃഷ്ണൻ നല്ലൊരു അധ്യാപകനായിരുന്നു. പരമമായ ലക്ഷ്യത്തിലേക്ക് അദ്ദേഹം അർജുനനെ പടിപടിയായി നയിച്ചു. തുടക്കത്തിൽ അർജുനൻ ആശയക്കുഴപ്പത്തിലായിരുന്നു. ഒരു വിദ്യാർത്ഥി വളരുന്നതിനനുസരിച്ച് കൂടുതൽ ആശയക്കുഴപ്പങ്ങളും നേരിടേണ്ടിവരും. കാരണം, അവന്റെ പഴയ ധാരണകൾ തിരുത്തപ്പെടുകയും പുതിയ അറിവുകൾ അവയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ആദ്യം നാം സൂര്യൻ കിഴക്ക് ഉദിക്കുന്നു എന്ന് പഠിക്കുന്നു. പിന്നീട് ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചും പഠിക്കുമ്പോൾ ആദ്യത്തെ ധാരണകൾ കൂടുതൽ വിശാലമായ അറിവിലേക്ക് മാറുന്നു. ഇതറിയുന്ന നല്ല അധ്യാപകൻ കുട്ടികളെ ഈ ആശയക്കുഴപ്പങ്ങളിലൂടെ ക്ഷമയോടെ നയിക്കും. വേണ്ടിടത്ത് പുതിയ ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുകയും ചെയ്യും.
അധ്യാപകന് ഒരേസമയം സ്നേഹവും കാർക്കശ്യവും വേണം. വളരെ സ്നേഹമുള്ള അധ്യാപകരെയും വളരെ കർക്കശക്കാരായ അധ്യാപകരെയും നാം കാണാറുണ്ട്. എന്നാൽ കർക്കശ്യവും സ്നേഹവും ഒരുമിക്കുന്ന നേർത്ത സമന്വയമാണ് യഥാർത്ഥ അധ്യാപകന്റെ ശക്തി.
വിപ്ലവസ്വഭാവമുള്ള ചില കുട്ടികളുണ്ടാകും. അവർക്ക് കൂടുതൽ പ്രോത്സാഹനം ആവശ്യമാണ്. ഇടയ്ക്കിടെ തോളിൽ തട്ടി അഭിനന്ദിക്കണം. തങ്ങൾ സ്നേഹിക്കപ്പെടുന്നവരാണെന്നും അധ്യാപകന് തങ്ങളോട് കരുതലുണ്ടെന്നും അവരിൽ സ്വാത്മബോധവും (belongingness) വളർത്തണം.
അതേസമയം, ലജ്ജാശീലരായ കുട്ടികളോട് ചിലപ്പോൾ അൽപ്പം കർക്കശമായി പെരുമാറേണ്ടിവരും. അവരെ എഴുന്നേറ്റുനിന്ന് സംസാരിക്കാനും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പരിശീലിപ്പിക്കാം.
എന്നാൽ പലപ്പോഴും ഇതിന് വിപരീതമാണ് സംഭവിക്കുന്നത്. അധ്യാപകർ വിപ്ലവസ്വഭാവമുള്ള കുട്ടികളോട് കൂടുതൽ കർക്കശമായി പെരുമാറുകയും ലജ്ജാശീലരായ കുട്ടികളോട് അയവു കാണിക്കുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുമ്പോൾ കുട്ടികളുടെ പെരുമാറ്റത്തിൽ ആവശ്യമായ മാറ്റം ഉണ്ടാകണമെന്നില്ല.
അതുകൊണ്ട് അധ്യാപകന് കാർക്കശ്യവും മാധുര്യവും ഒരുപോലെ ആവശ്യമാണ്.
കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നത് സമഗ്രമായ കാഴ്ചപ്പാടോടെയായിരിക്കണം. കുട്ടിയുടെ തലയിൽ വിവരങ്ങൾ കുത്തിനിറയ്ക്കുന്നതല്ല വിദ്യാഭ്യാസം. ക്ലാസിൽ വരികയും ചില പാഠങ്ങൾ പഠിക്കുകയും ചെയ്യുന്നതിൽ വിദ്യാഭ്യാസം അവസാനിക്കുന്നില്ല.
ശരീരവും മനസ്സും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ട് കുട്ടിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും സമ്പൂർണ്ണ വികസനത്തിലേക്കായിരിക്കണം അധ്യാപകന്റെ ശ്രദ്ധ.
സ്വാത്മബോധം, പങ്കിടൽ, സ്നേഹം, കരുതൽ, അഹിംസ തുടങ്ങിയ മൂല്യങ്ങൾ കുട്ടിയുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ സംസ്കരിക്കണം. മാനുഷികമൂല്യങ്ങളുടെ അടിത്തറയും ഇതായിരിക്കണം.
നല്ല അധ്യാപകൻ അറിവ് പകരുന്നയാൾ മാത്രമല്ല; ഒരു വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നയാളാണ്.
അത്തരത്തിലുള്ള ഗുരുക്കന്മാരെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് യഥാർത്ഥ അധ്യാപകദിനാചരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































