വികസനത്തിന്റെ പകിട്ടിൽ കേരളത്തിന്റെ സ്വാഭാവിക പ്രകൃതിയും നാട്ടുചിഹ്നങ്ങളും ഇല്ലാതാകുന്നതിനെക്കുറിച്ചുള്ള ആകുലതകളാണ് എന്റെ മനസ്സിനെ അലോസരപ്പെടുത്തുന്നത്. പുതിയ ആറുവരിപ്പാതകൾ വരുമ്പോൾ കുന്നുകൾ ഇടിച്ചുനിരത്തപ്പെടുകയും, നാടിന്റെ ഓർമ്മച്ചെപ്പുകളായ ചരിത്രയിടങ്ങൾ മാഞ്ഞുപോവുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് ചുറ്റും.
ഇരുമ്പാനകളും തളരുന്ന കുന്നുകളും
നാളെത്തെ തലമുറ ജെ.സി.ബിയെ 'ഇരുമ്പാന' എന്നു വിളിച്ചാൽ അതിശയിക്കാനില്ല. ഒരു ഇരുമ്പാനയ്ക്ക് എത്രയോ മനുഷ്യാദ്ധ്വാനം വേണ്ട കുന്നിടിച്ച് മണിക്കൂറുകൾ കൊണ്ട് ടിപ്പർ ലോറിയിലേക്ക് നിറയ്ക്കാനാവും. വിവേകമില്ലാത്ത ഈ ഇടിച്ചുനിരത്തലിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ദേശീയപാതാ വികസനത്തിനായി മുക്കാളിയിലെയും മാച്ചിനാരിയിലെയും കുന്നുകൾ ഇടിച്ചുനിരത്തുമ്പോൾ അടരടരായി ഇടിഞ്ഞു വീഴുന്ന മണ്ണും, വീഴാൻ പാകത്തിൽ നിൽക്കുന്ന വീടുകളുമാണ് കാഴ്ച. പുനത്തിൽ കുഞ്ഞബ്ദുള്ള തന്റെ 'സ്മാരകശിലകൾ' എന്ന നോവലിലും അനുഭവക്കുറിപ്പുകളിലും നിരവധി തവണ എഴുതിയ മാച്ചിനാരി ഒന്തം ഇന്നാകെ കീറിമുറിച്ചിട്ട നിലയിലാണ്. ഒരു നാട്ടുകാരനെന്ന നിലയിൽ ഇതെല്ലാം കണ്ട് ചോദ്യം വിഴുങ്ങി നിൽക്കാൻ എനിക്കാവില്ല.
ഇത് റോഡ് വേണ്ട എന്ന പിന്തിരിപ്പൻ ചിന്തയല്ല, മറിച്ച് പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെക്കുന്ന അവികസിതമായ, അശാസ്ത്രീയമായ വികസന പ്രവർത്തനത്തെക്കുറിച്ചുള്ള ആകുലതയാണ്.
അപ്പുറത്തും ഇപ്പുറത്തുമാകുന്ന നാട്
എക്സ്പ്രസ് ഹൈവേയെക്കുറിച്ചുള്ള വേവലാതി ഉയർന്നു വന്ന കാലത്താണ് സുഹൃത്തും കവിയുമായ പി.പി. രാമചന്ദ്രൻ 'കാറ്റേ കടലേ' എന്ന കവിത എഴുതിയത്
"കാറ്റേ കടലേതെങ്ങോലകളേനാം അപ്പുറത്തും ഇപ്പുറത്തുമാകാൻ പോകുന്നു
ബഷീറിന്റെ കഥയിലെ നാരായണി
ആകാശത്തേക്കു ചുള്ളിക്കമ്പെറിഞ്ഞ പോലെ
നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം
ഞാൻ നോക്കിയിരിക്കും"
അതുപോലെ, പുതിയ വികസന കാലത്ത് മലയാളിക്ക് ദേശമുദ്ര പല തരത്തിൽ നഷ്ടപ്പെടുന്നു. ഹൈവേയുടെ ഒരു വശത്തുനിൽക്കുന്നയാൾക്ക് മറുവശത്തെ വയൽക്കാഴ്ചയോ കഷണ്ടിയായ കുന്നിന്റെ സ്വകാര്യങ്ങളോ കേൾക്കാനാവാത്തവിധം നാട് വേർതിരിക്കപ്പെടുകയാണ്.
മാറുന്ന സംസ്കാരവും 'നരകക്കോഴിയും'
എന്റെ 'പള്ള കീറിയ അങ്ങാടി' എന്ന കവിതയിൽ ഞാൻ അടയാളപ്പെടുത്താൻ ശ്രമിച്ചത് നഷ്ടമാകുന്ന ഈ ഗ്രാമീണ ജീവിതത്തെയാണ്:
"നിലാവിന്റെ ഏറുമാടം
മിന്നാം മിനുങ്ങുകളുടെ ചൂട്ട്
എറുമ്പിന്റെ സൂക്ഷിപ്പിടം
വെയിൽ കാഞ്ഞിരിക്കുന്ന പുഴ
അസ്തമയം ചിത്രവരക്കുന്ന ചോമ്പാൽ കടപ്പുറം
നമ്മൾ മറക്കും..."
ഉപ്പിലിട്ട മാങ്ങയും ചുട്ടെടുത്ത മീൻ എണറുകളും പാതിവഴിയിൽ ഉപേക്ഷിച്ച്, ചില്ലലമാരയിലെ തീയിൽ കറങ്ങുന്ന 'നരകക്കോഴി'ക്ക് (ഫാസ്റ്റ് ഫുഡ്) ക്യൂ നിൽക്കുന്ന പുതിയ ഉപഭോഗ സംസ്കാരത്തിലേക്ക് നമ്മൾ വഴിമാറിക്കഴിഞ്ഞു.
എഴുത്തിന്റെ സാന്ത്വനം
സമ്പന്നത ഹൃദയത്തിലാണ്, മനസ്സിന്റെ ആഴത്തിലാണ് വേണ്ടത്. അവിടെ നിന്ന് വാരിക്കോരിയെടുത്താൽ ദരിദ്രമാവില്ല. സാമൂഹ്യ ജീവിതത്തിലെ വഴിയടയാളം സ്വപ്നത്തിൽ കരിനിഴൽ വീഴ്ത്തി ഇല്ലാതാവുമ്പോഴാണ് തലയിലെ ഞരമ്പ് പൊട്ടി എഴുത്ത് പുറത്തുവരുന്നത്. വികസനത്തിന്റെ പേരിൽ ഇറച്ചിക്കടയിൽ കുടൽ പുറത്താക്കി വലിച്ചിട്ടു തൂക്കിയ ആടിനെപ്പോലെ ആയുസ്സില്ലാതാകുന്ന നാടിനുവേണ്ടി, ഈർക്കിലിൽ കോർത്ത മത്തിയും കിളികളുടെ ജാഥപ്പറക്കലും ഉയർത്തിപ്പിടിച്ച് പ്രതിരോധം നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
