ഒരു വായനക്കാരൻറെ പ്രതികരണം
ലഹരിക്കെതിരെ സമൂഹം പോരാടുമ്പോൾ, മദ്യവിൽപ്പനയെ ആഘോഷമാക്കുന്ന വാർത്താഭാഷയെക്കുറിച്ച് മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു .
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക വെല്ലുവിളികളിലൊന്നാണ് ലഹരിയുടെ വ്യാപനം. പ്രത്യേകിച്ച് രാസലഹരിയുടെ കടന്നുകയറ്റം യുവതലമുറയുടെ ജീവിതത്തെയും കുടുംബങ്ങളുടെ സമാധാനത്തെയും സമൂഹത്തിന്റെ ഭാവിയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ ലഹരിക്കെതിരായ നിയമനടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും ജനകീയ പ്രതിരോധവും ശക്തിപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.
ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള നടപടികൾക്ക് അതുകൊണ്ടുതന്നെ പ്രസക്തിയുണ്ട്. ആയിരക്കണക്കിന് കേസുകളും അറസ്റ്റുകളും ഉണ്ടാകുന്നു എന്നത് മാത്രം ഒരു വിജയത്തിന്റെ അന്തിമ അളവുകോലല്ല. ലഹരിയുടെ ഉറവിടങ്ങളിലേക്ക് എത്താനും വിതരണശൃംഖല തകർക്കാനും യുവാക്കളെ അതിൽ നിന്ന് അകറ്റാനും കുടുംബങ്ങളെ സംരക്ഷിക്കാനും കഴിയുമ്പോഴാണ് ഇത്തരം ദൗത്യങ്ങളുടെ യഥാർത്ഥ വിജയം.
ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെയോ സർക്കാരിന്റെയോ മാത്രം ഉത്തരവാദിത്തമല്ല. അത് സമൂഹത്തിന്റെ കൂടി കൂട്ടുത്തരവാദിത്തമാണ്. അതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് മറ്റാരേക്കാളും നിർണായകമാണ്.
ഇവിടെയാണ് ചില വാർത്തകളുടെ ചീഞ്ഞളിഞ്ഞ ഭാഷ
വായനക്കാരെ അസ്വസ്ഥരാക്കുന്നത്.
ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യവിൽപ്പന ഉയർന്നുവെന്ന വാർത്ത പുറത്തുവരുമ്പോൾ, അതിനെ കേവലം ഒരു സാമ്പത്തിക കണക്കായി അവതരിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ ' കരുനാഗപ്പള്ളി ഒന്നാമൻ ' 'റെക്കോർഡ് വിൽപ്പന',, 'വൻ നേട്ടം' ,' തൊട്ടുപിന്നാലെ ' -തുടങ്ങിയ ആഘോഷഭാവമുണർത്തുന്ന പ്രയോഗങ്ങളും അതിനൊപ്പം മദ്യം നിറച്ച ഗ്ലാസുകളുടെ ആകർഷക ചിത്രങ്ങളും ചേർത്തു വാർത്ത വായിക്കുമ്പോ ൾ വാർത്തയും പരസ്യവും തമ്മിലുള്ള അതിർത്തി മങ്ങിപ്പോകുന്നു .മദ്യഗന്ധമുള്ള മാധ്യമ സംസ്‌കാരമായി അതുമാറുന്നുവെന്ന് വായനക്കാരന് തോന്നുന്നതും സ്വാഭാവികം
മദ്യവിൽപ്പനയുടെ കണക്ക് വാർത്തയാണ്.
മദ്യവിൽപ്പനയെ നേട്ടമായി ആഘോഷിക്കുന്നത് മറ്റൊന്നാണ്.
ഈ വ്യത്യാസം തിരിച്ചറിയേണ്ടത് ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്ത നത്തിന്റെ അടിസ്ഥാനപാഠമാണ്.
ഒരു സമൂഹത്തിൽ എന്തെങ്കിലും വസ്തുവിന്റെ ഉപഭോഗം വർധിച്ചുവെ ന്നത് അതിന്റെ സാമൂഹിക വിജയം തെളിയിക്കുന്നില്ല.
മദ്യവിൽപ്പന കൂടിയാൽ സർക്കാരിന് വരുമാനം കൂടിയേക്കാം. എന്നാൽ അതോടൊപ്പം കുടുംബങ്ങളിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത, ആരോഗ്യപ്രശ്നങ്ങൾ, അപകടങ്ങൾ, ഗാർഹിക സംഘർഷങ്ങൾ, തൊഴിൽ നഷ്ടം, കുട്ടികളുടെ മാനസിക സുരക്ഷിതത്വത്തിലെ ഇടിവ് തുടങ്ങി അനവധി സാമൂഹിക ചെലവുകളും ഉണ്ടാകാം.
അതിനാൽ 'എത്ര കോടി രൂപയുടെ മദ്യം വിറ്റു?' എന്ന ചോദ്യത്തോടൊപ്പം 'അതിന്റെ സാമൂഹിക വില എത്ര?' എന്ന ചോദ്യവും ഉയരേണ്ടതുണ്ട്.
ഇത് മദ്യനിരോധനത്തെക്കുറിച്ചുള്ള ലളിതമായ വാദപ്രതിവാദമല്ല. ജനാധിപത്യ സമൂഹത്തിൽ മദ്യത്തിന്റെ ലഭ്യതയെയും ഉപഭോഗത്തെ യും കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.
സർക്കാരിന് നികുതി വരുമാനത്തിന്റെ ആവശ്യകതയുമുണ്ടാകും. എന്നാൽ അതുകൊണ്ട് മാധ്യമങ്ങൾക്ക് ഒരു ലഹരി ഉൽപ്പന്നത്തിന്റെ വിപണി വളർച്ചയെ ഉപഭോക്തൃവിജയത്തിന്റെ ഭാഷയിൽ അവതരിപ്പി ക്കാനുള്ള ബാധ്യത ഉണ്ടാകുന്നില്ല.
മറിച്ച്, വിവരത്തെ അതിന്റെ സാമൂഹിക പശ്ചാത്തലത്തോടൊപ്പം ജനങ്ങളിലെത്തിക്കുകയാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തം.ധാർമിക മര്യാദ .
ശ്രീനാരായണഗുരുവിന്റെ മദ്യവിരുദ്ധ സന്ദേശങ്ങൾ
ഇവിടെ വീണ്ടും ഓർമ്മിക്കേണ്ടതുണ്ട്.
''മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്. കള്ള്, കറുപ്പ്, കഞ്ചാവ്, പുകയില എന്നിവ ചിത്തഭ്രമം ഉണ്ടാക്കുന്നതിനാല്‍ മദ്യത്തിന്‍റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു.
ചെത്ത് ഒരു മഹാവ്യാധിയാണ്. ഒരവയവത്തിന് കുഷ്ഠമുണ്ടായാല്‍, ദേഹം മുഴുവന്‍ അതു ദുഷിപ്പിക്കുന്നതുപോലെ ചിലര്‍ ചെത്തുന്നതുമൂലം സമുദായം മുഴുവന്‍ കെട്ടുപോകുന്നു.
ചെത്തുകാരെ സമുദായത്തില്‍നിന്ന് വേര്‍പെടുത്തണം. അവരുമായി കൂടിക്കഴിയരുത്. ചെത്ത് ഒരു മഹാപാപമാണ്. ചെത്തുന്നവരെക്കൊണ്ട് തേങ്ങയിടുവിക്കാമല്ലോ.
ചെത്തിനുള്ള കത്തി നാലാക്കിയാല്‍ ഒരോ കഷ്ണം കൊണ്ട്
മുടി വടിക്കാനുള്ള ഒരോ കത്തിയുണ്ടാക്കാം . അതുംകൊണ്ടുനടക്കുന്നതായിരിക്കും ചെത്തിനെക്കാള്‍ മാനം. നല്ല ആദായവും ഉണ്ടാവും.''
-ശ്രീനാരായണഗുരു
മദ്യത്തെയും ലഹരിയെയും വ്യക്തിയുടെ മാത്രം പ്രശ്നമായി കാണാതെ സമൂഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെടുത്തി ഗുരുദേവൻ നടത്തിയ മുന്നറിയിപ്പുകൾക്ക് ഇന്നും പ്രസക്തിയുണ്ട്. കാലം മാറിയെങ്കിലും ലഹരി മനുഷ്യൻ്റെ വിവേകത്തെയും കുടുംബത്തിന്റെ സമാധാനത്തെയും സമൂഹത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു വെന്ന യാഥാർത്ഥ്യം മാറിയിട്ടില്ല.
ഗുരുദേവന്റെ സന്ദേശത്തെ വാക്കുകളിൽ മാത്രം അനുസ്മരിക്കുകയും ജീവിതത്തിൽ അതിന്റെ അർത്ഥം മറക്കുകയും ചെയ്യുന്നത് ആത്മവ ഞ്ചനയാണ്.
അതേസമയം, ലഹരിക്കെതിരായ പോരാട്ടത്തിന്റെ പേരിൽ എല്ലാ പ്രശ്നങ്ങൾക്കും പൊലീസ് നടപടിയെ മാത്രം പരിഹാരമാക്കുന്നതും ശരിയായ സമീപനമല്ല. നിയമനടപടിക്കൊപ്പം ലഹരി ഉപയോഗത്തിലേ ക്ക് യുവാക്കളെ നയിക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കണം. വിദ്യാഭ്യാസം, തൊഴിൽ, കുടുംബബന്ധങ്ങൾ, മാനസിക പിന്തുണ, കായിക-സാംസ്കാരിക ഇടപെടലുകൾ, പുനരധിവാസം എന്നിവയ്ക്കും തുല്യ പ്രാധാന്യം നൽകണം.
ലഹരിയുടെ വിപണിയെ തകർക്കുന്നതിനൊപ്പം ലഹരിയിലേക്ക് മനുഷ്യരെ തള്ളിവിടുന്ന സാഹചര്യങ്ങളെയും തകർക്കണം.
ഇവിടെയും മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് വിനയപൂർവ്വം .
ഒരു ലഹരിക്കച്ചവടക്കാരന്റെ അറസ്റ്റ് വാർത്തയാകുമ്പോൾ, അയാൾ എത്രമാത്രം പണം സമ്പാദിച്ചു എന്നതിലുപരി ആ ലഹരി എത്ര കുടുംബ ങ്ങളെ തകർത്തു എന്നതും വാർത്തയാകണം. ഒരു മദ്യവിൽപ്പനയുടെ റെക്കോർഡ് റിപ്പോർട്ട് ചെയ്യുമ്പോൾ, അതിനൊപ്പം ലഹരിയുടെ സാമൂ ഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കണക്കുകളും വിദഗ്ധരുടെ വിലയിരുത്തലുകളും ജനങ്ങളിലെത്തണം.
കാരണം മാധ്യമം സമൂഹത്തിന്റെ കണ്ണാടി മാത്രമല്ല; സമൂഹം എന്ത് കാണണം, എന്തിനെക്കുറിച്ച് ചിന്തിക്കണം എന്നതിലും സ്വാധീനം ചെലുത്തുന്ന ശക്തിയാണ്.
മദ്യവിൽപ്പനയുടെ കണക്കുകൾ ആഘോഷവാർത്തകളാക്കുമ്പോൾ, അതേ സമൂഹത്തിൽ ശുദ്ധജലത്തിനും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിൽ അവസരങ്ങൾക്കും വേണ്ടി മനുഷ്യർ കാത്തുനിൽക്കുന്നുണ്ടെന്ന യാഥാർത്ഥ്യവും മറക്കരുത്. സർക്കാരിന്റെ വരുമാനവും ജനക്ഷേമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾ ഉയരേണ്ടതുണ്ട്.
ശുദ്ധജലത്തിനായി ജനങ്ങൾ അലയുന്ന നാടുകളിൽ ആ പണം ജനക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കേണ്ടതാണ്. എന്നാൽ, നിസ്സാര കാര്യങ്ങൾക്ക് പോലും സമരങ്ങളും അക്രമങ്ങളും അഴിച്ചുവിട്ട് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ നേരിടാൻ ജലപീരങ്കികളും പൊലീസിന് വാഹനങ്ങളും വാങ്ങാൻ 50.28 കോടി രൂപയോളം മാറ്റി വെക്കേണ്ടി വരുന്നത് സർക്കാരിന്റെ ഗതികേടാണ്. ജനങ്ങളുടെ പണം ഉപയോഗിച്ച് നാടിന് ആശ്വാസമേകുന്ന പദ്ധതികൾ നടപ്പിലാക്കേണ്ട സമയത്താണ്, ക്രമസമാധാന പാലനത്തിനായി ഇത്തരം പ്രതിരോധ മാർഗ്ഗങ്ങളിലേക്ക് സർക്കാരിന് കടക്കേണ്ടി വരുന്നത്.
അതുപോലെ, പൊതുസമൂഹത്തിൽ ക്രമസമാധാനം നിലനിർത്താൻ സർക്കാർ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യങ്ങളും അറിവുള്ളവർ വിമർശനാത്മകമായിപരിശോധിക്കേണ്ടിയിരിക്കുന്നു ./
ജനങ്ങളുടെ നികുതിപ്പണം എവിടേക്ക് പോകുന്നു എന്നത് ജനാധിപത്യത്തിൽ ചോദിക്കപ്പെടേണ്ട സ്വാഭാവിക ചോദ്യമാണ്. എന്നാൽ അതിന് പിന്നിലെ കാരണങ്ങളും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും പരിശോധിക്കാതെ ഒരു കണക്ക് മാത്രം ഉയർത്തിക്കാട്ടുന്നത് പൂർണ്ണമായ ചിത്രം നൽകില്ല.
അവസാനം ചോദിക്കേണ്ടത് ഒരു ലളിതമായ ചോദ്യമാണ്:
നമ്മുടെ ചില മാധ്യമങ്ങൾ എന്താണ് ആഘോഷിക്കുന്നത്?
യുവാക്കൾ ലഹരിയിൽ നിന്ന് മോചിതരാകുന്നതോ?
കുടുംബങ്ങൾ സുരക്ഷിതമാകുന്നതോ?
ആരോഗ്യകരമായ ഒരു സമൂഹം വളരുന്നതോ?
അതോ മദ്യവിൽപ്പനയുടെ പുതിയ റെക്കോർഡുകളോ?
വാർത്തയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണ്. അതിനെ ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്തവും ഉണ്ടാകണം.
മാധ്യമങ്ങൾക്ക് എന്തും റിപ്പോർട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്; അതേസമയം എന്തിനെ എങ്ങനെ അവതരിപ്പിക്കണം എന്നതിൽ സാമൂഹിക വിവേകവും വേണം.
മദ്യവിൽപ്പനയുടെ കണക്ക് മറച്ചുവെക്കേണ്ടതില്ല.
പക്ഷേ അതിനെ ആഘോഷിക്കേണ്ടതുമില്ല.
ലഹരിക്കെതിരായ ഒരു ജനകീയ പോരാട്ടം ശക്തിപ്പെടുമ്പോൾ, മാധ്യമങ്ങളുടെ ഭാഷയും അതിനൊപ്പമൊരു സാമൂഹിക ജാഗ്രതയായി മാറണം.മാറിയേ തീരൂ .
മദ്യവിൽപ്പനയുടെ കണക്കുകൾക്ക് വാർത്താമൂല്യമുണ്ടാകാം; എന്നാൽ മദ്യത്തെ മഹത്വവൽക്കരിക്കുന്ന ഭാഷയ്ക്ക് സാമൂഹിക മൂല്യമുണ്ടാകണമെന്നില്ല.അവഞ്ജയോടെയേ വായനക്കാരനത് നോക്കിക്കാണൂ .
കേരളം ലഹരിമുക്തമായ ഒരു ഭാവിയിലേക്ക് സഞ്ചരിക്കണമെങ്കിൽ സർക്കാർ നടപടികളും നിയമവും മാത്രം പോരാ. കുടുംബങ്ങളും വിദ്യാലയങ്ങളും സാമൂഹിക സംഘടനകളും സാംസ്കാരിക പ്രവർത്തക രും മാധ്യമങ്ങളും ഒരേ ലക്ഷ്യത്തിലേക്ക് കൈകോർക്കണം.
അപ്പോൾ മാത്രമേ 'ലഹരിക്കെതിരായ പോരാട്ടം' ഒരു സർക്കാർ പദ്ധതിയുടെ പേരിൽ ഒതുങ്ങാതെ ഒരു സമൂഹത്തിന്റെ നവോത്ഥാനമായി മാറുകയുള്ളൂ.
അതിനാൽ ചോദ്യം വീണ്ടും പ്രസക്തമാണ്.....,
മാധ്യമ സംസ്കാരത്തിന് മദ്യഗന്ധമുണ്ടാകണോ,?
അതോ സമൂഹത്തിന്റെ നന്മയുടെ സുഗന്ധമാണോ വേണ്ടത് ?
:ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
