ചില മനുഷ്യർ മരിക്കുന്നില്ല; അവർ നടന്ന വഴികളായി, തണൽനൽകിയ മരങ്ങളായി, നമ്മളിൽ തന്നെ അവശേഷിക്കുന്നു.കാലങ്ങളോളം .
ഇന്ന് തട്ടോളിക്കരയുടെ ആകാശത്തിന് എന്തോ ഒരു ശൂന്യതയുണ്ട്.
തോരാതെ പെയ്യുന്ന മഴയ്ക്കും ഇന്നൊരു ദുഃഖത്തിന്റെ സ്വരമുണ്ട്.
മുക്കാളിയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 'ഹുസൈൻ പറങ്കി' അഥവാ പറങ്കിമാവുള്ളപറമ്പത്ത് ഹുസൈൻ ഹാജി എന്നെന്നേക്കുമായി നമ്മെ വിട്ടുപോയിരിക്കുന്നു.
ഇത് എഴുതുമ്പോഴും ആ വാർത്ത മനസ്സിന് പൂർണമായി ഉൾക്കൊള്ളാനാകുന്നില്ല.
ഹുസൈൻ ഇല്ല എന്ന സത്യം വിശ്വസിക്കാൻ കഴിയുന്നില്ല.
ഇന്നലെവരെ നാട്ടുവഴിയിൽ കണ്ടിരുന്ന ആ പുഞ്ചിരിക്കുന്ന മുഖം ഇനി കാണാനില്ല. ആരെയെങ്കിലും കണ്ടാൽ സ്നേഹത്തോടെ സംസാരിച്ചിരുന്ന ആ ശബ്ദം ഇനി കേൾക്കാനില്ല. നാട്ടിലെ ഒരു കാര്യത്തിനുവേണ്ടി വിളിച്ചാൽ, എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ, ഒരു പ്രശ്നമുണ്ടെങ്കിൽ...അവിടെ ഹുസൈൻ ഉണ്ടാകുമെന്ന ഉറപ്പും ഇനി ഇല്ല.
തട്ടോളിക്കരയിൽ ആരെങ്കിലും മരിച്ചാൽ പാതിരാത്രിയിലും എന്റെ മൊബൈലിൽ ഹുസൈനിന്റെ നമ്പർ തെളിയും .'' ഉറങ്ങിയോ ..എന്നതുടക്കത്തോടെ നാട്ടുവിവരങ്ങൾ പങ്ക് വെക്കും .
ചേതനയറ്റ അദ്ദേഹത്തെ അവസാനമായി കാണാൻ തോരാത്ത മഴയെയും വകവയ്ക്കാതെ മനുഷ്യർ ഒഴുകിയെത്തുകയായിരുന്നു.
അത് ഒരു മരണവീട്ടിലേക്കുള്ള ജനപ്രവാഹമായിരുന്നില്ല. ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ അവസാന യാത്രയായിരുന്നു.
രാത്രി 9.30 ന് അന്ത്യകർമ്മങ്ങൾ നടന്ന കുഞ്ഞീപ്പള്ളിയിലെ വിശാലമായ ഹാളിൽ പോലും നിന്ന് തിരിയാൻ ഇടമില്ലാത്തവിധം ചരിത്രത്തിലില്ലാത്ത വിധം ആളുകൾ നിറഞ്ഞുനിന്നു. ഓരോ മുഖത്തും ഒരേ ചോദ്യം:
“ഇത്ര പെട്ടെന്ന് ഹുസൈൻ പോയോ?”
ചില വേർപാടുകൾക്ക് മറുപടിയില്ല.ചില മരണങ്ങൾ പ്രായംകൊണ്ട് അളക്കാനാവില്ല.ചില മനുഷ്യരുടെ അഭാവം അവരുടെ വീടിന്റെ വാതിൽക്കൽ മാത്രമല്ല, ഒരു നാടിന്റെ ഹൃദയത്തിലാണ് അനുഭവപ്പെടുന്നത്.
ഹുസൈൻ അത്തരമൊരു മനുഷ്യനായിരുന്നു.ഒരു പുഞ്ചിരിയുടെ വില...ഇടപെടലിൻറെ നൈർമ്മല്യം !
എന്തായിരുന്നു ഹുസൈനെ ഇത്രയേറെ പ്രിയപ്പെട്ടവനാക്കിയത്?
വലിയ പദവികളൊന്നുമില്ലായിരുന്നു.വലിയ അവകാശവാദങ്ങളുമില്ലായിരുന്നു.സ്വന്തം നന്മയെക്കുറിച്ച് പറയാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു.അദ്ദേഹം ചെയ്തതെല്ലാം സ്വാഭാവികമായിരുന്നു.
ആരുടെയെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവിടെ എത്തുക. ചുറ്റുപാടിലെന്ത് കാര്യമുണ്ടെങ്കിലും ഒപ്പം നിൽക്കുക. കഴിയുന്ന സഹായം ചെയ്യുക. ആരെയും വേർതിരിക്കാതിരിക്കുക.
തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.ഒരു നല്ല വാക്കുപോലും ചോദിക്കാതെ.
അതാണ് ഹുസൈന്റെ നിഷ്കാമകർമ്മം.ജാതിയില്ല, മതമില്ല, രാഷ്ട്രീയം ഇല്ല.മനുഷ്യൻ എന്ന ഒറ്റ പരിചയമായിരുന്നു അദ്ദേഹത്തിന് പ്രധാനം.അതുകൊണ്ടുതന്നെ ഇന്ന് അദ്ദേഹത്തെ ഓർത്ത് കരയുന്നവരിൽ ഓരോരുത്തർക്കും തോന്നുന്നത്,“ഹുസൈൻ ഞങ്ങളുടെ ആളായിരുന്നു”എന്നാണ്.
അത് തന്നെയാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി.
എന്റെ തറവാട്ടുവീടിനോട് ചേർന്നായിരുന്നു ഹുസൈന്റെ വീട്.
ഒരു വലിയപറാമ്പിന്റെ രണ്ടരികിൽ.ഞങ്ങളുടെ രണ്ടുപേരുടെ വീട്ടുപേരും ഒന്നുതന്നെ.
വലിയൊരു പറമ്പിന്റെ രണ്ടരികുകളിലായിരുന്നു ഞങ്ങളുടെ വീടുകളെങ്കിലും , ഞങ്ങൾ രണ്ടുവീട്ടുകാരും ഒരൊറ്റ കുടുംബം പോലെയാണ് ജീവിച്ചുപോന്നത്.
അതിനാൽ ഹുസൈന്റെ മരണം എനിക്ക് ഒരു അയൽക്കാരന്റെ വേർപാടല്ല.എന്റെ ബാല്യത്തിന്റെ ഒരു ഭാഗംമണ്ണിനടിയിലാകുന്നതുപോലെയാണ്.ആ വീട്ടിലേക്കുള്ള വഴിക്ക് എത്രയോ പഴയ ഓർമ്മകളുണ്ട്.ആ വീട്ടുമുറ്റത്ത് എത്രയോ തവണ കയറിയിറങ്ങിയിട്ടുണ്ട്.ആ വീട്ടിലെ മനുഷ്യർ എന്റെ സ്വന്തം വീട്ടിലെ മനുഷ്യരെപ്പോലെയായിരുന്നു.ജാതീയമായ വേർതിരിവുകൾക്ക് അപ്പുറത്ത്, മതത്തിന്റെ അതിരുകൾക്ക് അപ്പുറത്ത്, ഞങ്ങൾ രണ്ട് കുടുംബങ്ങൾക്കിടയിൽ ഒരു ബന്ധം വളർന്നിരുന്നു.അത് ആരും എഴുതിവെച്ച ബന്ധമായിരുന്നില്ല.ജീവിച്ചുവന്ന ബന്ധമായിരുന്നു.
മൊയ്തു ഹാജിയുടെ വീട്ടിലെ വെളിച്ചം
ഹുസൈനെ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവായ പറങ്കിമാവുള്ളപ്പറമ്പത്ത് മൊയ്തു ഹാജിയെ ഓർക്കാതിരിക്കാനാവില്ല.
അരനൂറ്റാണ്ടിലേറെ മുൻപുള്ള തട്ടോളിക്കരയെ ഓർത്തുനോക്കൂ .ഇന്നത്തെപ്പോലെ എല്ലായിടത്തും വൈദ്യുതി വെളിച്ചമില്ലാത്ത കാലം.ഒരു വീട്ടിൽ വൈദ്യുതി എത്തുക എന്നത് ഇന്നത്തെ ഒരു പുതിയ ബൾബ് വാങ്ങുന്നതുപോലെയായിരുന്നില്ല.
പോസ്റ്റുകളുടെ എണ്ണം കണക്കാക്കണം. അതിനുള്ള പണം മുൻകൂട്ടി കെട്ടിവയ്ക്കണം. കാത്തിരിക്കണം.
അത്തരമൊരു കാലത്ത് തട്ടോളിക്കരയിൽ സ്വന്തം ചെലവിൽ നിരവധി വൈദ്യുതിപോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ സ്വീകരിച്ച ആദ്യകാല മനുഷ്യരിൽ ഒരാളായിരുന്നു മൊയ്തു ഹാജി.
ഒരു വീട്ടിലല്ല, ഒരു കാലത്തിന്റെ ഇരുട്ടിലേക്കാണ് അദ്ദേഹം വെളിച്ചം കൊണ്ടുവന്നത്.
ആ വീട്ടിലാണ് തട്ടോളിക്കരയിൽ ആദ്യകാല ട്രാൻസിസ്റ്റർ റേഡിയോ മുഴങ്ങിയത്.
അത് കേൾക്കാൻ സ്കൂൾ കുട്ടികൾ പോലും അവിടെ എത്തുമായിരുന്നു.
ആ വീട്ടിലാണ് ആദ്യകാല ടെലിഫോൺ ശബ്ദവും കേട്ടത്.
പാതിരാത്രിയിലും വാതിലിൽ മുട്ടിവിളിച്ചാൽ നാട്ടുകാർക്ക് ഫോൺ ചെയ്യാൻ അവസരം.
അതിന് പണം വാങ്ങിയിരുന്നില്ല.
അന്നത്തെ ഗ്രാമീണ ജീവിതത്തിൽ അത് എത്ര വലിയ മനുഷ്യസ്നേഹമായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയുമ്പോഴാണ് അതിന്റെ വലുപ്പം മനസ്സിലാകുന്നത്.
ബർമ്മയിൽ കഴിഞ്ഞിരുന്ന മൊയ്തു ഹാജിക്ക് മുക്കാളിയിൽ പലചരക്ക് കടയുമുണ്ടായിരുന്നു. കൃഷിയുമുണ്ടായിരുന്നു. കാളകളുമുണ്ടായിരുന്നു.
പക്ഷേ അതിനേക്കാളൊക്കെ വലിയൊരു സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു...മനസ്സിന്റെ വലുപ്പം.
ആ പാരമ്പര്യത്തിന്റെ ഒരു തുടർച്ചയായിരുന്നു ഹുസൈൻ.
നഷ്ടപ്പെട്ട പറമ്പുകളുടെ കഥ
ഹുസൈന്റെ വീട് നിൽക്കുന്ന വലിയ പറമ്പിനെക്കുറിച്ചും ഞങ്ങൾ പഴയ കഥകൾ കേട്ടിട്ടുണ്ട്.
ഈ പറമ്പിൽ ഇടവഴിയോട് ചേർന്നുണ്ടായിരുന്ന വലിയ കുളം എന്റെ മുത്തശ്ശന്മാർ കുഴിപ്പിച്ചതാണെന്നും പണ്ടൊരിക്കൽ അത് ഞങ്ങളുടെ കുടുംബത്തിലെ പിതാമഹന്മാരുടേതായിരുന്നുവെന്നും ജന്മിമാരുമായുണ്ടാ യ തർക്കത്തിൽ മേൽച്ചാർത്തിൽ നഷ്ടപ്പെട്ടതാണെന്നും എന്റെ വല്യമ്മ പറഞ്ഞ കഥകൾ ഞാൻ മറന്നിട്ടില്ല .
എന്റെ അച്ഛനെ പ്രസവിച്ചതും ഈ വലിയപറമ്പിലെ വീട്ടിലായിരുന്നുവെ ന്നും പഴയ കഥകൾ...
ചരിത്രത്തിന്റെ രേഖകളിൽ ആ കഥകൾ എവിടെയാണെന്ന് എനിക്കറിയി ല്ല.ചോദിച്ചറിയാൻ അമ്മയുമില്ല.
പക്ഷേ നാട്ടിന്റെ ഓർമ്മകൾക്കും അതിന്റേതായ ഒരു ചരിത്രമുണ്ട്. നഷ്ടസൗഭാഗ്യങ്ങളുടെ കഥകൾ .
കാലം മണ്ണിട്ട് മൂടിയ പഴയ കുളങ്ങൾ.കരപ്പറമ്പുകളായി മാറിയസ്ഥലങ്ങൾ.മറന്നുപോയ അതിരുകൾ .പുല്ലുപിടിച്ച വഴികൾ
.ഇതെല്ലാം നോക്കിനിൽക്കുമ്പോൾ പഴയ മനുഷ്യരുടെ ജീവിതം മണ്ണിനടിയിൽ കിടക്കുന്ന വിത്തുകളെപ്പോലെ തോന്നും.
ഒരു ഇടവഴിയുടെ കഥ
ഇന്ന് ഹുസൈനെ ഓർക്കുമ്പോൾ, ആ പഴയ ഇടവഴിയും ഓർമ്മ വരുന്നു.
സൈക്കിൾ പോലും പോകാൻ കഴിയാത്തത്ര ഇടുങ്ങിയ ഒരു വഴിയായിരുന്നു കുളത്തിനരികെ .കുണ്ടും കുഴിയും നിറഞ്ഞത്.
എന്റെ വീടിൻറെ പരിസരത്തുള്ള ഒരുകൂട്ടം കുണ്ടനിടവഴികൾ തിണ്ടിടിച്ചും മതിൽ പൊളിച്ചും മണ്ണടിച്ചും കുഴികൾ നികത്തിയും, സ്വന്തം പണവും സമയവും ചെലവഴിച്ച്, ആളുകളെ കൂട്ടി ദിവസങ്ങളോളം പണിയെടുത്ത് അത്തരം ഇടവഴികളെ റോഡുകളാക്കണമെന്നൊരു കാലത്തെ ആവേശം എനിക്കുണ്ടായിരുന്നു. ഭ്രാന്തമായ ഒരാവേശം ,തെക്കെകേളോത്ത് സദാനന്ദൻ എന്നൊരാളെയാണ് ഞാൻ ഈ കാര്യത്തിന് വിശ്വസ്തനായി കൂട്ടുപിടിച്ചത് .അന്ന് എനിക്കതൊരാവശ്യമായിത്തോന്നി
ആ ആവേശത്തിന് കരുത്തേകിയവരിൽ ഒരാൾ ഹുസൈന്റെ പിതാവായ മൊയ്തു ഹാജിയായിരുന്നു.മറ്റൊരാൾ തിരൂകൊയിലോത്ത് കൃഷ്ണൻമാസ്റ്റർ ,ലോഹിതാക്ഷൻ ,കെ കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ,മഞ്ഞത്തുകണ്ടി ആണ്ടി മാസ്റ്റർ .
ഇവരിൽ പലരുമിന്നില്ല .നാക്കുകൊണ്ടും വാക്കുകൊണ്ടും ഊർജ്ജം തന്നവർ . ഞാൻ ചോദിക്കാതെ മൊയ്‌തു ഹാജിഎന്റെ കൈയിൽ അഞ്ഞൂറ് രൂപ വെച്ചുതന്ന ആ ദിവസം ഇന്നും ഓർമ്മയുണ്ട്.
ചെട്ടിയാംവീട്ടിൽ കാദർ ഹാജി, കുഞ്ഞിരാമൻ വൈദ്യർ തുടങ്ങിയവരും ആ വഴിയിലെ എന്റെ ഓർമ്മകളിൽ തെളിഞ്ഞുനിൽക്കുന്നു.
കാലമേറെകഴിഞ്ഞു .ഇരുപത്തഞ്ച് വർഷമായി ഞാൻ ചോമ്പാൽ ഹാർബ്ബർറോഡിൽ പുതിയ വീടുവെച്ച് താമസം മാറികഴിയുന്നു .
ഈ അടുത്ത ദിവസം തട്ടോളിക്കര ചെന്നപ്പോൾ തരിച്ചുനിന്നുപോയി പോയി .ഹുസൈനും അനുജൻ ജയഫറും മറ്റു നാട്ടുകാരും ചേർന്ന് ആ ഇടുങ്ങിയ വഴിയെ വിശാലമായ റോഡാക്കി മാറ്റിയത് കണ്ടപ്പോൾ, ഒരു പഴയ സ്വപ്നം യാഥാർഥ്യമായതുപോലെ തോന്നി.
ആ റോഡിലൂടെ ഇനി ഹുസൈൻ നടക്കില്ല.പക്ഷേ ആ റോഡിന്റെ ഓരോവളവിലുംഅദ്ദേഹത്തിന്റെഓർമ്മയുണ്ടാകും.അതുകൊണ്ടുതന്നെ എന്റെ ഒരു ചെറിയ അഭ്യർത്ഥനയുണ്ട്...
ആ കുളത്തിനരികെയുള്ള ആ വഴിക്ക് ഹുസൈൻ ഹാജിയുടെ പേര് നൽകണം.വലിയൊരു സ്മാരകം വേണ്ട.ഒരു ശിലാഫലകം പോലും വേണ്ട.വഴിയുടെ പേരിൽ മാത്രം അദ്ദേഹത്തെ നിലനിർത്തിയാൽ മതി.
കാരണം,അദ്ദേഹം വഴിയൊരുക്കിയ മനുഷ്യനായിരുന്നു.
ഇടവഴികൾക്കും ഒരു കാലമുണ്ടായിരുന്നു
ഇന്നത്തെ കുട്ടികൾക്ക് പറഞ്ഞാൽ വിശ്വസിക്കാനാകാത്ത ഒരു കാലം.
മൊബൈൽ ഫോണുകളില്ല.മെസേജുകളില്ല.ചാറ്റിംഗില്ല.പ്രണയത്തിന്റെ ഭാഷ അക്കാലങ്ങളിൽ കത്തുകളായിരുന്നു.
ഇടുങ്ങിയ ഇടവഴികൾ പലപ്പോഴും പ്രണയികളുടെ ഒളിയിടങ്ങളായിരുന്നു.
എന്നാൽ അവിടെയും നാട്ടിന്റെ കണ്ണുകളുണ്ടായിരുന്നു.
ഒരിക്കൽ ഒരു പെൺകുട്ടിക്ക് കത്ത് കൈമാറുന്നത് തൊട്ടടുത്ത പറമ്പിലെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയ ഒരാൾ തെങ്ങിൻമണ്ടയിൽനിന്ന് കണ്ടുവത്രെ. വിവരം പെൺകുട്ടിയുടെ അച്ഛനിലെത്തി. പിന്നെ അവളുടെ സ്കൂൾപോക്ക് നിലച്ചതുമൊക്കെ ആ കാലത്തിന്റെ നാട്ടുകഥകളിൽ ചിലത്.
ഇടവഴികൾക്ക് അന്ന് വെറും യാത്രയുടെ ചരിത്രമല്ല ഉണ്ടായിരുന്നത്.
മനുഷ്യബന്ധങ്ങളുടെ രഹസ്യചരിത്രവും അവയ്ക്കുണ്ടായിരുന്നു.
ഇന്ന് ആ വഴികൾ പലതും റോഡുകളായി.
കാലം മാറി.ജീവിതം മാറി.മനുഷ്യരുടെ സംസാരരീതികൾ മാറി.പക്ഷേ ആ വഴികളിലൂടെ നടന്ന മനുഷ്യരുടെ ഓർമ്മകൾ മാത്രം മായുന്നില്ല.ഇനി ആ വഴിയിൽ ആരാണ് വരിക?
ഹുസൈൻ പോയതോടെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് ഈ ചോദ്യമാണ്.
ഇനി ആ വഴിയിലൂടെ ഹുസൈൻ വരില്ല.
ഒരു പുഞ്ചിരിയോടെ നിൽക്കില്ല.ആരുടെയെങ്കിലും കാര്യത്തിൽ ഇടപെടാൻ ഓടിയെത്തില്ല.
അയൽക്കൂട്ടങ്ങളിലെ ഒരു പ്രശ്നം പരിഹരിക്കാൻ മുന്നിലുണ്ടാകില്ല.
ഒരുപക്ഷേ, മനുഷ്യരുടെ ജീവിതം അങ്ങനെയാണ്.
നമ്മൾ സ്നേഹിച്ചവർ ശരീരമായി പോകുന്നു; ഓർമ്മയായി തുടരുന്നു.
ഹുസൈൻ ഇപ്പോൾ അങ്ങനെയാണ്.
അദ്ദേഹം നടന്ന വഴിയിൽ.അദ്ദേഹം തണൽനൽകിയ മനുഷ്യരുടെ മനസ്സിൽ.
അദ്ദേഹത്തിന്റെ പുഞ്ചിരി കണ്ട വീടുകളുടെ ഓർമ്മയിൽ.
അദ്ദേഹം സഹായിച്ച മനുഷ്യരുടെ നന്ദിയിൽ.
ഒരു നുള്ള് മണ്ണ്
ഇന്നലെ രാത്രി കുഞ്ഞീപ്പള്ളി ഖബറിടത്തിൽ ഹുസൈനെ മറമാടുമ്പോൾ, തിക്കിലും തിരക്കിലും വീഴാതെ ആ കുഴിമാടത്തിലേക്ക് ഒരു നുള്ള് മണ്ണിടാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വലിയൊരു പുണ്യമായി ഞാൻ കരുതുന്നു.
മണ്ണ് കൈയിൽ എടുത്തപ്പോൾ എത്രയോ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി.
ഒപ്പം നടന്ന വഴികൾ.പങ്കിട്ട ചിരികൾ.കുടുംബങ്ങൾ തമ്മിലുള്ള സ്നേഹം.പഴയകാലത്തിന്റെ കഥകൾ.
മൊയ്തു ഹാജിയുടെ വീട്ടിലെ റേഡിയോ.ആദ്യത്തെടെലിഫോൺ.വൈദ്യുതിവെളിച്ചം.കുണ്ടനിടവഴികൾ.പിന്നീട് വിശാലമായ റോഡുകൾ.ഇതെല്ലാം ഒടുവിൽ ഒരേയൊരു കാഴ്ചയിൽ എത്തിനിന്നു...
മണ്ണിനടിയിൽ ശാന്തനായി കിടക്കുന്ന ഹുസൈൻ.
ജീവിതം എത്ര വലിയ യാത്രയായാലും, അതിന്റെ അവസാനം ഒരു പിടി മണ്ണാണ്.
പക്ഷേ ചിലർ ആ മണ്ണിനടിയിലായ ശേഷമാണ് കൂടുതൽ ആഴത്തിൽ നമ്മളിൽ വേരൂന്നുന്നത്.
ഹുസൈൻ അങ്ങനെയൊരാളാണ്.
ഹുസൈൻ, നീ പോയ വഴിയിൽനീ പോയി.
പക്ഷേ നീ നടന്ന വഴി ഇവിടെത്തന്നെയുണ്ട്.നീ വിശാലമാക്കിയ വഴി ഇവിടെത്തന്നെയുണ്ട്.നീ സ്നേഹിച്ച മനുഷ്യർ ഇവിടെത്തന്നെയുണ്ട്.നിൻറെ പുഞ്ചിരി ഓർക്കുന്ന വീടുകൾ ഇവിടെത്തന്നെയുണ്ട്.
നിന്റെ പേരുപറഞ്ഞ് വിതുമ്പുന്ന മനുഷ്യർ ഇവിടെത്തന്നെയുണ്ട്. നിന്റെ മരണം ഒരു അവസാനമല്ല.
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്നതിന് നീ വിട്ടുപോയ ഒരു നിശ്ശബ്ദ പാഠമാണ്.
ഒരുപക്ഷേ വരുംതലമുറയിലെ ആരെങ്കിലും ആ റോഡിലൂടെ നടക്കുമ്പോൾ ചോദിക്കും:
“ഹുസൈൻ ഹാജി ആരായിരുന്നു?”
അപ്പോൾ ഈ നാട്ടിന് പറയാനുണ്ടാകും...“ഈ വഴിയിലൂടെ ഒരിക്കൽ ഒരു നല്ല മനുഷ്യൻ നടന്നിരുന്നു.
ആരോടും ഒന്നും ചോദിക്കാതെ സഹായിച്ച മനുഷ്യൻ.
ജാതിയും മതവും നോക്കാതെ സ്നേഹിച്ച മനുഷ്യൻ.
സ്വന്തം കാര്യം മറന്ന് നാട്ടിന്റെ കാര്യം നോക്കിയ മനുഷ്യൻ.
ഈ വഴിക്ക് വീതി കിട്ടാൻ തന്റെ സമയവും അധ്വാനവും നൽകിയ മനുഷ്യൻ.
ഒടുവിൽ, തന്റെ ഓർമ്മകൾ മാത്രം ഇവിടെ ബാക്കിവെച്ച് പോയ മനുഷ്യൻ.”
അത്രയും പറഞ്ഞാൽ മതി.
കാരണം നല്ല മനുഷ്യരുടെ ജീവിതചരിത്രത്തിന് വലിയ വാക്കുകൾ ആവശ്യമില്ല.
അവർ ജീവിച്ച സ്നേഹമാണ് അവരുടെ ഏറ്റവും വലിയ സ്മാരകം.
ഹുസൈൻ ഹാജി...നീ ഞങ്ങളുടെ ഓർമ്മകളിൽ എന്നും ഒരു തണൽമരമായിരിക്കും.
ആ തണലിൽ ഇനി ഞങ്ങൾ ഇരുന്ന് നിന്നെ ഓർക്കാം.
:ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
