മുതുകിൽ ബാക്ക്പാക്കും തൂക്കി നഗരവീഥികളിലൂടെയും ബസ് സ്റ്റോപ്പുകളിലൂടെയും റെയിൽവേ സ്റ്റേഷനുകളിലൂടെയും കോളേജ് ക്യാമ്പസുകളിലൂടെയും സഞ്ചരിക്കുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും ഇന്ന് എവിടെയും കാണാം.
പുസ്തകങ്ങളും ലാപ്ടോപ്പും വസ്ത്രങ്ങളും മറ്റ് ആവശ്യസാധനങ്ങളുമൊക്കെ കൊണ്ടുനടക്കാൻ ബാക്ക്പാക്ക് ഏറെ സൗകര്യപ്രദമാണ്. കൈകൾ സ്വതന്ത്ര മാക്കാം, യാത്ര എളുപ്പമാക്കാം. അതുകൊണ്ടുതന്നെ ബാക്ക്പാക്ക് ഇന്നത്തെ വിദ്യാർത്ഥി ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു.മറ്റ് സാധാരണക്കാരിലും അന്യദേശതൊഴിലാളികളിലുംവരെ .
പക്ഷേ, സൗകര്യത്തിനൊപ്പം ഒരു ചെറിയ ഉത്തരവാദിത്വവും നമ്മൾ മറക്കരുത്.
നമ്മുടെ മുതുകിലുള്ള ബാഗ്, മറ്റൊരാളുടെ ശരീരത്തിൽ ഇടിക്കാം.
ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ തിരിയുകയോ പെട്ടെന്ന് പിന്നോട്ടു നീങ്ങുകയോ ചെയ്യുമ്പോൾ ബാഗിന്റെ വശമോ അടിഭാഗമോ സമീപത്തുള്ള ഒരാളുടെ മുഖത്തോ നെഞ്ചിലോ കൈയിലോ ശക്തമായി പതിക്കാറുണ്ട്. ബാഗിനുള്ളിൽ ലാപ്ടോപ്പോ പുസ്തകങ്ങളോ വെള്ളക്കുപ്പി യോ മറ്റ് ഭാരമുള്ള വസ്തുക്കളോ ഉണ്ടെങ്കിൽ ചെറിയൊരു തട്ടൽ പോലും മറ്റൊരാൾക്ക് വേദനയുണ്ടാക്കാം.
പ്രശ്നം ബാഗ് ധരിക്കുന്നതല്ല. പ്രശ്നം ബാഗ് ധരിച്ചിരിക്കുന്നുവെന്ന ബോധം നഷ്ടപ്പെടുന്നതാണ്.
മൊബൈലും ഇയർഫോണും കൂടി വരുമ്പോൾ...
ഇന്നത്തെ യാത്രകളിൽ മറ്റൊരു കാഴ്ചയും പതിവായിരിക്കുന്നു. മുതുകിൽ വലിയ ബാക്ക്പാക്ക്, കൈയിൽ മൊബൈൽ ഫോൺ, ചെവിയിൽ ഇയർഫോൺ.കണ്ണ് മൊബൈൽ സ്ക്രീനിൽ.ചെവി സംഗീതത്തിലോ വീഡിയോയിലോ.മുതുകിൽ മറ്റുള്ളവരുടെ ശരീരപരിധിയിലേക്ക് നീളുന്ന ബാഗ്.
ഇങ്ങനെ ഒരാൾ സ്വന്തം ലോകത്തിനുള്ളിൽ സഞ്ചരിക്കുമ്പോൾ ചുറ്റുമുള്ള മനുഷ്യരുടെ സാന്നിധ്യം പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകുന്നു.ഇത് യുവാക്കളെ മാത്രം കുറ്റപ്പെടുത്താനുള്ള വിഷയമല്ല. എന്റെ മക്കളുടെയും സ്ഥിതി ഇതൊക്കെത്തന്നെ .മുതിർന്നവരിലും ഇതേശീലം കാണാം. ഓഫീസ്ബാഗായാലും ലാപ്ടോപ്പ് ബാഗായാലും ട്രാവൽ ബാഗായാലും പ്രശ്നം ഒരുപോലെയാണ്.
യാത്ര എന്നത് ഒരാളുടെ മാത്രം സൗകര്യത്തിനുള്ള ഇടമല്ല. പൊതുസ്ഥലം എന്നത് പങ്കിടാനുള്ള ഇടമാണ്.ഒരു ചെറിയ ശ്രദ്ധയുടെ ഫലം വലിയ മര്യാദയായിത്തീരും .
ബസിൽ കയറുമ്പോൾ ബാക്ക്പാക്ക് മുതുകിൽ തന്നെ വയ്ക്കുന്നതിനു പകരം കൈയിൽ എടുക്കാം. തിരക്കേറിയ ബസിലോ ട്രെയിനിലോ അത് കാലിനരികിൽ സുരക്ഷിതമായി വയ്ക്കുകയോ മുന്നിലേക്ക് പിടിക്കുകയോ ചെയ്യാം.
എസ്കലേറ്ററിലും ലിഫ്റ്റിലും ഇടുങ്ങിയ ഇടനാഴികളിലും ഇതേ ജാഗ്രത ആവശ്യമാണ്. പ്രത്യേകിച്ച് പിന്നിൽ ആരെങ്കിലും നിൽക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കാതെ പെട്ടെന്ന് തിരിയുന്നത് ഒഴിവാക്കുമെങ്കിൽ ഏറെ നല്ലത് .
ഒരു നിമിഷത്തെ ശ്രദ്ധകൊണ്ട് ഒരാളുടെ മുഖത്ത് പതിക്കേണ്ടിയിരുന്ന ബാഗിന്റെ ആഘാതം ഒഴിവാക്കാം.
അതുപോലെ തന്നെ, മൊബൈൽ ഫോൺ നോക്കി നടക്കുമ്പോൾ മുന്നിലുള്ളവരെയും പിന്നിലുള്ളവരെയും ശ്രദ്ധിക്കണം. ഇയർഫോൺ ഉപയോഗിക്കുന്നവർ പരിസരത്തെ ശബ്ദങ്ങളെ പൂർണമായി ഒഴിവാക്കുന്ന രീതിയി ൽ ഉപയോഗിക്കാതിരിക്കുന്നതും സുരക്ഷിതമാണെന്ന് വിനയപൂർവ്വം .
ഇവയെല്ലാം വലിയ നിയമങ്ങളൊന്നുമല്ല.മനുഷ്യരോടുള്ള ചെറിയൊരു പരിഗണന മാത്രം.
വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുകയല്ല, ബോധവൽക്കരിക്കുകയാണ് വേണ്ടത്.ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ബാക്ക്പാക്ക് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെയും വിദ്യാർത്ഥിനിക ളെയും യുവാക്കളെയും കുറ്റക്കാരാക്കുകയല്ല ലക്ഷ്യം.കാലഘട്ടത്തിന്റെ മാറ്റം നമ്മൾ ഉൾക്കൊണ്ട മതിയാവൂ .
അവരിൽ ഭൂരിഭാഗവും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കണമെന്ന് കരുതിയല്ല ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും തങ്ങളുടെ ബാഗിന്റെ വലുപ്പവും ചലനപരിധിയും മറ്റൊരാളിൽ ഉണ്ടാക്കുന്ന ആഘാതവും അവർ തിരിച്ച റിയുന്നില്ലെന്നുവേണം കരുതാൻ .അതിനാൽ ശാസിക്കുന്നതിനേക്കാൾ വിമർശിക്കുന്നതിനേക്കാൾ ബോധവൽക്കരിക്കുകയാണ് വേണ്ടത്.
സ്കൂളുകളിലും കോളേജുകളിലും പൊതുഗതാഗത സംവിധാനങ്ങ ളിലും സാമൂഹികമാധ്യമങ്ങളിലുമൊക്കെ ഇത്തരം ചെറിയ
പൊ തു മര്യാദകളെ ക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്.
ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്നതുപോലെ തന്നെ പൊതുസ്ഥലത്തെ പെരുമാറ്റത്തിന്റെ അടിസ്ഥാന മര്യാദകളും പഠിപ്പിക്കേണ്ട അവസ്ഥയിലെത്തിനിൽക്കുന്നു .
‘ഞാൻ’ എന്നതിൽ നിന്ന് ‘നമ്മൾ’ എന്നതിലേക്ക്
പൊതുസ്ഥലങ്ങളിലെ പല അസൗകര്യങ്ങൾക്കും പിന്നിൽ വലിയൊരു സാമൂഹിക പ്രശ്നമുണ്ട് .സ്വന്തം സൗകര്യത്തിന് അമിതപ്രാധാന്യം നൽകുന്ന ശീലം.അഥവാ സ്വന്തം കാര്യം സിന്താബാദ് !
ബസിൽ സീറ്റ് കിട്ടിയാൽ മറ്റൊരാൾക്കായി മാറിനിൽക്കാൻ മടി.
ക്യൂവിൽ നിൽക്കുമ്പോൾ മുന്നിലേക്ക് കയറാൻ തിടുക്കം.
റോഡിലൂടെ നടക്കുമ്പോൾ മറ്റുള്ളവർക്ക് വഴി നൽകാൻ തയ്യാറല്ല.
പൊതുസ്ഥലത്ത് ഉച്ചത്തിൽ സംസാരിച്ച് ആളാവാൻ ശ്രമിക്കുക ..മൊബൈലിൽ മുഴുകി ചുറ്റുപാടുകളെ മറക്കുക.ഇവയെല്ലാം ഒരേ മനോഭാവത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.
പൊതുജീവിതത്തിന്റെ അടിസ്ഥാന പാഠം ഇതാണ്: എന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ അസൗകര്യമായി മാറരുത്.
ബാക്ക്പാക്കിന്റെ കാര്യത്തിലും ഇത് ബാധകമാണ്.
ഒരു ബാഗ് നൽകുന്ന വലിയൊരു സന്ദേശം
വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും സ്വപ്നങ്ങളുടെയും ഭാരമാണ് പലപ്പോഴും ഒരു വിദ്യാർത്ഥിയുടെ ബാക്ക്പാക്കിൽ നിറഞ്ഞിരിക്കുന്നത്. ആ ബാഗ് ഒരു തലമുറയുടെ പ്രതീകം കൂടിയാണ്.
പക്ഷേ ആ ബാഗ് മറ്റൊരാളുടെ മുഖത്ത് ഇടിക്കാതിരിക്കാനുള്ള ശ്രദ്ധയും അതേ തലമുറയുടെ സംസ്കാരത്തിന്റെ ഭാഗമാകണം.ഭാഗമാക്കിയേ തീരൂ ...
യാത്രയിൽ നമ്മോടൊപ്പം സഞ്ചരിക്കുന്നവർ അപരിചിതരായിരിക്കാം. പക്ഷേ അവരും മനുഷ്യരാണ്. അവരുടെ ശരീരത്തിനും സ്വകാര്യ ഇടത്തി നും വേദനയ്ക്കും അവകാശമുണ്ട്.
അതിനാൽ അടുത്ത തവണ ബാക്ക്പാക്ക് മുതുകിലിട്ട് തിരക്കേറിയ ബസി ലേക്കോ ട്രെയിനിലേക്കോ കയറുമ്പോൾ ഒരു നിമിഷം ചിന്തിക്കാം....
എന്റെ ബാഗ് എന്റെ പിന്നിലുണ്ട്;
പക്ഷേ അതിന്റെ പരിധി എന്റെ പിന്നിൽ അവസാനിക്കുന്നില്ല.
അത് മനസ്സിലാക്കിയാൽ ഒരു ചെറിയ യാത്രാശീലം തന്നെ വലിയൊരു സാമൂഹിക മര്യാദയായി മാറും (ചിത്രങ്ങൾ പ്രതീകാത്മകം )
ഇതെഴുതാൻ നിമിത്തമായ ഡോ .റിജി ജി നായർക്ക് നന്ദി .....നമസ്‌കാരം
: ദിവാകരൻ ചോമ്പാല
രാജ്യത്താകമാനം 340-ലധികം സമ്പർക്ക കേന്ദ്രങ്ങൾ
2021-ൽ രാജ്യത്താകമാനം 120 സമ്പർക്ക കേന്ദ്രങ്ങളുണ്ടായിരുന്ന സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ശൃംഖല നിലവിൽ 192 നഗരങ്ങളിലായി 340-ലധികം സമ്പർക്ക കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുക്കുന്നതിനും രാജ്യത്തുടനീളം വിൽപ്പനാനന്തര സേവനങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമാണ് ശൃംഖല വിപുലീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































