അലച്ചിലിന്റെ യൗവ്വനകാലത്ത് പല സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങി നാട് കാണുക ഏറെ ഇഷ്ടമായിരുന്നു.ഉയരത്തിലെത്താനുള്ള അബോധ ആഗ്രഹമാവാം കുന്നുകൾ കയറിയിറങ്ങുക ഹോബിയായിത്തീർന്നു. താമരശേരി - കുറ്റ്യാടി ചുരം, വിരാജ്പേട്ട, കുടക്, ഊട്ടി, കൊടയ്ക്കനാൽ, വയനാട് കാപ്പിത്തോട്ടങ്ങൾ വിശേഷിച്ച് തിരുനെല്ലി, കറുവ ദ്വീപ്, പാപനാശിനി യൊക്കെ ഓർക്കുന്നു.
മഴക്കാലത്ത് തുടങ്ങുന്ന കൊട്ടിയൂർ സംഘയാത്ര ഭക്തിയേക്കാളുപരി ആവാസ ലോഹ്യത്തിന്റെ ഇടം തേടലായി. കാട് കാണുമ്പോഴൊക്കെ അതിലെ ജൈവ വൈവിധ്യം ആകർഷിച്ചു. സസ്യങ്ങളുടെ നില നില്പിനു ഭീഷണിയായ കടന്നുകയറ്റം ആരും ശ്രദ്ധിക്കാറില്ല, സംരക്ഷിത വനങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുന്ന വിലപിടിപ്പുള്ള മരങ്ങൾ സർവ്വേയിൽ പ്രതിപാ ദിക്കാറുമില്ല. കാടും കടലുമാണ് മനുഷ്യവംശത്തിന്റെ ഓക്സിജൻ സംഭരണി എന്നറിഞ്ഞപ്പോൾ ആദരവോടെയേ പ്രകൃതിയെ കാണാറുള്ളൂ. മനുഷ്യൻ കണ്ണാടി നോക്കുമ്പോൾ കാട്ടുചോലയാണ് പൂക്കൾക്ക് കണ്ണാടി എന്നെഴുതിയ കവിയെ ആരും അറിഞ്ഞില്ല.കുഞ്ഞിരാമൻ നായർ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഓണക്കാലത്ത് അതിഥികളായി വിരിയുന്ന പൂക്കൾ എവിടെപ്പോയെന്ന് ചോദിക്കുമായിരുന്നു. ഞരമ്പുകൾ എഴുന്നു നില്ക്കുന്ന കണ്ണാന്തളി ഇലകൾ കണ്ടാണ് " ഇലഞരമ്പിലൂടെ ഒഴുകുന്ന ജലം " എന്ന കവിത എഴുതിയത്. സ്വർണ്ണ മഞ്ഞ, ചുകപ്പ്, വയലറ്റ്, വെളുപ്പ് നിറങ്ങൾ ചെടികൾ എങ്ങനെ സ്വന്തമാക്കുന്നുവെന്നത് ചെടികളോട് സംസാരിക്കുന്നത് പോയറ്റിക്കൽ ഹലൂസിനേഷൻ എന്ന് പറയാം. പക്ഷേ, അങ്ങനെയാണോ.
മഴക്കാലത്ത് മുളച്ചു വരികയും മഴ നില്ക്കുന്നതോടെ ഉണങ്ങുകയും ചെയ്യുന്ന സസ്യലോകം ജിജ്ഞാസയുള്ള പ്രതിഭാസമാവുന്നു.ജീവജാലങ്ങളുടെ അഭയം മനുഷ്യ അഭയംപോലെ പ്രാധാന്യമുള്ളതെന്ന് വകവെച്ചു നല്കാൻ മനുഷ്യർ ഒരിക്കലും തയ്യാറല്ല. വിവേകമില്ലാത്ത പെരുമാറ്റം ആഘാതമേല്പിക്കുമ്പോൾ നിലവിളിച്ചിട്ടു കാര്യമില്ല. കണ്ണും കാതും നല്കി ജീവിക്കലാണ് അതിന് പ്രകൃതി മരുന്ന്. ഗസലിൽ നിറയുന്ന മുല്ലപ്പൂ രാഗം ഏകാകികളെ ആകർഷിക്കുന്നതും, പ്രണയ നദിയിലിറക്കുന്നതും വെറുതെയല്ല. മനോവികാരങ്ങൾക്ക് പൂക്കളോടുള്ള അടുപ്പം മന:ശാസ്ത്ര തലത്തിൽ പഠിക്കേണ്ട വിഷയമാകുന്നു. പ്രകൃതിയിലെ കല്ലും മണ്ണും നിറവുമാണ് ശിപ്പത്തിന് ചേരുക അത് വഴി മാറിയപ്പോൾ ദ്രാവിഡപ്പശ തന്നെ ഇല്ലാതായി. മെസപ്പെട്ടോമിയയിലെ ചുട്ടെടുത്ത കളിമൺ തെളിവുകൾ നല്കുന്ന പ്രാചീനത ചരിത്ര പഠനത്തിൽ വലിയ തെളിവാകുന്നു.
പരിസ്ഥിതിയും സാമൂഹിക നീതിയും ഒത്തുപോകാതെ വരുമ്പോൾ ജനങ്ങൾ ശബ്ദം ഉയർത്തുന്നത് കുറ്റമായി കണ്ടു കൂടാ. അത് ജീനിൽ ഒട്ടിപ്പിടിച്ച പ്രകൃതി സ്നേഹത്തിന്റെ പ്രതികരണമാവുന്നു. അത് പിഴുത് മാറ്റരുത്. അതിൽ വംശ നിലനില്പിന്റെ കരച്ചിൽ നിറഞ്ഞിരിക്കുന്നു.
പ്രകൃതിയെ നോക്കിയാണ് കുഞ്ഞിരാമൻ നായർ കണ്ണീരിന്റെ ഉപ്പുള്ള കവിതകൾ എഴുതിയത്. തിരസ്കരിക്കപ്പെട്ട ആവാസ ആഘാതം ആ കവിതകളിൽ നിറഞ്ഞു കിടന്നു.
"നഷ്ടപ്പെട്ട വസന്തത്തിൻ
സ്മൃതിയിൽ വാനം മങ്ങുമ്പോൾ
മാമ്പൂമ്പൊടിതൻ മഴ ചാറും
പടിയിൽ ച്ചാരിയിരിക്കുന്നൂ
സ്വർണാഭരണം ചാർത്തിയൊരാ-
സംക്രമസന്ധ്യാ കിരണങ്ങൾ.
(സന്ധ്യാ കിരണ്ടങ്ങൾ )
ഇതു കൊണ്ടാണ് വലിയ കവിയായ കെ.ജി.ശങ്കരപ്പിള്ള
" വാക്കുകളിൽ വസന്ത ധ്വനിയായി
പൂത്തുയർന്ന ഒരു പാതാള വൃക്ഷമായി പി.
വാക്കുകളുടെ മഹാബലി" എന്നു കുറിച്ചിട്ടത്.ഡി വിനയചന്ദ്രന് കുഞ്ഞിരാമൻ നായർ" മഴയിൽ കർപ്പൂരം മണക്കുന്ന മറു മഴ "യാണ്. കവിതയിലെ പൂവ്, കിളികൾ, പുഴ, മലകൾ, കാട്, കടൽ, മഴ, മഞ്ഞ്, വെയിൽ, കാറ്റ്, സൂര്യൻ, നിലാവ് നിറഞ്ഞ കല്പനകൾ കാല്പനികത എന്ന ഒറ്റവരിയിൽ എഴുതിത്തള്ളരുത്.
എല്ലാ വസ്തുവിനും അതിന്റേതായ അർത്ഥ തലമുണ്ട്. പ്രകൃതിയിലെ ഇടപെടൽ അത് ശരിക്കും ബോദ്ധ്യപ്പെടുത്തുന്നു. പരിസ്ഥിതി വിവേകത്തിലൂന്നിയ കേരള നാടൻ കലകൾ, അയോധന വിദ്യ, ആയുർവ്വേദം, തെയ്യംതിറ, പ്രദേശിക ഭക്ഷണങ്ങൾ എന്നിവയിലൊക്കെ ഇതിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു. തല പെരുക്കുമ്പോഴാണ് ഭാവന ജീവിതത്തിലും സാഹിത്യത്തിലുo കടന്നുവരിക. അവിടെയാണ് മലയാളിയുടെ ചോറ്.
ഖലീൽ ജിബ്രാന്റെ എഴുത്ത് നോക്കുക:
"ഋതുക്കൾ നിന്നോട് കിന്നാരം പറയുന്നത് ഞാൻ ശരിക്കും കേട്ടതാണ്. അതു കേട്ടിരിക്കുമ്പോൾ നീ എത്ര വികാരവതിയായിരുന്നു. നോക്കൂ, എന്റെ കുതിരകളെ എനിക്ക് അനുസരിപ്പിക്കാൻ കഴിയാതെ വന്നിരിക്കുന്നു. പാനീയങ്ങളിൽ നിന്നുതിർന്ന സുഗന്ധവാഹിനികളിതാ കൂടാരത്തിന് പുറത്തേക്ക് ഒഴുകുന്നു. കുതിരകൾ വല്ലാതെ ചിനയ്ക്കുന്നുണ്ട്. രാവ് അതിന്റെ കൂർത്ത നഖങ്ങളാൽ എന്നെ മർദ്ദിക്കുന്നുണ്ട്. നിന്റെ തളിർ മേനിയിൽ എനിക്ക് ഒളിച്ചിരിക്കണമെന്നുണ്ട്. പറയൂ, ഞാനേത് രൂപം ധരിച്ചാണ് ഭൂമിയിലേക്ക് വരേണ്ടത്."
ജിബ്രാൻ, മൊഴിമാറ്റം, ഡോ. മുഞ്ഞിനാട് പത്മകുമാർ.
സിദ്ധാർത്ഥത നിറയുമ്പോൾ എല്ലാവരും ഭിക്ഷുക്കളാവുന്നു. മണ്ണ് മരം മനുഷ്യർ താളം തെറ്റുമ്പോൾ വൈറസ് ജനിതക മാറ്റത്തോടെ മരണത്തിലേക്ക് വലിച്ചിഴക്കുന്നു. നിലാവ് നോക്കി നില്കെ കുന്നിറങ്ങി മേഘം നിലാവ് താഴോട്ടുരുട്ടുന്നു. അത് ആകാശത്തിൽ തിളങ്ങുന്നു.
ഓണത്തെക്കുറച്ചു
ഓണത്തെക്കുറിച്ച് എന്ത് പറഞ്ഞാലും അത് കാർഷിക സംസ്ക്കാരത്തിന്റെ ഉല്ലാസഭരിതമായ അവശേഷിപ്പ് ആകുന്നു. പ്രാചീനമായ ഒരംശത്തിനപ്പുറം നിലനില്കേണ്ട കേരളീയത അതിലുണ്ട്. ചിങ്ങവെയിലും ചിണുങ്ങിപ്പെയ്യുന്ന മഴയും നിറനിലാവും നിറഞ്ഞു കിടക്കുന്ന മണ്ണ് കാണുമ്പോൾ ആരും പാടിപ്പോകും.
"ആർപ്പുവിളിക്കു വി നുണ്ണികളെ, യല -
കടലേ, മേന്മേൽ കുരവയിടൂ, കൊ-
ച്ചരുവികളേ, ചെറു കന്യകളേ,ന -
ല്ലതിഥി നമുക്കിനിയാരിതുപോലെ. "
(വൈലോപ്പിള്ളി ).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































