റോഡരികിൽ ഒരു പോസ്റ്റ് കുഴിച്ചിടുന്ന പണി നടക്കുന്നത് കണ്ടാൽ, അവിടെ മൂന്നു നാലു പേരെങ്കിലും നോക്കിനിൽക്കും. പണിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ആർക്കും പ്രത്യേകിച്ച് പോകാനുള്ള ധൃതിയില്ല.
ജെ.സി.ബി. വന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അതിനോടുള്ള കൗതുകത്തിന് ഇന്നും കുറവൊന്നുമില്ല. ജെ.സി.ബി. മണ്ണെടുക്കുന്നത് കാണാൻ ആളുകൾ കൂടും. പണി തീരുന്നതുവരെ അവിടെത്തന്നെ നിൽക്കും. അപ്പോൾ സമയം പ്രശ്നമല്ല.
വഴിയിൽ ആരെങ്കിലും തമ്മിൽ കശപിശയുണ്ടായാലും, അടിപിടിയുണ്ടായാലും, വാഹനങ്ങൾ നിർത്തി ആളുകൾ ചുറ്റും കൂടും. ആരുടെയെങ്കിലും ബൈക്കും കാറും തമ്മിൽ ഒന്നു ഉരസിയാൽ പോലും നമ്മൾ ഉടൻ ‘ന്യായാധിപന്മാരായി’ മാറും. ആരുടെ കുറ്റം? എന്താണ് സംഭവിച്ചത്? എന്താണ് പരിഹാരം? എന്നൊക്കെ തീരുമാനിച്ച ശേഷമേ അവിടെനിന്ന് പിരിയൂ.
അപ്പോഴും തിരക്കില്ല.
പക്ഷേ, ഫുട്പാത്തിൽ ഒരാൾ ബോധമില്ലാതെ കിടക്കുന്നത് കണ്ടാൽ?
“മദ്യപിച്ചിട്ടായിരിക്കും…”
എന്ന മുൻവിധിയോടെ നാം അയാളെ മറികടന്നുപോകും. കാരണം, അപ്പോൾ നമുക്ക് വല്ലാത്ത തിരക്കാണ്.
അയാൾ മദ്യപിച്ചിട്ടില്ലെങ്കിലോ? അസുഖം ബാധിച്ച് കുഴഞ്ഞുവീണതാണെങ്കിലോ? അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ട ഒരാളാണെങ്കിലോ?
അത്തരം ചോദ്യങ്ങൾ നമ്മെ അലട്ടാറില്ല.
“എന്റെ മാത്രം ഉത്തരവാദിത്വമല്ലല്ലോ…” എന്ന് മനസ്സിനെ ആശ്വസിപ്പിച്ച് നാം മുന്നോട്ടുപോകും.
റോഡിൽ ഒരു അപകടം നടന്നാൽ, കാരണമെന്തെന്ന് വിലയിരുത്താൻ നാം മറ്റുള്ളവരുടെ കൂട്ടത്തിൽ ചേരും. അപകടത്തിന്റെ ദൃശ്യങ്ങൾ കൗതുകത്തോടെ നോക്കും. വാഹനത്തിന്റെ തകർന്ന ഭാഗങ്ങൾ പരിശോധിക്കും. ആരുടെ തെറ്റാണെന്ന് ചർച്ച ചെയ്യും.
അപരിചിതത്വമൊന്നുമില്ല. സമയം ധാരാളമുണ്ട്.
എന്നാൽ, അപകടത്തിൽപ്പെട്ട ഒരാൾ ചോരവാർന്ന് റോഡിൽ കിടക്കുന്നതു കണ്ടാലോ?
അപ്പോഴാണ് നമ്മുടെ സമയം തീരുന്നത്.
അപ്പോഴാണ് എല്ലാവർക്കും തിരക്ക്.
ആ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഒരു കൈ നീട്ടാൻ വേണ്ടത്ര സമയം പോലും ഇല്ല. ആംബുലൻസ് വിളിക്കാൻ വേണ്ടത്ര സമയം ഇല്ല. അയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനുള്ള മനസ്സും സമയവും ഇല്ല.
നമ്മുടെ തിരക്ക് പലപ്പോഴും സമയത്തിന്റെ കുറവല്ല; മനസ്സിന്റെ കുറവാണ്.
കാഴ്ചക്കാരാകാൻ നമുക്ക് സമയമുണ്ട്.
വിധികർത്താക്കളാകാൻ സമയമുണ്ട്.
വിമർശകരാകാൻ സമയമുണ്ട്.
കൗതുകം തീർക്കാൻ സമയമുണ്ട്.
പക്ഷേ, ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ മാത്രം നമുക്ക് സമയമില്ല!
സാങ്കേതികവിദ്യ മനുഷ്യരെ തമ്മിൽ കൂടുതൽ അടുപ്പിച്ച കാലമാണിതെന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ, റോഡരികിൽ സഹായത്തിനായി കിടക്കുന്ന ഒരു മനുഷ്യന്റെ അടുത്തേക്ക് നടക്കാൻ പോലും കഴിയാത്തത്ര അകലെയാണ് പലപ്പോഴും നമ്മുടെ മനസുകൾ.
ഒരു അപകടം കാണുമ്പോൾ വീഡിയോ എടുക്കുന്ന വിരലുകൾക്ക്, അതേ മനുഷ്യനെ സഹായിക്കാൻ ഒരു കൈ നീട്ടാൻ കഴിയാത്തത് എന്തുകൊണ്ട്?
ഇത് സമയത്തിന്റെ പ്രശ്നമല്ല.
ഇത് മനുഷ്യത്ത്വത്തിന്റെ പ്രശ്നമാണ്.
നമ്മുടെ തിരക്കുകൾക്കിടയിൽ ഒരു നിമിഷമെങ്കിലും മറ്റൊരാൾക്കായി മാറ്റിവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, നാം എത്ര വേഗത്തിൽ ജീവിച്ചാലും ആ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്?
തിരക്കുള്ളവരാകാം. പക്ഷേ മനുഷ്യത്വത്തിന് വേണ്ടി ഒരിക്കലും തിരക്കുള്ളവരാകരുത്.
— ഡോ. റിജി ജി. നായർ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































