ഭുവനേശ്വർ: കണ്ണെത്താത്ത വനമേഖലകളിൽ സർക്കാർ ഭൂമി കൈയേറി വൻതോതിൽ കഞ്ചാവ് കൃഷി. ഒഡീഷയിലെ മലയോര ജില്ലകളിൽ ലഹരി മാഫിയയുടെ നേതൃത്വത്തിൽ വ്യാപകമായി നടക്കുന്ന അനധികൃത കൃഷിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന കഞ്ചാവ് ട്രെയിനുകളിലും ചരക്ക് ലോറികളിലും മറ്റു വാഹനങ്ങളിലുമായി രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും പ്രത്യേകിച്ച് കേരളത്തിലേക്കും കടത്തുന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഒഡീഷയിലെ ഉൾനാടൻ ഗ്രാമങ്ങളിലെ സർക്കാർ, റവന്യൂ ഭൂമികളിലാണ് ലഹരി സംഘങ്ങൾ ഏക്കർ കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തുന്നത്. പുതിയ കൃഷിക്കാലം ആരംഭിക്കാനിരിക്കെ സർക്കാർ ഭൂമിയിലെ അനധികൃത കഞ്ചാവ് കൃഷി തടയാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റവന്യൂ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മൽക്കൻഗിരി, കോരാപുട്ട്, രായഗഡ, കന്ധമാൽ, ബൗദ്ധ്, ഗജപതി എന്നീ ജില്ലകളിലാണ് കഞ്ചാവ് കൃഷിയുടെ വ്യാപ്തി കൂടുതലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 2025–26 വിളവെടുപ്പ് സീസണിൽ ഒഡീഷ പൊലീസ് നടത്തിയ പ്രത്യേക പരിശോധനകളിൽ ഈ ആറു ജില്ലകളിലായി 36,508 ഏക്കർ സ്ഥലത്തെ അനധികൃത കഞ്ചാവ് കൃഷി നശിപ്പിച്ചു. ഇതിൽ 6,632 ഏക്കറിലധികം സർക്കാർ അല്ലെങ്കിൽ റവന്യൂ ഭൂമിയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വിവരം.
ഒരിക്കൽ കൃഷി നടത്തിയ പ്രദേശങ്ങളിൽത്തന്നെ വീണ്ടും കഞ്ചാവ് കൃഷിയിറക്കുന്നതാണ് ലഹരി സംഘങ്ങളുടെ രീതിയെന്ന് റവന്യൂ സെക്രട്ടറി അരബിന്ദ കുമാർ പാധി ജില്ലാ കളക്ടർമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് നിരീക്ഷണം താരതമ്യേന കുറവുള്ള വിദൂര പ്രദേശങ്ങളെയാണ് സംഘങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നത്.
സർക്കാർ ഭൂമിയിൽ കഞ്ചാവ് കൃഷി കണ്ടെത്തിയാൽ 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ സെക്ഷൻ 47 പ്രകാരം വിവരം ഉടൻ പൊലീസിനെയോ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെയോ അറിയിക്കണമെന്നാണ് നിർദേശം. അനധികൃത കൃഷിക്ക് ഉദ്യോഗസ്ഥരുടെ സഹായമോ ഒത്താശയോ ലഭിക്കുന്നതായി കണ്ടെത്തിയാൽ ബന്ധപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ കൃഷിയേക്കാൾ വൻ വരുമാനം
ദുർഘടമായ മലയോര മേഖലകളിലെ ചില കർഷകരെ കഞ്ചാവ് കൃഷിയിലേക്ക് ആകർഷിക്കുന്നത് ഇതിലൂടെ ലഭിക്കുന്ന ഉയർന്ന വരുമാനമാണ്. സാധാരണ കാർഷിക വിളകളിൽനിന്ന് ലഭിക്കുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കഞ്ചാവ് കൃഷിയിലൂടെ പലമടങ്ങ് നേട്ടമുണ്ടാകുമെന്നാണ് ലഹരി സംഘങ്ങൾ പ്രചരിപ്പിക്കുന്നത്.
പ്രാദേശികമായി ഉണങ്ങിയ കഞ്ചാവിന് കിലോഗ്രാമിന് ഏകദേശം 2,000 മുതൽ 3,000 രൂപവരെ ലഭിക്കുന്നതായി അധികൃതർ പറയുന്നു. എന്നാൽ കൃഷിയുടെ പിന്നിലെ യഥാർഥ സാമ്പത്തിക ശക്തികൾ പ്രാദേശിക കർഷകരല്ലെന്നും സംസ്ഥാനത്തിന് പുറത്തുള്ള വൻകിട ലഹരി ശൃംഖലകളാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മുൻപ് മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന പല വനമേഖലകളിലും കഞ്ചാവ് കൃഷി പ്രധാന വരുമാന മാർഗങ്ങളിലൊന്നായി മാറിയിരുന്നു. മാവോയിസ്റ്റ് ഭീഷണിയിൽനിന്ന് മുക്തമായതായി പ്രഖ്യാപിച്ച പ്രദേശങ്ങളിലും ലഹരി ശൃംഖലയുടെ സ്വാധീനം പൂർണമായി ഇല്ലാതാക്കാൻ ഭരണകൂടത്തിന് ഇപ്പോഴും വെല്ലുവിളി തുടരുകയാണ്.
കോടികളുടെ ലഹരി കേരളത്തിലേക്ക്
ഒഡീഷയിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന കഞ്ചാവിന്റെ പ്രധാന വിപണികളിലൊന്നാണ് കേരളമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ജൂൺ–ജൂലൈ മാസങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ മാത്രം 544 കോടി രൂപയിലധികം വിലമതിക്കുന്ന 108 മെട്രിക് ടണ്ണിലധികം കഞ്ചാവ് ഒഡീഷ പൊലീസ് നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
ആന്ധ്രപ്രദേശ്–ഒഡീഷ അതിർത്തി മേഖലകളിൽ വ്യാപകമായി കൃഷി ചെയ്യുന്ന ‘ശീലാവതി’ ഇനത്തിലുള്ള കഞ്ചാവിനും കേരളത്തിൽ ആവശ്യക്കാരുണ്ടെന്നാണ് വിവരം. ഉൽപ്പാദന കേന്ദ്രങ്ങളിൽ കിലോഗ്രാമിന് ഏതാനും ആയിരം രൂപ മാത്രം വിലയുള്ള കഞ്ചാവ് വിവിധ ഇടനിലക്കാരിലൂടെ കേരളത്തിലെത്തുമ്പോൾ വില പലമടങ്ങ് ഉയരുന്നു. ചില്ലറ വിപണിയിൽ കിലോഗ്രാമിന് ഒരു ലക്ഷം രൂപവരെ വില ലഭിക്കുന്ന സാഹചര്യമുണ്ടെന്നും അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
ട്രെയിനുകൾ പ്രധാന കടത്തുപാത
ഒഡീഷയിൽനിന്ന് ആന്ധ്ര അതിർത്തി കടന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളാണ് കഞ്ചാവ് കടത്താൻ ലഹരി സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. ട്രാവൽ ബാഗുകളിലും ബാക്ക്പാക്കുകളിലും ഒളിപ്പിച്ചാണ് പലപ്പോഴും കഞ്ചാവ് കൊണ്ടുവരുന്നത്.
അന്തർസംസ്ഥാന ചരക്ക് ലോറികളും കടത്തിനായി ഉപയോഗിക്കുന്നുണ്ട്. പച്ചക്കറി, കൽക്കരി, തടി തുടങ്ങിയ ചരക്കുകളുടെ മറവിൽ കഞ്ചാവ് കടത്തുന്ന സംഭവങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചില വാഹനങ്ങളിൽ പ്രത്യേക അറകൾ നിർമിച്ചും ആഡംബര വാഹനങ്ങളിൽ ഒളിപ്പിച്ചുമാണ് ലഹരി കടത്തുന്നതെന്നും അധികൃതർ പറയുന്നു.
കാരിയർമാരായി തൊഴിലാളികൾ
കടത്ത് ശൃംഖലയുടെ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന കാരിയർമാർക്ക് വൻതുക പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 25,000 മുതൽ 30,000 രൂപവരെ പ്രതിഫലം വാഗ്ദാനം ചെയ്ത് ഒഡീഷ സ്വദേശികളായ തൊഴിലാളികളെ കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്ന സംഭവങ്ങളുണ്ട്.
അങ്കമാലി കരയാംപറമ്പിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ ഏകദേശം 116 കിലോഗ്രാം കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയ സംഭവം ഈ ശൃംഖലയുടെ കേരള ബന്ധത്തിലേക്കുള്ള മറ്റൊരു സൂചനയായി.
ഒഡീഷയിലെ വിദൂര മലനിരകളിൽ സർക്കാർ ഭൂമി കൈയേറി ആരംഭിക്കുന്ന കഞ്ചാവ് കൃഷി, ഇടനിലക്കാരുടെയും കാരിയർമാരുടെയും സഹായത്തോടെ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള കേരളത്തിലെ ലഹരി വിപണിയിലെത്തുന്നുവെന്നതാണ് നിലവിലെ അന്വേഷണങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കൃഷിയിടം മുതൽ വിപണി വരെ നീളുന്ന ഈ ശൃംഖലയുടെ വേരറുക്കുക എന്നത് ഒഡീഷയ്ക്കും കേരളത്തിനും ഒരുപോലെ വലിയ വെല്ലുവിളിയായി തുടരുകയാണ്.
courtesy ;mathrubhum
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































