പോലീസും ജനങ്ങളും കൈകോർത്താൽ ലഹരി മാഫിയയ്ക്ക് കേരളത്തിൽ ഇടമുണ്ടാകില്ലെന്ന് :ആഭ്യന്തരമന്ത്രിരമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ലഹരി മാഫിയക്കെതിരായ പോരാട്ടം ശക്തമായ മുന്നേറ്റത്തിലാണെന്നും ഓപ്പറേഷൻ തൂഫാൻ വൻവിജയത്തിലേക്ക് കുതിക്കുകയാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസും ജനങ്ങളും ഒന്നിച്ച് നിന്നാൽ ഒരു ലഹരി മാഫിയയ്ക്കും കേരളത്തിന്റെ മണ്ണിൽ വാഴാനാകില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം പറഞ്ഞു.
ലഹരി സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പോലീസിന് കൈമാറാൻ ജനങ്ങൾ കാണിച്ച ധൈര്യമാണ് തൂഫാന്റെ വലിയ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. നേരത്തെ ലഹരി മാഫിയയെ ജനങ്ങൾ ഭയപ്പെട്ടിരുന്നെങ്കിൽ, ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. “ഇന്ന് ലഹരി മാഫിയക്ക് ജനങ്ങളെയാണ് പേടി” എന്നതാണ് തൂഫാൻ സൃഷ്ടിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലുണ്ടായ മാറ്റം തന്നെ വലുതാണ്. ജനങ്ങളും പോലീസും ഒരുമിച്ച് ഒരു വർഷം മുന്നോട്ട് പോയാൽ ഉണ്ടാകുന്ന മാറ്റം എത്ര വലുതായിരിക്കുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ പോരാട്ടത്തിലൂടെ ലഹരി മാഫിയയെ കേരളത്തിൽനിന്ന് തൂത്തെറിയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണത്തിന് ശേഷം തൂഫാന്റെ രണ്ടാം വരവ്
ഓണത്തിന് ശേഷം ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും അത് പത്തിരട്ടി ശക്തിയിൽ ആഞ്ഞടിക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഓണക്കാലം കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷകാലമായതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. ആഘോഷങ്ങളുടെ മറവിൽ ലഹരി ഉപയോഗമോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ള ലഹരി ഉൽപ്പന്നങ്ങൾ തടയാൻ സംസ്ഥാനത്തിന്റെ അതിർത്തികളിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. എക്സൈസ് വകുപ്പും നിരവധി ലഹരി കേസുകളിൽ നടപടികൾ തുടരുകയാണ്. നിലവിലെ അറസ്റ്റുകളോടെ കേരളത്തിലെ ലഹരി ശൃംഖല പോലീസിന്റെ ശക്തമായ നിരീക്ഷണവലയത്തിലായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘തൂഫാൻ ഐ’
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ‘തൂഫാൻ ഐ’ എന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല അറിയിച്ചു. സ്കൂളുകൾക്ക് ചുറ്റുമുള്ള ലഹരി വിൽപ്പനയും വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലൂടെ കുട്ടികളെ ലഹരിയിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം.
ഓപ്പറേഷൻ തൂഫാൻ രാജ്യത്തിന് തന്നെ മാതൃകയായ പോരാട്ടമായി മാറിയെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൂഫാൻ മാതൃകയിലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“സ്വന്തക്കാരാണെന്ന് പറഞ്ഞ് ആരെയും രക്ഷിക്കില്ല”
ലഹരി മാഫിയക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ രാഷ്ട്രീയമോ വ്യക്തിബന്ധങ്ങളോ പരിഗണിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും ചെന്നിത്തല നൽകി.
“എന്റെ പാർട്ടിക്കാരാണെങ്കിലും മറ്റു പാർട്ടിക്കാരാണെങ്കിലും ‘കൊച്ചിന്റെ മകനാണ്, അമ്മാവന്റെ മകളാണ്’ എന്നൊക്കെ പറഞ്ഞ് ആരും ഇടപെടേണ്ട. തൂഫാന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ജയിലിൽ കിടക്കേണ്ടിവരും; അതിന് വില നൽകേണ്ടിവരും”, അദ്ദേഹം വ്യക്തമാക്കി.
തൂഫാൻ വന്ന് വെറുതെ മടങ്ങിപ്പോകുമെന്ന് കരുതിയവർക്ക് ഇപ്പോൾ കാര്യങ്ങൾ ബോധ്യമായിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “തൂഫാൻ ലഹരിയെ തൂത്തടിച്ച് മടങ്ങും. സംശയമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഒരു മണിക്കൂറിൽ ശരാശരി അഞ്ച് കേസുകൾ; ആറുപേർ പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശരാശരി ഒരു മണിക്കൂറിൽ കേരളത്തിൽ അഞ്ച് കേസുകളിലായി ആറുപേർ വീതം പിടിയിലാകുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. അറസ്റ്റുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണെന്നും രാജ്യത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ നാർക്കോ ഹണ്ടുകളിലൊന്നായി ഓപ്പറേഷൻ തൂഫാൻ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലഹരിയിൽ നിന്ന് മടങ്ങുന്നവർക്ക് ‘തൂഫാൻ കെയർ’
ലഹരിയിൽ നിന്ന് മോചനം നേടാൻ തയ്യാറാകുന്നവർക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിനായി ‘തൂഫാൻ കെയർ’ പദ്ധതി ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ പ്രമുഖ ആശുപത്രികൾ ഇതിനായി സഹകരിക്കാൻ തയ്യാറായിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ തൂഫാൻ കെയറിനായി പ്രത്യേക റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ തയ്യാറാക്കുന്ന നടപടികളും പുരോഗമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ലഹരി മാഫിയക്കെതിരായ പോരാട്ടം പോലീസ് മാത്രം നടത്തുന്ന ഒന്നല്ലെന്നും സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഘടനകളും രാഷ്ട്രീയ പാർട്ടികളും സ്വന്തം പ്രവർത്തകരെ ലഹരിയിൽ നിന്ന് അകറ്റിനിർത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“നമ്മൾ കൂട്ടായി ഒരുമിച്ച് നിന്ന് പോരാടിയാൽ ലഹരി മാഫിയയെ തൂത്തെറിയാൻ നമുക്ക് സാധിക്കും. തൂഫാൻ പോരാട്ടം തുടരുക തന്നെ ചെയ്യും”, ചെന്നിത്തല പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































