മരങ്ങൾ വെട്ടിയല്ല, പ്രകൃതിയെ ചേർത്തുപിടിച്ചാകട്ടെ മുക്കാളിയിൽ ‘ടേക്ക് എ ബ്രേക്ക്’
ദേശീയപാതയോരത്ത് പ്രകൃതി കനിഞ്ഞുനൽകിയ പച്ചപ്പിന്റെ തണലിൽ ശാന്തമായി ശ്വസിക്കുന്ന ഒരു
ചെറിയ അങ്ങാടിയാണ് ചോമ്പാലയിലെ മുക്കാളി. മുക്കാളി അയ്യപ്പക്ഷേത്ര പരിസരത്ത് തലയുയർത്തിനിൽക്കുന്ന പടുകൂറ്റൻ മരങ്ങൾ ഈ നാടിന്റെ വെറും അലങ്കാരമല്ല; അതിന്റെ ശ്വാസവും തണലും ഓർമ്മയും അടയാളവും കൂടിയാണ്.
നമുക്ക് മുമ്പേ നടന്നുപോയ തലമുറകൾ വരുംതലമുറയ്ക്കായി കരുതിവെച്ച ഹരിതസമ്പത്താണ് ആ മരങ്ങൾ. കാലം മാറിയിട്ടും അവ അവിടെത്തന്നെ നിന്നു വെയിലിൽ തണലായി, ചൂടിൽ കുളിരായി, പൊടിക്കാറ്റിൽ മറയായി, നഗരവൽക്കരണത്തിന്റെ തിരക്കിനിടയിൽ പ്രകൃതിയുടെ ഒരു ചെറു തുരുത്തായി.
അത്തരമൊരു ഇടത്താണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി വരുന്നതെന്നും അതിന്റെ ഭാഗമായി ചില വൻമരങ്ങൾ മുറിച്ചുമാറ്റാനുള്ള നീക്കമുണ്ടെന്നുമുള്ള വാർത്തകൾക്ക് ദിവസങ്ങളായി ചിറകുവളരുന്നത്. വാർത്തകൾ ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, അങ്ങനെയൊരു സാധ്യതപോലും മുക്കാളിയുടെ ഹരിതഭാവിയെക്കുറിച്ച് ആശങ്ക ഉയർത്താൻ മതിയാകും.
വികസനത്തിനെതിരല്ല ആരും. എന്നാൽ പ്രകൃതിയുടെ ശ്വാസം മുട്ടിച്ചുകൊണ്ടുള്ള വികസനം വികസനമല്ല; അത് നാശത്തിന്റെ മറ്റൊരു പേരാണ്.ഒരു മരത്തെ മുറിച്ചുവീഴ്ത്തുന്നത് അതിന്റെ തടി മാത്രം ഇല്ലാതാക്കുന്നതല്ല. വർഷങ്ങളിലൂടെ രൂപപ്പെട്ട ഒരു തണൽ, ഒരു ആവാസവ്യവസ്ഥ, ഒരു പച്ചപ്പിന്റെ കണ്ണി, ഒരു നാടിന്റെ ഓർമ്മ—ഇവയൊക്കെയാണ് അതോടൊപ്പം നിലംപതിക്കുന്നത്. വികസനത്തിന്റെ മനോഹരമായ പേരിനടിയിൽ മരങ്ങൾ വെട്ടിമാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തിയാൽ, മുക്കാളിക്ക് ലഭിക്കുന്നത് എന്താണ്? തണലില്ലാത്ത, ചൂടിൽ കരിയുന്ന, പച്ചപ്പില്ലാത്ത ഒരു വികലഭൂപ്രദേശം. ആ വികസനം ആർക്കുവേണ്ടി?
‘ടേക്ക് എ ബ്രേക്ക്’ എന്ന പേര് തന്നെ യാത്രക്കാരന് ഒരു ഇടവേളയും ആശ്വാസവും നൽകുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ മരങ്ങളുടെ തണൽ വെട്ടിമാറ്റി പ്രകൃതിയുടെ നെഞ്ചിൽ കോൺക്രീറ്റ് പാകിയാണോ നമുക്ക് ‘ബ്രേക്ക്’ ഒരുക്കേണ്ടത്?
യഥാർത്ഥത്തിൽ മുക്കാളിക്ക് വേണ്ടത് ‘ടേക്ക് എ ബ്രേക്ക്’ അല്ല, ‘ടേക്ക് എ ബ്രെത്ത്’പ്രകൃതിയോടൊപ്പം ഒരൽപ്പം ശ്വാസമെടുക്കാനുള്ള ഇടമാണ്.
നിലവിലുള്ള മരങ്ങളെ പരമാവധി സംരക്ഷിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാനുള്ള ബദൽ മാർഗങ്ങൾ തേടുകയാണ് അധികൃതർ ചെയ്യേണ്ടത്. മരങ്ങൾ ഒഴിവാക്കി പദ്ധതി രൂപകൽപ്പന ചെയ്യാനാകുമോ? കെട്ടിടത്തിന്റെ രൂപകൽപ്പനയിൽ മാറ്റം വരുത്താനാകുമോ? ലഭ്യമായ സ്ഥലത്തെ കൂടുതൽ ശാസ്ത്രീയമായി വിനിയോഗിക്കാനാകുമോ? ഇത്തരം സാധ്യതകളാണ് ആദ്യം പരിശോധിക്കേണ്ടത്. പ്രദേശത്തെ ജനപ്രതിനിധികളും മനുഷ്യസ്നേഹികളും പഞ്ചായത്ത് അധികൃതരും വനംവകുപ്പും ബന്ധപ്പെട്ട മറ്റ് ഏജൻസികളും വിഷയത്തെ ഗൗരവത്തോടെ കാണണം. ഒരു പദ്ധതി നടപ്പാക്കാനുള്ള സൗകര്യത്തിനുവേണ്ടി വർഷങ്ങളെടുത്ത് വളർന്ന മരങ്ങളെ ഇല്ലാതാക്കുന്നത് എളുപ്പമാണ്; എന്നാൽ അതേ തണൽ തിരികെ സൃഷ്ടിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരും.
കുന്നിടിച്ചും മണലൂറ്റിയും വയൽ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തുകൊണ്ടിരുന്നാൽ, ഒരു ഘട്ടത്തിൽ പ്രകൃതി തിരിച്ചടിക്കും. പ്രളയവും ഉരുൾപൊട്ടലും അതിതീവ്രമായ ചൂടും ജലക്ഷാമവും പ്രകൃതിയോടുള്ള മനുഷ്യന്റെ അതിക്രമങ്ങൾക്ക് കാലം നൽകുന്ന മറുപടികളാണ്.
മണ്ണിനെ പിടിച്ചുനിർത്തുന്നതിലും മഴവെള്ളം മണ്ണിലേക്കിറക്കുന്നതിലും അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യുന്നതിലും താപനില നിയന്ത്രിക്കുന്നതിലും വൃക്ഷങ്ങൾക്കുള്ള പങ്ക് അമൂല്യമാണ്. അതുകൊണ്ട് വൃക്ഷസംരക്ഷണം ഒരു ‘പരിസ്ഥിതി സ്നേഹികളുടെ വികാരം’ മാത്രമല്ല; നമ്മുടെ നിലനിൽപ്പിന്റെ അടിസ്ഥാന ആവശ്യമാണ്.
ഇന്ന് മുക്കാളിയിലെ ഒരു മരം മുറിച്ചുവീഴുമ്പോൾ നാം നിശ്ശബ്ദരായിരു ന്നാൽ, നാളെ അതേ നിശ്ശബ്ദത നമ്മുടെ വീടുകളിലേക്ക് കടന്നുവരുന്ന കൊടുംചൂടിനുമുന്നിലും ജലക്ഷാമത്തിനുമുന്നിലും പ്രളയത്തിനുമുന്നിലും നമ്മെ നിസ്സഹായരാക്കും.
അതുകൊണ്ട് ഈ വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണേണ്ടതില്ല. ഇത് രാഷ്ട്രീയത്തിന്റെ പോരാട്ടമല്ല; നമ്മുടെ വായുവിനും വെള്ളത്തിനും തണലിനും വരുംതലമുറയുടെ അവകാശത്തിനുമുള്ള
മുക്കാളിയുടെ പച്ചപ്പ് സംരക്ഷിക്കാൻ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസ്‌നേഹികളും ഒരുമിച്ച് ശബ്ദമുയർത്തേണ്ട സന്ധിയില്ലാ സമരത്തിൻറെ മുന്നൊരുക്കമാണ് .വികസനം വേണം ,പക്ഷേ അത് മരങ്ങളുടെ മുകളിലൂടെ കയറിയല്ല, മരങ്ങളോടൊപ്പം നടന്നാകണം.
കോൺക്രീറ്റിന് ഒരൽപ്പം ബ്രേക്ക് നൽകാം.
മുക്കാളിക്ക് ആദ്യം ശ്വാസമെടുക്കാൻ ഒരിടം ബാക്കിവെക്കാം.
ഒരു മരം നിലനിൽക്കുമ്പോൾ ഒരു തണൽ മാത്രമല്ല നിലനിൽക്കുന്നത്; ഒരു നാടിന്റെ നാളെയും കൂടിയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































