വന്ദേമാതരവും ജനഗണമനയും ദേശത്തിന്റെ ഹൃദയമിടിപ്പുകളായ രണ്ട് ദേശീയഗീതങ്ങൾ :ദിവാകരൻ ചോമ്പാല

വന്ദേമാതരവും ജനഗണമനയും ദേശത്തിന്റെ ഹൃദയമിടിപ്പുകളായ രണ്ട് ദേശീയഗീതങ്ങൾ :ദിവാകരൻ ചോമ്പാല
വന്ദേമാതരവും ജനഗണമനയും ദേശത്തിന്റെ ഹൃദയമിടിപ്പുകളായ രണ്ട് ദേശീയഗീതങ്ങൾ :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 09, 11:20 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ഇന്ത്യയുടെ ത്രിവർണ്ണപതാക രാജ്യത്തെ ഓരോ വീടുകളിലും ഉയരാൻ പോകുന്ന വാർത്ത അഭിമാനത്തോടെയാണ് നാം കേൾക്കുന്നത്. ഒരു കൊടിമരം ഉയരുമ്പോൾ അതിനൊപ്പം ഉയരുന്നത് ഒരു തുണിക്കഷണമല്ല; ഒരു ജനതയുടെ ചരിത്രവും ആത്മാഭിമാനവും സ്വാതന്ത്ര്യത്തിന്റെ ഓർമകളും കൂടിയാണ്.


1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലരി കണ്ടു. അതിനുശേഷം കടന്നുപോയ ഓരോ സ്വാതന്ത്ര്യദിനവും ഒരു ആഘോഷം മാത്രമായിരുന്നില്ലസ്വാതന്ത്ര്യത്തിനായി ജീവിതം സമർപ്പിച്ച അനേകം മനുഷ്യരുടെ ഓർമകളിലേക്കുള്ള ഒരു മടക്കയാത്ര കൂടിയായിരുന്നു.

ദേശത്തിന്റെ ആകാശത്ത് ത്രിവർണ്ണം പാറുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ രണ്ടു ഗാനങ്ങൾ ഉയർന്നുവരുന്നു .

വന്ദേമാതരവും ജനഗണമനയും 

ഒന്ന് ദേശീയഗാനം. മറ്റൊന്ന് ദേശീയഗീതം. ഔദ്യോഗിക പദവിയിൽ വ്യത്യാസമുണ്ടെങ്കിലും ഭാരതത്തിന്റെ ദേശീയജീവിതത്തിൽ ഇവ രണ്ടും വഹിക്കുന്ന സ്ഥാനം അതുല്യമാണ്. ഒന്നിൽ സ്വതന്ത്ര രാഷ്ട്രത്തിന്റെ മഹത്തായ ആത്മാവിന്റെ സംഗീതമുണ്ടെങ്കിൽ, മറ്റൊന്നിൽ അടിമത്തത്തിന്റെ ഇരുട്ടിനെ കീറിമുറിച്ച് ഉയർന്ന ഒരു ജനതയുടെ ഉണർവിന്റെ വിളിയുണ്ട്.

ഈ രണ്ടു ഗാനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത്, യഥാർത്ഥത്തിൽ, ഭാരതത്തിന്റെ ദേശീയബോധത്തിന്റെ വേരുകളിലേക്ക് നടത്തുന്ന ഒരു യാത്രയാണ്.

ഗുരുദേവനും ‘ജനഗണമന’യും

വിശ്വസാഹിത്യത്തിന് ഇന്ത്യ സമ്മാനിച്ച മഹാപ്രതിഭയാണ് രവീന്ദ്രനാഥ ടാഗോർ. സ്നേഹാദരങ്ങളോടെ മഹാത്മാഗാന്ധി അദ്ദേഹത്തെ വിളിച്ച പേര് ‘ഗുരുദേവ്’.

ടാഗോർ ബംഗാളിയിൽ രചിച്ച ‘ഭാരത ഭാഗ്യവിധാതാ’ എന്ന ഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ് പിന്നീട് ഇന്ത്യയുടെ ദേശീയഗാനമായി മാറിയ ‘ജനഗണമന’.

1911 ഡിസംബർ 27-ന് കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിലാണ് ‘ജനഗണമന’ ആദ്യമായി പൊതുവേദിയിൽ ആലപിക്കപ്പെട്ടത്. ടാഗോറിന്റെ അനന്തരവളായ സരളാദേവി ചൗധുറാണിയും ഏതാനും വിദ്യാർഥികളും ചേർന്നാണ് അന്ന് ഗാനം അവതരിപ്പിച്ചത്.

അന്ന് ഒരു സമ്മേളനവേദിയിൽ മുഴങ്ങിയ ആ ഗാനം കാലത്തിന്റെ അതിരുകൾ മറികടന്ന് ഒരു രാഷ്ട്രത്തിന്റെ ശബ്ദമായി വളർന്നു.

1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണ സഭ ‘ജനഗണമന’യെ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിച്ചു. പൂർണ്ണരൂപത്തിൽ ആലപിക്കുമ്പോൾ ഏകദേശം 52 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഗാനം, ആ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യയുടെ ഭൂമിശാസ്ത്രവും വൈവിധ്യവും ചരിത്രവും ദേശീയസ്വപ്നവും ഒരുമിച്ച് ഹൃദയത്തിലേക്ക് പകരുന്നു.

പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാത്ത, ദ്രാവിഡം, ഉത്കലം, ബംഗാൾ...

വിന്ധ്യവും ഹിമാലയവും...യമുനയും ഗംഗയും...സമുദ്രത്തിന്റെ തിരമാലകളും...


ഇവ വെറും സ്ഥലനാമങ്ങളല്ല. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും വിശ്വാസങ്ങളും ചേർന്ന് ഒരു രാഷ്ട്രമാകുന്ന അത്ഭുതത്തിന്റെ കാവ്യചിത്രമാണ് ‘ജനഗണമന’.

അതിനാലാണ് അതിന്റെ അവസാനവരികളിൽ ‘ജയ’ എന്ന ശബ്ദം ആവർത്തിക്കുമ്പോൾ, ഒരു വ്യക്തിയുടെ വിജയമല്ല, ഒരു ജനതയുടെ പ്രതീക്ഷയും ഒരു രാഷ്ട്രത്തിന്റെ ആത്മവിശ്വാസവുമാണ് നമ്മിൽ ഉണരുന്നത്.

മദനപ്പള്ളിയിൽ നിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക്

1919-ൽ ദക്ഷിണേന്ത്യയിലെ മദനപ്പള്ളിയിലെത്തിയ ടാഗോർ ‘ജനഗണമന’യുടെ ഇംഗ്ലീഷ് പരിഭാഷയായ ‘The Morning Song of India’ തയ്യാറാക്കി. പാശ്ചാത്യ സംഗീതജ്ഞയായ മാർഗരറ്റ് കസിൻസിന്റെ സഹകരണത്തോടെ അതിന്റെ സംഗീതനൊട്ടേഷനും തയ്യാറാക്കപ്പെട്ടു.അങ്ങനെ ഒരു ബംഗാളി കവിതയുടെ പരിധിയിൽ ജനിച്ച ഗാനം ക്രമേണ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ കടന്ന് ഇന്ത്യയുടെ ദേശീയബോധത്തിന്റെ ശബ്ദമായി മാറി.


സ്വാതന്ത്ര്യസമരത്തിന്റെ കാലത്തും ‘ജനഗണമന’ യുടെ സ്വാധീനം വിവിധ തലങ്ങളിൽ പ്രകടമായി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയുടെ കാലഘട്ടത്തിലും അതിന്റെ സംഗീതാത്മക പ്രതിധ്വനികൾ കാണാം. ‘ശുഭ് സുഖ് ചൈൻ’ എന്ന രൂപവും അവിടെ പ്രചാരത്തിലുണ്ടായിരുന്നു.


ഒരു കവിയുടെ സൃഷ്ടി എങ്ങനെ ഒരു ജനതയുടെ ആത്മാവായി മാറുന്നു എന്നതിന് ‘ജനഗണമന’യേക്കാൾ മനോഹരമായ മറ്റൊരു ഉദാഹരണം കണ്ടെത്തുക പ്രയാസമാണ്.

‘വന്ദേമാതരം’—ഉണർന്ന ഭാരതത്തിന്റെ ശക്തിമന്ത്രം

‘ജനഗണമന’ ദേശീയഗാനമാകുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവേദികളിൽ ഒരു വാക്ക് ജനഹൃദയങ്ങളെ തീപിടിപ്പിച്ചിരുന്നു......

വന്ദേമാതരം!

ബങ്കിംചന്ദ്ര ചതോപാധ്യായ രചിച്ച ഈ അമരഗാനം പിന്നീട് അദ്ദേഹത്തി ന്റെ വിഖ്യാതമായ ‘ആനന്ദമഠം’ എന്ന നോവലിൽ ഉൾപ്പെടുത്തി. 1882-ലാണ് ‘ആനന്ദമഠം’ പ്രസിദ്ധീകരിച്ചത്. മാതൃഭൂമിയെ അമ്മയായി സങ്കൽപ്പി ച്ച് അവളുടെ മഹത്വത്തെയും ശക്തിയെയും വാഴ്ത്തുന്ന ഈ ഗാനം സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് ഒരു സാഹിത്യസൃഷ്ടി എന്ന പരിധി മറികടന്നു.

അത് ഒരു ആഹ്വാനമായി....ഒരു പ്രതിഷേധമായി....ഒരു ശക്തിമന്ത്രമായി.

ബ്രിട്ടീഷ് ഭരണത്തിനെതിരായ ദേശീയപ്രസ്ഥാനത്തിൽ ‘വന്ദേമാതരം’ ജനങ്ങളെ ഉണർത്തിയ ശക്തമായ പ്രതീകമായി മാറി. തെരുവുകളിലും സമ്മേളനങ്ങളിലും സമരവേദികളിലും അതിന്റെ നാദം മുഴങ്ങി.

1896-ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ‘വന്ദേമാതരം’ ആലപിച്ചതോടെ ദേശീയപ്രസ്ഥാനത്തിന്റെ പൊതുവേദികളിൽ ഗാനത്തിന് പുതിയൊരു ചരിത്രസ്ഥാനം ലഭിച്ചു.

പിന്നീട് ശ്രീ അരവിന്ദ ഘോഷ് ‘വന്ദേമാതര’ത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ആശയലോകത്ത് ഈ ഗാനം കൂടുതൽ വ്യാപകമായി പരിചിതമാകാനും അതുവഴി സാധിച്ചു.


മഹാത്മാഗാന്ധിയുൾപ്പെടെയുള്ള ദേശീയനേതാക്കളുടെ കാലത്ത് ‘വന്ദേമാതരം’ സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ പ്രതീകമായിരുന്നു.

ഒരു തലമുറയുടെ സ്വപ്നവും പ്രതിഷേധവും പ്രതീക്ഷയും അതിൽ ഒരുമിച്ചുചേർന്നിരുന്നു.

1950 ജനുവരി 24—ചരിത്രം രേഖപ്പെടുത്തിയ ദിവസം

1947-ൽ ഇന്ത്യ സ്വതന്ത്രമായി.

എന്നാൽ ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പ്രതീകങ്ങൾക്കും ദേശീയചിഹ്നങ്ങൾക്കും ഔദ്യോഗികരൂപം ലഭിച്ചത് ഭരണഘടനാ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു.

1950 ജനുവരി 24.

ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് രണ്ടു ദിവസം മുമ്പ്.

ഭരണഘടനാ നിർമ്മാണ സഭയിൽ ദേശീയഗാനത്തെ സംബന്ധിച്ച ചരിത്രപ്രധാനമായ തീരുമാനം ഉണ്ടായി.

‘ജനഗണമന’ ഇന്ത്യയുടെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു.

അതോടൊപ്പം, സ്വാതന്ത്ര്യസമരത്തിൽ ചരിത്രപരമായ പങ്കുവഹിച്ച ‘വന്ദേമാതരം’ ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ ആദരവും പദവിയും അർഹിക്കുന്നതാണെന്ന് സഭാധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചു.

അങ്ങനെ ഭാരതത്തിന്റെ ദേശീയജീവിതത്തിൽ രണ്ടു ഗാനങ്ങൾ തങ്ങളുടെ ചരിത്രപരമായ സ്ഥാനങ്ങൾ ഉറപ്പിച്ചു.

‘ജനഗണമന’—ദേശീയഗാനം.

‘വന്ദേമാതരം’—ദേശീയഗീതം.

രണ്ടിനും വ്യത്യസ്തമായ ഔദ്യോഗിക പദവികൾ; എന്നാൽ ദേശത്തിന്റെ ഹൃദയത്തിൽ അവയ്ക്കുള്ള ആദരം അതിരുകളില്ലാത്തത്.52 സെക്കൻഡിൽ ഒരു രാഷ്ട്രത്തിന്റെ ആത്മാവ്

‘ജനഗണമന’ പൂർണ്ണമായി ആലപിക്കാൻ ഏകദേശം 52 സെക്കൻഡ് മാത്രം.

പക്ഷേ ആ 52 സെക്കൻഡിനുള്ളിൽ ഒരു മഹാരാജ്യം മുഴുവൻ ഉണരുന്നു.

മഞ്ഞുമൂടിയ ഹിമാലയം മുതൽ കടൽത്തീരങ്ങളിലേക്ക്...

ഗംഗയുടെ തീരങ്ങളിൽ നിന്ന് തെക്കിന്റെ ദ്രാവിഡഭൂമിയിലേക്ക്...

കിഴക്കിന്റെ ബംഗാളിൽ നിന്ന് പടിഞ്ഞാറിന്റെ ഗുജറാത്തിലേക്ക്...

ഭാഷകളുടെ വൈവിധ്യവും സംസ്കാരങ്ങളുടെ സമ്പന്നതയും ഭൂമിശാസ്ത്രത്തിന്റെ വിസ്തൃതിയും ഒരൊറ്റ സംഗീതധാരയിൽ ലയിക്കുന്നു.

അതുകൊണ്ടുതന്നെ ‘ജനഗണമന’ കേൾക്കുമ്പോൾ നാം ഒരു ഗാനം കേൾക്കുകയല്ല.നമ്മെത്തന്നെയാണ് കേൾക്കുന്നത്.

നമ്മുടെ ഇന്ത്യയെ....നമ്മുടെ വൈവിധ്യത്തെ....നമ്മുടെ ഏകത്വത്തെ.

ദേശം ഒരു ഭൂപടമല്ല; ഒരു വികാരമാണ്

ഇന്ത്യയുടെ ദേശഭക്തിഗാനങ്ങളുടെ ചരിത്രം ‘വന്ദേമാതര’ത്തിലും ‘ജനഗണമന’യിലും അവസാനിക്കുന്നില്ല.

അല്ലാമാ ഇക്ബാലിന്റെ ‘സാരേ ജഹാം സെ അച്ഛാ’ ഇന്നും ഭാരതീയരുടെ മനസ്സിൽ സ്നേഹത്തോടെ നിലനിൽക്കുന്നു.

മലയാളത്തിന്റെ മണ്ണിലും ദേശസ്നേഹത്തിന്റെ അനേകം ഗാനങ്ങൾ തലമുറകളുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്.

വള്ളത്തോൾ നാരായണമേനോന്റെ വരികൾ ഇന്നും നമ്മുടെ ഉള്ളിൽ ദേശാഭിമാനത്തിന്റെ തീ നാളമുയർത്തുന്നു .

“ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണം

അന്തരംഗം; കേരളമെന്ന പേര് കേട്ടാൽ

തിളയ്ക്കണം ചോര ഞരമ്പുകളിൽ.”


അതുപോലെ അംശി നാരായണപിള്ളയുടെ—

“വരിക വരിക സഹജരേ,

കരളുറച്ച് കൈകൾ കോർത്ത്

കാൽനടയ്ക്ക് പോകുകാം...

എന്ന വരികളും കേരളത്തിന്റെ സ്വാതന്ത്ര്യസമരസ്മരണകളിൽ ഇന്നും മുഴങ്ങുന്നു.

ഈ ഗാനങ്ങളുടെയെല്ലാം ഉള്ളടക്കത്തിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം ഒന്നുതന്നെയാണ്—

ദേശസ്നേഹം ഒരു മുദ്രാവാക്യം മാത്രമല്ല.അത് മനുഷ്യന്റെ ഉള്ളിൽ വളരുന്ന ഉത്തരവാദിത്വബോധമാണ്.

രാജ്യത്തെ സ്നേഹിക്കുക എന്നത് അതിന്റെ മണ്ണിനെ മാത്രം സ്നേഹിക്കുക എന്നല്ല; അതിലെ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും അവകാശങ്ങളെയും കണ്ണീരിനെയും പ്രതീക്ഷകളെയും ചേർത്തുപിടിക്കുക എന്നതാണ്.

രണ്ട് ഗാനങ്ങൾ; ഒരേ ഹൃദയമിടിപ്പ്

‘വന്ദേമാതരം’ ഒരു ജനതയെ ഉണർത്തിയ സമരഗീതമായിരുന്നു.

‘ജനഗണമന’ സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ദേശീയഗാനമായി മാറി.ഒന്ന് അടിമത്തത്തിനെതിരെ പോരാടാനുള്ള ആവേശം പകർന്നു.മറ്റൊന്ന് സ്വാതന്ത്ര്യം നേടിയ രാഷ്ട്രത്തിന്റെ ഏകത്വവും പ്രതീക്ഷയും വിളിച്ചോതി.അതിനാൽ ഇവ രണ്ടും പരസ്പരം എതിർത്ത് കാണേണ്ട ഗാനങ്ങളല്ല.

ഇവ ഭാരതത്തിന്റെ ദേശീയബോധത്തിന്റെ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ രണ്ടു ഭാവങ്ങളാണ്.

ഒന്നിൽ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ തീ.

മറ്റൊന്നിൽ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ വെളിച്ചം.

ഒന്നിൽ മാതൃഭൂമിയോടുള്ള വികാരത്തിന്റെ ആവേശം.

മറ്റൊന്നിൽ രാഷ്ട്രത്തിന്റെ വിശാലമായ ഏകത്വത്തിന്റെ സംഗീതം.

ത്രിവർണ്ണം ഉയരുമ്പോൾ...

ത്രിവർണ്ണപതാക ഓരോ വീടിനുമേൽ ഉയരുമ്പോൾ ‘വന്ദേമാതരം’ മുഴങ്ങുന്നത് കേൾക്കാം.

അപ്പോൾ ഓർമിക്കേണ്ടത് സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ തലമുറകളെയാണ്.

‘ജനഗണമന’ മുഴങ്ങുമ്പോൾ നാം ഓർക്കേണ്ടത് ആ സ്വാതന്ത്ര്യത്തെ ജനാധിപത്യ റിപ്പബ്ലിക്കായി സംരക്ഷിക്കേണ്ട നമ്മുടെ ഉത്തരവാദിത്വ ത്തെയാണ്.അതുകൊണ്ടുതന്നെ ദേശീയഗാനവും ദേശീയഗീതവും കേൾക്കുമ്പോൾ നാം എഴുന്നേറ്റുനിൽക്കുന്നത് ഒരു ചടങ്ങിന്റെ ഭാഗമായി മാത്രമല്ല.


ഒരു ചരിത്രത്തിന് മുന്നിലാണ് നാം എഴുന്നേറ്റുനിൽക്കുന്നത്.ഒരു ജനതയുടെ ത്യാഗങ്ങൾക്ക് മുന്നിലാണ് നാം തലകുനിക്കുന്നത്.ഒരു രാജ്യത്തിന്റെ ഭാവിയോടുള്ള നമ്മുടെ പ്രതിജ്ഞയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.


ത്രിവർണ്ണം ഓരോ വീടിനുമേൽ ഉയരട്ടെ.

‘വന്ദേമാതരം’ ഓരോ ഹൃദയത്തിലും മുഴങ്ങട്ടെ.

‘ജനഗണമന’ ഓരോ ഭാരതീയന്റെയും മനസ്സിൽ ഏകത്വത്തിന്റെ സംഗീതമായി നിലനിൽക്കട്ടെ.

ഭാരതം വെറുമൊരു ഭൂപ്രദേശം മാത്രമല്ല.അത് തലമുറകളുടെ ത്യാഗവും സ്വപ്നവും കണ്ണീരും പ്രതീക്ഷയും ചേർന്നുണ്ടായ ഒരു മഹത്തായ വികാരമാണ്.ആ വികാരത്തിന് മുന്നിൽ,വന്ദേമാതരം.ആ ഏകത്വത്തിന്റെ സംഗീതത്തിന് മുന്നിൽ....

ജനഗണമന.ഇരുവും ചേർന്നാണ് ഭാരതത്തിന്റെ ഹൃദയം മിടിക്കുന്നത്

thirang
f9d9632b_895187_9
mo
mannan-palamruth
malini-kurupp-palamruth
jpg-mannan
manna-new
ayur-mantra
MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും വന്ദേമാതരം തർക്കവിഷയമാക്കരുത്: ഡോ. കെ.കെ.എൻ. കുറുപ്പ്
കാഴ്ച്ചയും കാഴ്ച്ചപ്പാടും ചിരി ഹെല്പ്ലൈനിലേക്ക് വിളിക്കാം - 9497900200
N
NIS
N
ayur