കലിയടങ്ങാതെ കോരിക്കുത്തിപ്പെയ്യുന്ന പെരുമഴ. വെള്ളത്തിൽ മുങ്ങിയ വഴികൾ. എന്നിട്ടും ചോമ്പാലയിൽ റോഡരികിൽ സമരപ്പന്തലുകൾ ഉയരുകയാണ്. മഴയെക്കാൾ ശക്തമായ ഒരു പ്രതിഷേധമാണ് അവിടെ മുഴങ്ങുന്നത്. വികസനത്തിന്റെ പേരിൽ അവഗണിക്കപ്പെട്ട ജനങ്ങളുടെ നിശ്ശബ്ദമായ നിലവിളിയാണ് ആ സമരപ്പന്തലുകൾ.
മീത്തലെ മുക്കാളിയിൽ അണ്ടർപാസിനായുള്ള ജനകീയ സമരം മാസങ്ങ ളായി തുടരുകയാണ്.
ഇപ്പോഴിതാ ചോമ്പാൽ മിനി സ്റ്റേഡിയത്തിന് സമീപവും മറ്റൊരു സമരപ്പന്തൽ ഉയർന്നിരിക്കുന്നു.
ഇന്നലെ തകർത്തുപെയ്ത പെരുമഴയിലും സമരം ഒട്ടും ശിഥിലമായില്ല. മറിച്ച് സമരപ്പന്തലിന് ഉൾക്കൊള്ളാനാകാത്തത്ര ജനപങ്കാളിത്തമാണ് അവിടെ കണ്ടത്. പ്രതിഷേധക്കാർ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുറ്റത്തേക്കുപോലും നിറഞ്ഞുനിന്ന കാഴ്ച, ഇത് ഏതാനും പേരുടെ പ്രതിഷേധമല്ലെന്നും ഒരു നാടിന്റെ ആവശ്യമാണ് ഉയരുന്നതെന്നും വ്യക്തമാക്കുന്നു.
സമരത്തിന്റെ ആവശ്യം ലളിതമാണ്—ദേശീയപാതയിൽ ചോമ്പാലിൽ ഒരു കേറ്റിൽ അണ്ടർപാസ് (Cattle Underpass – CUP) അനുവദിക്കണം.
ചിലർക്ക് ഇത് ചെറിയൊരു സാങ്കേതിക ആവശ്യമായി തോന്നിയേക്കാം. എന്നാൽ ഗ്രാമജീവിതത്തെ അടുത്തറിയുന്നവർക്ക് ഇത് ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണ്.
അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങി നിരവധി പ്രദേശങ്ങളിൽ നിന്നുള്ള കർഷകരും ക്ഷീരോൽപാദകരും കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള സർക്കാർ മൃഗാശുപത്രിയിലേക്കാണ് വർഷങ്ങളായി എത്തിക്കുന്നത്. ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ആശുപത്രിയിലേക്കും ചോമ്പാൽ മിനി സ്റ്റേഡിയത്തിലേക്കുമുള്ള നിലവിലെ സഞ്ചാരപാത ഇല്ലാതാകുമെന്ന ആശങ്ക യാഥാർഥ്യമാണ്. അതിന് പ്രായോഗികവും സുരക്ഷിതവുമായ പരിഹാരമായി ആവശ്യപ്പെടുന്നത് കേറ്റിൽ അണ്ടർപാസ് മാത്രമാണ്.
കേറ്റിൽ അണ്ടർപാസ് എന്നത് വെറും ഒരു തുരങ്കപാതയല്ല. ദേശീയപാതകളിലൂടെ വളർത്തുമൃഗങ്ങളും അവയെ അനുഗമിക്കുന്ന മനുഷ്യരും സുരക്ഷിതമായി കടന്നുപോകാൻ ദേശീയപാത അതോറിറ്റി രൂപകൽപന ചെയ്ത സംവിധാനമാണത്. സാധാരണയായി നാല് മുതൽ നാലര മീറ്റർ വരെ വീതിയും രണ്ടര മുതൽ മൂന്ന് മീറ്റർ വരെ ഉയരവുമുള്ള ഈ അടിപ്പാതകൾ അതിവേഗ വാഹനങ്ങൾക്കിടയിൽ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് നിർമ്മിക്കുന്നത്. പല സ്ഥലങ്ങളിലും കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഇതിലൂടെ കടന്നുപോകാനാകും.
ഇവിടെ ഉയരുന്ന ചോദ്യം വികസനത്തിനെതിരെയല്ല. വികസനം മനുഷ്യനെ ഉൾക്കൊള്ളുന്നുണ്ടോ എന്നതാണ്.
ദേശീയപാത വികസിപ്പിക്കണം. യാത്രാസൗകര്യങ്ങൾ മെച്ചപ്പെടണം. അതിൽ ആർക്കും തർക്കമില്ല. എന്നാൽ അതിന്റെ പേരിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഒരു സർക്കാർ മൃഗാശുപത്രിയിലേക്കുള്ള സുരക്ഷിതമായ പ്രവേശനം ഇല്ലാതാക്കുന്നത് വികസനമെന്ന പേരിൽ നീതിയെ തന്നെ അവഗണിക്കുന്നതല്ലേ?
ഒരു വ്യക്തിപരമായ ഓർമ്മ ഇവിടെ പങ്കുവയ്ക്കാതെ വയ്യ.
ഏകദേശം എഴുപത് വർഷം മുമ്പ് ഞങ്ങളുടെ വീട്ടിലെ പശുവിനെ കാളയോട് ചേർക്കാനായി കല്ലാമലയിലെ ചെക്കൂട്ടി എന്നവരുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയ സംഭവമാണ് ഇന്നും മനസ്സിലുള്ളത്. മുന്നിൽ കയ്യിൽ പശുവിൻറെ കയറുമായി പിലാലാണ്ടി കേളപ്പേട്ടൻ എന്നൊരാളും പിന്നിൽ ഞാനും. തീവണ്ടിച്ചാലിലൂടെ നടക്കുമ്പോഴാണ് ട്രെയിൻ പാഞ്ഞെത്തിയത്.റെയിൽവേ ചാലിലേക്ക് വീണുരുണ്ട് . ഇന്നും ആ കാഴ്ച മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
എന്തുകൊണ്ടാണ് ഈ ഓർമ്മ ഇന്ന് വീണ്ടും മനസ്സിലെത്തുന്നത്?
അതിവേഗ ദേശീയപാതയുടെ അരികിലൂടെ വളർത്തുമൃഗങ്ങളുമായി മൃഗാശുപത്രിയിലേക്ക് പോകേണ്ടിവരുന്ന കർഷകരുടെ അവസ്ഥ അതിൽനിന്ന് വ്യത്യസ്തമായിരിക്കുമോ? വാഹനങ്ങളുടെ അതിവേഗവും ഹോണുകളുടെ ശബ്ദവും കണ്ട് നിയന്ത്രണം വിട്ട് കുതിക്കുന്ന മൃഗങ്ങൾ എത്ര അപകടങ്ങൾക്ക് കാരണമാകും? ആ അപകടത്തിന്റെ ഉത്തരവാദി Nത്തം ആരാണ് ഏറ്റെടുക്കുക?
അപകടം സംഭവിച്ചതിനുശേഷം നഷ്ടപരിഹാരം നൽകുന്നതിനേക്കാൾ അപകടം ഒഴിവാക്കുന്ന അടിസ്ഥാനസൗകര്യം ഒരുക്കുന്നതല്ലേ നല്ല ഭരണ ത്തിന്റെ അടയാളം?
സർക്കാർ നാടൻ പശുപാലനവും ക്ഷീരോൽപാദനവും പ്രോത്സാഹി പ്പിക്കണമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്നു. എന്നാൽ മൃഗങ്ങളെ ചികിത്സയ്ക്കായി സുരക്ഷിതമായി കൊണ്ടുപോകാനുള്ള വഴിപോലും ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചാൽ ആ പ്രഖ്യാപനങ്ങൾക്ക് എന്ത് പ്രസക്തി യാണുള്ളത്?
"വൈകിപ്പോയി" എന്ന ഒറ്റവാക്കിൽ ഈ ആവശ്യത്തെ തള്ളിക്കളയാനാകുമോ?
പനി ബാധിച്ച ഒരാൾ സമയത്ത് ചികിത്സ ലഭിക്കാതെ ഗുരുതരാവസ്ഥയി ലെത്തിയാൽ, ആശുപത്രി "വൈകിപ്പോയി" എന്ന് പറഞ്ഞ് ചികിത്സ നിഷേധിക്കുമോ?
ജനങ്ങളുടെ ആവശ്യങ്ങളും അതുപോലെയാണ്. സമയത്ത് കേൾക്കു കയും പരിഹരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.
ഈ ജനകീയ ആവശ്യത്തിന് കൂടുതൽ കരുത്തേകുന്നതാണ് സമരപ്പന്ത ലിന് ലഭിച്ച വിപുലമായ പിന്തുണ. ചോമ്പാൽ മിനി സ്റ്റേഡിയത്തിന് സമീപം ആരംഭിച്ച സമരപ്പന്തൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ദേശീയപാത വികസനം ജനങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാ ഴ്ത്തുന്ന രീതിയിലാകരുതെന്നും, കർഷകരുടെയും പൊതുജനങ്ങളു ടെയും ന്യായമായ ആവശ്യമായ കേറ്റിൽ അണ്ടർപാസ് അനുവദിക്കാൻ ദേശീയപാത അതോറിറ്റി അടിയന്തരമായി തയ്യാറാകണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു.
ജനകീയ പ്രക്ഷോഭ സമിതി ചെയർമാൻ വി. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വി. കെ. അനിൽകുമാർ, കെ. കെ. ജയചന്ദ്രൻ, പി. ബാബുരാജ്, കെ. പി. ജയകുമാർ, എം. പി. ബാബു, എ. ടി. മഹേഷ് ,പ്രദീപ് ചോമ്പാല, യു. എ. റഹീം, മാട്ടാണ്ടി ബാലൻ, , സജീവൻ വാണിയംകുളം, വി. എൻ. ശ്രീകല, സുജിത്ത് പുതിയോട്ടിൽ, കവിത അനിൽകുമാർ, കെ. എ. സുരേന്ദ്രൻ, വി. പി. പ്രകാശൻ, ടി. ടി. പത്മനാഭൻ, ടി. ടി. രജനി, കെ. പി. വിജയൻ, ടി. സി. രാമചന്ദ്രൻ, അജയ് മാളിയേക്കൽ, സി. സുഗതൻ, പുരുഷു രാമത്ത് എന്നിവർ സംസാരിച്ചു.
ഈ ജനപങ്കാളിത്തം ഒരു കാര്യം വ്യക്തമാക്കുന്നു. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ സമരമല്ല. ഒരു നാടിന്റെ ആവശ്യമാണ്. കർഷകരുടെയും ക്ഷീരോൽപാദകരുടെയും സാധാരണ ജനങ്ങളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഗൗരവതാരമായ വിഷയമാണ്.
ദേശീയപാതയുടെ വേഗതയും നാട്ടുകാരുടെ സുരക്ഷയും ഒരുപോലെ സംരക്ഷിക്കാൻ കഴിയുന്ന ഏറ്റവും ലളിതവും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാണ് കേറ്റിൽ അണ്ടർപാസ്. അതിനെ ഇനിയും അവഗണിക്കുന്നത് ഭരണകൂടത്തിന്റെ വികസനകാഴ്ചപ്പാടിനെയാണ് ചോദ്യം ചെയ്യുന്നത്.
പെരുമഴയിൽ നനയുന്നത് സമരപ്പന്തൽ മാത്രമല്ല; ഒരു നാടിന്റെ പ്രതീക്ഷകളാണ്.
ആ പ്രതീക്ഷകളെ ഇനിയും മഴയിൽ നനയാൻ വിടരുത്. ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട ഭരണകൂടവും ജനങ്ങളുടെ ശബ്ദം കേൾക്കണം. ചോമ്പാലിലെ കേറ്റിൽ അണ്ടർപാസിനുള്ള ജനകീയ ആവശ്യം അടിയന്തരമായി അംഗീകരിക്കണം.
കാരണം, യഥാർഥ വികസനം റോഡുകൾ മാത്രം നിർമ്മിക്കുന്നതിലല്ല; ആ റോഡുകളുടെ ഇരുവശത്തും ജീവിക്കുന്ന മനുഷ്യരെയും അവരുടെ ജീവിതോപാധി കളെയും സുരക്ഷിതമായി മുന്നോട്ടുകൊണ്ടു പോകുന്ന തിലാണ്.
: ദിവാകരൻ ചോമ്പാല
ചിത്രം:ഫയൽ കോപ്പി
സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വിവിധ മേഖലകളിലെ
പ്രമുഖ പാരമ്പര്യ വൈദ്യരുടെ സേവനം
വടകര: ഭജനമഠത്തിന് സമീപം കരിമ്പനപ്പാലത്ത് പ്രവർത്തിക്കുന്ന സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രം വിവിധ രോഗങ്ങൾക്ക് പാരമ്പര്യ ആയുർവേദ, നാട്ടുവൈദ്യം, മർമ്മചികിത്സ, സിദ്ധചികിത്സ, ആദിവാസി ചികിത്സ തുടങ്ങിയ മേഖലകളിലെ പ്രമുഖ വൈദ്യരുടെ സേവനം രോഗികൾക്ക് ലഭ്യമാക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്രത്തിന്റെ ആസ്ഥാന ഗുരുനാഥനായി പ്രവർത്തിക്കുന്ന ഗോപാലൻ വൈദ്യർ (മുടപ്പിലാവിൽ, വടകര) ഹൃദ്രോഗം, വെരിക്കോസ് വെയിൻ, സോറിയാസിസ്, പൈൽസ്, വന്ധ്യത, കുട്ടികളുടെ രോഗങ്ങൾ, വാതരോഗങ്ങൾ, കേൾവിക്കുറവ്, പഴക്കമുള്ള ഊരവേദന, നടുവേദന, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, കൈകാൽ തരിപ്പ്, മുടികൊഴിച്ചിൽ, സ്ത്രീജന്യ രോഗങ്ങൾ, ഹെർണിയ, വയർ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് ആയുർവേദ പാരമ്പര്യ ചികിത്സ നൽകിവരുന്നതായി കേന്ദ്രം അറിയിച്ചു.
എ.കെ. പ്രകാശൻ ഗുരുക്കൾ (മർമ്മാശ്രമം, കല്ലുംതാഴം, കൊല്ലം) എല്ലാ ഒന്നിടവിട്ട മാസങ്ങളിലെയും രണ്ടാം ശനിയും ഞായറും രാവിലെ 10 മണി മുതൽ ഔഷധരഹിത മർമ്മചികിത്സ നടത്തും. തട്ടിയും തടവിയും നടത്തുന്ന മർമ്മചികിത്സയിലൂടെ വിവിധ സന്ധിവേദനകൾക്ക് ചികിത്സ ലഭ്യമാക്കുന്നതാണ്.
കെ. തങ്കച്ചൻ വൈദ്യർ (മാലോം, കാസർഗോഡ്) എല്ലാ ബുധനാഴ്ചയും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സേവനം ലഭ്യമാകും. കാൻസർ, അലർജി, കിഡ്നി സ്റ്റോൺ, ലിവർ സിറോസിസ്, മൂത്രക്കല്ല്, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങൾക്ക് പരമ്പരാഗത നാട്ടുവൈദ്യം നൽകുന്നു. കേന്ദ്രത്തിന്റെ വിശദീകരണപ്രകാരം, മറ്റ് ചികിത്സകൾ ഫലപ്രദമാകാതെ പാലിയേറ്റീവ് പരിചരണത്തിലേക്ക് നിർദേശിക്കപ്പെട്ട ചില രോഗികൾക്കും ആശ്വാസം ലഭിച്ചതായി അനുഭവങ്ങൾ ഉണ്ടെന്നും അധികൃതർ അവകാശപ്പെട്ടു.
എം.ഐ. മാത്യൂസ് വൈദ്യർ (മണ്ണാർക്കാട്, പാലക്കാട്) എല്ലാ മാസവും രണ്ടാം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആദിവാസി പാരമ്പര്യ ചികിത്സ നടത്തും. ഓട്ടിസം, സെറിബ്രൽ പാൾസി, മൈക്രോസെഫലി, ഡൗൺ സിൻഡ്രോം, ഹൈഡ്രോസെഫാലസ്, ഹൈപ്പർ ആക്ടിവിറ്റി, മസ്കുലർ ഡിസ്ട്രോഫി തുടങ്ങിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ രോഗങ്ങൾക്കാണ് ചികിത്സ. പ്രായം കുറഞ്ഞപ്പോൾ ചികിത്സ ആരംഭിക്കുന്നത് ഗുണകരമാണെന്നും കേന്ദ്രം അറിയിച്ചു.
എം.വി. ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി, മലപ്പുറം) എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ ലിവർ സിറോസിസ്, പാർക്കിൻസൺസ്, പഴക്കമുള്ള നടുവേദന, പ്രമേഹം, അപസ്മാരം, തളർവാതം, ആസ്ത്മ, അലർജി, തലവേദന, കിഡ്നി സ്റ്റോൺ തുടങ്ങിയ രോഗങ്ങൾക്ക് സ്വന്തമായി തയ്യാറാക്കുന്ന ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നു.
വൈദ്യൻ എം. അബ്ദുള്ള (ഹിമാലയ ഫാർമസി, തലശ്ശേരി) എല്ലാ മാസവും ഒന്നാം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വാത–പിത്ത–കഫ സംബന്ധമായ രോഗങ്ങൾ ഉൾപ്പെടെ വിവിധ അസുഖങ്ങൾക്ക് പാരമ്പര്യ ചികിത്സ നടത്തും.
വൈദ്യൻ എ. നടരാജ സാമി (കോയമ്പത്തൂർ) മാസാദ്യത്തിലെ ഞായർ, തിങ്കൾ ദിവസങ്ങളിൽ ആസ്ത്മ, പൈൽസ്, ത്വക്ക് രോഗങ്ങൾ, അൾസർ, പ്രമേഹം, രക്തസമ്മർദ്ദം, നേത്രരോഗങ്ങൾ, സ്ത്രീകളുടെ ചില രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ നൽകുന്നു.
പി.പി. ധനരാജ് ഗുരുക്കൾ (പാപ്പിനിശ്ശേരി, കണ്ണൂർ) എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മണിക്ക് കളരി മർമ്മചികിത്സ നടത്തും. സന്ധിവേദന, നടുവേദന, ഉളുക്ക്, ചതവ്, നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കാണ് സേവനം.
മടിക്കൈ കുമാരൻ വൈദ്യർ വാത–പിത്ത–കഫ രോഗങ്ങൾ, സ്ത്രീജന്യ രോഗങ്ങൾ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സ്വന്തമായി നിർമ്മിക്കുന്ന ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ നൽകുന്നു.
ഷമീർ വൈദ്യർ & സുഹറാബി വൈദ്യർ (പന്നിയങ്കര, കോഴിക്കോട്) എല്ലാ ശനിയാഴ്ചയും പൈൽസ്, ഫിസ്റ്റുല, ഫിഷർ, അർശസ് തുടങ്ങിയ മൂലവ്യാധികൾക്ക് പാരമ്പര്യ ചികിത്സ നടത്തുന്നു.
ബീന ടി.കെ. ചന്ദ്രോത്ത് (മുക്കാളി, വടകര) എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണിക്ക് മൈഗ്രെയ്ൻ തലവേദനയ്ക്കുള്ള പാരമ്പര്യ ചികിത്സ നൽകുന്നു.
എസ്. ശുകൻ വൈദ്യർ (കോട്ടയംപൊയിൽ, കൂത്തുപറമ്പ്) എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ കാലിലെ ആണി, അരിമ്പാറ, തുമ്മൽ അലർജി, മൂക്കിലെ ദശവളർച്ച, ത്വക്ക് രോഗങ്ങൾ, പൈൽസ് തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ ലഭ്യമാക്കും.
ഡോ. അസിം ഹാഫിസ് (BAMS, DAHC, BAT – ഹിമാലയ ഫാർമസി, തലശ്ശേരി) എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മണിക്ക് ആയുർവേദം, നാട്ടുവൈദ്യം, അക്യുപ്രഷർ, ബോൺ സെറ്റിംഗ്, ഹിജാമ, സുജോക്ക്, മർമ്മചികിത്സ എന്നിവ സംയോജിപ്പിച്ച ചികിത്സാ സേവനം നൽകും. ശ്വാസകോശ രോഗങ്ങൾ, വാതരോഗങ്ങൾ, അർശസ്, നടുവേദന, മുട്ടുവേദന, കൈകാൽ തരിപ്പ് തുടങ്ങിയവയ്ക്ക് ചികിത്സ ലഭിക്കും.
വൈദ്യ പുഷ്പ കാനാട് (ബെംഗളൂരു) എല്ലാ മാസവും അവസാന ഞായറാഴ്ച ഒറ്റമൂലി, മുദ്രചികിത്സ, പാരമ്പര്യ ചികിത്സ എന്നിവയിലൂടെ നേത്രരോഗങ്ങൾ, വായ്പ്പുണ്ണ്, സ്ത്രീജന്യ രോഗങ്ങൾ, മൂത്രസംബന്ധമായ അസുഖങ്ങൾ, പ്രമേഹ നിയന്ത്രണം, വെരിക്കോസ് വ്രണങ്ങൾ, അമിതഭാരം കുറയ്ക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
ഇ. പത്രോസ് വൈദ്യർ (ഒളവട്ടൂർ, കൊണ്ടോട്ടി) എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ പക്ഷാഘാതം, സന്ധിവേദന, ആമവാതം, അപസ്മാരം, സ്ത്രീജന്യ രോഗങ്ങൾ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ നടത്തുന്നു.
കെ.എം. രാജമ്മ വൈദ്യർ (മാടത്തിൽ, ഇരിട്ടി) എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ മഞ്ഞപ്പിത്തത്തിന് പാരമ്പര്യ പച്ചമരുന്ന് ചികിത്സ നൽകുന്നു.
ഷേർലി ശുകൻ (കോട്ടയംപൊയിൽ, കൂത്തുപറമ്പ്) രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മെഡിറ്റേഷൻ പ്രോഗ്രാം, മൈൻഡ് പവർ പരിശീലനം എന്നിവ നയിക്കും.
കേന്ദ്രത്തിന്റെ ഡയറക്ടർമാരായ ഡോ. പി.കെ. സുബ്രണ്യൻ (D.A.M.), അസിസ്റ്റന്റ് ഡയറക്ടർ ഡോ. അശ്വതി രാജ് (BAMS) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. മഹാത്മാ ദേശസേവാ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്, വടകരയുടെ ആഭിമുഖ്യത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
അന്വേഷണങ്ങൾക്ക്: 9539157337.
കൊച്ചിയില്‍ നിന്നും കെ2കെ യാത്രയ്ക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ തുടക്കം കുറിച്ചു
കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 'ഷോറൂം ഓണ്‍ വീല്‍സ്' ആശയവുമായി രാജ്യവ്യാപക പര്യവേക്ഷണത്തിന് തുടക്കം; ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അരികിലേക്ക് സ്‌കോഡ
കൊച്ചി: സ്‌കോഡയുടെ രാജ്യവ്യാപക ഉപഭോക്തൃസമ്പര്‍ക്ക പരിപാടിയായ കെ2കെ യാത്ര കൊച്ചിയില്‍നിന്നും യാത്ര തിരിച്ചു. ലോകോത്തര മൊബിലിറ്റി അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ ഷോറൂം ഓണ്‍ വീല്‍സ് എന്ന ആശയവുമായി യാത്ര ചെയ്യുന്നു.
പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഷോറൂം വഴി സ്‌കോഡ ബ്രാന്‍ഡിനേയും അതിന്റെ ഉല്‍പ്പന്നങ്ങളേയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നു.
13 രാജ്യങ്ങളിലായി 19,351 കിലോമീറ്ററുകള്‍ പിന്നിട്ട ചരിത്രപ്രധാനമായ 'കെയ്ലാക് പി2പി പര്യവേക്ഷണത്തിന്റെ' (പൂനെ-പ്രോഗ്) വന്‍ വിജയത്തിന് പിന്നാലെയാണ് കെ2കെ യാത്ര വരുന്നത്. ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ കരുത്ത് വിളിച്ചോതുന്നതിനൊപ്പം, ആഗോളതലത്തില്‍ സ്‌കോഡ കെയ്ലാകിന്റെ ശേഷി, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ എന്നിവയും ഈ പര്യവേക്ഷണം തെളിയിച്ചിരുന്നു.
''ഉപഭോക്താക്കളിലേക്ക് സ്‌കോഡയുടെ അനുഭവം കൂടുതല്‍ അടുപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കെ2കെ യാത്ര പ്രതിഫലിപ്പിക്കുന്നത്. പൂനെ-പ്രോഗ് പര്യവേക്ഷണത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യവും ബ്രാന്‍ഡ് മൂല്യങ്ങളും ഇന്ത്യയിലെ വിവിധ സമൂഹങ്ങളിലേക്ക് ഈ സംരംഭം നേരിട്ട് എത്തിക്കുന്നു. ഐശ്വര്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ ഓണാഘോഷ വേളയില്‍ കൊച്ചിയില്‍ നിന്ന് ഈ യാത്ര ആരംഭിക്കുന്നത് ഇതിന് കൂടുതല്‍ പ്രത്യേകത നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് അര്‍ത്ഥവത്തായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം സ്‌കോഡയുടെ ഗുണനിലവാരവും സുരക്ഷയും മൂല്യവും നേരിട്ട് അനുഭവവേദ്യമാക്കാന്‍ ഇത് സഹായിക്കും,'' ഈ പ്രഖ്യാപനത്തെക്കുറിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വ്യക്തമാക്കി.
'ഷോറൂം ഓണ്‍ വീല്‍സ്' എന്ന പയനിയറിംഗ് ആശയത്തിലൂടെയാണ് കെ2കെ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ലോകോത്തര എഞ്ചിനീയറിംഗ്, മികച്ച സുരക്ഷ, ഉയര്‍ന്ന ഗുണനിലവാരം, ആകര്‍ഷകമായ മൂല്യനിര്‍ദ്ദേശം എന്നിവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌കോഡയുടെ ശ്രേണിയെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണക്കാലത്ത് കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത ഈ യാത്ര, ജനങ്ങളുമായി സംവദിക്കുന്നതിനും അവിസ്മരണീയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉചിതമായ വേദിയാകുന്നു. ഉത്സവകാലത്തിന്റെ മാറ്റ് കൂട്ടുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കൃത്യവും ആത്മവിശ്വാസത്തോടെയും വാഹനം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന അനുഭവങ്ങളും കെ2കെ യാത്ര പ്രദാനം ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്‌പോട്ട് വെഹിക്കിള്‍ ഡെലിവറികളും സ്‌കോഡ ഓട്ടോ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. ഇത് ഉത്സവവേളയില്‍ ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത ഉടമസ്ഥാവകാശ അനുഭവങ്ങള്‍ സമ്മാനിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരപ്രദേശങ്ങളിലൂടെയാകും വരും ആഴ്ചകളില്‍ കെ2കെ യാത്ര കടന്നുപോകുക. പ്രാദേശിക സമൂഹങ്ങളുമായി സംവദിച്ചും വിവിധ ഉത്സവങ്ങളില്‍ പങ്കെടുത്തും കമ്പനിയുടെ വിപുലമായ ഡീലര്‍ നെറ്റ്വര്‍ക്ക് വഴിയാകും ഈ മുന്നേറ്റം. ഇന്ത്യയുടെ വൈവിധ്യവും സംസ്‌കാരവും ആഘോഷിക്കുന്ന ഈ പര്യവേക്ഷണം ദുര്‍ഗ്ഗാ പൂജയുടെ വര്‍ണാഭമായ ആഘോഷങ്ങളോടെ കൊല്‍ക്കത്തയില്‍ സമാപിക്കും.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊണ്ട് ബ്രാന്‍ഡ് അനുഭവം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിലൂടെ തന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം കൂടുതല്‍ ശക്തമാക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ. ലോകോത്തര എഞ്ചിനീയറിംഗ്, സുരക്ഷ, ഗുണനിലവാരം, മൂല്യം എന്നിവ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് സ്‌കോഡയെ കൂടുതല്‍ അടുപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ യാത്രയിലൂടെ കമ്പനി വീണ്ടും ഉറപ്പുവരുത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































