വാൾത്തളത്തിളക്കമുള്ള ചോമ്പാലയുടെ പെൺകരുത്ത്

വാൾത്തളത്തിളക്കമുള്ള ചോമ്പാലയുടെ പെൺകരുത്ത്
വാൾത്തളത്തിളക്കമുള്ള ചോമ്പാലയുടെ പെൺകരുത്ത്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Aug 03, 12:46 PM
kareem
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കുറിച്ചിക്കര പാർവ്വതി അമ്മ –

ചോമ്പാലയുടെ യഥാർത്ഥ ഉണ്ണിയാർച്ച

:ദിവാകരൻ ചോമ്പാല


ചരിത്രം എല്ലായ്പ്പോഴും രാജാക്കന്മാരെയും യുദ്ധങ്ങളെയും മാത്രം രേഖപ്പെടുത്തുന്നില്ല. ചിലപ്പോൾ ഒരു സാധാരണ ഗ്രാമത്തിലെ ഒരു സാധാരണ മനുഷ്യന്റെ ജീവിതവും ഒരു നാടിന്റെ ചരിത്രമായി മാറും. അത്തരം മനുഷ്യരെ കണ്ടെത്താൻ ചരിത്രഗ്രന്ഥങ്ങൾ മാത്രം പോരാ; ജനങ്ങളുടെ ഓർമ്മകളിലേക്കും പഴയ വീടുകളുടെ ഉമ്മറങ്ങളിലേക്കും മറന്നുപോയ കഥകളിലേക്കും ഇറങ്ങിച്ചെല്ലണം.

ചോമ്പാലയുടെ ചരിത്രവും അങ്ങനെയാണ്.


അവിടെ കടൽ തിരമാലകൾ മാത്രം കഥ പറയുന്നില്ല. വയലുകൾക്കും തോടുകൾക്കും ഇടവഴികൾക്കും പഴയ തറവാടുകൾക്കും പറയാനുണ്ട് അനേകം കഥകൾ. ഓരോ കഥയ്ക്കും പിന്നിൽ ഒരു മനുഷ്യജീവിതമുണ്ട്. ആ ജീവിതങ്ങളാണ് ഒരു നാടിന്റെ യഥാർത്ഥ സമ്പത്ത്.


അങ്ങനെയുള്ള ഓർമ്മകളുടെ ചുരുളഴിച്ചപ്പോൾ വീണ്ടും വീണ്ടും മുന്നിലേക്ക് വന്ന ഒരു പേരാണ് കുറിച്ചിക്കര പാർവ്വതി അമ്മ.

ഇന്നത്തെ തലമുറയിൽ പലർക്കും ആ പേര് പരിചിതമായിരിക്കില്ല. എന്നാൽ അറുപതും എഴുപതും വർഷങ്ങൾക്ക് മുമ്പ് കടത്തനാടിന്റെ കളരിപ്പാരമ്പര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നവർക്ക് അത് അപരിചിതമായിരുന്നില്ല. വാൾപ്പയറ്റിലും ഉറുമിച്ചുഴറ്റലിലും അതുല്യമായ മികവ് നേടിയ ഒരു പെൺകരുത്തായി അവർ അറിയപ്പെട്ടിരുന്നു. ചോമ്പാലയുടെ അതിരുകൾക്കപ്പുറവും അവരുടെ പേര് ആദരവോടെ ഉച്ചരിക്കപ്പെട്ടിരുന്നു.വിധിയുടെ വിചിത്രത നോക്കൂ...

ഒരു ദിവസം മലയാള സിനിമയിലെ ഏറ്റവും പ്രശസ്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായ ഉണ്ണിയാർച്ചയുയുടെ ബാല്യകാല വേഷമിട്ടഭിനയിയ്ക്കാൻ (രാഗിണിയുടെ ബാല്യകാലം )തേടി സിനിമാസംഘം ചോമ്പാലയിലെത്തി.അവർ അന്വേഷിച്ചത് കളരി മുറകളറിയാവുന്നു ഒരു കുഞ്ഞു അഭിനേത്രിയെയായിരുന്നു.പക്ഷേ അവർ കണ്ടെത്തിയത് അഭിനയിക്കേണ്ട ആവശ്യമില്ലാത്ത ഒരു യഥാർത്ഥ ഉണ്ണിയാർച്ചയെയായിരുന്നു.വെള്ളിത്തിരയിൽ തെളിയാതെ പോയ താരപ്രഭ

1960-കളുടെ തുടക്കം.മലയാള സിനിമ പുതിയ വഴികൾ തേടിക്കൊണ്ടിരുന്ന കാലം.


വടക്കൻപാട്ടുകളുടെ വീരഗാഥകൾ വെള്ളിത്തിരയിലെത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു എക്സൽ പ്രൊഡക്ഷൻസ്. സംവിധായകൻ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ ഉണ്ണിയാർച്ചയുടെ ചിത്രീകരണം ലോകനാർകാവിലും സമീപപ്രദേശങ്ങളിലുമായി പുരോഗമിക്കുകയായിരുന്നു.

യഥാർത്ഥ കളരിപ്പയറ്റ് രംഗങ്ങൾക്ക് ജീവൻ പകരാൻ സിനിമാസംഘം കടത്തനാടിന്റെ പ്രശസ്ത ഗുരുക്കന്മാരെ അന്വേഷിച്ചിറങ്ങി.

ആ അന്വേഷണം ഒടുവിൽ ചോമ്പാലയിലെ കുറിച്ചിക്കര തറവാട്ടിലെത്തി.

ചോയി ഗുരുക്കളുടെ വീടായിരുന്നു അവരുടെ ലക്ഷ്യം.എന്നാൽ അവർ തേടിയെത്തിയത് ഗുരുവിനെ അല്ല.

അദ്ദേഹത്തിന്റെ സഹോദരിയെ.കുറിച്ചിക്കര പാർവ്വതി.

അക്കാലത്ത് കടത്തനാട്ടിലെ കളരികളിൽ പാർവ്വതി എന്ന പേര് ആദരവോടെയാണ് ഉച്ചരിക്കപ്പെട്ടിരുന്നത്.

വാൾ കൈയിലെടുത്താൽ മിന്നൽവേഗം.ഉറുമി ചുഴറ്റുമ്പോൾ ചുഴലിക്കാറ്റിന്റെ ചലനം.

പരിച കൈകാര്യം ചെയ്യുമ്പോൾ അത്ഭുതപ്പെടുത്തുന്ന കൃത്യത.സ്ത്രീകളുടെ കളരിപ്പരിശീലനം അപൂർവമായിരുന്ന കാലത്ത്, പുരുഷ അഭ്യാസികൾക്കൊപ്പം നിന്നുകൊണ്ട് തന്റെ കഴിവ് തെളിയിച്ച പെൺകുട്ടിയായിരുന്നു അവർ.

അതിനാലാണ് സിനിമാസംഘം അവരെ തേടിയെത്തിയത്.വാൾപ്പയറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചു.അത് ഒരു വലിയ അവസരമായിരുന്നു.


പക്ഷേ...ആ കാലത്തിന്റെ സാമൂഹിക യാഥാർഥ്യം മറ്റൊന്നായിരുന്നു.മകളെ സിനിമയിൽ അഭിനയിപ്പിക്കാൻ യാഥാസ്ഥിതികനായ പിതാവ് തയ്യാറായില്ല.കുടുംബത്തിന്റെ തീരുമാനം പാർവ്വതി ചോദ്യം ചെയ്തില്ല.സ്വപ്നങ്ങൾ ഉപേക്ഷിച്ചു.പക്ഷേ ആത്മാഭിമാനം ഉപേക്ഷിച്ചില്ല.

വെള്ളിത്തിരയിൽ ഒരു കഥാപാത്രമാകുന്നതിലും വലിയൊരു കാര്യം അവർ ചെയ്തു—

ചരിത്രത്തിൽ ഒരു വ്യക്തിത്വമായി ജീവിച്ചു.

ഒരു കളരിയുടെ ജനനം

പാർവ്വതിയുടെ കഥ ഇവിടെ അവസാനിക്കുന്നില്ല.യഥാർത്ഥത്തിൽ അവിടെയാണ് അത് തുടങ്ങുന്നത്.

കാരണം ഒരു മഹത്തായ അഭ്യാസിയെ മനസ്സിലാക്കാൻ, അവളെ വാർത്തെടുത്ത കളരിയെ മനസ്സിലാക്കണം.

ചോമ്പാലയുടെ കളരിപ്പാരമ്പര്യത്തിന്റെ ഹൃദയമായിരുന്നു വടക്കേ മുക്കാളിയിലെ ഉദയകളരി സംഘം.

കുറിച്ചിക്കര ചോയി ഗുരുക്കളും കോമത്ത് ഗോവിന്ദൻ നായർ ഗുരുക്കളും ചേർന്നാണ് ഈ കളരി സ്ഥാപിച്ചത്.

അത് വെറും ഒരു പരിശീലനകേന്ദ്രമായിരുന്നില്ല.ഒരു സംസ്കാരത്തിന്റെ സർവകലാശാലയായിരുന്നു.

വാൾ വീശാൻ മാത്രമല്ല...ജീവിതം നയിക്കാനും അവിടെ പഠിപ്പിച്ചിരുന്നു.


ഉദയകളരിയുടെ മണ്ണിൽ ജ്വലിച്ച വീരപാരമ്പര്യം

കുറിച്ചിക്കര പാർവ്വതിയെക്കുറിച്ച് പറയുമ്പോൾ അവളുടെ ടെ കൈയിലെ വാളിന്റെ മിന്നലും ഉറുമിയുടെ ചുഴറ്റലും മാത്രം പറഞ്ഞാൽ പോരാ. ആ കരുത്തിന് പിന്നിലുണ്ടായിരുന്ന മണ്ണിന്റെ കഥയും പറയേണ്ടതുണ്ട്. കാരണം ഒരു മഹാഗുരുവിനെപ്പോലെ തന്നെ ഒരു മഹത്തായ കളരിയും ചരിത്രം സൃഷ്ടിക്കാറുണ്ട്.


വടക്കേ മുക്കാളിയിലെ ഉദയകളരി സംഘം അത്തരമൊരു ചരിത്രത്തിന്റെ ജീവനുള്ള അധ്യായമായിരുന്നു. ചോമ്പാലയുടെയും കടത്തനാടിന്റെയും കളരിപ്പാരമ്പര്യത്തിൽ ഉദയകളരിയുടെ പേര് ഇന്നും ആദരവോടെയാണ് ഉച്ചരിക്കപ്പെടുന്നത്.

kuricchikkara

കുറിച്ചിക്കര ചോയി ഗുരുക്കളും പ്രമുഖ അഭ്യാസിയായ കോമത്ത് ഗോവിന്ദൻ നായർ ഗുരുക്കളും ചേർന്നാണ് ഈ കളരിക്ക് രൂപം നൽകിയത്. പിന്നീട് മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കളുടെ സജീവസാന്നിധ്യം ഈ സ്ഥാപനത്തിന് കൂടുതൽ കരുത്തായി മാറി.ഗുരുസാന്നിധ്യമായ നിലയിൽ വരെ .

ഉദയകളരി ഒരു കെട്ടിടമല്ലായിരുന്നു.അത് ഒരു ഗുരുകുലമായിരുന്നു.അവിടെ പ്രവേശിക്കുന്ന ഓരോ കുട്ടിയും ആദ്യം പഠിച്ചത് വാൾ വീശാനല്ല; തല കുനിക്കാനായിരുന്നു.

ഭൂമിയെ വണങ്ങി, ഗുരുവിനെ വണങ്ങി, മനസ്സിനെ ശുദ്ധീകരിച്ച ശേഷമാണ് ആദ്യ ചുവടുവെപ്പ്. കാരണം കളരിപ്പയറ്റിൽ ആയുധം കൈകാര്യം ചെയ്യുന്നതിന് മുമ്പ് സ്വയം നിയന്ത്രിക്കാൻ പഠിക്കണം എന്നതായിരുന്നു ഗുരുക്കന്മാരുടെ വിശ്വാസം. ആ പാഠം ജീവിതം മുഴുവൻ ശിഷ്യന്മാരെ അനുഗമിച്ചു.

കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള പൂത്തറ വെറും ആചാരത്തിന്റെ ഭാഗമായിരുന്നില്ല. അത് കളരിയുടെ ഹൃദയമായിരുന്നു. ഏഴ് പടികളുള്ള പൂത്തറയിൽ തെളിയിച്ച കുത്തുവിളക്കും ചെമ്പരത്തിപ്പൂവും കൂവളത്തിലയും തുളസിക്കതിരും ചേർന്ന് ഒരു ദേവാലയത്തിന്റെ ശാന്തത സൃഷ്ടിക്കുമായിരുന്നു. ഓരോ പടിയും മനുഷ്യശരീരത്തിലെ ആധാരചക്രങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന വിശ്വാസം കളരിപ്പയറ്റിനെ യുദ്ധകലയുടെ അതിരുകൾക്കപ്പുറം ആത്മീയമായൊരു ജീവിതശൈലിയാക്കി ഉയർത്തി.


ആ കളരിത്തറയിൽ തന്നെയായിരുന്നു കുറിച്ചിക്കര പാർവ്വതി വ്യക്തിത്വം പാകപ്പെട്ടത്.

പ്രഭാതത്തിലെ മഞ്ഞുതുള്ളികൾ ഇനിയും മണ്ണിൽ പറ്റിക്കിടക്കുന്ന നേരത്ത് അഭ്യാസം തുടങ്ങും. മണ്ണിന്റെ തണുപ്പും ശരീരത്തിന്റെ ചൂടും ഒന്നിച്ചുചേരുന്ന ആ നിമിഷങ്ങളിൽ വാൾ കൈയിലെടുക്കുമ്പോൾ പാർവ്വതിയുടെ മുഖത്ത് ഭയമുണ്ടായിരുന്നില്ല; ഏകാഗ്രത മാത്രമായിരുന്നു.


ഒരു കൈയിൽ വാളും മറുകൈയിൽ പരിചയും.അശേഷം പിഴക്കാത്ത ചുവടുകൾ.

കാറ്റിനെപ്പോലും കീറിമുറിക്കുന്ന വേഗം.വാൾമുനയിലൂടെ എതിരാളിയുടെ ചലനം വായിച്ചെടുക്കുന്ന കണ്ണുകൾ.അതുകൊണ്ടുതന്നെ അവരെ കണ്ടവർ വെറുമൊരു അഭ്യാസിയെയല്ല കണ്ടത്; ഒരു ജീവനുള്ള ഇതിഹാസത്തെയായിരുന്നു.

വർഷത്തിലൊരിക്കൽ മുക്കാളി സ്കൂൾ മുറ്റത്ത് നടക്കുന്ന കളരിപ്പ്രദർശനങ്ങൾ ഒരു ഗ്രാമത്തിന്റെ ഉത്സവം തന്നെയായിരുന്നു.ആ ദിവസത്തിനായി കുട്ടികളും മുതിർന്നവരും ഒരുപോലെ കാത്തിരിക്കും.

സ്കൂൾമുറ്റം ജനക്കൂട്ടംകൊണ്ട് നിറയും.


മുറ്റത്ത് ഇടം കിട്ടാതെ ആളുകൾ നെല്ലിമരത്തിന്റെ കൊമ്പുകളിൽ വരെ കയറിയിരുന്നുവെന്ന ഓർമ്മകൾ ഇന്നും പഴയ തലമുറ പങ്കുവെക്കുന്നു. വേദിയിൽ ഗുരുക്കന്മാർ പ്രവേശിച്ചാൽ നിശ്ശബ്ദത വീഴും. പിന്നെ വായ്ത്താരിയുടെ താളത്തിൽ തുടങ്ങും കളരിപ്പയറ്റിന്റെ ദൃശ്യവിസ്മയം.വാളുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ തീപ്പൊരികൾ പറക്കുന്നത് നോക്കിനിന്ന കുട്ടിക്കാലം ഞാൻ മറന്നിട്ടില്ല .

പരിചയിൽ പതിക്കുന്ന ഓരോ പ്രഹരവും കാണികളുടെ നെഞ്ചിടിപ്പ് കൂട്ടും.

കുറുവടി, കത്തി, കുന്തം, ഗദ, ഉറുമി—ഓരോ ആയുധവും അഭ്യാസികളുടെ കൈകളിൽ ജീവൻ പ്രാപിച്ചതുപോലെ തോന്നും. വാളുകളുടെ ശബ്ദവും ഗുരുക്കന്മാരുടെ വായ്ത്താരിയും ചേർന്ന് ഒരു അപൂർവ സംഗീതം സൃഷ്ടിക്കും. അത് കേൾക്കാൻ മാത്രം പോലും ആളുകൾ മണിക്കൂറുകളോളം കാത്തുനിന്നിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്.

ആ പ്രദർശനങ്ങളിൽ ഏറ്റവും കൂടുതൽ കൈയടി നേടുന്ന നിമിഷങ്ങളിലൊന്ന് കുറിച്ചിക്കര പാർവ്വതി ഉറുമി ചുഴറ്റുന്ന സമയമായിരുന്നു.


ഉരുമി അവരുടെ കൈകളിൽ എത്തുമ്പോൾ അത് ഒരു ആയുധമല്ല, ജീവൻ പ്രാപിച്ച ഒരു അഗ്നിവളയംപോലെ തോന്നും. ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവർ മുറ്റം മുഴുവൻ വട്ടമിട്ട് സഞ്ചരിക്കുമ്പോൾ കാഴ്ചക്കാർ അറിയാതെ പിന്നിലേക്ക് മാറും. ഭയത്താലല്ല, ആ അസാമാന്യ വൈദഗ്ധ്യത്തോടുള്ള ആദരവുകൊണ്ട്. ചിലപ്പോൾ തിരക്കിൽ ആളുകൾ വീണുപോയ സംഭവങ്ങൾപോലും ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു.


ഇങ്ങനെ ഉദയകളരി ഒരു കളരി മാത്രമല്ലാതെയായി.അത് ചോമ്പാലയുടെ അഭിമാനമായി.

കടത്തനാടിന്റെ ആത്മാവായി.ഒരു തലമുറയുടെ സ്വപ്നമായി.

ആ സ്വപ്നത്തിന് ജീവൻ നൽകിയവരിൽ ഏറ്റവും തിളക്കമുള്ള പേരുകളിൽ ഒന്നായി കുറിച്ചിക്കര പാർവ്വതി ഇന്നും നിലകൊള്ളുന്നു.


കളരിയിൽ നിന്ന് വെള്ളിത്തിരയിലേക്ക്... ചരിത്രവേദിയിലേക്ക്

കളരിയുടെ മണ്ണിൽ വിരിഞ്ഞ പ്രതിഭകൾ പലപ്പോഴും അവിടെത്തന്നെ ഒതുങ്ങിപ്പോകാറുണ്ട്. പക്ഷേ ചിലരുടെ കഴിവ് അതിരുകൾ ഭേദിച്ച് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റും. കുറിച്ചിക്കര ചോയി ഗുരുക്കളുടെയും മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കളുടെയും ജീവിതം അത്തരമൊരു യാത്രയുടെ കഥയാണ്.


ചോമ്പാലയിലെ കളരിത്തറയിൽ വാൾ വീശിയ ആ കൈകൾ ഒരുനാൾ സിനിമാക്ക്യാമറകൾക്കു മുന്നിലും ഉയരുമെന്ന് അന്ന് ആരും കരുതിയിരുന്നില്ല.

എന്നാൽ കഴിവിന് അതിരുകളില്ല.അത് തേടി ലോകം തന്നെ എത്തും.അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്.മലയാള സിനിമയിൽ ഉണ്ണിയാർച്ചയുടെ ചിത്രീകരണത്തിനായി സിനിമാസംഘം ചോമ്പാലയിലെത്തിയതുപോലെ, പിന്നീട് തമിഴ് സിനിമാലോകവും യഥാർഥ കളരിപ്പയറ്റ് അഭ്യാസികളെ തേടി കടത്തനാടിന്റെ മണ്ണിലെത്തി. അന്നത്തെ സിനിമകളിൽ യഥാർഥ വാൾപ്പയറ്റിന്റെ മെയ്‌വഴക്കം പ്രകടമാക്കാൻ കഴിയുന്നവർ അപൂർവമായിരുന്നു. അതുകൊണ്ടുതന്നെ ചോയി ഗുരുക്കളും മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കളും സിനിമാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു.


തമിഴ് സിനിമകളായ 'മലൈ കള്ളൻ', 'തസ്‌ക്കരവീരൻ', 'മായാവി', 'പാലാട്ട് കോമൻ' എന്നിവയിൽ ചെറിയ വേഷങ്ങളിൽ ഇവർ പ്രത്യക്ഷപ്പെട്ടു. വെള്ളിത്തിരയിൽ അത് ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നെങ്കിലും, ചോമ്പാലയുടെ ചരിത്രത്തിൽ അത് അഭിമാനത്തിന്റെ ഒരു പുതിയ അധ്യായമായിരുന്നു.


ആ കാലത്ത് ഗ്രാമങ്ങളിൽ സിനിമ കാണുക പോലും വലിയ ആഘോഷമായിരുന്നു.

അതിലുപരി...സ്വന്തം നാട്ടിലെ ഗുരുക്കന്മാർ വെള്ളിത്തിരയിൽ വാൾ വീശുന്നത് കാണുക എന്നത് ജനങ്ങൾക്ക് വിവരണാതീതമായ സന്തോഷമായിരുന്നു.


ഗ്രാമത്തിലെ കുട്ടികൾ അഭിമാനത്തോടെ പറയും—

"അത് നമ്മുടെ ചോയി ഗുരുക്കളാണ്..."

"അത് ഭാസ്കരൻ ഗുരുക്കളാണ്..."

സിനിമയിലെ ആ ചെറിയ നിമിഷങ്ങൾ പോലും ഒരു ഗ്രാമത്തിന്റെ ആത്മാഭിമാനമായി മാറിയിരുന്നു.


ഒരു ഫിലിം സ്ട്രിപ്പിന്റെ ഓർമ്മ ! ചരിത്രം ചിലപ്പോൾ വളരെ ചെറിയ വസ്തുക്കളിൽ ഒളിഞ്ഞിരിക്കും.


മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കളുടെ കൈവശമുണ്ടായിരുന്ന മലൈ കള്ളൻ സിനിമയിലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം സ്ട്രിപ്പ് അത്തരമൊരു ചരിത്രസാക്ഷിയായിരുന്നു.

ഒരു മീറ്ററോളം മാത്രം നീളമുള്ള ആ ഫിലിം കുട്ടികൾ അത്ഭുതത്തോടെ നോക്കിനിന്നിരുന്നു.

സിനിമയെ നേരിൽ തൊടാൻ കഴിയുന്ന അപൂർവകാലമായിരുന്നു അത്.

ആ ചെറിയ ഫിലിം സ്ട്രിപ്പ് കണ്ടപ്പോൾ കുട്ടികളുടെ കണ്ണുകളിൽ തെളിഞ്ഞ വിസ്മയം ഇന്നും ചിലരുടെ ഓർമ്മകളിൽ മങ്ങാതെ കിടക്കുന്നു.

ഗുരുക്കളുടെ യഥാർത്ഥ വേദി

എന്നാൽ സിനിമ ഗുരുക്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നില്ല.

അവരുടെ യഥാർത്ഥ വേദി മറ്റൊന്നായിരുന്നു.

1976 ഡിസംബർ.കാലിക്കറ്റ് സർവകലാശാല.അഖിലേന്ത്യാ ചരിത്ര കോൺഗ്രസ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരിത്രകാരന്മാരും ഗവേഷകരും വിദേശ പ്രതിനിധികളും പങ്കെടുത്ത മഹാസമ്മേളനം.

അവിടെ കേരളത്തിന്റെ പൗരാണിക ആയോധനകല ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ചുമതല ലഭിച്ചത് ചോമ്പാലയിലെ ഉദയകളരി സംഘത്തിനായിരുന്നു.

അത് വെറും ഒരു കളരിപ്പ്രകടനമായിരുന്നില്ല.കേരളത്തിന്റെ പൈതൃകത്തിന്റെ പ്രഖ്യാപനമായിരുന്നു.

വിശാലമായ വേദിയിലേക്ക് ചോയി ഗുരുക്കളും മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കളും ശിഷ്യന്മാരും പ്രവേശിച്ചപ്പോൾ സദസ്സ് നിശ്ശബ്ദമായി.

വായ്ത്താരിയുടെ താളം ഉയർന്നു.പിന്നെ...വാളുകൾ ആകാശം കീറി.ഉറുമി അഗ്നിവളയമായി ചുറ്റി.പരിചകൾ ഏറ്റുമുട്ടി.ഒരു നിമിഷം പോലും കണ്ണ് മാറ്റാനാവാതെ വിദേശ പ്രതിനിധികൾ ആ പ്രകടനം നോക്കിനിന്നു.

കേരളത്തിന്റെ കളരിപ്പയറ്റ് ഒരു ഗ്രാമീണ അഭ്യാസമല്ലെന്ന്...

ലോകോത്തരമായ ഒരു ആയോധനപൈതൃകമാണെന്ന്...

ആ ദിവസം അവർ തിരിച്ചറിഞ്ഞു.ഡോ. കെ. കെ. എൻ. കുറുപ്പിന്റെ ഓർമ്മകൾ

ആ ചരിത്രനിമിഷത്തിന് മറ്റൊരു സാക്ഷിയുമുണ്ടായിരുന്നു.

ചോമ്പാലയുടെ അഭിമാനമായ ചരിത്രകാരൻ ഡോ. കെ. കെ. എൻ. കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു ആപരിപാടിയി നടന്നത് .


ചെറുപ്പത്തിൽ ചോയി ഗുരുക്കളുടെ കീഴിൽ ഉദയകളരിയിൽ പരിശീലനം നേടിയ അദ്ദേഹം പിന്നീട് കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായപ്പോൾ കളരിപ്പയറ്റിന് അക്കാദമിക അംഗീകാരം ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.

കളരിപ്പയറ്റിനെ കായികശാസ്ത്രത്തോടും ശരീരശാസ്ത്രത്തോടും ബന്ധപ്പെടുത്തി പഠിക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു.കാലം അന്ന് അതിന് പൂർണ പിന്തുണ നൽകിയില്ല.

എന്നാൽ ആ ചിന്ത മരിച്ചില്ല.

ഇന്ന് കളരിപ്പയറ്റിനെ ആസ്പദമാക്കി ചികിത്സാരംഗത്തും ഗവേഷണരംഗത്തും പുതിയ സാധ്യതകൾ തുറക്കപ്പെടുമ്പോൾ, അന്നത്തെ ആ ദീർഘദർശനത്തിന്റെ മൂല്യം കൂടുതൽ വ്യക്തമായി കാണാം.

ചരിത്രം എഴുതിയത് വാളല്ല... മനുഷ്യരാ


ദേശീയ വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു.നൂറുകണക്കിന് ശിഷ്യന്മാരെ വാർത്തെടുത്തു.

എന്നിട്ടും അവർ സ്വയം പ്രശസ്തി അന്വേഷിച്ചില്ല.അവർ ആഗ്രഹിച്ചത് ഒരേയൊരു കാര്യമായിരുന്നുകളരിപ്പയറ്റിന്റെ വിളക്ക് അണയരുത്.അതുകൊണ്ടുതന്നെ അവർ ഇന്നും ജീവിക്കുന്നു.ചരിത്രപുസ്തകങ്ങളിലെ അക്ഷരങ്ങളിൽ മാത്രമല്ല...ചോമ്പാലയുടെ മണ്ണിലും...ശിഷ്യന്മാരുടെ ഓർമ്മകളിലും...ഓരോ കളരിച്ചുവടിലും...



ഗുരുവിന്റെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന ശിഷ്യൻ

ഓരോ ഗുരുവിന്റെയും ജീവിതത്തിൽ നൂറുകണക്കിന് ശിഷ്യന്മാർ കടന്നുവരും.

ചിലർ അഭ്യാസം പൂർത്തിയാക്കി സ്വന്തം ജീവിതവഴികളിലേക്ക് പോകും.ചിലർ ഗുരുവിന്റെ പേര് ഉയർത്തിപ്പിടിക്കും.

എന്നാൽ...വളരെ വിരളമായ ചില ശിഷ്യന്മാർ മാത്രമേ ഗുരുവിന്റെ ഹൃദയത്തിൽ സ്ഥിരവാസം ഉറപ്പിക്കുകയുള്ളൂ.കുറിച്ചിക്കര ചോയി ഗുരുക്കൾക്ക് അത്തരമൊരു ശിഷ്യനായിരുന്നു തൈക്കണ്ടി കുഞ്ഞിരാ മൻ.അത്പോലെ എത്രയോപേർ


valsan_1785742198

ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കളരി സ്ഥാപിച്ച ചോയി ഗുരുക്കൾ കണ്ണൂർ ജില്ലയിൽ മുടക്കോഴി ,തില്ലങ്കേരി തുടങ്ങിയ നിരവധി സ്ഥലങ്ങളിലും നാടിന്റെ പലഭാഗങ്ങളിലും കളരി സ്ഥാപിച്ചതായി മകൻ വത്സൻ കുറിച്ചിക്കര ഓർമ്മകൾ പങ്കു വെക്കുന്നു .


കൂത്തുപറമ്പ് ഭാഗങ്ങളിലുള്ള കളരികളിലേയ്ക്ക് ചോമ്പാലയിൽ നിന്നും ചോയി ഗുരുക്കൾ നടന്നുപോയാണ്‌ കളരി പഠിപ്പിച്ചിരുന്നതെന്ന് പറഞ്ഞാൽ പുതിയ തലമുറക്കാർക്ക് വിശ്വസിക്കുനാവുമോ എന്തോ ?.


പലദേശങ്ങളിലായി കെട്ടിയ കളരികളിൽ നിന്നും ചോയി ഗുരുക്കളുടെ കീഴിൽ നിരവധി വർഷങ്ങളായി നൂറുക്കണക്കിന് ആളുകൾ കളരി മുറകൾ പഠിച്ചതായാണറിവ് .

ഇവരിൽ പലരും പിൽക്കാലങ്ങളിൽ കളരിഗുരുക്കന്മാരായി ത്തീർന്നിട്ടുമുണ്ട് .ആർ .വിശ്വൻഗുരുക്കൾ ,ദേവരാജ് ഗുരുക്കൾ ,ശ്രീധരൻ ഗുരുക്കൾ ,കുറിച്ചിക്കര വത്സൻ ഗുരുക്കൾ തുടങ്ങി എത്രയോ പേർ ഉദയ കളരിയുടെ അഭിമാനമായി കളരി ഗുരുക്കന്മാരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

. മുൻ എം എൽ എ എം .കെ.പ്രേംനാഥ്‌ ,എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന പരേതൻ സി എച്ച് അശോകൻ തുടങ്ങിയ എത്രയോ പ്രമുഖന്മാർ ഉദയ കളരി യിൽ നന്നും ചുവടുറപ്പിച്ചവരായിരുന്നു .


ചോയി ഗുരുക്കൾ – കളരിയുടെ വെളിച്ചം,

മനുഷ്യസ്നേഹത്തിന്റെ മുഖം

കളരിപ്പയറ്റിന്റെ ലോകത്ത് വാൾ വീശുന്ന കൈകൾക്ക് എന്നും ആദരവുണ്ട്.

പക്ഷേ ആ കൈകൾ തന്നെ വേദനിക്കുന്ന മനുഷ്യന്റെ ശരീരത്തിൽ ആശ്വാസത്തിന്റെ സ്പർശമാകുമ്പോഴാണ് ഒരു ഗുരു ജനഹൃദയങ്ങളിൽ അമരുന്നത്.

കുറിച്ചിക്കര ചോയി ഗുരുക്കൾ അത്തരമൊരു അപൂർവ വ്യക്തിത്വമാ യിരുന്നു.

അദ്ദേഹത്തെക്കുറിച്ച് പഴയ തലമുറ ഇന്നും പറയുന്നത് കളരിപ്പയറ്റിലെ മികവിനെക്കുറിച്ച് മാത്രമല്ല.

"ആ മനുഷ്യന്റെ കൈകൊണ്ട് ഉഴിച്ചാൽ വേദന പകുതിയായി മാറും..."

എന്ന വിശ്വാസത്തോടെയാണ് അവർ അദ്ദേഹത്തെ ഓർക്കുന്നത്.

കളരിയും ചികിത്സയും ഒരേ വഴിയിൽകേരളത്തിന്റെ പുരാതന കളരിപ്പാരമ്പര്യത്തിൽ അഭ്യാസം മാത്രമല്ല ഉണ്ടായിരുന്നത്.

മുറിവ് എങ്ങനെ ഭേദമാക്കണം...ഒടിഞ്ഞെല്ല് എങ്ങനെ ചേർക്കണം...

മർമ്മസ്ഥാനങ്ങൾ എങ്ങനെ സംരക്ഷിക്കണം...

പേശികൾക്ക് ജീവൻ തിരികെ നൽകുന്ന ഉഴിച്ചിൽ എങ്ങനെ ചെയ്യണം...

ഇതെല്ലാം ഗുരുക്കന്മാർ അഭ്യസിച്ചിരുന്ന വിജ്ഞാനത്തിന്റെ ഭാഗമായിരുന്നു.

ചോയി ഗുരുക്കളും ആ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശിയായി രുന്നു.

കളരിയിൽ പരിക്കേറ്റ ശിഷ്യന്മാർക്ക് ആദ്യം ഓടിയെത്തിയിരുന്നത് അദ്ദേഹത്തിന്റെ അടുത്തേക്കാണ്.

പക്ഷേ അതിൽ കളരി അഭ്യാസികൾ മാത്രമുണ്ടായിരുന്നില്ല.

കർഷകരും...

മത്സ്യത്തൊഴിലാളികളും...തെങ്ങുകയറ്റക്കാരും...കൂലിപ്പണിക്കാരും...വീണു പരിക്കേറ്റ കുട്ടികളും...വേദനയുമായി എത്തിയ ഓരോ മനുഷ്യനും അദ്ദേഹത്തിന് ഒരുപോലെയായിരുന്നു.

ആ വീടായിരുന്നു ജനങ്ങളുടെ ആശുപത്രിഇന്നത്തെ പോലെ ആശുപത്രികളും സ്കാനിംഗ് സെന്ററുകളും ഇല്ലാതിരുന്ന കാലം.

ചോമ്പാലയിലും സമീപപ്രദേശങ്ങളിലുമുള്ള അനേകം കുടുംബങ്ങൾക്ക് ഒരു വിലാസമേ ഉണ്ടായിരുന്നുള്ളൂ."കുറിച്ചിക്കര ഗുരുക്കളുടെ വീട്ടിലേക്ക് പോകൂ..."അത് ഒരു വീടായിരുന്നു.

പക്ഷേ ജനങ്ങൾക്ക് അത് ചികിത്സാകേന്ദ്രമായിരുന്നു.

ആശ്വാസത്തിന്റെ ഇടമായിരുന്നു.പ്രതീക്ഷയുടെ വാതിലായിരുന്നു.

വീടിന്റെ മുറ്റത്ത് രാവിലെ മുതൽ ആളുകൾ കാത്തിരിക്കും.

ആർക്കെങ്കിലും കൈയ്ക്ക് ഉളുക്ക്.മറ്റൊരാൾക്ക് കാലൊടിവ്.

ചിലർക്ക് നടുവേദന.ചിലർക്ക് പഴകിയ പരിക്കിന്റെ ബുദ്ധിമുട്ട്.

ഓരോരുത്തരെയും ചോയി ഗുരുക്കൾ ഒരേ ക്ഷമയോടെയും കരുതലോടെയും പരിശോധിക്കും.

രോഗിയെ ചികിത്സിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മനസ്സിനെ ആശ്വസിപ്പിക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചിരുന്നത്.

പാർവ്വതി അമ്മയുടെ നിശ്ശബ്ദ സേവനംചോയി ഗുരുക്കളുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ മറ്റൊരു നിശ്ശബ്ദ സാന്നിധ്യവും ഉണ്ടായിരുന്നു.

കുറിച്ചിക്കര പാർവ്വതി അമ്മ.കളരിപ്പയറ്റിൽ പ്രഗത്ഭയായിരുന്ന അവർ ചികിത്സാരംഗത്തും ഗുരുവിന്റെ കൈത്താങ്ങായിരുന്നു.

മരുന്നെണ്ണകൾ തയ്യാറാക്കുന്നതിലും...ഔഷധക്കുഴമ്പുകൾ ഉണ്ടാക്കുന്നതിലും...

ഉഴിച്ചിലിന് ആവശ്യമായ ഔഷധങ്ങൾ ഒരുക്കുന്നതിലും...

അവർ സജീവമായി പങ്കെടുത്തു.സഹോദരനും സഹോദരിയും ചേർന്ന ആ സേവനം ഒരു തൊഴിൽ ആയിരുന്നില്ല.അത് ജീവിതത്തിന്റെ ഭാഗമായിരുന്നു.

ദക്ഷിണയല്ല... മനുഷ്യനാണ് പ്രധാനം

ചോയി ഗുരുക്കളുടെ ചികിത്സയ്ക്ക് നിശ്ചിത പ്രതിഫലമൊന്നുമുണ്ടായിരുന്നില്ല.

കഴിവുള്ളവർ എന്തെങ്കിലും നൽകി.കഴിയാത്തവർ നന്ദി പറഞ്ഞ് മടങ്ങി.അവരോട് ഒരിക്കലും പണം ചോദിച്ചിരുന്നില്ല.കാരണം അദ്ദേഹത്തിന് ചികിത്സ ഒരു കച്ചവടമല്ലായിരുന്നു.

അത് ഗുരുപാരമ്പര്യത്തിൽ നിന്ന് ലഭിച്ച ഒരു ധർമ്മമായിരുന്നു.

അതിനാലാണ് ഇന്നും പലരും പറയുന്നത്—

"അന്ന് ചികിത്സയ്ക്ക് വിലയില്ലായിരുന്നു... വിലമതിക്കാനാകാത്ത മനസ്സായിരുന്നു."

കുന്നമ്പത്ത് നാരായണ കുറുപ്പിനും മണിയാങ്കണ്ടി ഭാസ്കരണഗുരുക്കൾ ക്കും ശേഷം ഒടിവ് ചതവ് ചികിത്സക്കായി ഇന്ന് ആളുകളെത്തുന്നത് ചിറയിൽ പീടികക്കടുത്തുള്ള പാനികുമാരൻ്റെ വീട്ടിലേയ്ക്ക് .അദ്ദേഹവും ചുവടുറപ്പിച്ചത് ഉദയകളരിയിൽ  നിന്ന് തന്നെ

ശിഷ്യന്മാരിൽ വിതച്ച മൂല്യങ്ങൾ

ചോയി ഗുരുക്കൾ കളരിപ്പയറ്റിലെ അടവുകൾ മാത്രം പഠിപ്പിച്ചിരുന്നില്ല.

അദ്ദേഹം ശിഷ്യന്മാരോട് എപ്പോഴും പറയുമായിരുന്നു—

"ശക്തി കിട്ടിയതുകൊണ്ട് അത് പ്രയോഗിക്കരുത്... ആവശ്യമായപ്പോൾ മാത്രം പ്രയോഗിക്കണം.""ആയുധം കൈയിൽ എടുക്കുന്നതിന് മുമ്പ് മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കണം."


"ഗുരുവിനെ ആദരിക്കാത്തവന് കളരിയുടെ അനുഗ്രഹം ലഭിക്കില്ല."

ഈ വാക്കുകൾ പുസ്തകങ്ങളിൽ എഴുതിയ നിയമങ്ങളായിരുന്നില്ല.

അദ്ദേഹത്തിന്റെ ജീവിതമായിരുന്നു.

അതുകൊണ്ടാണ് ശിഷ്യന്മാർ കളരിപ്പയറ്റിനൊപ്പം ജീവിതമൂല്യങ്ങളും പഠിച്ചത്.

ഒരു മനുഷ്യൻ മരിച്ചാലും... ഒരു പാരമ്പര്യം മരിക്കില്ലകാലം എല്ലാം മാറ്റിമറിച്ചു.

പഴയ കളരികൾ പലതും ഇല്ലാതായി.പുതിയ തലമുറയുടെ ജീവിതരീതികളും മാറി.

ക്ഷേ ചോയി ഗുരുക്കളുടെ പേര് ഇന്നും ചോമ്പാലയിൽ ജീവിക്കുന്നു.

ആരെങ്കിലും കളരിപ്പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ...

ആരെങ്കിലും പഴയ ചികിത്സാരീതികളെക്കുറിച്ച് ഓർക്കുമ്പോൾ...

ആരെങ്കിലും മനുഷ്യസ്നേഹത്തെക്കുറിച്ച് പറയുമ്പോൾ...

ആ സംഭാഷണങ്ങളിൽ ചോയി ഗുരുക്കളുടെ പേര് അനിവാര്യമായി ഉയർന്നുവരും.

കാരണം അദ്ദേഹം വെറും കളരി ആശാനായിരുന്നില്ല.

വെറും ചികിത്സകനുമല്ലായിരുന്നു.ഒരു നാടിന്റെ വിശ്വാസമായിരുന്നു.ഒരു തലമുറയുടെ ഗുരുവായിരുന്നു.ഒരു മനുഷ്യസ്നേഹിയായിരുന്നു.

അണയാത്ത കളരിവിളക്ക്

ഇന്ന് ചോയി ഗുരുക്കളും പാർവ്വതി അമ്മയും ഭാസ്കരൻ ഗുരുക്കളും ശരീരമായി നമ്മോടൊപ്പമില്ല.

എന്നാൽ അവർ തെളിച്ച കളരിവിളക്ക് അണഞ്ഞിട്ടില്ല.

ശിഷ്യന്മാരിലൂടെ...

അവരുടെഅവരുടെ മൂല്യങ്ങളിലൂടെ...അവരുടെ ഓർമ്മകളിലൂടെ...

ആ വെളിച്ചം ഇന്നും തലമുറകളിലേക്ക് പകരുകയാണ്.

ചില മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ വലിയ അംഗീകാരങ്ങൾ നേടിയില്ലെങ്കിലും, അവർ മരിച്ചശേഷം ഒരു നാടിന്റെ ഓർമ്മയായി മാറുന്നു.ചോയി ഗുരുക്കൾ അത്തരമൊരു മനുഷ്യനായിരുന്നു.

ചോമ്പാൽ കടപ്പുറത്ത് ഉദയ കളരി പ്രവർത്തിക്കുന്നുണ്ട് .കോട്ടക്കൽ കണാരൻ ഗുരുക്കൽ സ്മാരക കളരി കറപ്പക്കുന്നിലും .


കടത്തനാട് – വാളിന്റെ നാദം ഇന്നും മുഴങ്ങുന്ന മണ്ണ്ഒരു നാടിന്റെ മഹത്വം അളക്കുന്നത് അതിന്റെ

കോട്ടാരങ്ങളുടെ ഉയരംകൊണ്ടോ രാജാക്കന്മാരുടെ എണ്ണമുകൊണ്ടോ അല്ല.ആ നാടിന്റെ മനുഷ്യരാണ് അതിന്റെ യഥാർത്ഥ ചരിത്രം.

ആ ചരിത്രത്തിൽ വീരതയും ധാർമികതയും സംസ്കാരവും ഒത്തുചേരുമ്പോൾ, ആ മണ്ണ് ഒരു സാധാരണ ഭൂവിഭാഗമല്ലാതാകുന്നു.അത് ഒരു പാരമ്പര്യമായി മാറുന്നു.

അങ്ങനെയൊരു പാരമ്പര്യത്തിന്റെ പേരാണ്...

കടത്തനാട്.

അറബിക്കടലിന്റെ തിരമാലകൾ തഴുകുന്ന ഈ മണ്ണ് നൂറ്റാണ്ടുകളായി വീരരുടെ കാൽച്ചുവടുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഈ മണ്ണിലെ കുട്ടികൾ ആദ്യം കേട്ട കഥകൾ രാജധാനികളുടെ തിളക്കത്തെക്കുറിച്ചായിരുന്നില്ല.

അവർ കേട്ടത് വടക്കൻ പാട്ടുകളായിരുന്നു.ധർമ്മത്തിനുവേണ്ടി വാളെടുത്ത തച്ചോളി ഒതേനന്റെ കഥ...അങ്കത്തട്ടിൽ ജീവൻ പണയംവെച്ച ആരോമൽ ചേകവരുടെ കഥ...

അനീതിയുടെ മുമ്പിൽ തലകുനിക്കാതെ ഉറുമിയുമായി നിന്ന ഉണ്ണിയാർച്ചയുടെ കഥ...

ആ കഥകളായിരുന്നു കടത്തനാടിന്റെ ആദ്യ പാഠപുസ്തകം.

ചരിത്രം ജീവിക്കുന്ന മണ്ണ് ഇന്നും ലോകനാർകാവിന്റെ കാറ്റിലൂടെ നടക്കുമ്പോൾ പഴയ വടക്കൻപാട്ടുകളുടെ ഈണം കേൾക്കുന്നതുപോലെ തോന്നും.മേപ്പയിലെ തച്ചോളി മാണിക്കോത്ത് തറവാടും...

പുത്തൂരം വീടും...പഴയ കളരിത്തറകളും...ഒരു കാലഘട്ടത്തിന്റെ നിശ്ശബ്ദ സാക്ഷികളായി ഇന്നും നിലകൊള്ളുന്നു.കാലം കെട്ടിടങ്ങളെ പഴക്കിയിട്ടുണ്ടാകാം.പക്ഷേ ഓർമ്മകളെ പഴക്കാൻ അതിന് കഴിഞ്ഞിട്ടില്ല.അവ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.കളരിപ്പയറ്റ് – ഒരു യുദ്ധകല മാത്രമല്ലകളരിപ്പയറ്റിനെ പലരും ഒരു പോരാട്ടവിദ്യയായി മാത്രം കാണാറുണ്ട്.

പക്ഷേ കടത്തനാടിന്റെ ഗുരുക്കന്മാർ അതിനെ അങ്ങനെ കണ്ടിരുന്നില്ല.

അവരുടെ കാഴ്ചയിൽ കളരിപ്പയറ്റ്...ശരീരത്തെ കരുത്തുറ്റതാക്കുന്ന അഭ്യാസമായിരുന്നു.

മനസ്സിനെ ശാന്തമാക്കുന്ന ധ്യാനമായിരുന്നു.

ആത്മവിശ്വാസം വളർത്തുന്ന ജീവിതപാഠമായിരുന്നു.ഗുരുവിനെ ആദരിക്കാനും...എതിരാളിയെ ബഹുമാനിക്കാനും...ശക്തി ദുരുപയോഗം ചെയ്യാതിരിക്കാനും...അവർ ശിഷ്യന്മാരെ പഠിപ്പിച്ചു.

അതുകൊണ്ടാണ് കളരിപ്പയറ്റ് ഒരു യുദ്ധകലയിൽ നിന്ന് ഒരു ജീവിതദർശനമായി ഉയർന്നത്.

ആ പാരമ്പര്യത്തിന്റെ ജീവിച്ചിരിക്കുന്ന മുഖങ്ങൾഈ മഹത്തായ പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു

കുറിച്ചിക്കര ചോയി ഗുരുക്കൾ...കുറിച്ചിക്കര പാർവ്വതി അമ്മ...മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കൾ...അവർ പ്രശസ്തിക്കുവേണ്ടിജീവിച്ചവരല്ല.അംഗീകാരങ്ങൾക്കുവേണ്ടിവാൾവീശിയവരുമല്ല.ജീവിതമാക്കിയവരായിരുന്നു.അവർക്ക് ഗുരുത്വം ഒരു പദവിയായിരുന്നില്ല.

ഒരു ഉത്തരവാദിത്വമായിരുന്നു.

അതുകൊണ്ടാണ് അവരുടെ ജീവിതം ഇന്നും അനേകം ശിഷ്യന്മാരുടെ ഓർമ്മകളിൽ വെളിച്ചമായി നിലകൊള്ളുന്നത്.


വെള്ളിത്തിര നഷ്ടപ്പെട്ട നായിക... ചരിത്രം നേടിയ നായിക

സിനിമാസംഘം ഒരിക്കൽ ചോമ്പാലയിലെത്തിയത് ഒരു കഥാപാത്രത്തെ അന്വേഷിച്ചായിരുന്നു.

പക്ഷേ അവർ അറിയാതെ പോയ ഒരു സത്യമുണ്ട്.

അവർ അന്വേഷിച്ചിരുന്ന ഉണ്ണിയാർച്ച ചരിത്രത്തിന്റെ സാങ്കൽപ്പിക ലോകത്തായിരുന്നു.എന്നാൽ അവർ കണ്ടുമുട്ടിയ കുറിച്ചിക്കര പാർവ്വതി അമ്മ ജീവിച്ചിരിക്കുന്ന യാഥാർഥ്യമായിരുന്നു.വെള്ളിത്തിരയിലെ പ്രശസ്തി അവരുടെ ജീവിതത്തിലേക്ക് വന്നില്ല.

എന്നാൽ അതിനേക്കാൾ വലിയൊരു നേട്ടം അവർ സ്വന്തമാക്കി.

ഒരു നാടിന്റെ ഓർമ്മയായി അവർ മാറി.പ്രശസ്തി കാലത്തോടൊപ്പം മങ്ങിപ്പോകാം.

ചരിത്രം ഒരിക്കലും മങ്ങുകയില്ല.ഒരു ഗ്രാമത്തിന്റെ ആത്മാവ്ചോമ്പാല ഇന്ന് മാറിയിരിക്കുന്നു.വഴികളും വീടുകളും ജീവിതരീതികളും മാറിയിരിക്കുന്നു.പക്ഷേ ചില കാര്യങ്ങൾ മാറിയിട്ടില്ല.

മുക്കാളിയുടെ മണ്ണിൽ ഇന്നും കളരിയുടെ ഗന്ധമുണ്ട്.പഴയ ഗുരുക്കന്മാരെക്കുറിച്ചുള്ള കഥകൾ ഇന്നും മുതിർന്നവരുടെ ഓർമ്മകളിൽ ജീവിക്കുന്നു.ഒരു പഴയ വാളിന്റെ തിളക്കവും...ഒരു ഉറുമിയുടെ ശബ്ദവും...

ഒരു ഗുരുവിന്റെ അനുഗ്രഹവും...ഒരു ശിഷ്യന്റെ ആദരവും...ഇന്നും ആ മണ്ണിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്.അതാണ് ഒരു നാടിന്റെ യഥാർത്ഥ സമ്പത്ത്.ചരിത്രം എഴുതപ്പെടേണ്ടവരാണ് അവർചരിത്രം പലപ്പോഴും അധികാരത്തിലിരുന്നവരുടെ പേരുകളാണ് രേഖപ്പെടുത്തുന്നത്.പക്ഷേ ഒരു സമൂഹത്തിന്റെ യഥാർത്ഥ ചരിത്രം നിർമ്മിക്കുന്നത് സാധാരണ മനുഷ്യരാണ്.

ഒരു ഗുരു...ഒരു ശിഷ്യൻ...ഒരു ചികിത്സകൻ...ഒരു കളരി...ഒരു ഗ്രാമം...

ഇവ ചേർന്നാണ് ഒരു സംസ്കാരം രൂപപ്പെടുന്നത്.

കുറിച്ചിക്കര പാർവ്വതി അമ്മയുടെയും ചോയി ഗുരുക്കളുടെയും ജീവിതം അത്തരമൊരു സംസ്കാരത്തിന്റെ ജീവനുള്ള രേഖയാണ്.

അവരുടെ കഥകൾ എഴുതപ്പെടുന്നത് വ്യക്തികളെ മഹത്വവൽക്കരിക്കാനല്ല.ഒരു നാടിന്റെ ഓർമ്മകൾ നഷ്ടപ്പെടാതിരിക്കാനാണ്.കാലം ഒഴുകിക്കൊണ്ടിരിക്കും.പുതിയ തലമുറകൾ വരും.പുതിയ ചരിത്രങ്ങൾ എഴുതപ്പെടും.എന്നാൽ ചില കഥകൾ കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞുപോകരുത്.

കാരണം അവ ഒരു വ്യക്തിയുടെ കഥയല്ല.ഒരു നാടിന്റെ ആത്മാവാണ്.

കടത്തനാടിന്റെ വീരപാരമ്പര്യത്തിന്റെ ദീപശിഖയായി ജീവിച്ച കുറിച്ചിക്കര പാർവ്വതി അമ്മയും ചോയി ഗുരുക്കളും, ആ പാരമ്പര്യം തലമുറകളിലേക്ക് പകർന്ന മണിയാങ്കണ്ടി ഭാസ്കരൻ ഗുരുക്കളും, ചോമ്പാലയുടെ ചരിത്രത്തിൽ എന്നും ജ്വലിച്ചുനിൽക്കും.അവർ പഠിപ്പിച്ച വാൾച്ചുവടുകൾ ഒരുനാൾ മാഞ്ഞേക്കാം.

കളരിമണ്ണ് മാറിയേക്കാം.പഴയ ഗുരുക്കന്മാരുടെ വീടുകൾ കാലത്തിന് കീഴടങ്ങിയേക്കാം.

പക്ഷേ അവർ തെളിച്ച സംസ്കാരത്തിന്റെ വിളക്ക് അണയില്ല.കാരണം...വീരരുടെ കഥകൾ മരിക്കില്ല.ഗുരുക്കന്മാരുടെ പാരമ്പര്യം അവസാനിക്കില്ല.

കടത്തനാടിന്റെ വാളിന്റെ നാദം ഒരിക്കലും നിലയ്ക്കുകയുമില്ല.

"ചരിത്രം പുസ്തകങ്ങളിൽ മാത്രം ജീവിക്കുന്നതല്ല. മനുഷ്യരുടെ ഓർമ്മകളിലും നാട്ടുവഴികളിലും പഴയ കളരിമണ്ണിലും അത് ശ്വസിച്ചുകൊണ്ടിരിക്കുന്നു. ആ ഓർമ്മകളെ അക്ഷരങ്ങളാക്കി അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം."


— ദിവാകരൻ ചോമ്പാല

samudra-(2)

വടകരയിൽ സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രം; 

വിവിധ മേഖലകളിലെ പാരമ്പര്യ വൈദ്യരുടെ സേവനം ഒരേ കുടക്കീഴിൽ


വടകര: കരിമ്പനപ്പാലം ഭജനമഠത്തിന് സമീപം പ്രവർത്തിക്കുന്ന സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രം വിവിധ മേഖലകളിലെ പാരമ്പര്യ വൈദ്യരുടെയും ആയുർവേദ വിദഗ്ധരുടെയും സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന കേന്ദ്രമായി പ്രവർത്തിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.


ആസ്ഥാന ഗുരുനാഥനായ ഗോപാലൻ വൈദ്യർ (മുടപ്പിലാവിൽ, വടകര) യുടെ നേതൃത്വത്തിൽ ഹൃദ്രോഗം, വെരിക്കോസ് വെയിൻ, സോറിയാസിസ്, പൈൽസ്, വന്ധ്യത, കുട്ടികളുടെ രോഗങ്ങൾ, വാതരോഗങ്ങൾ, കേൾവിക്കുറവ്, നടുവേദന, നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ, കൈകാൽ തരിപ്പ്, മുടികൊഴിച്ചിൽ, സ്ത്രീജന്യ രോഗങ്ങൾ, വയറുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് പാരമ്പര്യ ആയൂർവേദ ചികിത്സ ലഭ്യമാണെന്ന് കേന്ദ്രം അറിയിച്ചു.


കൂടാതെ, കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പാരമ്പര്യ ചികിത്സാ വിദഗ്ധർ നിശ്ചിത ദിവസങ്ങളിൽ കേന്ദ്രത്തിലെത്തി രോഗികളെ പരിശോധിക്കുകയും ചികിത്സാ സേവനം നൽകുകയും ചെയ്യുന്നു.


ഇവരിൽ എ.കെ. പ്രകാശൻ ഗുരുക്കൾ (മർമ്മാശ്രമം, കൊല്ലം) ഔഷധരഹിത മർമ്മചികിത്സ, കെ. തങ്കച്ചൻ വൈദ്യർ (മാലോം, കാസർഗോഡ്) പരമ്പരാഗത നാട്ടുവൈദ്യം, എം.ഐ. മാത്യൂസ് വൈദ്യർ (മണ്ണാർക്കാട്) ആദിവാസി പാരമ്പര്യ ചികിത്സ, എം.വി. ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി) ആയൂർവേദ ചികിത്സ, വൈദ്യൻ എം. അബ്ദുള്ള (ഹിമാലയ ഫാർമസി, തലശ്ശേരി), വൈദ്യൻ എ. നടരാജ സാമി (കോയമ്പത്തൂർ), പി.പി. ധനരാജ് ഗുരുക്കൾ (പാപ്പിനിശ്ശേരി), മടിക്കൈ കുമാരൻ വൈദ്യർ, ഷമീർ വൈദ്യർ & സുഹറാബി വൈദ്യർ (കോഴിക്കോട്), ബീന ടി.കെ. ചന്ദ്രോത്ത് (മുക്കാളി), എസ്. ശുകൻ വൈദ്യർ (കൂത്തുപറമ്പ്), ഡോ. അസിം ഹാഫിസ് (BAMS), വൈദ്യ പുഷ്പ കാനാട് (ബെംഗളൂരു), ഇ. പത്രോസ് വൈദ്യർ (കൊണ്ടോട്ടി), കെ.എം. രാജമ്മ വൈദ്യർ (ഇരിട്ടി) എന്നിവരും നിശ്ചിത ദിവസങ്ങളിൽ ചികിത്സാ സേവനം നൽകുന്നതായി അധികൃതർ അറിയിച്ചു.


മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഷേർലി ശുകൻ നയിക്കുന്ന മെഡിറ്റേഷൻ, മൈൻഡ് പവർ പരിശീലന പരിപാടികളും എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ സംഘടിപ്പിക്കുന്നതായി കേന്ദ്രം അറിയിച്ചു.


കേന്ദ്രത്തിന്റെ ഡയറക്ടറായി ഡോ. പി.കെ. സുബ്രണ്യൻ (D.A.M.) യും അസിസ്റ്റന്റ് ഡയറക്ടറായി ഡോ. അശ്വതി രാജ് (BAMS)**യും പ്രവർത്തി ക്കുന്നു.


മഹാത്മാ ദേശസേവാ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.


വിലാസം:

സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രം,

ഭജനമഠത്തിന് സമീപം, കരിമ്പനപ്പാലം, വടകര – 673105.


കൂടുതൽ വിവരങ്ങൾക്ക്: 95391 57337.

 ചികിത്സാ രീതികൾ, സേവനങ്ങൾ, രോഗാവകാശങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ സമുദ്ര ആയൂർവേദ ഗവേഷണ കേന്ദ്രം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചി രിക്കുന്നത്.

ചികിത്സ സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതാണ് ഉചിതം.വിളിച്ചാലും 

MANNAN
c
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
kuttikkoora

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അവതാരവും പോരാളിയും
കാഴ്ച്ചയും കാഴ്ച്ചപ്പാടും പരീക്ഷണശാലയാകരുത് മീത്തലെ മുക്കാളി
N
NIS
N
n