ചോമ്പാല: നിരന്തരമായ വൈദ്യുതി മുടക്കവും രൂക്ഷമായ വോൾട്ടേജ് വ്യതിയാനവും മൂലം ചോമ്പാല ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിന്റെ പരിധിയിലെ എണ്ണത്തിലേറെ ഉപഭോക്താക്കൾ വർഷങ്ങളായി കടുത്ത ദുരിതം അനുഭവിക്കുന്നതായി വ്യാപക പരാതി.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.) തുടർച്ചയായി വീഴ്ച വരുത്തുകയാണെന്ന ആരോപണവുമായി നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്. പരിഹാരം ഉടൻ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല ഉപരോധം ഉൾപ്പെടെ യുള്ള ശക്തമായ ജനകീയ സമരപരിപാടികളിലേക്ക് കടക്കുമെന്ന് വിവിധ ജനകീയ കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകാനൊരുങ്ങുന്നു
പ്രദേശത്ത് ചില ദിവസങ്ങളിൽ പത്തുമുതൽ ഇരുപത് തവണവരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. വൈദ്യുതി എപ്പോൾ നിലയ്ക്കും, എപ്പോൾ പുനഃസ്ഥാപിക്കപ്പെടും എന്നതിനെക്കുറിച്ച് യാതൊരു മുൻകൂർ അറിയിപ്പോ സമയക്രമമോ ഇല്ലാത്തത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. മിനിറ്റുകളുടെ ഇടവേളകളിൽ തുടർച്ചയായി വൈദ്യുതി പോകുകയും വരികയും ചെയ്യുന്ന സാഹചര്യം വൈദ്യുത ഉപകരണങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തുന്നതായും ഫ്രിഡ്ജ്, ടെലിവിഷൻ, കമ്പ്യൂട്ടർ, ഇൻവെർട്ടർ, മോട്ടോർ തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങൾ പലർക്കും നശിച്ചുപോയതായും പരാതിയുണ്ട്.
വൈദ്യുതി മുടക്കിനേക്കാൾ വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നത് വോൾട്ടേജ് വ്യതിയാനമാണ്. കുറഞ്ഞ വോൾട്ടേജും പെട്ടെന്നുണ്ടാകുന്ന വോൾട്ടേജ് ഉയർച്ചയും (Voltage Fluctuation) ഗാർഹിക ഉപകരണങ്ങളുടെയും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായി സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിതരണ ശൃംഖലയിലെ അമിതഭാരം, ഫീഡറുകളുടെ ശേഷിക്കുറവ്, പഴകിയ വിതരണ ലൈനുകൾ, ആവശ്യമായ നവീകരണ പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് പ്രശ്നത്തിന്റെ പ്രധാന കാരണങ്ങളെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
കൃത്യമായി വൈദ്യുതി ബിൽ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഗുണമേന്മ യുള്ളതും തടസ്സരഹിതവുമായ വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നത് വൈദ്യുതി വിതരണ ഏജൻസിയുടെ അടിസ്ഥാന ഉത്തരവാദിത്തമാണ്.
എന്നാൽ ചോമ്പാലയിലെ നിലവിലെ സാഹചര്യം ഈ അവകാശം തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പഠനം, തൊഴിൽ, ഓൺലൈൻ സേവനങ്ങൾ, ആശുപത്രി ആവശ്യങ്ങൾ, വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവയെല്ലാം നിരന്തരമായ വൈദ്യുതി മുടക്കിന്റെ പ്രത്യാഘാതം നേരിടുകയാണ്.
സാങ്കേതിക തകരാറുകൾ, ഫീഡറിലെ ലോഡ് വർധന, അറ്റകുറ്റപ്പണികൾ തുടങ്ങിയ കാരണങ്ങൾ കെ.എസ്.ഇ.ബി. ആവർത്തിച്ച് വിശദീകരിക്കു ന്നുണ്ടെങ്കിലും, വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് ദീർഘകാല പരിഹാരം കണ്ടെത്താൻ കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. നിരവധി തവണ പരാതി നൽകിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
ഈ സാഹചര്യത്തിൽ അടിയന്തരമായി സമഗ്ര സാങ്കേതിക പരിശോധന നടത്തി വിതരണ ശൃംഖല നവീകരിക്കുകയും, ആവശ്യമായിടത്ത് പുതിയ ഫീഡറുകൾ സ്ഥാപിക്കുകയും, വോൾട്ടേജ് സ്ഥിരത ഉറപ്പാക്കുന്ന സംവിധാ നങ്ങൾ ഒരുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'കത്തിയുംകെട്ടുംകൊണ്ടുള്ള' പ്രാകൃതമായഅവസ്ഥയ്ക്ക് മാറ്റമുണ്ടായേതീരു ..
നാട്ടുകാർ ഒറ്റക്കെട്ടായിപറയുന്നതെങ്ങനെ. ശാശ്വത പരിഹാരമില്ലെങ്കിൽ അനിശ്ചിതകാല ഉപരോധമുൾപ്പെടെ ശക്തമായ സമരത്തിന് നാട്ടുകാർ ഒരുങ്ങുന്നു .
ഞാൻ ഈ വാർത്ത പോസ്റ്റ് ചെയ്തു കഴിഞ്ഞതിന് ശേഷം വൈദ്യുതി വകുപ്പിൽ ജോലിചെയ്യുന്ന ഒരു മാന്യ സുഹൃത്ത് അയച്ചുതന്ന ഈ മാറ്റർ അർഹിക്കുന്ന ഗൗരവത്തോടെ ഞാൻ പോസ്റ്റ് ചെയ്യുന്നു .
പരാതിക്കിടയിലും ഈ മാറ്റർ നമുക്ക് അവഗണിക്കാനാകില്ല തീർച്ച ,ശ്രദ്ധാപൂർവ്വം അനുഭാവപൂർവ്വം വായിക്കാൻ നമ്മൾ ബാദ്ധ്യസ്ഥരാണ് എന്നിരുന്നാലും ഇലക്കും മുള്ളിനും കേടുകൂടാതെ പ്രശ്നപരിഹാരത്തിനെ ന്തു വഴി ? അതിലേക്കാണ് വിരൽ ചൂണ്ടേണ്ടത്.....
---ദിവാകരൻ ചോമ്പാല
⚡kseb ⚡
നിങ്ങളുടെ വീട്ടിലോ സ്ഥാപനത്തിലോ ഫാൻ മോട്ടോർ swich എന്നിവയിൽ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ എന്തിന് ഒരു ഫ്യൂസ് ആയ ബൾബ് മാറ്റിയിടാൻ വേണ്ടി പോലും നിങ്ങൾ മെയിൻ swich ഓഫ് ചെയ്യുന്നത് എന്തിനാണ്?
"അത് ഷോക്ക് ഏൽക്കാതിരിക്കാൻ അപകടം പറ്റാത്തിരിക്കാൻ ""
ആണല്ലോ !!!
Kseb ഓഫീസിൽ വിളിച്ചോ ജീവനക്കാരോടോ പൊതു സമൂഹം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
എന്താണ്
എന്താണ് കറണ്ട് ഒരു നൂറു വട്ടം വന്നും പോയും നിൽക്കുന്നത്,,
അതും ഒരു പത്തോ ഇരുപതോ സെക്കന്റ്‌നു ഉള്ളിൽ,,
ഈ ചോദ്യത്തിന് ഉള്ള ഉത്തരമാണ് ഏറ്റവും മുകളിൽ പറഞ്ഞത് നിങ്ങൾ ഒരു ബൾബ് മാറ്റി ഇടുമ്പോൾ പോലും സ്വിച്ച് ഓഫ് ചെയ്തു നിങ്ങളുടെ ജീവന്റെ സുരക്ഷ നോക്കുന്നു എങ്കിൽ 11000V പ്രസരണ ശേഷിയുള്ള ഒരു ലൈനിലോ അനുബന്ധ ഉപകാരണങ്ങളിലോ ജോലി ചെയ്യുന്ന KSEB ജീവനക്കാരന്റെ ജീവനും സുരക്ഷ വേണ്ടേ?
എന്ത് കൊണ്ടാണ് കറണ്ട് വന്നും പോയി നിൽക്കുന്നത്?
വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പവർ സ്റ്റേഷനുകളിൽ നിന്ന് ആയിരത്തോളം കിലോമീറ്റർ സഞ്ചാരിച്ചാണ് നമുക്ക് വൈദ്യുതി നൽകുന്ന സബ് സ്റ്റേഷനിൽ കറണ്ട് എത്തുന്നത്,
ഇവിടെ നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചാണ് നിങ്ങൾക്ക് വൈദ്യുതി കിട്ടുന്ന ട്രാൻസ്‌ഫോമറിൽ കറണ്ട് എത്തുന്നത്,
ഈ HT ലൈനുകൾ കടന്ന് പോകുന്ന സ്ഥലങ്ങൾ മുഴുവൻ കാടും മരങ്ങളും നിറഞ്ഞു നിൽക്കുന്നതാണ്,, പ്രത്യേകിച്ച് നമ്മുടെ പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു ഒരു കാറ്റോ മഴയോ വന്നാൽ മരക്കൊമ്പുകൾ ഒടിഞ്ഞു വീഴുക, മരങ്ങൾ കട പുഴകി വീഴുക എന്നിവ സർവ്വ സാധാരണമാണ്,,
നമ്മുടെ സെക്ഷൻ പരിധിയിലേക്ക് വൈദ്യുതി നൽകുന്ന സബ് സ്റ്റേഷൻ മുതൽ നമ്മുടെ HT ലൈനുകൾ കടന്ന് നമ്മുടെ സെക്ഷൻ പരിധിയിൽ ഉള്ള മുഴുവൻ ട്രാൻസ്ഫോമറിലേക്കുമുള്ള ഏതെങ്കിലും ഒരു ഭാഗത്തുള്ള HT ലൈനിൻ്റെ ഭാഗമായ ഇൻസുലേറ്റർ, AB അനുബന്ധ സാമഗ്രികൾ ഏതെങ്കിലും കേടാവുക, ലൈനിലേക്ക് ഒരു ഉണങ്ങിയ ചുള്ളിക്കമ്പ് വീണാൽ പോലും ലൈൻ ഫാൾട്ട് ആകുകയും സബ്സ്റ്റേഷൻ മുതൽ ഉള്ള മുഴുവൻ സ്ഥലങ്ങളിലും കറണ്ട് പോകുകയും ചെയ്യും
സബ് സ്റ്റേഷനിൽ 3വട്ടം ടെസ്റ്റ് ചാർജ് ചെയ്യും, ഈ 3ടെസ്റ്റ് ചാർജിന്റെ സമയത്തും നിങ്ങൾ ചോദിക്കുന്നത് പോലെ 3വട്ടം കറണ്ട് വന്നു പോകും,,
പിന്നീട് സബ് സ്റ്റേഷനിൽ നിന്ന് നമ്മുടെ ഓഫീസിലേക്ക് ലൈൻ ഫാൾട്ട് ആണെന്ന് വിവരം അറിയിക്കും,
പിന്നീട് ആ ഫാൾട്ട് എവിടെ ആണെന്ന് കണ്ടു പിടിക്കേണ്ടത് സെക്ഷൻ ഓഫീസിലെ ജീവനക്കാരുടെ ജോലിയാണ്,
അതിന് വേണ്ടി ചെയ്യുന്നത് ഓരോ ട്രാൻസ്‌ഫോമറിന്റെ ഭാഗത്തെകും ഉള്ള AB കൾ ഓപ്പൺ ചെയ്തു ടെസ്റ്റ് ചാർജ് ചെയ്യുക എന്നതാണ്
11000V ശേഷിയുള്ള വൈദ്യുതി ലൈനിൽ ഒരു മനുഷ്യൻ തന്റെ ഗ്ലൗസ് ഇട്ട കൈ കൊണ്ടു ഓപ്പൺ ചെയ്യുമ്പോൾ അവിടെ വൈദ്യുതി ഓഫ് ചെയ്യാതെ ആ ജോലി ചെയ്യുക സാധ്യമാണോ?
തകരാർ എവിടെ ആണെന്ന് കണ്ടു പിടിക്കാൻ വേണ്ടി ഓരോ ഭഗത്തേക്കുമുള്ള ലൈൻ ABകൾ ഓപ്പൺ ചെയ്യുന്ന സമയത്തും പത്തോ ഇരുപതോ സെക്കന്റ് കറണ്ട് പോകും
തകരാർ കണ്ടു പിടിക്കാൻ എത്ര സമയം വേണ്ടി വരുമോ അത്രയും സമയം ഇങ്ങനെ ചെയ്യുകയേ സാധ്യമുള്ളൂ,,
HT ലൈനിൽ എന്തെങ്കിലും വീഴുന്ന സമയത്ത് വലിയ ശബ്ദത്തോടെ ഒരു പൊട്ടലും തീയും ഉണ്ടാകും,
ഇത് ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾ എത്രയും വേഗം ആ സ്ഥലം KSEB ഓഫീസിലോ (പക്ഷെ ആ സമയം കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ ആയിരക്കണക്കിനു ആൾക്കാർ ഓഫിസ് ഫോണിൽ try ചെയ്യുന്നത് കാരണം നിങ്ങളുടെ call തന്നെ കണക്ട് ആവണമെന്നില്ല. ഒരു ഫീഡറിലുള്ള പതിനായിരത്തിനു മുകളിൽ വരുന്ന കൺസ്യൂമർ മാരിൽ ഒരാൾ മാത്രമാണ് നിങ്ങൾ) നിങ്ങൾക്ക് പരിചയം ഉള്ള ജീവനക്കാരെയോ അറിയിക്കുക, എങ്കിൽ കൃത്യമായി അവിടെ എത്തി തടസം മാറ്റുകയും ചെയ്തു വൈദ്യുതി പുനസ്ഥാപിക്കാം,,
Earth fault പോലെയുള്ള ശബ്ദമോ വെളിച്ചമോ കുറഞ്ഞ തകരാറുകൾ ലൈനിൽ സംഭവിച്ചാൽ മണിക്കൂറുകൾ search ചെയ്താൽ പോലും കണ്ടു പിടിക്കാൻ കഴിയാതെ വരാറുണ്ട്,,
ഓർക്കുക ഒരു നിമിഷം പോലും ഒരു kseb ജീവനക്കാരനും മനപ്പൂർവം വൈദ്യുതി ഓഫ് ചെയ്യില്ല,
പൊതു ജനങ്ങളുടെയോ ലൈനിൽ ജോലി ചെയ്യുന്ന ജീവനക്കാരന്റെയോ സുരക്ഷക്ക് വേണ്ടിയും പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത തകരാറുകളും കൊണ്ട് മാത്രമേ നിങ്ങൾക്ക് വൈദ്യുതി തടസ്സം നേരിടൂ
എല്ലാ സമയവും ഞങ്ങളുടെ ഏറ്റവും വിലപ്പെട്ട ഉപഭോക്താക്കൾക്ക് മേന്മ ഉള്ള വൈദ്യുതി നൽകി സ്വസ്ഥമായി ജോലി ചെയ്യുവാനാണ് ഓരോ kseb ജീവനക്കാരനും ആഗ്രഹിക്കുന്നത്,
ഓരോ പാതി രാത്രിയിലും കറണ്ട് വന്നും പോയും നിൽക്കുന്നു എന്ന് നിങ്ങൾ പരാതി പറയുമ്പോൾ കോരി ചൊരിയുന്ന മഴയത്തും കാറ്റിലും ഇടിക്കും മിന്നലിനും ഇടയിൽ കാട്ടിലും മലയിലും വെള്ളത്തിലും മീതെ സാധാരണ നിങ്ങളെപ്പോലെ പച്ചയായ മനുഷ്യരായ ഞങ്ങളും സ്വന്തം ജീവൻ പോലും പണയം വെച്ചു ജോലി ചെയ്യുകയാണ് എന്ന് കൂടി ഓർക്കുക,
നിങ്ങളെപ്പോലെ തന്നെ മരുന്ന് പൊതിയുമായി കാത്തിരിക്കുന്ന അച്ഛനും അമ്മയും മിട്ടായി പൊതി കാത്തിരിക്കുന്ന മക്കളും പ്രിയപ്പെട്ടവനേ കാത്തിരിക്കുന്ന കുടുംബവും അയാൾക്കും ഉണ്ടെന്ന് ഓർക്കുക,
ജോലിക്ക് ഇടയിൽ ഷോക്ക് ഏറ്റു മരണപ്പെടുന്ന വൈദ്യുതി ജീവനക്കാരന്റെ പേരും ഫോട്ടോയും ഓരോ ദിവസം ഇറങ്ങുന്ന പത്രങ്ങളിലും സ്ഥാനം പിടിക്കുമ്പോൾ സ്വന്തം ജീവന് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യം വൈദ്യുതി ഓഫ് ചെയ്തു ജോലി ചെയ്യുക എന്നത് മാത്രമേ ഉള്ളു,
അതിന് വേണ്ടി ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളുടെ സഹകരണം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു....
⚡kseb ⚡
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































