ചില മനുഷ്യരുടെ ജീവിതം ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല; ഒരു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ്. അത്തരത്തിൽ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശയും ലോകശ്രദ്ധയും സമ്മാനിച്ച മഹത്തായ വ്യക്തിത്വമായിരുന്നു ശ്രീ പാലേരി രമേശൻ. അദ്ദേഹത്തിന്റെ വിയോഗം ഒരു സ്ഥാപനത്തിന്റെ ചെയർമാന്റെ മരണം മാത്രമല്ല, കേരളത്തിന്റെ വികസനചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായത്തിന്റെ സമാപനം കൂടിയാണ്.
സഹകരണ മേഖലയെ ആധുനിക വ്യവസായ സംരംഭങ്ങളുടെ ഉയരങ്ങളിലെത്തിച്ച അദ്ദേഹത്തിന്റെ നേതൃത്വം അപൂർവമായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏഷ്യയിൽ തന്നെ ശ്രദ്ധേയമായ സഹകരണ സംരംഭമാക്കി വളർത്തിയെടുത്തത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായിരുന്നു. നൂറുകണക്കിന് എൻജിനീയർമാർക്കും പതിനയ്യായിരത്തിലധികം ജീവനക്കാർക്കും തൊഴിൽ നൽകി, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവിതത്തിന്റെ പുതിയ പ്രതീക്ഷ തുറന്നുകൊടുത്ത ഒരു ജനനായകനായിരുന്നു അദ്ദേഹം.
വടകരയുടെ അഭിമാനപദ്ധതിയായ സർഗ്ഗാലയ അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെ മറ്റൊരു സാക്ഷ്യമാണ്. കേരളത്തിന്റെ പാരമ്പര്യ കരകൗശലകലകൾക്ക് ആഗോളവേദി ഒരുക്കിയ സർഗ്ഗാലയ ഇന്ന് ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ കരകൗശല-ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറിയതിനു പിന്നിൽ പാലേരി രമേശന്റെ കാഴ്ചപ്പാടും നേതൃത്വവും നിർണായകമായിരുന്നു. സർഗ്ഗാലയയുടെ ആസൂത്രണഘട്ടങ്ങളിൽ അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനോടൊപ്പം പ്രവർത്തിക്കാനും ആ സംരംഭത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളിയാകാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങളിലൊന്നായി ഞാൻ കരുതുന്നു.
അദ്ദേഹത്തോടൊപ്പം അവസാനമായി വേദി പങ്കിട്ടത് കോഴിക്കോട് സർവകലാശാലയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു. പി. ടി. ഉഷയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്ത ആ പരിപാടിയിൽ അദ്ദേഹം നൽകിയ ആത്മാർത്ഥമായ സ്വീകരണം ഇന്നും എന്റെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. അന്ന് എന്റെ മരുമകൻ എൻജിനീയർ അനിൽകുമാർ പൊറ്റക്കാട് പകർത്തിയ ചിത്രങ്ങൾ ആ സ്മരണകളെ കൂടുതൽ മധുരമുള്ളതാക്കുന്നു.
എന്റെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നൽകിവന്ന മലബാർ അവാർഡ് ശ്രീ പാലേരി രമേശന് സർഗ്ഗാലയയിൽ സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ മന്ത്രി ഇ. പി. ജയരാജൻ സമ്മാനിച്ച നിമിഷം എന്റെ ജീവിതത്തിലെ അഭിമാന മുഹൂർത്തങ്ങളിലൊന്നാണ്. ചടങ്ങിനുശേഷം എന്നെയും ഭാര്യയെയും നിർബന്ധപൂർവം ഭക്ഷണം കഴിപ്പിച്ചയച്ച അദ്ദേഹത്തിന്റെ സ്നേഹവും ലാളിത്യവും ഇന്നും ഹൃദയസ്പർശിയായ ഓർമയാണ്.
ഭരണകാര്യങ്ങളിൽ കർക്കശമായ അച്ചടക്കവും തീരുമാനങ്ങളിൽ കൃത്യതയും പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. അതേസമയം സഹപ്രവർത്തകരോടും ജീവനക്കാരോടും കാണിച്ച കരുതലും മാനുഷിക സമീപനവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഊരാളുങ്കൽ സൊസൈറ്റിയിൽ ഉദ്യോഗസ്ഥനായിരുന്ന എന്റെ മരുമകൻ അനിൽകുമാർ പൊറ്റക്കാട് അദ്ദേഹത്തിന്റെ ഭരണമികവിനെക്കുറിച്ച് എപ്പോഴും ആദരവോടെ പറയാറുണ്ടായിരുന്നു.
കർഷകത്തൊഴിലാളികളായ ആയിരങ്ങളെ സാങ്കേതിക വൈദഗ്ധ്യമുള്ള വ്യാവസായിക തൊഴിലാളികളാക്കി മാറ്റിയ സാമൂഹിക പരിവർത്തനമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ മലബാർ അവാർഡിന് അർഹനായി ഞങ്ങൾ തെരഞ്ഞെടുത്തത്.
വ്യക്തിപരമായ ആദരസൂചകമായി ഞാൻ നൽകിയ പതിനായിരം രൂപയുടെ ചെക്ക് അദ്ദേഹം ഉപയോഗിക്കാതെ തിരികെ വച്ചത് അദ്ദേഹത്തിന്റെ മഹത്തായ ഔദാര്യത്തിന്റെ തെളിവാണ്. വാഗ്ഭടാനന്ദനെക്കുറിച്ച് ഞാൻ ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹം മുൻകൈ എടുത്തതും എന്റെ ജീവിതത്തിലെ നന്ദിയോടെ ഓർക്കുന്ന സംഭവമാണ്.
പാലേരി രമേശൻ സഹകരണ മേഖലയെ സാമ്പത്തിക വിജയത്തിന്റെ മാതൃകയാക്കി മാറ്റിയതിലുപരി, വികസനം മനുഷ്യരുടെ ജീവിതനിലവാരം ഉയർത്താനുള്ള ഉപാധിയാണെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം നേതൃത്വത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആത്മാർത്ഥ സേവനത്തിന്റെയും അപൂർവ പാഠപുസ്തകമാണ്.
കാലം കടന്നുപോകും; തലമുറകൾ മാറും. എന്നാൽ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം എഴുതപ്പെടുന്നിടത്തോളം പാലേരി രമേശൻ എന്ന പേര് ആദരവോടെയും അഭിമാനത്തോടെയും അനുസ്മരിക്കപ്പെടും.
ആ മഹനീയ വ്യക്തിത്വത്തിന്റെ പുണ്യസ്മരണയ്ക്ക് എന്റെ പ്രണാമവും.
ആദരാഞ്ജലികളും
വാസ്‌തുഗുരു ഡോ. നിശാന്ത് തോപ്പിലിന്
കാലിഫോർണിയ പബ്ലിക് യൂണിവേഴ്സിറ്റിയുടെ ഡി.ലിറ്റ് ബഹുമതി
പാലക്കാട് : വാസ്തുശാസ്ത്ര രംഗത്തെ ഗവേഷണങ്ങൾക്കും പ്രചാരണത്തിനും ജീവകാരുണ്യ -സാമുദായിക മേഖലകളിലെ വിശിഷ്ട സേവനങ്ങൾക്കും അംഗീകാരമായി ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തുഗുരുവും കോഴിക്കോട് സ്വദേശിയുമായ ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോർണിയ പബ്ലിക് യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് ലിറ്ററേച്ചർ (D.Litt) ബഹുമതി സമ്മാനിച്ചു.വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ ചെയർമാൻകൂടിയാണിദ്ദേഹം .
ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് പാലക്കാട് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ പ്രൊഫസർ ഡോ.സുരേഷ് കെ.ഗുപ്തൻ . സീനിയർ ഫാക്കൽറ്റികളായ ജുമൈല ,യൂസഫ് ഫാറൂഖ് ,അട്ടപ്പാടി മാണിസാർ എന്നിവരിൽ നിന്ന് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. വാസ്തു സയൻസിലെ ആധികാരികമായ ഗവേഷണങ്ങൾ മുൻനിർത്തിയാണ് ആഗോളതലത്തിൽ ശ്രദ്ധേയമായ യൂണിവേഴ്സിറ്റിയുടെ ഈ ആദരം അദ്ദേഹത്തെ തേടിയെത്തിയത്.
ചടങ്ങിനോടനുബന്ധിച്ച് പോഷകാഹാര സെമിനാറും സംഘടിപ്പിച്ചു. സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ബഹുമുഖ പ്രതിഭകളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































