ജീവനകലയെ പ്രണയിച്ച ബഹുമുഖ പ്രതിഭ ; എം. പി. വീരേന്ദ്രകുമാറിന്റെ ഓർമ്മകളിലൂടെ…

ജീവനകലയെ പ്രണയിച്ച ബഹുമുഖ പ്രതിഭ ; എം. പി. വീരേന്ദ്രകുമാറിന്റെ ഓർമ്മകളിലൂടെ…
ജീവനകലയെ പ്രണയിച്ച ബഹുമുഖ പ്രതിഭ ; എം. പി. വീരേന്ദ്രകുമാറിന്റെ ഓർമ്മകളിലൂടെ…
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 22, 11:10 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചില മനുഷ്യർ കാലത്തിന്റെ കലണ്ടറുകളിൽ മാത്രം ജീവിക്കുന്നവരല്ല. അവർ കണ്ടുമുട്ടിയ മനുഷ്യരുടെ ഹൃദയങ്ങളിലും അവർ സ്പർശിച്ച ജീവിതങ്ങളുടെ ഓർമ്മകളിലും അവർ വിശ്വസിച്ച മൂല്യങ്ങളിലുമാണ് യഥാർഥത്തിൽ ജീവിക്കുന്നത്. അത്തരമൊരു അപൂർവ വ്യക്തിത്വമാ യിരുന്നു മുൻ കേന്ദ്രമന്ത്രി, മുൻ എം.പി., മാതൃഭൂമി മാനേജിങ് ഡയറക്ടർ, പ്രഗത്ഭനായ സാഹിത്യകാരൻ, പ്രഭാഷകൻ, പരിസ്ഥിതി സ്നേഹി, സാംസ്കാരിക ചിന്തകൻ എം. പി. വീരേന്ദ്രകുമാർ.


അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനത്തിൽ, ഓർമ്മകളുടെ ജനാല തുറക്കുമ്പോൾ മനസ്സിൽ തെളിയുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായയല്ല; പകരം, സൗഹൃദത്തെ സമ്പത്തായി കരുതിയ, മനുഷ്യനെ മനുഷ്യനായി സ്നേഹിച്ച, ആത്മീയതയെ ജീവിതത്തിന്റെ ശ്വാസമാക്കിയ, ലാളിത്യത്തെ ആഭരണമാക്കിയ ഒരു വലിയ മനുഷ്യന്റെ മുഖമാണ്.


അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ ഇന്നും മലയാളിയുടെ ചിന്തയെ ഉണർത്തു

ന്നു. എന്നാൽ, പുസ്തകങ്ങളുടെ പേജുകൾക്കപ്പുറം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു ഏറ്റവും മനോഹരമായ ഒരു തുറന്ന പുസ്തകം.


ഒരു യാദൃച്ഛിക കൂടിക്കാഴ്ചയുടെ ദീർഘപ്രതിധ്വനി

ജീവിതത്തിലെ ചില കണ്ടുമുട്ടലുകൾ ആസൂത്രണം ചെയ്തതല്ല. വിധി നിശ്ശബ്ദമായി ഒരുക്കുന്ന ചില മുഹൂർത്തങ്ങളുണ്ട്. വീരേന്ദ്രകുമാർ സാറുമായുള്ള എന്റെ ബന്ധവും അത്തരമൊരു അനുഭവമായിരുന്നു.

രാഷ്ട്രീയ വേദികളിൽ പലവട്ടം അദ്ദേഹത്തെ അകലെ നിന്നും നോക്കി കണ്ടിട്ടുണ്ടെങ്കിലും, മനസ്സുകൾ തമ്മിൽ യഥാർത്ഥത്തിൽ അടുത്തത് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര ആസ്ഥാനമായ ആശ്രമത്തിലെ ശക്തി കുടീരിന്റെ മുറ്റത്ത് വെച്ചായിരുന്നു .

മുപ്പതു വർഷങ്ങൾക്ക് മുൻപ്.

 ഗുരുദേവ് ശ്രശ്രീരവിശങ്കർജിയെ കാത്തിരുന്ന ആ നിമിഷങ്ങളിൽ ആരംഭിച്ച സംഭാഷണം പിന്നീട് വർഷങ്ങളോളം നീണ്ട ആത്മബന്ധമായി മാറി.


അന്നത്തെ കൂടിക്കാഴ്ചയിൽ മാതൃഭൂമി ലൈസൺ ഓഫീസർ ശ്രീനിവാസൻ സാറും, ആർട്ട് ഓഫ് ലിവിംഗിന്റെ ആദ്യകാല പ്രവർത്തകനായ സ്റ്റീഫൻജി യും, എന്റെ പ്രിയ സുഹൃത്തും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ എം. കെ. കൃഷ്ണൻ മാസ്റ്ററും ഉണ്ടായിരുന്നു . കൃഷ്ണൻ മാസ്റ്റർ ഇന്ന് ഓർമ്മകളുടെ ഭാഗ മാണ്. എന്നാൽ, ആ കൂടിക്കാഴ്ച സമ്മാനിച്ച സൗഹൃദത്തിന്റെ പ്രകാശം ഇന്നും മങ്ങിപ്പോയിട്ടില്ല.

സഹായം ചെയ്തതല്ല; ചേർത്തുപിടിച്ചു

മാതൃഭൂമിയും ആർട്ട് ഓഫ് ലിവിംഗും

അന്ന് കേരളത്തിൽ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പൊതുബോധം വളരെ കുറവായിരുന്നു. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയുടെ പ്രവർത്തനങ്ങളും ആശയങ്ങളും മാധ്യമങ്ങളിൽ കാര്യമായി ഇടം നേടിയിരുന്നില്ല. അത്തരമൊരു കാലഘട്ടത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഒർഗനൈസേഷന്റെ കേരളത്തിലെ മാധ്യമ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ എനിക്ക് ഏറ്റവും വലിയ പിന്തുണയായി മാറിയത് വീരേന്ദ്രകുമാർ സാറായിരുന്നു.


ഒരു ദിവസം അദ്ദേഹം എന്നെ മാതൃഭൂമിയുടെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന രാധാകൃഷ്ണൻ നമ്പി സാറിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

"ദിവാകരൻ എന്റെ സ്വന്തം ആളാണ്. ശ്രീ ശ്രീ രവിശങ്കർജിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യണം."

മനുഷ്യരെ സഹായിക്കുന്നവർ ഏറെയുണ്ട്. എന്നാൽ, അവരെ സ്വന്തം ആളായി സ്വീകരിക്കുന്നവർ അപൂർവമാണ്.

ആ വാക്കുകൾ ഒരു പരിചയപ്പെടുത്തൽ മാത്രമായിരുന്നില്ല; ജീവിതം മുഴുവൻ കൂടെ നിൽക്കുന്ന ഒരു വിശ്വാസത്തിന്റെ മുദ്രയായിരുന്നു.

തുടർന്ന് മാതൃഭൂമിയിലെ നിരവധി എഡിറ്റർമാരെയും മാധ്യമപ്രവർത്ത

കരെയും പരിചയപ്പെടാനും അവരുടെ ആത്മാർത്ഥമായ പിന്തുണ നേടാനും എനിക്ക് ഭാഗ്യമുണ്ടായി ആ വാതിലുകൾ തുറന്നുതന്നത് വീരേന്ദ്രകുമാർ എന്ന വലിയ മനുഷ്യന്റെ വിശാലഹൃദയമായിരുന്നു.


വിമർശനങ്ങളുടെ കാറ്റിലും അണയാത്ത വിശ്വാസം

ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തെ സംശയത്തോടെയും വിമർശനത്തോ ടെയും പലരും നോക്കിക്കണ്ടിരുന്ന കാലം. പല വാതിലുകളും അടയുമ്പോൾ ചില വാതിലുകൾ മാത്രം തുറന്നുനിന്നു. അതിലൊന്നായിരുന്നു മാതൃഭൂമി.

വീരേന്ദ്രകുമാർ സാർ തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തുറന്നെഴുതി. ആത്മീയതയെ വ്യാപാരമെന്നു മുദ്രകുത്തിയിരുന്ന കാലത്ത്, അനുഭവിച്ച സത്യത്തെ മറച്ചുവെക്കാൻ അദ്ദേഹം തയ്യാറായില്ല.

 മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ ശ്രീ രവിശങ്കർജിയുടെ കവർചിത്രത്തോടെ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

സ്വന്തം  അനുഭവങ്ങളെ അടിസ്ഥാനമാക്കി ആർട്ട് ഓഫ് ലിവിംഗിലൂടെ തനിക്കും കുടുംബത്തിനും ലഭിച്ച ഗുണങ്ങളെ അദ്ദേഹം ആത്മാർത്ഥമായി രേഖപ്പെടുത്തി. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ അനുഭവ ക്കുറിപ്പു കൾ ഉൾപ്പെടുത്തി ആ പ്രത്യേക പതിപ്പ് തയ്യാറാക്കുന്നതിലും അദ്ദേഹം മുൻകൈയെടുത്തു.

മറ്റു പല മാധ്യമങ്ങളും വിമർശനപരമായ സമീപനം സ്വീകരിച്ചിരുന്ന സാഹചര്യത്തിൽ, മാതൃഭൂമിയുടെയും വീരേന്ദ്രകുമാർ സാറിന്റെയും പിന്തുണ ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തനങ്ങൾക്ക് വലിയ ആത്മവിശ്വാസ മായി മാറി. ആ കടപ്പാട് ഇന്നും ഞാൻ ആദരവോടെ ഓർക്കുന്നു.

സത്യസന്ധമായ അനുഭവങ്ങൾക്ക് അദ്ദേഹം നൽകിയ വിലയാണ് എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത്.

പദവികളെ മറന്ന മനുഷ്യൻ

അധികാരത്തിന്റെ ഉയരങ്ങളിൽ നിൽക്കുന്നവർക്ക് പലപ്പോഴും സാധാരണ മനുഷ്യരുടെ നിരയിൽ ഇരിക്കാൻ മടിയുണ്ടാകും.

എന്നാൽ, കോഴിക്കോട് സ്വപ്നനഗരിയിൽ നടന്ന മഹാസുദർശനക്രിയയിൽ പങ്കെടുക്കാനെത്തിയ വീരേന്ദ്രകുമാർ സാറിനോട് ഞാൻ ഒരു വിരി കൊണ്ടു വരാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു:

"വേണ്ട... എല്ലാവരെയും പോലെ ഇവിടെ മണ്ണിലിരിക്കാം ."

ആ നിമിഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ പദവികൾ എല്ലാം അപ്രത്യക്ഷമാ

യി. അവിടെ ഉണ്ടായിരുന്നത് ഒരു സാധാരണ മനുഷ്യൻ മാത്രം.

ലാളിത്യം അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു; അഭിനയമല്ല.

ചാലപ്പുറത്തെ സായാഹ്നങ്ങളുടെ സുഗന്ധം

ചാലപ്പുറത്തെ അദ്ദേഹത്തിൻറെ വീട്ടിലെ മുകളിലെ ഹാളിൽ നടന്ന സുദർശനക്രിയകൾ ഇന്നും ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.

മാതൃഭൂമിയുടെ ജനറൽ മാനേജർ നമ്പീശൻ സാർ ,ശ്രീനിവാസൻ സാർ, നന്ദൻ സാർ അങ്ങിനെ പലരും ഇതിൽ ഭാഗഭാക്കായിട്ടുമുണ്ട് .

അവിടുത്തെ പാചകക്കാരൻ മംഗലാപുരത്തുകാരൻ മേമി . മേമി യുടെ പാചകം കൈപ്പുണ്യം വർണ്ണിക്കാൻ വാക്കുകളില്ല .അദ്ധേഹം ചുട്ടെടുക്കന്ന ദോശയും മസാല റോസ്‌റ്റും പൊള്ളുന്ന ചൂടിൽ വിളമ്പിക്കിട്ടിയതും വീരേന്ദ്രകുമാർസാറിൻറെ സരസഗംഭീരവും അനുഭവസമ്പന്നമായ സംഭാഷണങ്ങൾ...

 എല്ലാവരുംകൂടി ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച് രാത്രി ഒൻപത് ഒൻപതര മണിയുമാവും അവിടുന്ന് യാത്രയാവാൻ .

ഓർമ്മിക്കാനും ഓമനിക്കാനും ഇന്നും അതൊരു സുഖം .അവിടെ പദവികളില്ലായിരുന്നു. മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഒരേ മേശയ്ക്കു ചുറ്റും ഇരുന്ന് ഭക്ഷണം കഴിച്ച ആ രാത്രികൾ ഇന്നും മനസ്സിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഒന്നാണ്.

ആഭരണമല്ല, ഓർമ്മയുടെ പൊന്നായിരുന്നു അത്

ഒരിക്കൽ ഞാൻ തമാശയായി ചോദിച്ചു.

"സാറൊരു ആഭരണപ്രിയനാണല്ലേ?"

അദ്ദേഹം ശാന്തമായി ഷർട്ടിന്റെ ബട്ടൺ അഴിച്ചു.

കഴുത്തിലുണ്ടായിരുന്ന മാലകൾ കൈയിലെടുത്ത് മൃദുവായി പറഞ്ഞു:

"ഇത് സ്വർണ്ണമല്ല... അച്ഛന്റെ ഓർമ്മയാണ്. സ്വത്ത് പങ്കിട്ടപ്പോൾ ഞാൻ ചോദിച്ചത് ഇതു മാത്രമാണ്."


ആ നിമിഷം ആ മാലകളുടെ വില സ്വർണ്ണത്തിന്റെ തൂക്കത്തിലല്ല, സ്നേഹത്തിന്റെ ആഴത്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

മനുഷ്യനെ അളക്കുന്നത് അയാളുടെ സമ്പത്തുകൊണ്ടല്ല; അയാൾ സൂക്ഷിക്കുന്ന ഓർമ്മകളുടെ വിശുദ്ധികൊണ്ടാണെന്ന് അദ്ദേഹം ജീവിതംകൊണ്ട് പഠിപ്പിച്ചു.

കഥകളിലൂടെ ജീവിതം പറഞ്ഞ മനുഷ്യൻ

വീരേന്ദ്രകുമാർ സാർ കഥ പറയുമ്പോൾ അത് വെറും കഥയാകാറില്ല; ജീവിതത്തിന്റെ ഒരു തുണ്ട് അതിൽ ഒളിഞ്ഞിരിക്കും.

ഇണയെ നഷ്ടപ്പെട്ടാൽ ആകാശത്തിന്റെ ഏറ്റവും ഉയരത്തിലേക്ക് പറന്ന് പിന്നീട് ചിറകുകൾ മടക്കി ഭൂമിയിലേക്ക് പതിച്ച് ജീവനൊടുക്കുന്ന ഒരു പക്ഷിയുടെ കഥ ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.

ആപക്ഷിയു ടെ പേര് ഇന്ന് ഓർമ്മയില്ല.


എന്നാൽ, അദ്ദേഹത്തിന്റെ ശബ്ദത്തിലെ വികാരവും ആ കഥയുടെ തീവ്രതയും ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.

ഓർമ്മകളിൽ ഇന്നും നടക്കുന്നു ആ മനുഷ്യൻ

ചിലരുടെ മരണം ഒരു വ്യക്തിയുടെ വേർപാടല്ല; ഒരു കാലഘട്ടത്തിന്റെ നിശ്ശബ്ദതയാണ്.

വീരേന്ദ്രകുമാർ സാർ അത്തരമൊരു മനുഷ്യനായിരുന്നു.

രാഷ്ട്രീയം അദ്ദേഹത്തിന്റെ വിലാസമായിരുന്നെങ്കിലും മനുഷ്യസ്നേഹമായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പരിചയം.

സാഹിത്യം അദ്ദേഹത്തിന്റെ ഭാഷയായിരുന്നു; ലാളിത്യം അദ്ദേഹത്തിന്റെ സൗന്ദര്യം.

ആത്മീയത അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു; സൗഹൃദം അദ്ദേഹത്തി ന്റെ സമ്പത്ത്.

ഇന്ന് അദ്ദേഹം ഭൗതികമായി നമ്മോടൊപ്പമില്ല.

എന്നാൽ, ഓരോ ഓർമ്മയും മനസ്സിലേക്ക് മടങ്ങിയെത്തുമ്പോൾ, ചിരിച്ചുകൊണ്ട് തോളിൽ കൈവെച്ച് "ദിവാകരൻ എന്റെ സ്വന്തം ആളാണ്" എന്ന് പറയുന്ന ആ സ്നേഹനിറഞ്ഞ മുഖം ഇന്നും എന്റെ മുന്നിൽ തെളിഞ്ഞുനിൽക്കുന്നു.

അതാണ് മനുഷ്യർ ജീവിച്ചിരിപ്പിന്റെ യഥാർഥ അർത്ഥം.

അദ്ദേഹം കടന്നുപോയിട്ടില്ല.


ഓർമ്മകളുടെ പ്രകാശമായി, മനുഷ്യസ്നേഹത്തിന്റെ സുഗന്ധമായി, ജീവനകലയുടെ നിശ്ശബ്ദ സംഗീതമായി ഇന്നും അദ്ദേഹം നമ്മോടൊപ്പമുണ്ട്.

ആ മഹത് വ്യക്തിത്വത്തിന്റെ പുണ്യസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജ ലികളും പ്രണാമങ്ങളും.

:ദിവാകരൻ ചോമ്പാല

MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പേരുപോലെ പൊരുൾ : വി. ഡി. സതീശൻ (കേരള മുഖ്യമന്ത്രി )
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മുടെ യുവത്വം തെരുവിലാണ് :എം. എൻ .കാരശ്ശേരി
N
NIS
N