കാലാതീതമായ പ്രൗഢിയോടെ അളകാപുരി
ഹിന്ദു പുരാണങ്ങൾ പ്രകാരം, സമ്പത്തിന്റെ അധിപനായ കുബേരന്റെ പ്രൗഢഗംഭീരമായ തലസ്ഥാന നഗരിയാണ് അളകാപുരി. ഹിമാലയ പർവതനിരകളിൽ, കൈലാസത്തിനടുത്തായി സ്വർണ്ണവും രത്നങ്ങളും കൊണ്ട് നിർമ്മിക്കപ്പെട്ട, ലോകത്തിലെ ഏറ്റവും മനോഹരവും ഐശ്വര്യവും നിറഞ്ഞ ഒരു മായാനഗരമായാണ് പുരാണങ്ങളിൽ അളകാപുരിയെ വിശേഷിപ്പിക്കുന്നത്. കാളിദാസന്റെ പ്രശസ്ത കാവ്യമായ 'മേഘദൂതി'ൽ ഈ നഗരത്തിന്റെ അതിമനോഹരമായ വർണ്ണന കാണാം. എന്നാൽ പുരാണങ്ങളിലെ ആ സമൃദ്ധിയുടെയും പ്രൗഢിയുടെയും തനിമ ചോരാതെ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ കോഴിക്കോട്ട് ഒരു ചരിത്രസ്മാരകം പോലെ നിലകൊള്ളുന്ന ഇടമാണ് പാളയം എം.എം. അലി റോഡിലെ പ്രശസ്തമായ 'അളകാപുരി ഹോട്ടൽ'.
കോഴിക്കോട്ടെ സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ കൂട്ടായ്മകളുടെ ചരിത്രത്തോടൊപ്പം ചേർത്തു വായിക്കേണ്ട ഒരു നാഴികക്കല്ലാണിത്. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, തിക്കോടിയൻ, എൻ.പി. മുഹമ്മദ് തുടങ്ങിയ പ്രമുഖ എഴുത്തുകാരും കാലിക്കറ്റ് യൂണിവേ ഴ്സിറ്റി വൈസ് ചാൻസിലറായിരുന്ന ഡോ .കെ .കെ .എൻ കുറുപ്പും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും സിനിമാപ്രവർത്തകരും മാധ്യമപ്രവർ ത്തകരും വർത്തകപ്രമാണിമാരും ശുദ്ധമായ ഭക്ഷണം ആഗ്രഹിക്കുന്ന സാധാരണക്കാരുമെല്ലാം ഒത്തുചേർന്നിരുന്ന സാംസ്കാരിക കൂട്ടായ്മകളുടെ ഈറ്റില്ലമായിരുന്നു ഈ മണ്ണ്.
കോഴിക്കോട് നഗരത്തിന്റെ തിരക്കുകൾക്കിടയിലും ശാന്തവും ഹരിതാഭവുമായ അന്തരീക്ഷവും, പാരമ്പര്യ തനിമ നിലനിർത്തി ക്കൊണ്ടുള്ള നിർമ്മാണ ശൈലിയും, സാധാരണ മുറികൾ മുതൽ കോട്ടേജുകൾ വരെയുള്ള താമസസൗകര്യങ്ങളും, കോഴിക്കോടൻ തനിമയുള്ള രുചികരമായ വിഭവങ്ങളും കോഫി ഷോപ്പും ബാർ സൗകര്യവുമെല്ലാം അളകാപുരിയുടെ മാത്രം പ്രത്യേകതകളാണ്.
കാലമേറെക്കഴിഞ്ഞിട്ടും, നഗരത്തിന്റെ മുഖച്ഛായ തന്നെ മാറിയിട്ടും, അളകാപുരിയുടെ തലപ്പെരുമയ്ക്കും പ്രൗഢിക്കും അശേഷം മങ്ങലേൽ ക്കാതെ, കോഴിക്കോടിന്റെ നൊസ്റ്റാൾജിയയും ആതിഥേയത്വവും ഒരേപോലെ നിലനിർത്തിക്കൊണ്ട് ഇവിടെയെത്തുന്ന അതിഥികളെ ഇരു കൈകളും നീട്ടി വരവേൽക്കാൻ ഇരു കൈകളുലും കൂപ്പി തൊഴുകൈ യ്യുമായി നിൽക്കുന്നു.
പാരമ്പര്യത്തിന്റെ തനിമ അശേഷം ചോരാതെ ആധുനികതയുടെ ആഢ്യത്വം സമന്വയിപ്പിച്ചുകൊണ്ട് ഈ സാംസ്കാരിക ഗോപുരം ഇന്നും തലയുയർത്തി കോഴിക്കോടൻ പെരുമപോലെ നിൽക്കുന്നത് ഒരു ചരിത്രസത്യം പോലെ സുദൃഢമാണ്.
(ചരിത്രതാളുകളിൽ നിന്ന്:
മാതൃഭൂമി- 2008 ഒക്ടോബർ 18, ശനിയാഴ്ച )
'അളകാപുരി’യും കേശവമേനോനും
കാലത്തിന്റെ ഓർമ്മപ്പൂക്കൾ
— എം.ടി. വാസുദേവൻ നായർ
വളരെ മുമ്പാണ്-
കോഴിക്കോട് നഗരത്തില്‍ എരുമകളെ കെട്ടി കറവ നടത്തിയിരുന്ന ഒരിടമുണ്ട്. എരുമച്ചാണകവും മൂത്രവും തീറ്റയുടെ അവശിഷ്ടങ്ങളുമൊക്കെച്ചേര്‍ന്ന് ചതുപ്പുനിലം പോലെ തോന്നിച്ച ഒരു സ്ഥലം. നഗരവാസികള്‍ക്കും ഹോട്ടലുകള്‍ക്കുമൊക്കെ വേണ്ട എരുമപ്പാല് കറന്നെടുക്കുന്നത് അവിടെ നിന്നാണ്. നഗരഹൃദയത്തിലുള്ള ആ സ്ഥലത്തിന്റെ സാധ്യത ഒരാള്‍ കണ്ടറിഞ്ഞു-പൗരപ്രമാണിയും 'ശാന്തഭവന്‍' ഹോട്ടലിന്റെ ഉടമയുമായ കൃഷ്ണന്‍നായര്‍. 'ശാന്തഭവന്‍ കൃഷ്ണന്‍നായരെ' ന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
കൃഷ്ണന്‍നായര്‍ എരുമക്കാരോട് സംസാരിച്ച് ആ പ്രദേശം വിലയ്ക്കു വാങ്ങി. അവിടം മണ്ണിട്ടുയര്‍ത്തി, എരുമച്ചൂരു കളഞ്ഞ് ഒരുക്കിയെടുത്തു. കുറഞ്ഞ കാലത്തിനകം അവിടെയൊരു ഹോട്ടല്‍ പണിതുയര്‍ത്തി. നഗരവാസികളുടെ ശ്രദ്ധയാകര്‍ഷിക്കും പോലൊരു കെട്ടിടം. അനേകം മുറികളും വിസ്താരമുള്ള റസ്റ്റോറന്റുമൊക്കെയായിട്ടാണ് അതു പണികഴിച്ചത്.
ഹോട്ടലിന് ഉചിതമായ ഒരു പേര് വേണമെന്നതായി കൃഷ്ണന്‍നായരുടെ അടുത്ത പ്രശ്‌നം. സംഖ്യാശാസ്ത്രത്തില്‍ വിശ്വാസമുണ്ടായിരുന്ന അദ്ദേഹം തന്റെ ഭാഗ്യസംഖ്യയായി കണ്ടെത്തിയത് ഒന്‍പതാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷില്‍ ഒന്‍പതക്ഷരങ്ങളുള്ള പേരുതന്നെ തന്റെ ഹോട്ടലിനു വേണമെന്ന് കൃഷ്ണന്‍നായര്‍ ഉറപ്പിച്ചു. നഗരത്തിലെ പ്രമുഖരെയൊക്കെ സമീപിച്ച് അദ്ദേഹം പല നിര്‍ദേശങ്ങളും സ്വീകരിച്ചു. എന്നാല്‍, അങ്ങനെ ലഭിച്ച പേരുകളൊന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല.
അങ്ങനെ, പേരുതേടിയുള്ള അലച്ചിലിനിടയിലാണ് കൃഷ്ണന്‍നായര്‍ 'മാതൃഭൂമി' ഓഫീസിലെത്തുന്നത്. തന്റെ ആരാധനാപാത്രവും 'മാതൃഭൂമി' പത്രാധിപരുമായ കെ.പി. കേശവമേനോനെ കാണുകയായിരുന്നു ഉദ്ദേശ്യം. കേശവമേനോന്റെ മുന്നിലെത്തിയ ഉടനെ കൃഷ്ണന്‍നായര്‍ കാര്യം പറഞ്ഞു. അദ്ദേഹം കുറച്ചൊന്നാലോചിച്ചശേഷം ഒരു കടലാസെടുത്ത് എന്തോ എഴുതി. പിന്നെ, അതു മടക്കി കൃഷ്ണന്‍നായര്‍ക്കു കൊടുത്തുകൊണ്ടു പറഞ്ഞു:
''കൃഷ്ണന്‍നായരേ, നിങ്ങളൊരാവശ്യവുമായി എന്നെത്തേടി വരുമ്പോള്‍ ഞാനതിനെ എങ്ങനെ നിരാശപ്പെടുത്തി തിരിച്ചയയ്ക്കും? ഞാനിതിലൊരു പേരു കുറിച്ചിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞതുപോലെ അതില്‍ ഒന്‍പതക്ഷരങ്ങളുണ്ട്. എന്റെ നിര്‍ദേശം നിങ്ങള്‍ക്കു സ്വീകാര്യമാവുമോ എന്നറിയില്ല. ഏതായാലും നോക്കുക, വേണ്ടെങ്കില്‍ ഉപേക്ഷിച്ചേക്കുക.''
കൃഷ്ണന്‍നായര്‍ കടലാസു തുറന്ന് അതിലെഴുതിയ പേര് വായിച്ചു നോക്കി. ആ മുഖം തെളിഞ്ഞു. അദ്ദേഹം അതുറക്കെ വായിച്ചു .
മലയാളത്തില്‍ അഞ്ചക്ഷരം, ആംഗലത്തില്‍ ഒന്‍പതും!
ഹോട്ടലിന്റെ ഉടമ കൃഷ്ണന്‍. കൃഷ്ണന്റെ ആലയത്തിന് 'അളകാപുരി' യേക്കാള്‍ യോജിച്ച മറ്റൊരു പേരെവിടെക്കിട്ടാന്‍!
കൃഷ്ണന്‍നായര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേശവമേനോന്റെ കൈപിടിച്ചു കുലുക്കി അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു:
'ഹോട്ടല്‍ അളകാപുരി'.
അടുത്തൊരുനാള്‍ കേശവമേനോന്റെയും മറ്റും സാന്നിധ്യത്തില്‍ അളകാപുരി പ്രവര്‍ത്തനം തുടങ്ങി. വന്‍കിട ഹോട്ടലുകള്‍ വിരളമായ കോഴിക്കോട്ട് 'അളകാപുരി' വളരെ വേഗം പേരെടുത്തു. ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് ആ സ്ഥാപനം. ഏതാണ്ട് ഇന്നു കാണുന്ന രീതിയില്‍ത്തന്നെയാണ് അത് ആദ്യമേ നിര്‍മിച്ചത്.
ഹോട്ടലിനു പേരിട്ടതില്‍ മാത്രമൊതുങ്ങിയില്ല കേശവമേനോനും കൃഷ്ണന്‍നായരും തമ്മിലുള്ള ബന്ധം. കേശവമേനോനും 'മാതൃഭൂമി' യുമായി ചിരകാലം നല്ല ബന്ധം തുടരണമെന്ന നിര്‍ബന്ധം കൃഷ്ണന്‍നാ യര്‍ക്കുണ്ടായി രുന്നു.
അളകാപുരിക്ക് ആ പേരിട്ടത് 'മാതൃഭൂമി'യുടെ ആദ്യ പത്രാധിപര്‍ കെ.പി. കേശവമേനോനാണെന്ന യാഥാര്‍ഥ്യം കോഴിക്കോട്ടെ പുതുതലമുറയ്ക്ക് ഓര്‍മയുണ്ടാവുമോ, ആവോ?
ലൊക്കേഷൻ: എം.എം. അലി റോഡ്, പാളയം ബസ് സ്റ്റോപ്പിന് സമീപം, കോഴിക്കോട് - 673002.
ബന്ധപ്പെടേണ്ട നമ്പർ: +91 495 272 3451
(കടപ്പാട് :മാതൃഭൂമി )
വര : ആർട്ടിസ്ററ് മദനൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












































