നമുക്കൊരുമിക്കാം... നാടിനുവേണ്ടി... നാളെയുടെ തലമുറയ്ക്കുവേണ്ടി...
ഒരു പക്ഷേ, ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്നാണ് ലഹരിമരുന്നുകളുടെ അതിവ്യാപനം. ലഹരിയുടെ ഉപയോഗവും ക്രയവിക്രയവും നാം കരുതുന്നതിലും വ്യാപകമാണ്. ഇത് കേവലം ബോധവൽക്കരണ പരിപാടികളോ ഒറ്റപ്പെട്ട പരിശോധനകളോ കൊണ്ട് അവസാനിപ്പിക്കാനാവുന്ന പ്രശ്നമല്ല. സമൂഹത്തിന്റെ അടിത്തട്ടുവരെ വേരൂന്നിക്കഴിഞ്ഞ ഒരു ദുരന്തമാണ് ഇത്.
ഇത്തരം സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന കർമ്മപദ്ധതി ഏറെ പ്രതീക്ഷ നൽകുന്നത്. ഈ പദ്ധതി കാര്യക്ഷമമായും തുടർച്ചയായും നടപ്പാക്കിയാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നാൽ ഇത് സർക്കാർ വകുപ്പുകളുടെ മാത്രം ഉത്തരവാദിത്വമല്ല. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളും മതനേതാക്കളും കലാകാരന്മാരും ചലച്ചിത്രപ്രവർത്തകരും മാധ്യമങ്ങളും പൊതുജനങ്ങളും ഒരുമിച്ച് കൈകോർക്കേണ്ട വിഷയമാണിത്.
സ്വന്തം നാടിനോടുള്ള കടപ്പാടും സാമൂഹിക പ്രതിബദ്ധതയും തെളിയിക്കാനുള്ള അവസരമായാണ് ഓരോ പൗരനും ഈ പദ്ധതിയെ കാണേണ്ടത്. കേരളത്തിലെ ലഹരിവ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തിയ യൂണിസെഫും ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, ഈ പോരാട്ടത്തിന്റെ ഗൗരവം നാം കൂടുതൽ തിരിച്ചറിയണം.
ഒരു മാസത്തെ പ്രചാരണപരിപാടിയിൽ ഒതുങ്ങുന്നതാകരുത് ഈ പദ്ധതി. ബോധവൽക്കരണം, റെയ്ഡുകൾ, പരിശോധനകൾ, നിയമനടപടികൾ, തുടർനിരീക്ഷണം എന്നിവ എല്ലാ വകുപ്പുകളുടെയും ജനപങ്കാളിത്ത ത്തോടെയും തുടർച്ചയായി മുന്നോട്ടുപോകണം.
അതോടൊപ്പം മറ്റൊരു യാഥാർഥ്യവും നാം തിരിച്ചറിയണം. ലഹരിക്കടത്ത് നടത്തുന്നവർ പിടിയിലാകുമ്പോൾ അവരെ പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷിക്കാൻ രാഷ്ട്രീയമോ സാമ്പത്തികമോ സ്വാധീനമുള്ള ശക്തികൾ ഇടപെടുന്നുവെന്ന ആക്ഷേപം സമൂഹത്തിലുണ്ട്. പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ ഗൗരവം കുറച്ചുകാണിക്കാനുള്ള പ്രവണതയും ചിലപ്പോൾ ഉയരാറുണ്ട്. ഇത്തരം വീഴ്ചകൾക്ക് ഒരിക്കലും ഇടം നൽകാൻ പാടില്ല.
ലഹരി ഉപയോഗിക്കുന്നവരെ ശിക്ഷിക്കുക മാത്രമല്ല, അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പുനരധിവാസ സംവിധാന വും ശക്തിപ്പെടുത്തണം. ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുക എന്നതും ഈ പോരാട്ടത്തിന്റെ പ്രധാന ലക്ഷ്യമായിരിക്കണം.
സംസ്ഥാന സർക്കാർ, എക്‌സൈസ് വകുപ്പ്, പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, യുവജന-വിദ്യാർത്ഥി സംഘടനകൾ, ബഹുജന സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആസൂത്രണം ചെയ്യുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ അവ വെറും ഔപചാരിക പരിപാടികളായി മാറരുത്. കാരണം, രാജ്യത്തിന്റെ ഭാവി നമ്മുടെ കുട്ടികളുടെ കൈകളിലാണ്. ആ തലമുറയെ സംരക്ഷിക്കാനായില്ലെങ്കിൽ നഷ്ടമാകുന്നത് നമ്മുടെ വികസനവും സാംസ്കാരിക പൈതൃകവും തന്നെയായിരിക്കും.
ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ കേന്ദ്രം കുടുംബവും സ്കൂളും
ലഹരിവിരുദ്ധ ബോധവൽക്കരണം ഏറ്റവും ഫലപ്രദമാകുന്നത് കുടുംബങ്ങളിലും വിദ്യാലയങ്ങളിലുമാണ്. ഒരു കുട്ടി അറിയാതെയോ സാഹചര്യവശാലോ ലഹരിയിലേക്ക് വഴുതിവീണാൽ, അവനെ ജീവിതത്തി ലേക്ക് തിരികെ കൊണ്ടുവരുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതിലും പ്രധാനമായി, അത്തരം സാഹചര്യങ്ങളിലേക്ക് കുട്ടികൾ എത്താ തിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു രക്ഷിതാവിന്റെ ഏറ്റവും വലിയ വിജയം മക്കളെ നല്ല മനുഷ്യരായി വളർത്തിയെടുക്കുന്നതിലാണ്.
കുട്ടികളിൽ കാണാൻ ആഗ്രഹിക്കുന്ന മൂല്യങ്ങൾ ആദ്യം രക്ഷിതാക്കൾ സ്വന്തം ജീവിതത്തിൽ മാതൃകയാക്കണം.
എല്ലാ ദിവസവും മക്കൾക്കായി കുറച്ചുസമയം മാറ്റിവയ്ക്കണം.
കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ദിവസത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ശീലം വളർത്തണം. കുട്ടികൾ സംസാരിക്കാൻ മടിക്കുന്നുവെങ്കിൽ അത് ഗൗരവത്തോടെ കാണണം.
പ്രായത്തിനനുസരിച്ചുള്ള വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും കുട്ടിക ളെ ഏൽപ്പിക്കണം.മൂല്യബോധം വളർത്തുന്ന സിനിമകളും പുസ്തകങ്ങളും കുട്ടികളോടൊപ്പം പരിചയപ്പെടുത്തണം.
കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവ വളർത്താൻ അവസരമൊരു ക്കണം.
രക്ഷിതാക്കൾ സ്വന്തം മൊബൈൽ ഫോൺ ഉപയോഗത്തിൽ മാതൃകാപരമാ യ നിയന്ത്രണം പാലിക്കണം. അതേസമയം സാങ്കേതികവിദ്യയുടെ നല്ല സാധ്യതകൾ കുട്ടികളുടെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയും വേണം.
കൗമാരത്തിലെത്തുമ്പോഴേക്കും പഠനത്തിനൊപ്പം ഏതെങ്കിലും ഒരു കലാ, കായിക, ശാസ്ത്ര, കൃഷി, സാങ്കേതിക മേഖലയിൽ കുട്ടിക്ക് താൽപര്യവും കഴിവും വളർത്തിയെടുക്കാൻ കഴിയുന്നുവെങ്കിൽ തെറ്റായ സ്വാധീനങ്ങളിൽ നിന്ന് അവരെ ഒരു പരിധിവരെ സംരക്ഷിക്കാൻ കഴിയും.
അധ്യാപകരുടെ ഉത്തരവാദിത്വം
ഈ പോരാട്ടത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വിഭാഗമാണ് അധ്യാപകർ. അധ്യാപകർ രാഷ്ട്രശിൽപ്പികളാണ്. അവരുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയും നാളെയുടെ വാഗ്ദാനമാണെന്ന ബോധ്യം അവർക്ക് എന്നും ഉണ്ടായിരിക്കണം.
ഓരോ കുട്ടിയുടെയും കുടുംബപശ്ചാത്തലം, മനോഭാവം, അഭിരുചി, കഴിവ്, പ്രശ്നങ്ങൾ എന്നിവ ആദ്യം മനസ്സിലാക്കാൻ അധ്യാപകർ ശ്രമിക്കണം. കുട്ടിയെ അറിയാതെ പഠിപ്പിക്കുന്നതിനേക്കാൾ, കുട്ടിയെ മനസ്സിലാക്കി പഠിപ്പിക്കുന്നതാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യം.
നമ്മുടെ മുൻതലമുറകൾ അധ്വാനിച്ച് നേടിയ നേട്ടങ്ങളെ തകർക്കാൻ ശേഷിയുള്ള മഹാവിപത്താണ് ലഹരി. ഈ സാഹചര്യത്തിൽ അധ്യാപകർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്?
ചില വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ഔപചാരിക പരിപാടികളായി മാറിയെന്ന വിമർശനമുണ്ട്. ചിലരുടെ അഹന്തയും മുൻകാല അനുഭവങ്ങളും നിസ്സംഗതയും അതിന് കാരണമാകാം. "എന്റെ കുട്ടികൾ സുരക്ഷിതരാണ്" എന്ന ചിന്തയും അപകടകരമാണ്. യാഥാർഥ്യം അതല്ല; ഒരു കുട്ടിയും പൂർണമായും സുരക്ഷിതനാണെന്ന് പറയാനാവില്ല.
ദിവസത്തിന്റെ വലിയൊരു ഭാഗം കുട്ടികൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് ചെലവഴിക്കുന്നത്. അതിനാൽ അവരുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും തെറ്റായ പ്രവണതകൾ നേരത്തെ തിരിച്ചറിയാനും അധ്യാപകർക്ക് സാധിക്കും. എല്ലാ ദിവസവും പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ജീവിതമൂല്യങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ സമയം കണ്ടെത്തണം. അവരെ ചേർത്തുനിർത്തണം. കേൾക്കണം. വഴികാട്ടണം.
ഒരുമിച്ചാൽ മാറ്റം സാധ്യമാണ്
ലഹരിക്കെതിരായ പോരാട്ടം ഒരു വകുപ്പിന്റെയോ ഒരു സർക്കാരിന്റെയോ മാത്രം ദൗത്യമല്ല. അത് ഓരോ പൗരന്റെയും കടമയാണ്. കുടുംബം, വിദ്യാലയം, സമൂഹം, സർക്കാർ—ഈ നാല് തൂണുകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ലഹരിയെന്ന മഹാവിപത്തിനെ ഫലപ്രദമായി നേരിടാൻ കഴിയുക.
ഓപ്പറേഷൻ തൂഫാൻ വിജയിക്കണമെങ്കിൽ അത് ഒരു പ്രചാരണ പരിപാ ടിയായി മാത്രമല്ല, ജനകീയ പ്രസ്ഥാനമായി മാറണം. ഓരോ പൗരനും അതിന്റെ ഭാഗമാകണം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































