പണക്കൊഴുപ്പിന്റെ കളിമുറ്റവും ലോകകപ്പ് ഫുട്ബോളിന്റെ അദൃശ്യ ചരടുകളും:- :ടി. ഷാഹുൽ ഹമീദ്.

പണക്കൊഴുപ്പിന്റെ കളിമുറ്റവും ലോകകപ്പ് ഫുട്ബോളിന്റെ അദൃശ്യ ചരടുകളും:-  :ടി. ഷാഹുൽ ഹമീദ്.
പണക്കൊഴുപ്പിന്റെ കളിമുറ്റവും ലോകകപ്പ് ഫുട്ബോളിന്റെ അദൃശ്യ ചരടുകളും:- :ടി. ഷാഹുൽ ഹമീദ്.
Share  
ടി .ഷാഹുൽ ഹമീദ് എഴുത്ത്

ടി .ഷാഹുൽ ഹമീദ്

2026 Jul 15, 06:09 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യരുടെ വികാരമായ ഫുട്ബോൾ കളി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കത്തിന് തിരശ്ശീലയിട്ടിരിക്കുകയാണ്. 1930-ൽ ഉറുഗ്വേയിൽ ആരംഭിച്ച ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ചരിത്രം, യു.എസ്.എ, കാനഡ, മെക്സിക്കോ എന്നീ വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നടന്ന 2026-ലെ ടൂർണമെന്റിൽ എത്തിനിൽക്കുമ്പോൾ ഫുട്ബോൾ വെറുമൊരു കായിക മത്സരം മാത്രമല്ല, കായിക ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ബിസിനസ്സ് സംരംഭം കൂടിയാണ് എന്ന് അക്ഷരാർത്ഥത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നു.

ഫുട്ബോൾ എന്ന സുന്ദരമായ കളിയെ പണം എത്രത്തോളം പിടികൂടിയിരിക്കുന്നുവെന്നും, കോടികൾ കൈമറിയുന്ന വലിയൊരു ബിസിനസ് തന്ത്രമായി അത് മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ഈ ലോകകപ്പ് മത്സരങ്ങൾ നിരീക്ഷിച്ചാൽ വ്യക്തമാകും. കളിയുടെ ഘടനയിലും ആത്മാവിലും വരുത്തിയ മാറ്റങ്ങൾ വിശകലനം ചെയ്താൽ 'പണമാണ് എല്ലാം' എന്ന് നമുക്ക് നിഷ്പ്രയാസം മനസ്സിലാക്കാൻ സാധിക്കും.

ശതകോടികളുടെ ആഗോള വ്യവസായം

ഫുട്ബോൾ ഇന്ന് കോടിക്കണക്കിന് ഡോളറുകൾ മറിയുന്ന ആഗോള വ്യവസായമാണ്. ഇത്തവണത്തെ ലോകകപ്പപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വസ്തുതകൾ അതിശയിപ്പിക്കുന്നതാണ്. 2023-2026 സാമ്പത്തിക വർഷങ്ങളിൽ ഫിഫ ലക്ഷ്യമിടുന്നത് 13 ബില്യൺ ഡോളറിന്റെ (ഏകദേശം $13,000,000,000) വരുമാനമാണ്. ഇതിൽ 8.9 ബില്യൺ ഡോളറും ഈ വർഷത്തെ ടൂർണമെന്റിലൂടെയാണ് ഫിഫ സമാഹരിക്കുന്നത്. 2022-ലെ ഖത്തർ ലോകകപ്പ് സമയത്തുണ്ടായിരുന്ന വരുമാനത്തേക്കാൾ 70%-ത്തിലധികം വർദ്ധനവാണിത്.

വിജയികളെ കാത്തുനിൽക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളാണ്. ഇത്തവണ ആകെ 6250 കോടി രൂപയാണ് സമ്മാനമായി നൽകുന്നത്. ഖത്തർ ലോകകപ്പിലേതിനേക്കാൾ 65% വർദ്ധനവാണ് സമ്മാനത്തുകയിൽ വരുത്തിയിരിക്കുന്നത്. ജേതാക്കൾക്ക് 606 കോടി രൂപ ലഭിക്കുമ്പോൾ റണ്ണർഅപ്പിന് 315.15 കോടി രൂപയും, മൂന്നാം സ്ഥാനത്തിന് 276.95 കോടിയും, നാലാം സ്ഥാനം നേടുന്ന ടീമിന് 258 കോടിയും ലഭിക്കും. കൂടാതെ അവസാന 8-ൽ എത്തുന്ന ടീമുകൾക്ക് 181 കോടിയും, പ്രീക്വാർട്ടർ യോഗ്യത നേടിയ ടീമുകൾക്ക് 143 കോടിയും, റൗണ്ട് 32-ൽ എത്തുന്നവർക്ക് 105 കോടിയും, ആദ്യ ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് പോലും 86 കോടി രൂപ വീതവും ലഭിക്കുന്ന കായിക മാമാങ്കമായി ലോകകപ്പ് മാറി.

ടെലിവിഷൻ, സ്ട്രീമിംഗ് അവകാശങ്ങളിലൂടെ മാത്രം ഫിഫ 3.9 ബില്യൺ ഡോളർ നേടും. ഈ ലോകകപ്പ് കാലയളവിൽ മാത്രം ആഗോളതലത്തിൽ പരസ്യങ്ങൾക്കായി കമ്പനികൾ ചെലവഴിക്കുന്നത് 10.5 ബില്യൺ ഡോളറാണ്. ഫോക്സ് (Fox) പോലുള്ള പ്രമുഖ ചാനലുകളിൽ മത്സരങ്ങൾക്കിടയിലെ ഒരു മിനിറ്റ് പരസ്യത്തിന് 1 മില്യൺ ഡോളറിലധികമാണ് ഈടാക്കുന്നത്. ഇത്തവണ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ ഡിമാൻഡ് അനുസരിച്ച് വില മാറുന്ന 'ഡൈനാമിക് പ്രൈസിങ്' രീതിയാണ് ഉപയോഗിച്ചത്. ഇതിലൂടെ ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി വരുമാനം മാത്രം 3 ബില്യൺ ഡോളറിലെത്തി. ലോകകപ്പ് വഴി ആഗോള ജി.ഡി.പിയിലേക്ക് 40.9 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജനം ഉണ്ടായെന്നും ടൂറിസം, ഹോട്ടൽ മേഖലകളിലായി എട്ടു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും ഫിഫയും വേർഡ് ട്രേഡ് ഓർഗനൈസേഷനും അവകാശപ്പെടുന്നു.

പണത്തിനുവേണ്ടി മാറിയ നിയമങ്ങളും ഘടനയും

പണത്തിന്റെ ഒഴുക്ക് കൂട്ടാനും കൂടുതൽ രാജ്യങ്ങൾക്ക് അവസരം നൽകുവാനുമായി ഫിഫ കളിയുടെ നിയമങ്ങളിലും ഘടനയിലും ചരിത്രപരമായ മാറ്റങ്ങളാണ് വരുത്തിയത്. 32 ടീമുകൾ മാറ്റുരച്ചിരുന്ന സ്ഥാനത്ത് 48 ടീമുകളാണ് 2026-ൽ പങ്കെടുത്തത്. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം ടീമുകൾ ഒന്നിച്ച് കളിക്കുന്നത്. ഇത് കൂടുതൽ രാജ്യങ്ങളിലെ പ്രേക്ഷകരെ കളിയിലേക്ക് ആകർഷിക്കാനും അതുവഴി വരുമാനം കൂട്ടാനും സഹായിച്ചു.

ടീമുകൾ കൂടിയതോടെ മത്സരങ്ങളുടെ എണ്ണത്തിലും വൻവർദ്ധനവുണ്ടായി. 64 മത്സരങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 104 മത്സരങ്ങളാണ് നടന്നത്. ടൂർണമെന്റിന്റെ ദൈർഘ്യം 39 ദിവസമായി നീണ്ടുനിന്നു. വടക്കേ അമേരിക്കയിലെ കടുത്ത വേനൽച്ചൂടിൽ കളിക്കാരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പകുതിയുടെയും മധ്യത്തിൽ (22, 67 മിനിറ്റുകളിൽ) കളി മൂന്നു മിനിറ്റ് നേരത്തേക്ക് നിർബന്ധമായി നിർത്തിവെക്കുന്ന നിയമം കൊണ്ടുവന്നു. എന്നാൽ, കളിക്കാർക്ക് വെള്ളം കുടിക്കാനുള്ള ഈ സമയം പ്രക്ഷേപകർക്ക് വലിയൊരു ചാകരയായി മാറി. ഈ ബ്രേക്കുകളിലെ ലൈവ് പരസ്യങ്ങളിലൂടെ മാത്രം 7 മുതൽ 9 മില്യൺ ഡോളർ വരെ അധിക വരുമാനമാണ് ചാനലുകാർക്ക് ലഭിക്കുന്നത്. ഇത് ഫുട്ബോളിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുമെന്ന കടുത്ത വിമർശനവുമുണ്ട്.

48 ടീമുകളെ 4 ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ മുമ്പുണ്ടായിരുന്ന റൗണ്ട് ഓഫ് 16-ന് പകരം പുതിയ 'റൗണ്ട് ഓഫ് 32' എന്നൊരു നോക്കൗട്ട് ഘട്ടം കൂടി ഇത്തവണ കളിയിൽ ഉൾപ്പെടുത്തി. കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ കളിക്കാർക്ക് തുടർച്ചയായി വിലക്ക് വരാതിരിക്കാൻ ഫിഫ നിയമങ്ങളും പരിഷ്കരിച്ചു. ഗ്രൂപ്പ് ഘട്ടത്തിനുശേഷവും, പിന്നീട് ക്വാർട്ടർ ഫൈനലിനുശേഷവും കളിക്കാരുടെ സിംഗിൾ മഞ്ഞക്കാർഡുകൾ റദ്ദാക്കപ്പെട്ടത് ഇതിന്റെ ഭാഗമായാണ്.

2026-ലെ ഈ വൻ കുതിച്ചുചാട്ടത്തിന് അടിത്തറയിട്ടത് ഖത്തറാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി മാത്രം ഏകദേശം 220 ബില്യൺ ഡോളർ നിക്ഷേപിച്ച ഖത്തർ, ഫുട്ബോളിനെ തങ്ങളുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിനു മുന്നിൽ മാറ്റിയെടുക്കാനുള്ള ഒരു 'സോഫ്റ്റ് പവർ' ആയും ദീർഘകാല ടൂറിസം-ബിസിനസ്സ് ഹബ്ബായും മാറ്റാമെന്ന് തെളിയിച്ചു. അതിന്റെ തുടർച്ചയാണ് അമേരിക്കൻ വൻകരയിലും കണ്ടത്. കളിയുടെ വ്യാപ്തി കൂടിയതും ടീമുകളുടെ എണ്ണം വർദ്ധിപ്പിച്ചതും ഫുട്ബോൾ കൂടുതൽ ജനപ്രിയമാക്കുമെങ്കിലും കളിയിലെ അമിതമായ പണക്കൊഴുപ്പ് കായിക മൂല്യങ്ങളെ ബാധിക്കുമോ എന്ന ആശങ്കയും ഉയർത്തുന്നുണ്ട്.


'ബ്രാൻഡ്' ആയി മാറുന്ന കളിക്കാർ:-


കളിയിൽ പണത്തിന്റെ സ്വാധീനം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് കളിക്കാരുടെ വരുമാനത്തിലാണ്. കളിക്കാർ ഇന്ന് വെറും കായികതാരങ്ങളല്ല, വലിയ വിപണി മൂല്യമുള്ള ഉൽപന്നങ്ങളാണ്. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം, ലയണൽ മെസ്സി 2026-ൽ മാത്രം നേടുന്നത് 140 മില്യൺ ഡോളറാണ് (ഏകദേശം 1,100 കോടിയിലധികം രൂപ). ഇതിൽ പകുതിയും പരസ്യങ്ങളിലൂടെയും സ്പോൺസർഷിപ്പിലൂടെയും ലഭിക്കുന്നതാണ്. സൗദി ക്ലബ് കരാറിന്റെ പശ്ചാത്തലത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് 300 മില്യൺ ഡോളർ ആകെ വരുമാനത്തോടെ ഒന്നാമതുള്ളത്. കിലിയൻ എംബാപ്പെ ($95M), എർലിംഗ് ഹാലണ്ട് ($80M) തുടങ്ങിയ യുവതാരങ്ങളും കോടികളുടെ വരുമാനത്തിലേക്ക് ഉയർന്നു കഴിഞ്ഞു.

ലോകകപ്പ് കളിക്കുന്നതിലൂടെയും അതിനുശേഷവും കളിക്കാർക്ക് ലഭിക്കുന്ന വരുമാനം പല വഴികളിലൂടെയാണ്. ഫിഫ സമ്മാനത്തുക വലിയതോതിൽ വർധിപ്പിച്ചതിനാൽ ഓരോ രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്ന പ്രതിഫലവും വർധിപ്പിക്കും. ചാമ്പ്യന്മാരാകുന്ന ടീമിലെ ഓരോ കളിക്കാരനും ദശലക്ഷക്കണക്കിന് ഡോളറാണ് ബോണസ്സായി ലഭിക്കുക. കളിക്കാരെ ലോകകപ്പിന് വിട്ടുനൽകുന്നതിനായി ഫിഫ വൻകിട ക്ലബ്ബുകൾക്ക് നൽകുന്ന തുക 335 മില്യൺ ഡോളറായി ഉയർത്തിയിട്ടുണ്ട്. ഇത് കളിക്കാരുടെ പ്രതിഫലത്തുക വീണ്ടും ഉയരാൻ കാരണമാകും.

ലോകകപ്പിലെ മികച്ച പ്രകടനങ്ങൾ കളിക്കാരെ ആഗോള ബ്രാൻഡുകളാക്കി മാറ്റുന്നു. സൂപ്പർ താരങ്ങൾ കളിക്കളത്തിന് പുറത്തുനിന്ന് പരസ്യങ്ങൾ, സോഷ്യൽ മീഡിയ, സ്പോൺസർഷിപ്പ് വഴി നേടുന്ന വരുമാനം അവരുടെ ക്ലബ് ശമ്പളത്തേക്കാൾ കൂടുതലാണ്. 2026-ലെ ലോകകപ്പിലൂടെ ഉയർന്നുവരുന്ന പുതിയ പ്രതിഭകളെയും കാത്ത് കോടിക്കണക്കിന് ഡോളറിന്റെ ബ്രാൻഡ് കരാറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കായിക പരസ്യ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. ആഗോള ബ്രാൻഡുകളായ കമ്പനികൾ മെസ്സിയെപ്പോലെയുള്ള താരങ്ങളെ മുൻനിർത്തിയാണ് പ്രധാന പരസ്യങ്ങൾ ചിത്രീകരിച്ചത്. പ്രമുഖ പരസ്യങ്ങളിൽ നാലിലൊന്നിലും മെസ്സിയുടെ സാന്നിധ്യമുണ്ട്. കളിക്കാരെ വെറും കായികതാരങ്ങളായല്ല, മറിച്ച് ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള ഏറ്റവും മികച്ച ബ്രാൻഡ് അംബാസഡർമാരായാണ് കമ്പനികൾ കാണുന്നത്.


സാമ്പത്തിക അസമത്വവും ഫിഫയിലെ ആരോപണങ്ങളും:-


പണം കളി കൈയടക്കിയതോടെ ഫുട്ബോൾ ലോകത്ത് വലിയൊരു സാമ്പത്തിക അസമത്വം രൂപപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി പോലുള്ള ഏതാനും ശതകോടീശ്വര ക്ലബ്ബുകൾക്ക് മാത്രമേ ഇന്ന് വലിയ കിരീടങ്ങൾ നേടാൻ കഴിയുന്നുള്ളൂ. ലാറ്റിൻ അമേരിക്ക, ആഫ്രിക്കൻ വൻകരകളിലെ മികച്ച പ്രതിഭകളെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ യൂറോപ്പിലേക്ക് പറിച്ച് നടപ്പെടുകയാണ്.

ഇതിനൊപ്പം ഫിഫ ഭാരവാഹികളുടെ അമിതാധികാരവും സുതാര്യതക്കുറവും വിമർശിക്കപ്പെടുന്നുണ്ട്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതിവർഷം 4.5 മില്യൺ ഡോളറിലധികം (37 കോടിയിലധികം രൂപ) ശമ്പളവും ബോണസുമായി കൈപ്പറ്റുന്നു. 2034 ലോകകപ്പ് സൗദി അറേബ്യയ്ക്ക് ലഭിക്കുന്ന രീതിയിൽ ലേല പ്രക്രിയകൾ സുതാര്യതയില്ലാതെ മാറ്റിയെന്നത്, വൻകിട നിക്ഷേപകരും ഫിഫ ഭാരവാഹികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവായി വിമർശകർ ചൂണ്ടിക്കാണിക്കുന്നു.


ത്രസിച്ചു നിൽക്കുന്ന വംശീയ പ്രശ്നങ്ങൾ:-


പണക്കൊഴുപ്പിനും ചൂതാട്ടത്തിനുമൊപ്പം കായിക ലോകത്തെ നിരന്തരം വേട്ടയാടുന്നതാണ് വംശീയ അധിക്ഷേപങ്ങൾ. റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നേരിട്ട വംശീയ അധിക്ഷേപങ്ങൾ ഇതിന് ഉദാഹരണമാണ്. കിലിയൻ എംബാപ്പെ, ബുക്കായോ സാക്ക തുടങ്ങിയ താരങ്ങളെല്ലാം കളി തോൽക്കുമ്പോൾ സോഷ്യൽ മീഡിയയിലൂടെ കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാകാറുണ്ട്.

ഫിഫ ഇത്തവണ കളിക്കളത്തിൽ വംശീയ അധിക്ഷേപം ഉണ്ടായാൽ കളി നിർത്തിവെക്കാനുള്ള 'നോ ടു റേസിസം' (X ആകൃതിയിലുള്ള കൈ സിഗ്നൽ) നിയമവും മൂന്ന് ഘട്ടങ്ങളായുള്ള കർശന നടപടികളും കൊണ്ടുവന്നിട്ടുണ്ടെങ്കിലും, കളിക്കളത്തിന് പുറത്ത് ഫുട്ബോളിന്റെ ഉയർന്ന തീരുമാനങ്ങൾ എടുക്കുന്ന ഭരണ സമിതികളിൽ ഇപ്പോഴും ആഫ്രിക്കൻ-ഏഷ്യൻ രാജ്യങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തത് 'ഇൻസ്റ്റിറ്റ്യൂഷണൽ റേസിസം' നിലനിൽക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. പണം കൊണ്ടോ മികച്ച സാങ്കേതികവിദ്യ കൊണ്ടോ മാത്രം ഫുട്ബോളിലെ വംശീയത തുടച്ചുനീക്കാൻ കഴിയില്ല. കാണികളുടെ മനോഭാവത്തിലും നിയമനിർവഹണത്തിലും കടുത്ത മാറ്റങ്ങൾ വരികയും വംശീയാധിക്ഷേപം നടത്തുന്ന ടീമുകൾക്കെതിരെ പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് പോലുള്ള കർശനമായ ശിക്ഷ നടപ്പാക്കുകയും ചെയ്താലേ ഫുട്ബോളിനെ വംശീയ വിപത്തിൽ നിന്ന് രക്ഷിക്കാൻ സാധിക്കൂ.


വാതുവെപ്പുകാരുടെ ആഗോള ലോകം:-


മുൻകാലങ്ങളിൽ ഫുട്ബോളിന്റെ വിശുദ്ധി തകരുമെന്ന ഭയത്താൽ ബെറ്റിംഗ് കമ്പനികളിൽ നിന്ന് ഫിഫ അകലം പാലിച്ചിരുന്നു. എന്നാൽ ഇത്തവണ വരുമാനം വർദ്ധിപ്പിക്കാനായി പ്രമുഖ ബെറ്റിംഗ് ബ്രാൻഡായ 'ബെറ്റാനോ' (Betano) യെ ഫിഫ ഔദ്യോഗിക പങ്കാളിയാക്കിയിട്ടുണ്ട്. ആരാണ് ജയിക്കുക എന്നതിന് പുറമെ, അടുത്ത അഞ്ച് മിനിറ്റിൽ മഞ്ഞക്കാർഡ് കിട്ടുമോ എന്ന് വരെ പന്തയം വെക്കുന്ന 'മൈക്രോ-ബെറ്റിംഗ്' ഇന്ന് സജീവമാണ്. ഫിഫയുടെ സ്വന്തം പെരുമാറ്റച്ചട്ടം പ്രകാരം കളിക്കാർക്കോ റഫറിമാർക്കോ ബെറ്റിംഗിൽ പങ്കാളികളാകാൻ അനുവാദമില്ലെങ്കിലും, ഫിഫ എന്ന സംഘടന കോടിക്കണക്കിന് ഡോളറിന്റെ വരുമാനത്തിനായി ഇതേ ബെറ്റിംഗ് ഭീമന്മാരുമായി വലിയ കരാറുകളിൽ ഏർപ്പെടുന്നത് വലിയൊരു ഇരട്ടത്താപ്പായാണ് കായിക ലോകം കാണുന്നത്.

ഇത്തവണ ഫിഫ 'എ.ഡി.ഐ പ്രെഡിക്റ്റ് സ്ട്രീറ്റ്' എന്ന കമ്പനിയുമായി 152 മില്യൺ ഡോളറിന്റെ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. ഇത് സാധാരണ ബെറ്റിംഗിന് പുറമേ ക്രിപ്റ്റോ അധിഷ്ഠിത പ്രവചനങ്ങൾ സാധ്യമാക്കുന്ന ഒന്നാണ്. സ്പോർട്സ് ഡാറ്റാ പ്രൊവൈഡറായ 'സ്റ്റാറ്റ്സ് പെർഫോം' എന്ന കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ ഓൺലൈൻ ബെറ്റിങ് ഓപ്പറേറ്റർമാർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യാനുള്ള അവകാശങ്ങളും ഫിഫ നൽകിയിട്ടുണ്ട്. കളിയിലെ പണക്കൊഴുപ്പ് അഴിമതിക്കും മാച്ച് ഫിക്സിങ്ങിനും വഴിമാറുമോ എന്ന ആശങ്ക കായിക വിദഗ്ധർ പങ്കുവെച്ചിട്ടുണ്ട്. ആഗോളതലത്തിൽ നിയമാനുസൃതമല്ലാത്ത ബെറ്റിങ് സൈറ്റുകളുടെ പരസ്യങ്ങൾ ഫുട്ബോൾ മത്സരങ്ങൾക്കിടെ കാണിക്കുന്നത് ആരാധകരെ ആകർഷിക്കുന്നു.

ഈ ഭീഷണികൾ നിരീക്ഷിക്കാൻ ഇത്തവണ ഐ.സി 360 എന്ന സുരക്ഷാ കമ്പനിയുമായി ചേർന്ന് 'ProhiBet' എന്ന പ്രത്യേക സോഫ്റ്റ്‌വെയർ ഫിഫ ഉപയോഗിക്കുന്നുണ്ട്. കളിക്കാരോ മാച്ച് ഒഫീഷ്യൽസോ സ്വന്തം കളിയിൽ ബെറ്റ് വെക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് ഇത് ഉപയോഗിക്കുന്നത്. ബെറ്റിങ് കമ്പനികളുടെ അധിനിവേശത്തെ വിവിധ രാജ്യങ്ങൾ വ്യത്യസ്തമായ രീതിയിലാണ് പ്രതിരോധിക്കുന്നത്. ബ്രസീലിയൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'Caze TV' കളി നടക്കുമ്പോൾ തന്നെ ലൈവ് ബെറ്റിങ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേക്ഷകരെ പ്രേരിപ്പിച്ചത് വലിയ വിവാദമായി. ഇത് കാരണം ബ്രസീലിൽ ബെറ്റിങ് നടത്തുന്നവരുടെ എണ്ണം മേയ് മാസത്തിലെ 11%-ൽ നിന്നും ജൂൺ മാസത്തിൽ 35% ആയി കുതിച്ചുയർന്നു. ഇതേ തുടർന്ന് കടുത്ത പരസ്യ നിയന്ത്രണങ്ങളാണ് ബ്രസീൽ സർക്കാർ കൊണ്ടുവന്നത്. ലോകകപ്പ് കാലത്ത് ചൂതാട്ട പരസ്യങ്ങൾ വലിയ സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ തങ്ങളുടെ ജേഴ്സിയുടെ മുൻവശത്ത് നിന്ന് ബെറ്റിങ് സ്പോൺസർമാരെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ കായിക മേഖലയിൽ നിന്ന് ബെറ്റിങ്ങിനെ പൂർണ്ണമായും നിരോധിച്ച രാജ്യങ്ങളാണ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം പരസ്യങ്ങൾ ബെറ്റിങ് നിരോധിച്ച രാജ്യങ്ങളിലും എത്തുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഈ രാജ്യങ്ങൾ ഉയർത്തുന്നത്.

കളിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഫിഫ താഴെത്തട്ടിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും, ചൂതാട്ട കമ്പനികളുടെ പണം കളിമുറ്റത്തേക്ക് പൂർണ്ണമായി അടിയറവ് വെക്കുന്നത് ഫുട്ബോളിന്റെ സുതാര്യതയും ധാർമ്മികതയും വരുംകാലങ്ങളിൽ വലിയ പ്രതിസന്ധിയിലാക്കും എന്നതിൽ സംശയമില്ല.


ഫുട്ബോളിന്റെ ഭാവി എന്താകും?


ഭാവിയിൽ ഫുട്ബോൾ കളിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) ഡാറ്റാ അനലിറ്റിക്സിന്റെയും സ്വാധീനം വൻതോതിൽ വർദ്ധിക്കും. വലിയ ക്ലബ്ബുകൾ ഒത്തുചേർന്ന് ഫിഫയെ വെല്ലുവിളിച്ച് സ്വന്തമായി ഒരു 'യൂറോപ്യൻ സൂപ്പർ ലീഗ്' ഭാവിയിൽ യാഥാർത്ഥ്യമാക്കിയേക്കാം. മത്സരങ്ങളുടെ എണ്ണം കൂടുമ്പോൾ കളിക്കാരുടെ ജോലിഭാരവും പരിക്കുകളും വർദ്ധിക്കും.

പണത്തെ ഫുട്ബോളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുക അസാധ്യമാണ്. എന്നാൽ പണം കളിയെ വിഴുങ്ങുന്നതിന് പകരം, കളിയുടെ വളർച്ചയ്ക്ക് — പ്രത്യേകിച്ച് കുട്ടികളുടെ പരിശീലനത്തിനും പ്രാദേശിക അക്കാദമികൾക്കും — ഇന്ധനമായി മാത്രം മാറുന്ന രീതിയിൽ ഫിഫ ശക്തമായ നിയമ പരിഷ്കരണങ്ങൾ കൊണ്ടുവന്നാൽ മാത്രമേ ഫുട്ബോളിന്റെ വശ്യത ഭാവി തലമുറയ്ക്കും ആസ്വദിക്കാൻ കഴിയൂ. കളിക്കാർക്ക് നൽകാവുന്ന ആകെ ശമ്പളത്തിന് ഒരു പരിധി നിശ്ചയിക്കുക വഴി വൻകിട ക്ലബ്ബുകൾ എല്ലാ മികച്ച കളിക്കാരെയും സ്വന്തമാക്കുന്നത് തടയാൻ സാധിക്കും. നിലവിൽ ഫിഫയ്ക്ക് സാമ്പത്തിക നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വൻകിട ക്ലബ്ബുകൾ നിയമപോരാട്ടത്തിലൂടെ ഇത് മറികടക്കാറുണ്ട്. ഒരു ക്ലബ്ബിന് അവരുടെ യഥാർത്ഥ വരുമാനത്തേക്കാൾ കൂടുതൽ ട്രാൻസ്ഫർ മാർക്കറ്റിൽ ചെലവഴിക്കാൻ കഴിയില്ല എന്ന നിയമം കർശനമായി നടപ്പാക്കണം.

ജർമ്മനിയിലെ ബുണ്ടസ് ലീഗ യിൽ, ഒരു ക്ലബ്ബിന്റെ 51% ഓഹരിയും നിയമപ്രകാരം അവിടുത്തെ സാധാരണക്കാരായ ആരാധകരുടെ കൂട്ടായ്മയ്ക്കായിരിക്കും ലഭിക്കുക. വൻകിട കോടീശ്വരന്മാർക്കോ കമ്പനികൾക്കോ ക്ലബ്ബ് പൂർണ്ണമായി വിലയ്ക്കു വാങ്ങാൻ കഴിയില്ല. ഇത് കളിയെ പണക്കാരന്റെ കളിപ്പാട്ടമാക്കാതെ ജനങ്ങളുടേതായി നിലനിർത്തും. വരുമാനത്തിന്റെ ഭൂരിഭാഗവും കളിയുടെ അടിത്തട്ടിലേക്ക് തിരിച്ചുവിടാൻ നിയമം കൊണ്ടുവരണം. വലിയ ക്ലബ്ബുകൾക്ക് ലഭിക്കുന്ന ടിവി-സ്പോൺസർഷിപ്പ് വരുമാനത്തിന്റെ നിശ്ചിത ശതമാനം നിർബന്ധമായും കുട്ടികളുടെ പരിശീലനം, പ്രാദേശിക സ്റ്റേഡിയങ്ങളുടെ നിർമ്മാണം, അക്കാദമികൾ എന്നിവയ്ക്കായി മാറ്റിവെക്കണം. ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് ലഭിക്കുന്ന ലാഭം കോടീശ്വരന്മാരുടെ സ്വന്തം കീശയിലേക്ക് പോകുന്നത് തടഞ്ഞ്, സ്ത്രീകളുടെ ഫുട്ബോൾ, യൂത്ത് അക്കാദമികൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയ്ക്കായി പുനർനിക്ഷേപിക്കാൻ നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കണം.

യൂറോപ്യൻ രാജ്യങ്ങളിലേക്കും ക്ലബ്ബുകളിലേക്കും പണം കുമിഞ്ഞുകൂടുമ്പോൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെയും ആഫ്രിക്കൻ, ഏഷ്യൻ വൻകരകളിലെയും ആഭ്യന്തര ഫുട്ബോൾ ക്ലബ്ബുകൾ സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്നു. ലോകത്തിലെ 211 അംഗരാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ ഫിഫ നേരിട്ട് സാമ്പത്തിക സഹായം (FIFA Forward) നൽകുന്നുണ്ടെങ്കിലും, വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്പോൾ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്ക് ലഭിക്കുന്ന തുക വളരെ കുറവാണ്. ഫിഫ നൽകുന്ന ഫണ്ടുകളും വലിയ രാജ്യങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളുമാണ് ഇന്ന് ഫുട്ബോളിനെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കായിക വിനോദമായി നിലനിർത്തുന്നത്. എങ്കിലും ഫിഫയ്ക്ക് ലഭിക്കുന്ന പണം കൃത്യമായി താഴെത്തട്ടിലേക്ക് ഒഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഫിഫ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

വെറുമൊരു കച്ചവടച്ചരക്കാകാതെ ജനങ്ങളുടെ കളിയായി ഫുട്ബോൾ നിലനിൽക്കട്ടെ.


By


ടി. ഷാഹുൽ ഹമീദ്

9885043496

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N