പുഞ്ചിരി വിരിയുന്ന ചെഞ്ചുണ്ടുകൾ പെണ്ണഴകിന്റെ പ്രഖ്യാപനമായി മാറിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
"മുറുക്കിച്ചുവപ്പിച്ചതോ മാരൻ മുത്തിച്ചുവപ്പിച്ചതോ"
എന്ന് കവികളെപ്പോലും സംശയിപ്പിച്ച ആ ചെന്തൊണ്ടിപ്പഴങ്ങളെപ്പോലുള്ള ശോണിതാധരങ്ങളുടെ സൗന്ദര്യശാസ്ത്രത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്.
പ്രകൃതിയുടെ ചായക്കൂട്ടുകളിൽ നിന്ന് തുടങ്ങി ആധുനിക കോസ്മെറ്റിക്സ് യുഗത്തിലും, ഒടുവിൽ അത് കലാലയങ്ങളിൽ സൃഷ്ടിക്കുന്ന പുതിയ ആരോ ഗ്യ സംവാദങ്ങളിലും എത്തിനിൽക്കുകയാണ് ഈ ചോരച്ചുവപ്പിന്റെ കഥ.
പാശ്ചാത്യർക്ക് മുൻപേ അധരങ്ങൾക്ക് നൽകിയ ഭാരതം
പാശ്ചാത്യലോകം രാസവസ്തുക്കൾ ചേർത്ത ആധുനിക ലിപ്സ്റ്റിക്കുകളെ ക്കുറിച്ച് ചിന്തിക്കുന്നതിനും എത്രയോ മുൻപ് തന്നെ പ്രകൃതിദത്ത മാർഗ്ഗങ്ങ ളിലൂടെ അധരങ്ങൾക്ക് വർണ്ണഭംഗി കൂട്ടുന്ന കല ഭാരതീയർക്ക് സ്വന്തമായി രുന്നു. സംസ്കൃതത്തിൽ ലിപ്സ്റ്റിക്കിന് സമാനമായി ഉപയോഗിച്ചിരുന്ന വാക്കാണ് 'അധരരാഗം'—അതായത് അധരങ്ങൾക്ക് നിറം നൽകുന്നത്.
കേരളത്തിലടക്കം ഇന്ത്യയിലുടനീളം പണ്ടുകാലത്ത് ലിപ്സ്റ്റിക്കിനുമായി ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് വെറ്റിലമുറുക്ക് അഥവാ താമ്പൂല ചർവ്വണമായിരുന്നു.
വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ഒത്തുചേരുമ്പോൾ വായയ്ക്കു ള്ളിലുണ്ടാകുന്ന സ്വാഭാവികമായ രാസപ്രവർത്തനം ചുണ്ടുകൾക്ക് വശ്യമായ കടുംചുവപ്പ് നിറം നൽകി. വായ്നാറ്റം അകറ്റാനും ചുണ്ടുകൾക്ക് ചോരനിറം നൽകാനുമായി ജാതിക്കയും പച്ചക്കർപ്പൂരവും ഒക്കെ ചേർത്തുള്ള പ്രത്യേക മുറുക്കൽ രീതികളും സ്ത്രീകൾക്കിടയിൽ പതിവായിരുന്നു.
പ്രകൃതിദത്തമായ മെഴുകും സസ്യച്ചാറും വെറ്റിലക്കറയുമൊക്കെയായിരുന്നു അക്കാലത്തെ അധരരലേപനങ്ങൾ .മുറുക്കിചുവപ്പിച്ച ചുണ്ടു കൾ സന്ദര്യത്തിന്റെ അടയാളമായി വടക്കൻ പാട്ടുകളിലും കാണാം .തുപ്പൽ കോളാമ്പികളും കോളാമ്പിയുടെ ഏറും വരെ .ഭർത്താവിന് വെറ്റിലയും അടക്കയുമെല്ലാം ചുരുട്ടി വായിൽ വെച്ചുകൊടുക്കുന്നത് പണ്ടുകാലങ്ങളിൽ ഒരുതരം തറവാട്ട് മഹത്വം പോലെ കരുതിയിരുന്നു .മുറുക്കിത്തുപ്പി ചോരക്കളമായ മുറ്റങ്ങൾക്ക് ഇപ്പോൾ അയവ് വന്നിട്ടുണ്ട് . പണ്ടുകാലങ്ങളിൽ നാട്ടുമ്പുറങ്ങളിൽ ബന്ധുക്കൾ മരണപ്പെട്ടാൽ അടുത്തബന്ധുക്കൾ മരവീട്ടിൽ വരുമ്പോൾ നാലോ അഞ്ചോ അടുക്കും വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും ചുരുട്ടിക്കെട്ടി കൊണ്ടുവരുന്ന പതിവും ഏറെക്കുറെ ഇന്നുഇല്ലാതായി .അതുപോലെ ചുരുട്ടും ബീഡി ക്കുട്ടികളും സിഗരറ്റുകുട്ടികളും ഒട്ടുമുക്കാൽ മുറ്റങ്ങളിൽ നിന്നും അപ്രത്യക്ഷമായി ,തൽസ്ഥാനത്ത് എംഡിഎംഎ പോലുള്ള രാസലഹരികൾ കയ്യടക്കിക്കൊണ്ടിരി ക്കുന്ന അത്യന്തം ദയനീയാവസ്ഥയിലൂടെയാണ് ആധുനിക സമൂഹം കടന്നുപോകുന്നത് .
മദാമ്മമാരും കഥകളിയിലെ ചായില്യവും
പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ലിപ്സ്റ്റിക്കിട്ട് ചുണ്ട് ചുവപ്പിച്ചെത്തുന്ന വിദേശ വനിതകൾ (മദാമ്മമാർ) കൗതുകമുള്ള ഒരു വേറിട്ട കാഴ്ചയായിരുന്നു. എന്നാൽ, നമ്മുടെ പരമ്പരാഗത കലയായ കഥകളിയിൽ നടന്മാർ പണ്ടുമുതലേ ചുണ്ടുകൾ ചുവപ്പിക്കാറുണ്ടായിരുന്നു.
അതിനായി അവർ ഉപയോഗിച്ചിരുന്നത് ഇന്നത്തെ ലിപ്സ്റ്റിക്കല്ല, മറിച്ച് 'ചായില്യം' എന്ന പ്രകൃതിദത്തമായ ചുവന്ന കല്ലാണ്. ഈ കല്ല് നന്നായി പൊടിച്ച് വെളിച്ചെണ്ണയിൽ കുഴച്ചാണ് ചുണ്ടിൽ പുരട്ടിയിരുന്നത്. ഇത് മണിക്കൂറുകളോളം കേടുപാടുകൾ കൂടാതെ നിലനിൽക്കുമായിരുന്നു.
കഥകളിയിൽ ചുണ്ട് ചുവപ്പിക്കുന്നതിന് പിന്നിൽ കൃത്യമായൊരു ശാസ്ത്രമുണ്ട്. വേഷപ്രകാശനത്തിന്റെ ഭാഗമായി 'ചുണ്ടപ്പൂവ്' എന്ന ചെടിയുടെ വിത്ത് കൈവെള്ളയിൽ തിരുമ്മി കണ്ണിലിട്ട് കണ്ണ് ചോരനി റമാക്കുന്ന പതിവുണ്ട്. കണ്ണുകളുടെ ഈ കടുംചുവപ്പ് നിറത്തോട് പൊരു ത്തപ്പെടാൻ ചെയ്യാൻ) ചുണ്ടുകളും നന്നായി ചുവപ്പിക്കേണ്ടത് ആവശ്യമായിരുന്നു. മുഖഭാവങ്ങൾ കാണികൾക്ക് വ്യക്തമായി ദൃശ്യമാകാൻ ഈ ചുവപ്പിക്കൽ ഏറെ സഹായിച്ചിരുന്നു.
ഗ്രാമങ്ങളിലേക്ക് പടരുന്ന
'ലിപ്സ്റ്റിക്' സംസ്കാരവും ആശങ്കകളും
"ഉറങ്ങാൻ നേരത്തെങ്കിലും ഇവർക്കിത്
ഒഴിവാക്കിക്കൂടെ ദൈവമേ..."
കാലം മാറി, ഇന്ന് ഗ്രാമങ്ങളിലെ കൊച്ചുബാലികമാർ വരെ മുരിക്കിൻ പൂവിതളുകളെ തോൽപ്പിക്കുന്ന വിധം ചുണ്ടുകൾ ചുവപ്പിച്ചാണ് പുറത്തിറങ്ങുന്നത്.തോറ്റിട്ടുനടക്കേണ്ട കുഞ്ഞുപ്രായത്തിലുള്ള കൊച്ചുകുഞ്ഞുങ്ങൾക്കും ചില അമ്മമാർ ചുണ്ടിന് ചന്തം കൂട്ടാൻ ലിപ്സ്റ്റിക്കിട്ടനിലയിൽ .വരുനാളിൽ തൊണ്ണൂറുകഴിഞ്ഞ മുത്തശ്ശിമാരെയും പേരക്കുഞ്ഞുങ്ങൾ ലിപ്സ്റ്റിക്ക് തേച്ചുവിടുമോ എന്തോ ?
കോസ്മെറ്റിക്സ് സംസ്കാരം അത്രമേൽ നാട്ടിൻപുറങ്ങളിലേക്കും പടർന്നു കഴിഞ്ഞു. "ഉറങ്ങാൻ നേരത്തെങ്കിലും ഇവർക്കിത് ഒഴിവാക്കിക്കൂടെ ദൈവമേ..." എന്ന് പാരമ്പര്യം മുറുകെപ്പിടിക്കുന്ന മുത്തശ്ശിമാർ ആത്മഗതം കൊള്ളുന്നതും ഇന്നൊരു പതിവ് കാഴ്ചയാണ്. എങ്കിലും 'നാടോടുമ്പോൾ നടുവേ ഓടണം' എന്ന ആധുനിക യുക്തിയിലാണ് പുതിയ തലമുറ മുന്നോട്ട് പോകുന്നത്.
എന്നാൽ ഈ ഫാഷൻ ഭ്രമം ഇന്ന് കൗമാരക്കാരായ വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് വലിയൊരു ഭീഷണിയായി മാറുന്നു എന്ന യാഥാർത്ഥ്യത്തിലേക്കാണ് വടക്കൻ കേരളത്തിൽ നിന്നുള്ള ഒരു വാർത്ത വിരൽ ചൂണ്ടുന്നത്.
'സഹജം സുന്ദരം
ക്യാമ്പസുകളിൽ 'ലിപ്സ്റ്റിക്' വില്ലനാകുമ്പോൾ; മാതൃകയായി ഒരു വിദ്യാലയം
വിദ്യാർത്ഥിനികൾക്കിടയിലെ അമിതമായ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രതിസന്ധികളും മുന്നിൽക്കണ്ട് മാതൃകാപരമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ക്യാമ്പസിനുള്ളിലെ ലിപ്സ്റ്റിക് ഉപയോഗം നിയന്ത്രിക്കാനും അതുവഴി കുട്ടികളെ വലിയൊരു ആരോഗ്യ വിപത്തിൽ നിന്ന് രക്ഷിക്കാനുമുള്ള തീവ്ര ശ്രമത്തിലാണ് സ്കൂൾ അധികൃതർ. ഇതിനായി 'സഹജം സുന്ദരം' എന്ന പേരിൽ വിപുലമായ ബോധവൽക്കരണ പരിപാടിക്ക് സ്കൂളിൽ തുടക്കമായിക്കഴിഞ്ഞു.
വിപണിയിൽ സുലഭമായ ബ്രാൻഡഡ് അല്ലാത്തതും വിലകുറഞ്ഞതുമായ കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്നതാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ഇത്തരം ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളിൽ മെർക്കുറി, കാഡ്മിയം തുടങ്ങിയ മാരകമായ ഹെവി മെറ്റലുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമായേക്കാമെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് സ്കൂൾ അധികൃതരുടെ അടിയന്തര ഇടപെടൽ. ഈ മാതൃക കേരളം മുഴുവൻ പടരുമെങ്കിൽ നല്ലത് .
രാസവസ്തുക്കളുടെ അമിതമായ അളവും തുടർച്ചയായ ഉപയോഗവുമാണ് ഇവയെ വിഷമയമാക്കുന്നത് എന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിശ്വസനീയമായ ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കാ നും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും കുട്ടികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
സ്കൂൾ കാമ്പസിന് പുറത്തുള്ള കുട്ടികളുടെ വ്യക്തിപരമായ സൗന്ദര്യധാര ണകളിൽ അധ്യാപകർ ഇടപെടുന്നില്ല. പകരം, സുരക്ഷിതമായ ഉൽ പ്ന്നങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നൽകുകയാണ് ലക്ഷ്യം. കേവലം ബാഹ്യസൗന്ദര്യത്തിലുപരി സ്വന്തം കഴിവുകളിലും വ്യക്തിത്വത്തിലും ഊന്നിയ ആത്മവിശ്വാസം കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് 'സഹജം സുന്ദരം' പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. രക്ഷകർത്താക്കളുടെ പൂർണ്ണ പിന്തുണയോ ടെയാണ് സ്കൂൾ അധികൃതർ ഈ മാതൃകാപരമായ പദ്ധതി ക്യാമ്പസിൽ നടപ്പിലാക്കുന്നത്.
ഈ മാറ്റത്തിന് തുടക്കമിട്ട കാഞ്ഞങ്ങാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർക്ക് ഒരു ബിഗ് സല്യൂട്ട്.....
: ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































