കർക്കിടകത്തിന്റെ കറുത്ത രാത്രി. പുറത്ത് തിമർത്തു പെയ്യുന്ന മഴയും ജനൽപ്പാളികളെ ഉലയ്ക്കുന്ന തണുത്ത കാറ്റും മാത്രം.
തറവാട്ടു വീട് കനത്ത നിശ്ശബ്ദതയിലാണ്. വലിയൊരു കൂട്ടു കുടുംബത്തിലെ എല്ലാവരും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി നല്ല ഉറക്കത്തിലാണ്. പക്ഷേ, ആ വീട്ടിൽ ഒരാൾക്ക് മാത്രം ഉറക്കം വരുന്നുണ്ടായിരുന്നില്ല.
കിടക്കപ്പായയിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും നോക്കുകയാണ് പത്തു കാരനായ അവൻ.
അവന്റെ മനസ്സ് നിറയെ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് അടുക്കളയിൽ വലിയ മൺകലത്തിൽ വെന്തുപാകമായ ആ വിഭവത്തിന്റെ മണമാ യിരുന്നു. ഉലുവയുടെ നേരിയ കയ്പും, ശർക്കരയുടെ മധുരവും, നെയ്യിൽ മൂപ്പിച്ച ചെറിയ ഉള്ളിയുടെ സുഗന്ധവും ചേർന്ന ഉലുവക്കഞ്ഞി!
ആയുർവേദ വൈദ്യനായ അച്ഛന്റെ കർശന നിർദ്ദേശമുണ്ടായിരുന്നു.
രാത്രി ഉലുവ കഞ്ഞി കഴിക്കാൻ പാടില്ല! രാവിലെ ആറിത്തണുത്ത ശേഷമേ അത് ഓട്ടുകിണ്ണങ്ങളിൽ വിളമ്പിക്കിട്ടൂ . പക്ഷേ, ആ മധുര ഊറൽ മനസ്സിനെ അത്രമേൽ കൊതിപ്പിച്ചു കഴിഞ്ഞിരുന്നു. ഒടുവിൽ അവൻ ആ വലിയ സാഹസത്തിന് മുതിർന്നു. അർദ്ധരാത്രിയിലെ ആ 'ഓപ്പറേഷൻ' വീട്ടിൽ വൈദ്യുതിയില്ലാത്ത കാലമായിരുന്നു . തിരിതാഴ്ത്തി വെച്ച മണ്ണെണ്ണവി ളക്കിന്റെ നേരിയ പ്രകാശം ചുറ്റും കട്ടികൂടിയ ഇരുട്ട്. അവൻ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒരു പ്രൊഫഷണൽ കള്ളന്റെ പദചല നത്തോടെ, ശബ്ദമുണ്ടാക്കാതെ പിച്ചവെച്ച് പിച്ചവെച്ച് അവൻ ഇരുട്ടിലൂടെ നടന്നു. അടുക്കളവാതിൽ ഒരു ചെറിയ ഞരക്കത്തോടെ തുറന്നു. അവിടെ, അടുപ്പിന്റെ തിണ്ണയിലെ തെരുവപ്പുറത്ത് ആ വലിയ മൺകലം ഇരിപ്പുണ്ട്. മുകളിൽ ഒരു ഓട്ടുകിണ്ണവും മൂടിവെച്ചിട്ടുണ്ട്. ഇരുട്ടിൽ തപ്പിയാണെങ്കിലും അവന്റെ കൈകൾ കൃത്യമായി കലത്തിന്റെ അരികിലെത്തി.
ശ്വാസമടക്കിപ്പിടിച്ച്, മുകളിലെ ഓട്ടുകിണ്ണം അവൻ പതിയെ മാറ്റിവെച്ചു. അടുത്ത നിമിഷം, കയ്യിലിരുന്ന ചെറിയ തവി മൺകലത്തിലേക്ക് ഇറങ്ങി. ശർക്കരപ്പാവും തേങ്ങാപ്പാലും ചേർന്ന് കുറുക്കിവെച്ച ആ തണുത്ത ഉലുവക്കഞ്ഞി അവൻ കോരിയെടുത്തു. ആദ്യത്തെ സ്പൂൺ... ആഹാ, എന്തൊരു മധുരം! രണ്ടാമത്തെ സ്പൂൺ... അമൃത്! കണ്ണുകളടച്ച് ആ രുചി ആസ്വദിക്കുന്നതിനിടയിലാണ് ആ ദുരന്തം സംഭവിച്ചത്. സസ്‌പെൻസ് പൊളിഞ്ഞ ആ നിമിഷം! ഇടതുകൈയിൽ പിടിച്ചിരുന്ന ആ ഓട്ടുകിണ്ണം പെട്ടെന്ന് കൈതെന്നി താഴേക്ക് വീണു!
ഠിം... ക്ളാങ്...!" ആ അർദ്ധരാത്രിയിലെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഓട്ടുകിണ്ണം അടുക്കളയിലെ തറയിൽ വീണുരുണ്ടു. അത്രയേ വേണ്ടിവന്നുള്ളൂ. വീടിന്റെ മറുഭാഗത്തുനിന്നും അച്ഛന്റെ അമ്മ (അമ്മൂമ്മ ) ഞെട്ടിയുണർന്നു.അടുത്തമുറിയിൽ ഉറങ്ങിക്കിടക്കുന്ന മകനെ വിളിച്ചുണർത്തി അടക്കം പറഞ്ഞു "കള്ളൻ... കള്ളൻ... അടുക്കളയിൽ കള്ളൻ കയറിയേ... ...!"
വീടാകെ പെട്ടെന്ന് ബഹളമയമായി. ആകെ ബഹളം, ആളുകളുടെ ഓട്ടപ്പാച്ചിൽ. അടുക്കള തിണ്ണയിൽ ഇരിക്കുന്ന അവന്റെ നെഞ്ചിടിപ്പ് 180-ലേക്ക് ഉയർന്നു.
ഓടി രക്ഷപ്പെടാൻ പോലും വഴിയില്ല. പെട്ടെന്നാണ് അടുക്കളയിലേക്ക് ഒരു വെളിച്ചം വീണത്. അച്ഛന്റെ അനുജൻ കൃഷ്ണൻ .ചെറിയച്ഛൻ കൈയി ലുണ്ടായിരുന്ന വലിയ ടോർച്ച് തെളിയിച്ചു. ടോർച്ചിന്റെ ആ ശക്തമായ വെളിച്ചക്കീറ് നേരെ വന്ന് പതിച്ചത് അടുപ്പിൻ തിണ്ണയിൽ വിറച്ചുവിറ ച്ചിരിക്കുന്ന ആ 'കുട്ടി കള്ളന്റെ മുഖത്തായിരുന്നു! പിടിക്കപ്പെട്ട പ്രതി! രംഗം ആലോചിച്ചു നോക്കണം! രണ്ടു കയ്യിലും ഉലുവക്കഞ്ഞി പുരണ്ട്,
വായയുടെ ഇരുവശങ്ങളിലൂടെയും ചുണ്ടിലൂടെയും ശർക്കരപ്പാവ് ഒലിച്ച്, തവി കയ്യിൽ പിടിച്ച്, പോലീസിന്റെ വലയിൽ കുടുങ്ങിയ ഒരു അന്താ രാഷ്ട്ര കള്ളനെപ്പോലെ പരുങ്ങി നിൽക്കുകയാണ് അവൻ! "ഏതാടാ ആ കള്ളൻ?" എന്ന് ചോദിച്ച് വടിയുമായി ഓടിവന്ന മുത്തശ്ശിയും ദേവു എടത്തിയും സുശീലേടത്തിയും മറ്റും ആ കാഴ്ച കണ്ട് സ്തബ്ധരായി നിന്നുപോയി.
ഭയം മാറി അടുക്കളയിൽ പെട്ടെന്ന് ചിരി പൊട്ടിപ്പുറപ്പെട്ടു. "കള്ളന് കഞ്ഞിവെച്ചവൻ !" എന്ന് പറഞ്ഞ് ചെറിയച്ഛൻ കളിയാക്കിയപ്പോൾ, കട്ടുകുടിച്ച കഞ്ഞിയുടെ മധുരവും ഒപ്പം ചമ്മലും കലർന്ന ആ രാത്രി അവന്റെ ഓർമ്മകളിൽ ഒരു മായാത്ത മുദ്രയായി പതിഞ്ഞു. എൺപതാമത്തെ വയസ്സിലും, കർക്കിടകം വരുമ്പോൾ ആ ഓട്ടുകിണ്ണ ത്തിലെ ഉലുവക്കഞ്ഞിയുടെ മധുരവും നേരിയ എരിവും ആ പഴയ അർദ്ധരാത്രിയിലെ കഞ്ഞിമോഷണവും മനസ്സിൽ പുഞ്ചിരിയായി പെയ്യാറുണ്ടെങ്കിൽ, അതിനേക്കാൾ വലിയൊരു സൗഭാഗ്യം വേറെന്തുണ്ട്!
ഉലുവക്കഞ്ഞിയുടെ ഇളം മധുരം ചില മോഷണങ്ങൾ ജീവിതത്തിൽ ഒരിക്കലും കുറ്റമാകുന്നില്ല. അവ ഓർമ്മകളാകുന്നു. മഴപോലെ വീണ്ടും വീണ്ടും മനസ്സിലേക്ക് പെയ്തിറങ്ങുന്ന, ഉലുവക്കഞ്ഞിയുടെ ഇളംമധുരം പോലെ കാലം കഴിയുന്തോറും കൂടുതൽ മധുരമാകുന്ന ഓർമ്മകൾ.
:ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







































