'ഭക്ഷ്യശ്രീ ' എന്ന ബഹുജന സംഘടനയുടെ
"ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്" എന്ന മുദ്രാവാക്യം വർഷങ്ങളായി നാം കേൾക്കുന്നു. എന്നാൽ അത് ഒരു മുദ്രാവാക്യമായി മാത്രം അവശേഷിക്കരുത്. ഓരോ കുടുംബത്തിന്റെയും ആരോഗ്യത്തെയും ഓരോ കുഞ്ഞിന്റെയും ഭാവിയെയും നേരിട്ട് ബാധിക്കുന്ന ജനകീയ അവകാശമായി അത് മാറേണ്ട സമയമാണിത്.
കേരളത്തിൽ ലഹരിക്കെതിരെ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയും "ഓപ്പറേഷൻ തൂഫാൻ" പോലുള്ള കർമ്മപദ്ധതികൾ ജനങ്ങൾ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാൽ അതേ കൈവേഗത്തിലും അതേ ആത്മാർത്ഥതയിലും മറ്റൊരു മേഖലയും സർക്കാർ പരിഗണിക്കേണ്ടതുണ്ട്. അത് വിഷരഹിത ഭക്ഷണം ഉറപ്പാക്കുന്ന ഒരു സമഗ്ര ദൗത്യമാണ്.
വിഷരഹിത ഭക്ഷണത്തിനും ഒരു തൂഫാൻ ആവശ്യമാണ്.
ഇന്ന് നമ്മുടെ വീടുകളിലെ അടുക്കളകളിലേക്ക് കടന്നുവരുന്നത് വെറും പച്ചക്കറികളും പഴങ്ങളും മത്സ്യങ്ങളും എണ്ണകളും മാത്രമല്ല; അവയ്ക്കൊപ്പം മനുഷ്യന്റെ ആരോഗ്യത്തെ നിശ്ശബ്ദമായി ആക്രമിക്കുന്ന രാസവസ്തുക്കളും മായങ്ങളും കൂടിയാണ്. അടുക്കളകളെ വിഴുങ്ങുന്ന വിഷപ്പാമ്പുകളായി ഇവ മാറിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും വലിയ വിരോധാഭാസം മറ്റൊന്നാണ്. നമ്മുടെ കർഷകരും ഉൽപ്പാദകരും ലോകോത്തര നിലവാരമുള്ള, കർശന പരിശോധനകൾ പാസാകുന്ന ഭക്ഷ്യോത്പന്നങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയുന്നുണ്ട്. കാരണം അവിടുത്തെ നിയമങ്ങൾ ശക്തമാണ്. പരിശോധനകൾ കർശനമാണ്. ജനങ്ങളുടെ ആരോഗ്യത്തിന് വലിയ വിലയാണ് അവിടെ നൽകുന്നത്.
എന്നാൽ അതേ സമയം, സ്വന്തം നാട്ടിലെ വിപണികളിൽ നിലവാരം കുറഞ്ഞതും അമിത കീടനാശിനികളും രാസവസ്തുക്കളും കലർന്നതുമായ ഉൽപ്പന്നങ്ങൾ യാതൊരു ഭയവുമില്ലാതെ വിറ്റഴിക്കപ്പെടുന്നുവെന്ന ആശങ്ക സമൂഹത്തിൽ വ്യാപകമാണ്. ഇത് ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല; സാമൂഹിക നീതിയുടെയും പൊതുജനാരോഗ്യത്തിന്റെയും ചോദ്യമാണ്.
വിദേശിക്ക് ലഭിക്കുന്ന സുരക്ഷിത ഭക്ഷണം
മലയാളിക്കും ലഭിക്കേണ്ടതല്ലേ?
ഇത് ഓരോ പൗരനും ചോദിക്കേണ്ട ന്യായമായ ചോദ്യമാണ്.
വിപണിയിലെത്തുന്ന പച്ചക്കറികളിൽ കീടനാശിനികളുടെ അവശിഷ്ടങ്ങൾ അനുവദനീയ പരിധിക്കുള്ളിലാണോയെന്ന് സ്ഥിരമായി പരിശോധിക്കേണ്ടിയിരിക്കുന്നു . പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്ന പ്രവണത അവസാനിപ്പിച്ചേതീരൂ . കേടുകൂടാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്ന മത്സ്യവ്യാപാരത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം മൽസ്യ ബന്ധനതുറമുഖങ്ങളിലെ വിപണന കേന്ദ്രങ്ങളിൽ സർക്കാർ നിയന്ത്രണത്തിൽ ഗുണമേന്മാ പരിശോധന കേന്ദ്രങ്ങൾ അനിവാര്യം . വെളിച്ചെണ്ണയും മറ്റ് പാചകഎണ്ണകളും ഉൾപ്പെടെ ഭക്ഷ്യഎണ്ണകളിൽ മായം കലരുന്നില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാനവ്യാപക പരിശോധനകൾ ശക്തിപ്പെടുത്തണം.
ഇത് വ്യാപാരികളെ ശിക്ഷിക്കാനുള്ള പരിപാടിയല്ല; ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ്.
ഇന്ന് കേരളത്തിലെ റോഡരികുകളിലും നഗരങ്ങളിലുമായി കൂണുകൾ മുളച്ചുപൊങ്ങുന്ന വേഗതയിൽ അനേകം തട്ടുകടകളും എണ്ണക്കടികളും പൊട്ടിമുളച്ച് പ്രവർത്തിക്കുന്നുണ്ട്. അവയിൽ പലതും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നുണ്ടെങ്കിലും, അവിടെയുള്ള ശുചിത്വനിലവാരവും ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും എത്രത്തോളം പാലിക്കപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കപ്പെടണം. മുടക്കമില്ലാതെ .പഴകിയ എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള പ്രവണതകൾ മനുഷ്യാരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുകൾ നിരന്തരം ഉയരുന്ന സാഹചര്യത്തിൽ, പരിശോധനകൾ കൂടുതൽ ശക്തമാകേണ്ടത് അനിവാര്യമാണ്.
ഭക്ഷ്യസുരക്ഷ സർക്കാർ വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ല. കർഷകർ, വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, ഭക്ഷ്യവ്യാപാരികൾ, ഉപഭോക്താക്കൾ, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, മാധ്യമങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങി എല്ലാവരും പങ്കാളികളാകുന്ന ജനകീയ പ്രസ്ഥാനമായി അത് വളരണം.
അതിനായി "ഭക്ഷ്യശ്രീ" പോലുള്ള ബഹുജനസംഘടനകൾ സംസ്ഥാനവ്യാ പക ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സമയമാണിത്. സ്കൂളുകളിലും കോളേജുകളിലും പൊതുസ്ഥാപനങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ജനകീയ കാമ്പയിനുകൾ സംഘടിപ്പിക്കണം. ഉപഭോക്താക്കൾക്ക് സുരക്ഷിത ഭക്ഷണം തിരിച്ചറിയാനുള്ള അറിവ് നൽകണം. മായം കണ്ടെത്തുന്നതിനുള്ള ലളിതമായ പരിശോധനാരീതികൾ ജനങ്ങളിലേക്ക് എത്തിക്കണം.
അതോടൊപ്പം സർക്കാർ ചെയ്യേണ്ട ചില കാര്യങ്ങൾ വ്യക്തമാണ്.
വിപണികളിൽ അപ്രതീക്ഷിത പരിശോധനകൾ സത്യസന്ധതയോടെ പതിവാക്കുക.
കീടനാശിനി അവശിഷ്ട പരിശോധനാ ലബോറട്ടറികൾ ജില്ലാതലത്തിൽ ശക്തിപ്പെടുത്തുക.
മത്സ്യം, പഴം, പച്ചക്കറി, പാചകഎണ്ണ എന്നിവയുടെ ഗുണനിലവാര പരിശോധന കൂടുതൽ വ്യാപിപ്പിക്കുക.
മായം കലർത്തുന്നവർക്കെതിരെ വേഗത്തിലുള്ള നിയമനടപടികൾ ഉറപ്പാക്കുക.
പരിശോധനാഫലങ്ങൾ പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുക.
സുരക്ഷിത കൃഷിക്കും വിഷരഹിത ഉൽപ്പാദനത്തിനും പ്രോത്സാഹനം നൽകുക.
ആരോഗ്യകരമായ ഒരു സമൂഹം ആശുപത്രികൾ പണിതുയർത്തുന്നതിലൂടെ മാത്രം സൃഷ്ടിക്കാനാവില്ല. രോഗം വരുന്നതിന് മുമ്പ് അതിന്റെ കാരണങ്ങൾ ഇല്ലാതാക്കുന്നതിലൂടെയാണ് യഥാർഥ പൊതുജനാരോഗ്യം ഉറപ്പാക്കപ്പെടുന്നത്.
ലഹരിക്കെതിരെ സർക്കാർ സ്വീകരിച്ച ദൃഢനിലപാട് പോലെ ഭക്ഷ്യമായങ്ങൾക്കെതിരെയും ശക്തമായ കർമ്മപദ്ധതി ആരംഭിക്കണം. അതിന് "ഓപ്പറേഷൻ തൂഫാൻ" എന്ന കൈവേഗവും ആത്മാർത്ഥതയും വേണം.
ഭക്ഷണം വയറു നിറയ്ക്കാനുള്ളത് മാത്രമല്ല; ജീവൻ നിലനിർത്താനുള്ളതാണ്.
അതിനാൽ നമുക്ക് ഒരുമിച്ച് ആവശ്യപ്പെടാം—
വിഷരഹിത ഭക്ഷണം നമ്മുടെ അവകാശമാണ്.
ശുദ്ധമായ ഭക്ഷണം ജന്മാവകാശമാണ്.
വിഷരഹിത ഭക്ഷണത്തിനും ഒരു തൂഫാൻ ആവശ്യമാണ്.
: ദിവാകരൻ ചോമ്പാല
(സംസ്ഥാന കോർഡിനേറ്റർ ,
ഭക്ഷ്യശ്രീ ബഹുജന സംഘടന )
ശുദ്ധമായ ഭക്ഷണം
ഓരോ പൗരന്റെയും
ജന്മാവകാശം ....
ശുദ്ധമായ ഭക്ഷണം
ഓരോ പൗരന്റെയും
ജന്മാവകാശം....
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































