സൗന്ദര്യലഹരി രമേശൻ പി. വടകര

സൗന്ദര്യലഹരി രമേശൻ പി. വടകര
സൗന്ദര്യലഹരി രമേശൻ പി. വടകര
Share  
രമേശൻ .പി .വടകര എഴുത്ത്

രമേശൻ .പി .വടകര

2026 Jun 28, 11:43 PM
r
sh
mn
RUBI
S
RM
dr
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
ash

കടലിൽ തിരമാലകൾ തുടർച്ചയായി ഉയർന്നുവീഴുന്നതുപോലെ മനുഷ്യന്റെ മനസ്സിൽ ഉയർന്നുവരുന്ന വികാരതരംഗങ്ങളെയാണ് പൊതുവേ ലഹരി എന്ന് വിശേഷിപ്പിക്കുന്നത്. സംസ്കൃതത്തിലെ "ലഹരീ" എന്ന പദത്തിന് തരംഗം എന്നാണ് അർഥം. മനസ്സിൽ ആനന്ദത്തിന്റെയോ ആവേശത്തിന്റെയോ മദത്തിന്റെയോ തരംഗങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയെയാണ് ലഹരി എന്നു പറയുന്നത്. എന്നാൽ ഈ തരംഗങ്ങൾ വിവേകത്തിന്റെ അതിരുകൾ കടന്നാൽ അത് മനുഷ്യനെ സ്വാതന്ത്ര്യത്തിൽ നിന്ന് അടിമത്തത്തിലേക്കാണ് നയിക്കുന്നത്.

ലഹരി മനുഷ്യനിൽ ഒരുതരം മദവും അഹങ്കാരവും സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെയാണ് അത്തരം അവസ്ഥ സൃഷ്ടിക്കുന്ന വസ്തുക്കളെ മാദകദ്രവ്യങ്ങൾ എന്ന് വിളിക്കുന്നത്. കൗതുകം മനുഷ്യന്റെ സ്വാഭാവിക ഗുണമാണ്. "ഇതെന്താണ്?" എന്നറിയാനുള്ള ആഗ്രഹം കൊണ്ടാണ് പലരും ആദ്യമായി ലഹരിയിലേക്ക് കടന്നുചെല്ലുന്നത്. ഇന്നത്തെ മാധ്യമങ്ങളും വിനോദലോകവും പലപ്പോഴും അറിഞ്ഞും അറിയാതെയും ഈ കൗതുകത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ഇവിടെ ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ഉപദേശം ഓർമിക്കേണ്ടതാണ്: "മദ്യം വിഷമാണ്; അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്." മദ്യം എന്നത് മദിപ്പിക്കുന്നതെന്ന അർഥത്തിലാണ്. അതേസമയം മറ്റൊരു ചൊല്ലും നാം കേട്ടിട്ടുണ്ട്: "നിങ്ങൾ മദ്യം സേവിച്ചോളൂ; പക്ഷേ മദ്യം നിങ്ങളെ സേവിക്കരുത്." ഈ രണ്ടുവാക്യങ്ങളുടെയും അന്തർസാരം ഒന്നുതന്നെയാണ്—മനുഷ്യൻ ഒരു ശീലത്തിന്റെയും അടിമയാകരുത്.

മദ്യം നമ്മുടെ മനസ്സിന്റെ അധിപനാകുന്ന നിമിഷം വിവേകവും ആത്മനിയന്ത്രണവും തീരുമാനശേഷിയും നാം അറിയാതെ പണയപ്പെടുത്തുകയാണ് ചെയ്യുന്നത്. ലഹരിയുടെ അടിമത്തം ശാരീരികമായി കരൾ, ശ്വാസകോശം, തലച്ചോർ തുടങ്ങിയ അവയവങ്ങളെ നശിപ്പിക്കുകയും മാനസികമായി വ്യക്തിത്വത്തെ തകർക്കുകയും ചെയ്യുന്നു. അതോടൊപ്പം കുടുംബബന്ധങ്ങൾ തകർന്നു, സാമ്പത്തിക സുരക്ഷ ഇല്ലാതായി, ഒടുവിൽ വ്യക്തിയും കുടുംബവും സമൂഹവും ദുരന്തത്തിലേക്ക് വഴുതിവീഴുന്നു. അപ്പോഴാണ് ലഹരി ഒരു വ്യക്തിപരമായ പ്രശ്നം മാത്രമല്ലാതെ സാമൂഹ്യവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ പ്രതിസന്ധിയായി മാറുന്നത്.

പൂർവികരുടെ ജീവിതദർശനം എത്ര ലളിതവും ഗൗരവമുള്ളതുമായിരുന്നു! അവർ പറഞ്ഞത് ഇങ്ങനെയാണ്: "പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന സുഖങ്ങൾ അനുഭവിച്ചോളൂ; പക്ഷേ അത് ആത്മനാശത്തിലേക്കോ പ്രകൃതിനാശത്തിലേക്കോ നയിക്കുന്നതാകരുത്." ഈ ഉപദേശത്തിന്റെ സാരം, യാതൊരു ശീലത്തിന്റെയും അടിമയാകാതെ ആത്മനിയന്ത്രണത്തോടെ ജീവിക്കുക എന്നതാണ്. മനുഷ്യരാശിയുടെ നിലനിൽപ്പിന് ഇന്നും ഏറ്റവും പ്രസക്തമായ സന്ദേശം അതുതന്നെയാണ്.

എന്തിനോടായാലും അടിമപ്പെട്ട മനസ്സിന് ഒരിക്കലും യഥാർഥ ശാന്തിയും സമാധാനവും ലഭിക്കുകയില്ല. അടിമത്തം അശാന്തിയിലേക്കും അസ്വാതന്ത്ര്യത്തിലേക്കും ബന്ധനത്തിലേക്കുമാണ് നയിക്കുന്നത്. അത് ദ്രവ്യങ്ങളോടായാലും ആശയങ്ങളോടായാലും പ്രത്യയശാസ്ത്രങ്ങളോടായാലും ഫലം ഒന്നുതന്നെ—സ്വതന്ത്രമായ ചിന്ത നഷ്ടപ്പെടുന്നു.

ഇളംതലമുറ ലഹരിയുടെ വലയിലാകുമ്പോഴാണ് സമൂഹത്തിന്റെ ഭാവി തന്നെ അപകടത്തിലാകുന്നത്. അതുകൊണ്ട് യുവജനങ്ങളുടെ ലഹരിയായി മയക്കുമരുന്നോ മദ്യമോ അല്ല, വായനയും കലയും കായികവും ശാസ്ത്രാന്വേഷണവും സർഗാത്മകതയും സാമൂഹ്യസേവനവും മാറണം. താൽക്കാലിക ആനന്ദം നൽകുന്ന വിനാശകരമായ ലഹരികളെ പിന്തള്ളാൻ കഴിയുന്ന ശാശ്വതമായ ജീവിതമൂല്യങ്ങൾ യുവതലമുറയ്ക്ക് പകർന്നുനൽകേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്.

ഒരുകാലത്ത് ഗ്രാമങ്ങളിലെ കലാ-കായിക ക്ലബ്ബുകൾ യുവജനങ്ങളുടെ സർഗാത്മക ഊർജത്തിന് വേദികളായിരുന്നു. കളിയും പാട്ടും നാടകവും വായനശാലകളും ജിമ്മുകളും വിനോദയാത്രകളും സമൂഹബന്ധങ്ങളും ജീവിതത്തെ ആരോഗ്യകരമായ ദിശയിലേക്ക് നയിച്ചിരുന്നു. അത്തരം വേദികളെ വീണ്ടും സജീവമാക്കുകയും, ജീവിതലക്ഷ്യങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും വ്യക്തിത്വവികസനത്തെക്കുറിച്ചും യുവാക്കൾക്ക് പരിശീലനം നൽകുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സുന്ദരമായി ജീവിക്കാനുള്ള കലയാണ് യഥാർഥ വിദ്യാഭ്യാസം; അതാണ് ലഹരിവിമുക്ത ജീവിതത്തിന്റെ അടിത്തറ.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നിയമനടപടികളിലും പരിശോധനകളിലും മാത്രം ഒതുങ്ങരുത്. മനുഷ്യന്റെ മനസ്സിൽ പ്രതീക്ഷയും ആത്മവിശ്വാസവും ജീവിതസ്വപ്നങ്ങളും വളർത്തിയെടുക്കുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ ഫലപ്രദമാകുക. ലഹരിയെ തടയാനുള്ള ഏറ്റവും വലിയ ആയുധം ശിക്ഷയല്ല, ജീവിതത്തോടുള്ള സ്നേഹമാണ്.

സൗന്ദര്യലഹരി എന്നത് മാദകലഹരിയല്ല; സത്യത്തിന്റെയും നന്മയുടെയും സ്നേഹത്തിന്റെയും കലയുടെയും പ്രകൃതിയുടെയും ജീവിതസൗന്ദര്യത്തിന്റെയും ലഹരിയാണ്. ആ ലഹരി മനുഷ്യനെ അടിമയാക്കുന്നില്ല; മറിച്ച് അവനെ കൂടുതൽ സ്വതന്ത്രനും ഉത്തരവാദിത്തമുള്ളവനും മാനവികത നിറഞ്ഞവനുമായി വളർത്തുന്നു. സമൂഹം ഇളംതലമുറയ്ക്ക് പകർന്നുനൽകേണ്ട യഥാർഥ ലഹരിയും അതുതന്നെയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

r
BHK