നാടിന്റെ വികസനമെന്നത് സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാവരുതെന്ന പ്രാഥമിക വിവേകം പോലും മറന്ന് ദേശീയപാത അധികൃതർ നടത്തുന്ന ക്രൂരതയ്‌ക്കെതിരെ മുക്കാളിയിൽ കനത്ത പ്രതിഷേധം ഉയരുന്നു.
മുക്കാളി:വികസന പദ്ധതികൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ജനജീവിതം തന്നെ ദുരിതത്തിലാഴ്ത്തുന്ന തരത്തിൽ നടപ്പാക്കപ്പെടുന്ന വികസന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ഗൗരവമായ ചർച്ചയ്ക്കും ഇടപെടലിനും വിധേയമാകേണ്ടതുണ്ട്. മുക്കാളിയിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരിക്കുന്ന പരാതികൾ അത്തരമൊരു ആശങ്കാജനകമായ സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
വടക്കേ മുക്കാളിക്കും ബ്ലോക്ക് ഓഫീസിനും ഇടയിൽ പഴയ എ.ഇ.ഒ. ഓഫീസ് കെട്ടിടത്തിന് സമീപം ദേശീയപാതയോരത്തുള്ള ‘പ്രജനിക’ എന്ന വീട്ടിൽ താമസിക്കുന്ന പത്മിനി രാമകൃഷ്ണൻ എന്ന വീട്ടമ്മ ഇന്ന് സ്വന്തം വീട്ടിൽ തുടരാനാവുമോ എന്ന ആശങ്കയിലാണ്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അശാസ്ത്രീയമായ നിർമാണ രീതികളും മൂലം മഴവെള്ളം മുഴുവൻ ഇവരുടെ വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
കോൺക്രീറ്റ് ചെയ്ത് സംരക്ഷിച്ചിരുന്ന മുറ്റം ഇന്ന് മഴപെയ്താൽ കുളംപോലെ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കാർപോർച്ചിലേക്ക് വരെ വെള്ളം കയറിയതിനാൽ വാഹനം ബന്ധുവീട്ടിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടായതായി കുടുംബം പറയുന്നു.
വെള്ളം വീടിന്റെ കോലായിവരെ എത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്, ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച വെയിംഗ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള നിർമാണങ്ങളും, നിർമാണാവശിഷ്ടങ്ങൾ കൂട്ടിയിട്ടതുമൂലം മുമ്പ് സ്വാഭാവികമായി ഒഴുകിപ്പോയിരുന്ന മഴവെള്ളത്തിന്റെ പാതകൾ അടഞ്ഞുപോയെന്നാണ്. ഇതോടെ വെള്ളം സമീപവീടുകളിലേക്ക് തിരിഞ്ഞുകയറുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.
അതിലേറെ ഗുരുതരമായ കാര്യം, വീട്ടിന്റെ കോമ്പൗണ്ട് മതിലിനോട് ചേർന്ന് അനാവശ്യമായി കോൺക്രീറ്റ് മാലിന്യങ്ങളും നിർമാണാവശി ഷ്ടങ്ങളും നിക്ഷേപിച്ചതിലൂടെ വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ പൂർണമായും തടസ്സപ്പെട്ടുവെന്ന ആരോപണമാണ്.
പൊളിച്ചുമാറ്റിക്കെട്ടിയ കോമ്പൗണ്ട് മതിൽ പ്ലാസ്റ്റർ ചെയ്യാൻ പോലും ഒരാൾക്ക് നിൽക്കാൻ ഇടം നൽകാത്ത തരത്തിലാണ് ദേശീയപാതാ അധികൃതർ മതിലിനോട് ചേർന്ന് കെട്ടിടമുയർത്തിയത് .വീടിന്റെ കോമ്പൗണ്ടിനോട് തൊട്ടുരുമ്മി ദേശീയപാതക്കാർ കെട്ടിപ്പൊക്കിയ 'വെയിംഗ് ബ്രിഡ്ജ്' എന്ന ഭീമൻ കെട്ടിടം ആ വീട്ടിലേക്കുള്ള കാറ്റും വെളിച്ചവും ഭാഗികമായി തടസ്സപ്പെടുത്തിക്കഴിഞ്ഞു.
വീടിന്റെ മുൻവശം കാട്ടുചെടികൾ മുറ്റിത്തഴച്ച് കാടുപിടിച്ചനിലയിൽ ,ഇതാണോ സാമാന്യമര്യാദ ?
ഈ കാടു പടലങ്ങളിൽ വന്നുവീഴുന്ന മാലിന്യങ്ങൾ തിന്നാൻ തെരുവ് പട്ടികളും കുറുക്കന്മാരും വട്ടംകൂടും .ചുറ്റുപാടിലുള്ളവർക്ക് വഴിനടക്കാൻതന്നെ ഭയം .ഇതെല്ലാംകണ്ടുംഅറിഞ്ഞും ദിവസേനഇവിടെ മേൽനോട്ടം വഹിക്കാനെത്തുന്നവർക്ക് ഇതിലൊന്നും ഉത്തരവാദിത്വമില്ലേ?
ദേശീയപാതനിര്മ്മാണത്തിന് സഹകരിച്ചുകൊണ്ട് സ്ഥലമാനുവദിച്ചതെറ്റേ ഇക്കൂട്ടർ ചെയ്തുള്ളൂ .
ദുരിതക്കാഴ്ചകൾ പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
ഭർത്താവിന്റെ വേർപാടിന് ശേഷം ഒറ്റയ്ക്കു താമസിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതുമായ പത്മിനി രാമകൃഷ്ണൻ ഇപ്പോൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീട് വെള്ളക്കെട്ടിൽ മുങ്ങിനിൽക്കുമ്പോൾ വീടുപേക്ഷിച്ച് ബന്ധുവീടുകളിൽ അഭയം തേടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നു.
വികസന പ്രവർത്തനങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്താനല്ല, അവരുടെ ജീവിതം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനാണ്. അതുകൊണ്ടുതന്നെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തരമായി പരിശോധിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഒരു സാധാരണ വീട്ടമ്മയുടെ കണ്ണീരും ദുരിതവും അവഗണിക്കപ്പെടേണ്ട വിഷയമല്ലെന്നും, ഭരണകൂടവും ബന്ധപ്പെട്ട ഏജൻസികളും മനുഷ്യാവബോധത്തോടെ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
സ്ഥലത്തെ അയൽവാസികളും പ്രമുഖ സാമൂഹ്യപ്രവർത്തകരായ പി .ബാബുരാജ് ,എ .ടി .ശ്രീധരൻ തുടങ്ങിയവരും അയൽക്കാരും ഇന്ന് സ്ഥലം സന്ദർശിച്ച് പത്മിനി രാമകൃഷ്ണനെ ആശ്വസിപ്പിക്കുകയുണ്ടായി
മുറ്റത്തു വെള്ളമൊഴുകിയെത്തുന്നത് തടയിടാൻ സ്വന്തംചിലവിൽ താൽക്കാലികമായി ഗേറ്റിനു മുൻവശം മണ്ണിട്ടുയർത്തിയിരിക്കയാണ് ,എല്ലാംകണ്ടുകേട്ടും നോക്ക്കുത്തികളെപ്പോലെ അധികൃതരും .
പോലീസ്, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, സംസ്ഥാന സർക്കാർ എന്നിവരുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ പതിയേണ്ട സമയമായിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ ഒരു കുടുംബത്തിന്റെ ജീവിതം ദുരിതത്തിലാകുന്ന സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിനും അഭിമാനകരമല്ലെന്നതാണ് പൊതുജനങ്ങളുടെ നിലപാട്.
കണ്ണീരൊപ്പാൻ ആരുമില്ല; നിയമപോരാട്ടത്തിലേക്ക്
പലതവണ ആവശ്യപ്പെട്ടിട്ടും, വീട്ടിനകത്തു വരെ വെള്ളം കയറുന്ന അവസ്ഥയായിട്ടും തിരിഞ്ഞുനോക്കാൻ പോലും നിർമ്മാണ കമ്പനിയോ ബന്ധപ്പെട്ട അധികൃതരോ തയ്യാറായിട്ടില്ല. ശാരീരിക അവശതകളാലും, ഭർത്താവിന്റെ വിയോഗത്താലും മാനസികമായി തളർന്ന് തനിച്ചു താമസിക്കുന്ന ഈ അമ്മയുടെ കണ്ണീരിന് ഈ പൊതുസമൂഹത്തിൽ വിലയില്ലേ?
ഏറെക്കാലം സ്നേഹത്തോടെ ജീവിച്ച സ്വന്തം വീട് വെള്ളത്തിൽ മുങ്ങിക്കിടക്കുമ്പോൾ, ബന്ധുവീടുകളിൽ അഭയം തേടേണ്ടിവരുന്ന ഈ വീട്ടമ്മയുടെ അവസ്ഥയ്ക്ക് നേരെ പൊതുസമൂഹത്തിന് എങ്ങനെ വിമുഖം കാണിക്കാനാകും?
ഇനി നീതിക്കായി നിയമത്തിന്റെ വഴി തേടാനാണ് ഈ അമ്മയുടെ തീരുമാനം. നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ പരാതി നൽകാനും, ഒപ്പം സ്ഥലം എം.എൽ.എ, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് സങ്കടഹർജി സമർപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് നാട്ടുകാരുടെ പിന്തുണയോടെ പത്മിനി രാമകൃഷ്ണൻ. ഈ ജനവിരുദ്ധ വികസന നയത്തിനെതിരെ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിരോധം ഉയർത്താനാണ് നാട്ടുകാരുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















