കൊച്ചി: പ്രമുഖരുടെ മരണവേളകളിൽ മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയാ ചാനലുകളും തിക്കും തിരക്കും കൂട്ടുന്നതിനെതിരെ പൊതുസമൂഹത്തിൽ പ്രതിഷേധം ശക്തമാകുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ സ്വകാര്യതയോ ദുഃഖമോ മാനിക്കാതെ, വെറും വ്യൂസിനും റീലുകൾക്കുവേണ്ടിയും പണമുണ്ടാക്കാൻ വേണ്ടിയും നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ ഇപ്പോൾ കേരള പോലീസും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
അടുത്തിടെ അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കി ടെ ഉണ്ടായ അനിഷ്ട സംഭവങ്ങളാണ് ഈ വിഷയം വീണ്ടും ചർച്ചയാക്കിയത്. അന്ത്യകർമങ്ങൾ ചെയ്യാൻ വീട്ടുകാരെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും നടൻ രമേശ് പിഷാരടിയും ഉൾപ്പെടെയുള്ളവർ പലവട്ടം അഭ്യർത്ഥിച്ചിട്ടും മാധ്യമപ്പട പിന്മാറിയില്ല.
ഒടുവിൽ പിതാവിന്റെ സംസ്കാരവേളയിൽ സലിംകുമാറിന്റെ മകനും നടനുമായ ചന്തുവിന് രോഷത്തോടെ പ്രതികരിക്കേണ്ടി വന്നു. എന്നാൽ ഈ വിലാപവും രോഷപ്രകടനവും പോലും ചില ഓൺലൈൻ മാധ്യമങ്ങൾ റീലുകളാക്കി മാറ്റി ലാഭമുണ്ടാക്കാൻ ശ്രമിച്ചതാണ് വൻ ജനരോഷത്തിന് കാരണമായത്. നേരത്തെ ശ്രീനിവാസൻ, കലാഭവൻ നവാസ്, മാമുക്കോയ തുടങ്ങിയ പ്രമുഖരുടെ മരണവേളകളിലും സമാനമായ രീതിയിൽ താരങ്ങളെ കാണാൻ മൊബൈലുമായി തടിച്ചുകൂടി നടിമാരുടെ ഉൾപ്പെടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ കടന്നുകയറ്റങ്ങൾ ഉണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് കർശനമായ മുന്നറിയിപ്പ് നൽകിയത്. മനുഷ്യന്റെ ദുഃഖവും മരണവും അപകടങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണത അനുവദിക്കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. ഒരാളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേലുള്ള വെല്ലുവിളിയാണിത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കുമെന്നും പോലീസ് ഓർമ്മിപ്പിച്ചു.
മാധ്യമപ്രവർത്തകർ പൊതുവെ കൃത്യമായ അകലം പാലിച്ച് പ്രതികരണങ്ങൾ തേടുമ്പോൾ, യാതൊരു ഔചിത്യവുമില്ലാതെ ഇടിച്ചുകയറുന്ന ഇത്തരം ചില ഓൺലൈൻ ഗ്രൂപ്പുകൾക്കെതിരെ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നും, ഇതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യവും ഇപ്പോൾ ശക്തമായിരിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















_1780817435_h_small.jpg)
