മയ്യഴിയുടെ തീരത്തുനിന്നും
ഒരു വിസ്മയഗാഥ !
: ദിവാകരൻ ചോമ്പാല
എം. മുകുന്ദന്റെ തൂലികയിലൂടെ അമരത്വം നേടിയ മയ്യഴിയുടെ ആകാശ ത്തിനും കടലോരത്തിനും പ്രണയത്തിന്റെയും വിരഹത്തിന്റെയും സ്വാത ന്ത്ര്യസമരത്തിന്റെയും ഓർമ്മകൾ മാത്രമല്ല പറയാനുള്ളത്; അവിടെ അതി ജീവനത്തിന്റെയും കഠിനാധ്വാനത്തിന്റെയും നെഞ്ചുറപ്പിന്റെയും അപൂർ വ്വമായ ഈണങ്ങൾ കൂടിയുണ്ട്.
മയ്യഴിയുടെ കടലോരം എന്നത് കേവലം പ്രകൃതിയുടെ ഒരു ഭാഗം മാത്രമല്ല; അത് മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളെയും പ്രണയത്തെയും മരണ ത്തെയുമെല്ലാം ആവാഹിച്ചെടുത്ത ഒരു കാവ്യാത്മക ഇടമാണ്. ഭൂതകാലത്തിന്റെ സ്മരണകളും ഫ്രഞ്ച് സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും ഇരമ്പിയാർക്കുന്ന, മനുഷ്യവികാരങ്ങളുടെയും സ്വാതന്ത്ര്യവാഞ്ഛയുടെ യും നിത്യസാക്ഷിയായ ഒരു പ്രതീകാത്മക തീരം!
പ്രതിസന്ധികളുടെ കനൽവഴികളിലൂടെ നടന്ന് വിസ്മയങ്ങൾ തീർത്ത മയ്യഴിയുടെ ഇതേ മണ്ണിൽ നിന്നാണ് ഈ കഥയുടെ തുടക്കം.
കായലും കടലും റോഡുകളും ഒരേപോലെ കീഴടക്കിയ ഒരു അപൂർവ്വ മനുഷ്യന്റെയും അദ്ദേഹത്തിന്റെ സമാനമനസ്കരായ സുഹൃത്തുക്കളുടെ യും പോരാട്ടവീര്യത്തിന്റെ കഥ—
.
മയ്യഴിയിലെ കായിക വിസ്‌മയം !
'അയൺമാൻ' ഡോ. മുഹമ്മദ് ഇഷാഖ് ഷാമിറിന്റെ വിസ്‌മയകരമായ ജീവിതഗാഥ !
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മയ്യഴിയുടെ വഴികളിൽ സജീവമായ സൈക്കിൾ സവാരി കൂട്ടായ്മയാണ് 'കെവലിയേർസ് ദേ മായേ' (Chevaliers de Mahe). മയ്യഴിയുടെ അതിരുകൾ ഭേദിച്ച് കണ്ണൂർ, വടകര, കോഴിക്കോട്, വയനാട് തുടങ്ങിയ ഇടങ്ങളിലെ സൈക്കിൾ കൂട്ടായ്മകളുമായി കൈകോർത്ത് നിരവധി റാലികളിലും മത്സരങ്ങളിലും അവർ പങ്കാളികളായി. എന്നാൽ, ഈ കൂട്ടായ്മകൾക്കിടയിലൂടെ തന്റെ ദൈനംദിന സവാരികളിൽ എപ്പോഴും 'ഒറ്റയാനായി' പാഞ്ഞുപോകുന്ന ഒരു സൈക്കിൾ യാത്രികൻ മയ്യഴിക്കാർക്ക് പരിചിതനായിരുന്നു. മയ്യഴി ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം മേധാവിയായ ഡോ. മുഹമ്മദ് ഇഷാഖ് ഷാമിർ ആയിരുന്നു ആ യാത്രികൻ.
ഇടയ്ക്കൊരു കൊള്ളിയാൻ മിന്നൽ പോലെ അദ്ദേഹം മയ്യഴിയിലെ സൈക്കിൾ ഗ്രൂപ്പുകളിലേക്ക് വരും. ഒരു ഡോക്ടറുടെ കരുതലോടെയും കൃത്യതയോടെയും സവാരി മെച്ചപ്പെടുത്താനും റൈഡ് ചെയ്യുമ്പോൾ വരുത്തേണ്ട തിരുത്തലുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി പെട്ടെന്ന് തന്നെ മടങ്ങും. ഡോക്ടർക്ക് സൈക്കിൾ ചവിട്ടൽ മാത്രമല്ല വിനോദം. ചിലപ്പോൾ അദ്ദേഹം ദീർഘദൂര ഓട്ടത്തിലായിരിക്കും; മറ്റു ചിലപ്പോഴാവട്ടെ കായലിലോ പുഴയിലോ ആഴക്കടലിലോ നിർത്താതെ നീന്തുകയാവും!
ലക്ഷദ്വീപിൽ നിന്നും മയ്യഴിക്കാരുടെ പ്രിയ സർജനിലേക്ക്
കടലുകളാൽ ചുറ്റപ്പെട്ട ലക്ഷദ്വീപിലായിരുന്നു ഡോ. ഷാമിറിന്റെ ജനനവും പ്രാഥമിക വിദ്യാഭ്യാസവും. കടലിന്റെ മകനായി വളർന്ന അദ്ദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും MBBS-ഉം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഉപരിപഠനവും (MS Surgery) കരസ്ഥമാക്കി. തുടർന്ന് UPSC സെലക്ഷൻ വഴി മയ്യഴി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ സർജനായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ മയ്യഴിക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മുഖത്ത് എപ്പോഴുമുള്ള മന്ദഹാസവും, അങ്ങേയറ്റത്തെ ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റവും രോഗികൾക്ക് വലിയൊരു ആശ്വാസമാണ്. ആശുപത്രി സമയങ്ങളിൽ അതീവ കൃത്യതയോടെ പ്രവർത്തിക്കുന്ന ഡോക്ടറുടെ, അതിനുശേഷമുള്ള ആരോഗ്യദിനചര്യകൾ ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
മലയാള സാഹിത്യത്തിന്റെ കുലപതിയും മയ്യഴിയുടെ സ്വന്തം എഴുത്തുകാരനുമായ എം. മുകുന്ദന്റെ പഴയ വസതിയിലാണ് ഡോക്ടർ ഇന്ന് സകുടുംബം താമസിക്കുന്നത്. മയ്യഴി ഗവ. ജനറൽ ആശുപത്രിയിലെ തന്നെ ഡോ. നസീനയാണ് ഭാര്യ. ആയിഷ, ആദം എന്നിവർ മക്കളാണ്.
അയൺമാനും സാഗരമനുഷ്യനും
ഇന്ത്യയിൽ ഗോവ കേന്ദ്രമാക്കി സംഘടിപ്പിക്കുന്ന അതികഠിനമായ 'അയൺമാൻ' (Ironman 70.3) പട്ടം ഇതിനോടകം മൂന്ന് തവണയാണ് ഡോ. ഷാമിർ സ്വന്തമാക്കിയത്!
എന്താണ് അയൺമാൻ ട്രയാത്ലോൺ? ശാരീരികവും മാനസികവുമായ സഹനശക്തിയുടെ (Endurance) പരമാവധി പരീക്ഷിക്കുന്ന മത്സരമാണിത്. ആകെ 70.3 മൈൽ (113 കിലോമീറ്റർ) ദൂരം എട്ടര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം.
1.9 കിലോമീറ്റർ കടലിൽ നീന്തണം.
90 കിലോമീറ്റർ സൈക്കിൾ ചവിട്ടണം.
21.1 കിലോമീറ്റർ ഓടണം.
ലക്ഷദ്വീപിൽ നിന്നും നീന്തലിന്റെ ആദ്യപാഠങ്ങൾ പഠിച്ച ഡോക്ടർ, മയ്യഴിയിലെ ഫിസിക്കൽ എഡുക്കേഷൻ അധ്യാപകനായ റോഷിത്തി ന്റെ ശിക്ഷണത്തിലാണ് ദീർഘദൂര നീന്തലിലേക്ക് ചുവടുവെക്കുന്നത്.
ആ പരിശീലനത്തിന്റെ കരുത്തിൽ, UAE ആസ്ഥാനമാക്കി 5 കിലോമീറ്റർ ദൂരത്തിൽ സംഘടിപ്പിച്ച ലോക നീന്തൽ മത്സര വിഭാഗത്തിൽ പെട്ട 'ഓഷ്യൻമാൻ' (Oceanman - സാഗര മനുഷ്യൻ) മത്സരത്തിലും ഡോക്ടർ അത്ഭുതകരമായ നേട്ടം കൈവരിച്ചു.
കൂടാതെ സൈക്ലിംഗിലെ പരമോന്നത ബഹുമതികളിലൊന്നായ SR (Super Randonneur) പട്ടവും ഡോക്ടർ സ്വന്തമാക്കിയിട്ടുണ്ട്. ഒരു കലണ്ടർ വർഷത്തിൽ (ജനുവരി - ഡിസംബർ) 200, 300, 400, 600 കിലോമീറ്റർ ദൂരങ്ങളിലുള്ള ബ്രെവറ്റുകൾ (BRM) കൃത്യസമയത്ത് പൂർത്തിയാക്കുന്ന സൈക്കിൾ യാത്രികർക്ക് ഫ്രാൻസിലെ 'ഓഡാക്സ് ക്ലബ്ബ് പാരിസിയൻ' (Audax Club Parisien) നൽകുന്ന ആഗോള അംഗീകാരമാണിത്.
'കണ്ണൂർ ട്രെ ക്ലബ്ബ്' എന്ന കരുത്ത്
കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തുപേരടങ്ങുന്ന 'കണ്ണൂർ ട്രെ ക്ലബ്ബ്' (Kannur Tre Club) എന്ന കൂട്ടായ്മയുടെ മുഖ്യ താരം ഡോ. ഷാമിറാണ്. അദ്ദേഹത്തെ കൂടാതെ രണ്ട് തവണ അയൺമാൻ പട്ടം നേടിയ ഐടി രംഗത്തെ സനിൽ, മുൻപ് മയ്യഴിയിൽ സർജനായിരുന്ന ഡോ. വൈശാഖ്, മെഡിക്കൽ ലാബ് ഉപകരണ വിതരണക്കാരനായ നിസാർ എന്നിവരും ഈ ക്ലബ്ബിലെ കഠിനാധ്വാനികളായ അത്‌ലറ്റുകളാണ്. ആയുർവേദ ഡോക്ടർമാരായ ഡോ. അരുൺ, ഡോ. ഡിജോ, എക്സൈസ് ഉദ്യോഗസ്ഥൻ സുകേഷ്, ബാങ്ക് ഉദ്യോഗസ്ഥൻ വിമലേഷ് എന്നിവരും അടങ്ങുന്നതാണ് ഈ സുഹൃദ്വലയം.
ർക്കുന്നു
വാരാന്ത്യങ്ങളിൽ അഞ്ച് മണിക്കൂറിലധികം നീളുന്ന ഇവരുടെ നീന്തൽ പരിശീലനം ജോസ് ഗിരി ആശുപത്രി പരിസരത്തെ കടലിലോ, മുഴപ്പിലങ്ങാട് ബീച്ചിലോ, പയ്യാമ്പലത്തോ അല്ലെങ്കിൽ മമ്പറം പുഴയിലോ ആയിരിക്കും. പ്രതികൂല കാലാവസ്ഥയും, കടലിലെ മൂർച്ചയേറിയ പാറക്കെട്ടുകളും, അവയിലെ ഷെൽ മത്സ്യങ്ങളുടെ കൂർത്ത പുറംതോടുകളും സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ ഈ കൂട്ടായ്മയ്ക്ക് ധൈര്യം പകരുന്നത് ഡോക്ടറുടെ സാന്നിധ്യമാണ്. ഒരിക്കൽ അത്തരം ഷെൽ മത്സ്യത്തിന്റെ പുറംതോട് തട്ടി തന്റെ കാലിലുണ്ടായ വലിയ മുറിവ് ഡോക്ടർ തന്നെ തുന്നിച്ചേർത്ത് ഭേദമാക്കിയ ഓർമ്മ സനൽ ഇന്നും അഭിമാനത്തോടെ പങ്കുവെക്കുന്നു.
കണ്ണൂരിലും സമാനമായ രീതിയിൽ 'ട്രെക്കത്തോൺ' മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള അണിയറ നീക്കങ്ങളിലാണ് ഡോക്ടറും സുഹൃത്തുക്കളും ഇപ്പോൾ. ഒരു ഡോക്ടറുടെ കരുതലോടെ രോഗികളെ സുഖപ്പെടുത്തുമ്പോഴും, പ്രകൃതിയുടെ വന്യതയോടും സ്വന്തം ശരീരത്തിന്റെ പരിമിതികളോടും പൊരുതി ജയിക്കുന്ന ഡോ. മുഹമ്മദ് ഇഷാഖ് ഷാമിർ പുതുതലമുറയ്ക്ക് നൽകുന്നത് അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ വലിയൊരു സന്ദേശമാണ്. മയ്യഴിക്കടലിലെ ഓളങ്ങൾ ഇപ്പോഴും ആ 'അയൺമാന്റെ' കൈവേഗങ്ങൾക്കായി കാതോർക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















_1780817435_h_small.jpg)


