മനുഷ്യജീവിതം ദുഃഖം നിറഞ്ഞതാണെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ, സത്യദർശികളായ ഋഷീശ്വരന്മാർ, ഇത് ആനന്ദത്തിന്റെ ലോകമാണെന്നും പറഞ്ഞിട്ടുണ്ട്. അജ്ഞാനികൾക്ക് ഈ ലോകം ദുഃഖപൂർണ്ണമാണ്. എന്നാൽ, നിത്യവും അനിത്യവും ശരിയും തെറ്റും വിവേചിച്ചറിഞ്ഞാൽ ദുഃഖം ഒഴിവാക്കി ആനന്ദം അനുഭവിക്കാൻ കഴിയും.
ഒരിക്കൽ ഒരു അറവുശാലയിൽ രണ്ട് പശുക്കളെ അടുത്തടുത്തായി കെട്ടിയിട്ടിരുന്നു. അല്പം കഴിഞ്ഞ് രണ്ടുപേരും തുച്ഛവും നിസ്സാരകാര്യങ്ങൾക്കായി വഴക്കിടാൻ തുടങ്ങി. ഒരു പശു മറ്റേ പശുവിന്റെ അടുത്തേക്ക് അല്പമൊന്നു നീങ്ങിയാൽ, മറ്റേ പശു അതിനെ തൊഴിക്കും. ഒരു പശു വൈക്കോൽ കഴിച്ചുതുടങ്ങിയാൽ ഉടനെ മറ്റേ പശു ആ വൈക്കോൽ കെട്ട് പിടിച്ചെടുക്കാൻ നോക്കും. പശുക്കൾ തമ്മിലുള്ള ഈ വഴക്ക് കുറച്ചുനേരം തുടർന്നു. അറവുശാലയിലെ രണ്ടു ജോലിക്കാർ ഇതു മുഴുവൻ കണ്ടുനിൽക്കുന്നുണ്ടായിരുന്നു. അതിലൊരാൾ ചിരിച്ചുകൊണ്ട് മറ്റേയാളോട് പറഞ്ഞു: "ഈ മണ്ടൻ പശുക്കളെ നോക്കൂ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ രണ്ടും കൊല്ലപ്പെടാൻ പോവുകയാണ്. എന്നിട്ടും അവർ അല്പം സ്ഥലത്തിനും ഭക്ഷണത്തിനുംവേണ്ടി വഴക്കിടുന്നത് കണ്ടില്ലേ!"
നമ്മൾ ഈ കഥയിലെ പശുക്കളിൽനിന്ന് അത്രയ്ക്ക് വ്യത്യസ്തരാണോ? ലോകജീവിതത്തിന്റെ സ്വഭാവം മനസ്സിലാക്കാതെ സ്വത്തിനും സമ്പത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടിയുള്ള മത്സരത്തിലാണ് നമ്മളിലധികം പേരും. സമ്പത്തും ലോകവസ്തുക്കളും സന്തോഷം തരുമെന്ന മിഥ്യാധാരണ മനുഷ്യമനസ്സിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒന്നാണ്. അതിൽനിന്ന് മോചനം നേടുക അത്ര എളുപ്പമല്ല. ചെറുപ്പംമുതൽ വലതുകൈ ഉപയോഗിച്ച് എഴുതുന്ന ഒരാളോട് ഇടതുകൈകൊണ്ട് എഴുതാൻ പറഞ്ഞാൽ അയാൾക്കത് സാധ്യമായെന്നുവരില്ല. കാരണം, അത് അയാളിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള ശീലമാണ്. ഇനി ഇടതുകൈകൊണ്ട് എഴുതൂ എന്ന് അയാൾ തീരുമാനിച്ചാൽപോലും അതനുസരിച്ച് അയാളുടെ കൈ വഴങ്ങണമെന്നില്ല. എന്നാൽ, ഏതെങ്കിലും കാരണവശാൽ വലതുകൈയുടെ സ്വാധീനം നഷ്ടമായാൽ, ക്രമേണ ഇടതുകൈയ്ക്ക് എഴുത്ത് സ്വാധീനമാകും. അതുപോലെ, ജീവിതത്തിൽ പലതവണ കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോവുകയും ദുഃഖത്തിന്റെയും നിരാശയുടെയും കയ്പുനീർ കുടിക്കുകയും ചെയ്യുമ്പോഴേക്കും മാത്രമേ സാധാരണ മനുഷ്യർക്ക് വൈരാഗ്യവും വിരക്തിയും വരൂ. അപ്പോൾ മാത്രമേ സന്തോഷത്തിന്റെ ഉറവിടം പുറത്തല്ല, അവനവന്റെ ഉള്ളിൽത്തന്നെയാണെന്ന് ബോധ്യമാകൂ. എന്നാൽ, നമ്മളിലെ വിവേകത്തെ ഉണർത്തിയാൽ ഈ തിരിച്ചറിവ് വളരെ നേരത്തെതന്നെ നേടിയെടുക്കാൻ നമുക്കാകും. ചുറ്റുമുള്ള ലോകത്തേക്ക് കണ്ണോടിക്കുകയും മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കാൻ തയ്യാറാവുകയും സത്സംഗങ്ങൾ ശ്രവിക്കുകയും ചെയ്താൽ അത് എളുപ്പം സാധ്യമാകും.
ദുഃഖമൊഴിവാക്കാൻ മാർഗ്ഗമുള്ളപ്പോൾ എന്തിന് ദുഃഖത്തിൽത്തന്നെ കഴിയണം? അറിഞ്ഞുകൊണ്ട് കുഴിയിലേക്ക് വീഴുന്നതെന്തിനാണ്? തീയുടെ ചൂടുപോലെ, വെള്ളത്തിന്റെ തണുപ്പുപോലെ ജീവിതത്തിന്റെ സ്വഭാവമാണ് സുഖവും ദുഃഖവും. എങ്കിലും അതിനെ അതിക്രമിക്കാൻ നമുക്ക് കഴിയും. അതിന് ആത്മീയത മനസ്സിലാക്കിയാൽ മതി. നിത്യമായ ആനന്ദത്തിന്റെയും ശാന്തിയുടെയും ഉറവിടം നമ്മുടെ ആത്മസ്വരൂപംതന്നെയാണ്. അതിനാൽ, സുഖവും സന്തോഷവും പുറത്തുതിരയാതെ ഉള്ളിൽ അന്വേഷിക്കുകയാണ് വേണ്ടത്. ശരീരത്തിലെവിടെയെങ്കിലും ഒരു മുറിവുണ്ടായാൽ വെറുതെ കരഞ്ഞുകൊണ്ടിരിക്കുകയല്ലല്ലോ വേണ്ടത്, ഉടനെ മുറിവിൽ മരുന്നുവെക്കണം. അല്ലെങ്കിൽ സെപ്റ്റിക്കായി തളർന്നുവീഴും. അതുപോലെ ലോകജീവിതത്തിലെ ദുഃഖങ്ങൾക്കുള്ള മരുന്നാണ് ആത്മീയത. നിത്യമേത് എന്ന് മനസ്സിലാക്കിയാൽ വന്നുപോകുന്ന സുഖദുഃഖങ്ങളിൽ മനസ്സ് ഭ്രമിക്കില്ല. നിസ്സാരകാര്യങ്ങളിൽ തളർന്നു വീഴേണ്ടിവരുകയുമില്ല.
courtesy:mathrubhumi
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_1780817435_h_small.jpg)





