നടീൽ വസ്തുക്കൾ റെഡി, ക്യാമറ റെഡി! കോടികൾ ചിലവിട്ട് മറ്റൊരു 'പരിസ്ഥിതി ഫോട്ടോസെഷൻ' കൂടി. :ദിവാകരൻ ചോമ്പാല

നടീൽ വസ്തുക്കൾ റെഡി, ക്യാമറ റെഡി! കോടികൾ ചിലവിട്ട് മറ്റൊരു 'പരിസ്ഥിതി ഫോട്ടോസെഷൻ' കൂടി. :ദിവാകരൻ ചോമ്പാല
നടീൽ വസ്തുക്കൾ റെഡി, ക്യാമറ റെഡി! കോടികൾ ചിലവിട്ട് മറ്റൊരു 'പരിസ്ഥിതി ഫോട്ടോസെഷൻ' കൂടി. :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 28, 01:06 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

"ഒരു തൈനടുമ്പോൾ ഒരു തണൽ നടുന്നു

നടു നിവർക്കാനൊരു കുളുർ നിഴൽ നടുന്നു.

പകലുറക്കത്തിനൊരു മലർ വിരിനടുന്നു..."


ഒ.എൻ.വി.യുടെ മണ്ണിന്റെ മണമുള്ള ഈ മനോഹരമായ വരികൾ വീണ്ടുമൊരു ജൂൺ 5 വരുമ്പോൾ നാം ആവർത്തിച്ച് മൂളാൻ തുടങ്ങും. ഹരിതം എന്ന വാക്കിനൊപ്പം അർത്ഥസമ്പുഷ്ടമായ മറ്റു പല വാക്കുകളും വിളക്കിച്ചേർത്ത് പ്രകൃതിയെ പരിപോഷിപ്പിക്കാൻ പ്രമുഖ വ്യക്തിത്വങ്ങളും സംഘടനകളും സ്ഥാപനങ്ങളും ആത്മീയ പ്രസ്ഥാനങ്ങളുമെല്ലാം വൃക്ഷത്തൈ നടീൽ കർമ്മപദ്ധതികളുമായി രംഗത്തിറങ്ങുന്ന ദിനമാണിത്; ലോകപരിസ്ഥിതി ദിനം!


എന്നാൽ, പരിസ്ഥിതിയുടെ സുസ്ഥിതിക്ക് ജൈവവൈവിധ്യം അനിവാര്യമാണെന്ന് ഉച്ചഭാഷണിയിലൂടെ ഉറക്കെ വിളിച്ചുപറയുകയും, ഉടുവസ്ത്രത്തിൽ അശേഷം ചെളിപുരളാതെ വനമഹോത്സവത്തിന് നേതൃത്വം നൽകി പത്രത്താളിന്റെ മുൻപേജിൽ ഫോട്ടോ അച്ചടിച്ചുവരു ന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ‘ഫോട്ടോ പരിസ്ഥിതി വാദികൾ’ , വികസന സമിതിക്കാർ ഏറെയുള്ള നാടാണ് നമ്മുടെ കേരളം. ക്യാമറയുടെ ‘ക്ലിക്ക്’ ശബ്ദം കേൾക്കുന്നതുവരെ കൈകളിൽ വൃക്ഷത്തൈയുമായി പുഞ്ചിരിച്ചുനിൽക്കുന്ന പ്രഹസനങ്ങളുടെ നീണ്ട നിരയാവും ജൂൺ 5 മുതൽ മാധ്യമങ്ങളിൽ നിറയുക.


ഫോട്ടോ കാപട്യങ്ങളുടെ പരിസ്ഥിതി ദിനവും

പാഴാകുന്ന കോടികളും....

കോടികൾ ഒഴുകുന്ന തൈകൾ; എവിടെ ആ വനങ്ങൾ?

കാലാകാലങ്ങളായി പരിസ്ഥിതി ദിനത്തിൽ വിവിധ കർമ്മപദ്ധതികളുടെ ബാനറിൽ കേരളത്തിൽ ഇതിനകം നട്ടുകഴിഞ്ഞത് കോടാനുകോടി വൃക്ഷ ത്തൈകളാണ്.

പുതിയ സർക്കാരിനോടും അധികാരികളോടും പൊതുജനങ്ങളോടും ഈ ശുഭദിനത്തിൽ ഒരു ആത്മപരിശോധനയ്ക്ക് നാം തയാറാകേണ്ടതുണ്ട്.


ഒരു ലളിതമായ ചോദ്യം: സർക്കാർ കോടികൾ ചിലവിട്ട് പോയവർഷങ്ങളിൽ കേരളത്തിൽ നട്ടുകൂട്ടിയ തൈകളിൽ പത്തുശതമാനമെങ്കിലും ഇന്ന് ജീവനോടെയുണ്ടോ ?


അവയെല്ലാം വളർന്നുയർന്നിരുന്നുവെങ്കിൽ നമ്മുടെ കേരളം എത്രയോ മുൻപുതന്നെ ഒരു 'മഹാവനമായി' മാറിയേനെ! അല്ലെങ്കിൽ ഈ നാട് കാടുകയറി മൂടിയേനെ !


വനം വകുപ്പ്, കൃഷിഭവൻ, സ്വകാര്യ സംഘടനകൾ, ആത്മീയ പ്രസ്ഥാനങ്ങൾ എന്നിവ വഴി ലഭിക്കുന്ന ലക്ഷക്കണക്കിന് തൈകൾ നടുന്നതിലല്ല, അവ സംരക്ഷിക്കുന്നതിലാണ് കാര്യം.

ഭൂമിയിലെ ജലം അളവിലേറെ ഉറ്റിക്കുടിച്ച് കൊഴുത്തു വളരുന്ന അക്കേഷ്യ പോലുള്ള ക്ഷുദ്ര മരങ്ങൾ ലോകബാങ്കിന്റെ സഹായത്തോടെ വെച്ചുപിടിപ്പിച്ചതിന് പകരം നമ്മുടെ നാടൻ മാവും പ്ലാവും തേക്കും മഹാഗണിയും ലക്ഷ്മിതരുവും ആര്യവേപ്പും കണിക്കൊന്നയും ഭൂമിക്കലങ്കാരമായി നട്ടുവളർത്തിയിരുന്നുവെങ്കിൽ എത്രയോ നന്നായിരുന്നു.


നമ്മുടെ പൂർവ്വികർ നമുക്കായി കരുതിവെച്ച ഹരിതകാന്തിയെ വ്രണപ്പെടുത്താതെ വരുംതലമുറയ്ക്ക് കൈമാറാനുള്ള മനസ്സുണ്ടെങ്കിലേ ഇത്തരം പദ്ധതികൾ വിജയിക്കൂ.


വിസ്‌മരിക്കാനാവാത്ത ഹരിത കാവലാളുകൾ

ഹരിതകാന്തിയുടെ കാവലാളായിരുന്ന കടവത്തൂരിലെ വി.എൻ.കെ. തൊണ്ണൂറ്റാറാമത്തെ വയസ്സിലും സ്വന്തം ചിലവിൽ ഭൂമിയ്ക്ക് സമർപ്പിച്ചത് കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള മരങ്ങളായിരുന്നു. സുഗതകുമാരി ടീച്ചർ, പ്രൊഫ. ശോഭീന്ദ്രൻ, സുന്ദർലാൽ ബഹുഗുണ ,വടകരയിലെ രാമാന ന്ദൻ തുടങ്ങി പ്രകൃതിയെ നെഞ്ചിലേറ്റിയവർ ഏറെയാണ്.


കൂട്ടത്തിൽ മലയാളികൾ അഭിമാനപൂർവ്വം സ്മരിക്കേണ്ട പേരാണ് തലശ്ശേരി ചിറക്കര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ഇന്ത്യയിലെ പ്രമുഖ ലോഗോ ഡിസൈനറുമായ ഷിബിൻ എന്ന യുവാവിന്റേത്. 2015-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രചാരണ ത്തിനായി നടന്ന ആഗോള ലോഗോ മത്സരത്തിൽ 70-ലേറെ രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലേറെ സൃഷ്ടികളെ പിന്തള്ളിയാണ് ഷിബിൻ തയ്യാറാക്കിയ ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്. ഈ പരിസ്ഥിതി ദിനത്തിൽ ആ വിശ്വോത്തര കലാകാരനെ നാം കൃതജ്ഞതയോടെ ഓർക്കണം.


ഓർമ്മയാകുന്ന കാവുകളും പ്രകൃതിയും

നിബിഢവനങ്ങളല്ലെങ്കിലും നിത്യഹരിത വനങ്ങളുടെ കൊച്ചുപതിപ്പുകളായിരുന്ന നമ്മുടെ പണ്ടത്തെ കാവുകളിൽ ഭൂരിഭാഗവും ഇന്ന് ജെ.സി.ബി. കയറി നിരങ്ങി വെട്ടിപ്പിഴുതു മാറ്റിയിരിക്കുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും കൂറ്റൻ കോൺക്രീറ്റ് കാടുകൾ ഉയരുകയാണ്. കിളിയൊച്ച കേട്ടുണർന്ന പ്രഭാതങ്ങൾ പോലും ഇന്ന് ഓർമ്മക്കാഴ്ചകൾ മാത്രം.


വിദേശിയായ വില്യം ലോഗൻ തന്റെ 'മലബാർ മാന്വലിൽ' വർണ്ണിച്ച കാവുകളും ലതാനികുഞ്ജങ്ങളും, കാട്ടുവള്ളികൾ ചുറ്റിപ്പിണഞ്ഞ പടുവൃക്ഷങ്ങളും, ശിഖരങ്ങളിൽ നിന്ന് ആറ്റിലേക്ക് കണ്ണെറിഞ്ഞു നിൽക്കുന്ന പൊന്മ എന്ന മീൻകൊത്തിപ്പക്ഷികളും, വയൽപ്പൂക്കളും പൂന്തുമ്പികളും ഇന്ന് കാണാക്കാഴ്ചകളാണ്.


പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കായ്കനികളും കിഴങ്ങുകളും കഴിച്ച് വിശപ്പടക്കിയ പൂർവ്വികരുടെ നാട്ടിൽ, ഇന്നാകട്ടെ അശാസ്ത്രീയമായ കീടനാശിനി പ്രയോഗത്താൽ വിഷലിപ്തമായ കനികളാണ് വിപണിയിൽ സുലഭം. മണ്ണ് ഇന്ന് മൃതപ്രായമാണ്. അനുദിനം വർദ്ധിച്ചുവരുന്ന കാൻസർ പോലുള്ള മാരക രോഗങ്ങളുടെ മുഖ്യകാരണം ഈ വിഷപ്രയോഗമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.


മാമ്പഴം എന്നാൽ വൈലോപ്പള്ളിയുടെ കവിത മാത്രമാണെന്നും, മാങ്കോസ്റ്റിൻ എന്നാൽ അത് വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്തെ മരം മാത്രമാണെന്നും, നീർമാതളം പുന്നയൂർക്കുളത്തെ മാധവിക്കുട്ടിയുടെ ഓർമ്മ മാത്രമാണെന്നും വരുംതലമുറ പറയാതിരിക്കണമെങ്കിൽ നാം പ്രകൃതിയിലേക്ക് മടങ്ങിയേ തീരൂ.


അശോകചക്രവർത്തിയും ടിപ്പുസുൽത്താനും പ്രജാക്ഷേമത്തിനായി വഴിയോരങ്ങളിൽ തണൽമരങ്ങളും ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച ചരിത്രം നമുക്കറിയാം. എന്നാൽ ടിപ്പുസുൽത്താൻ നട്ടുവളർത്തിയ ആൽമരങ്ങളും കൂറ്റൻ നാട്ടുമാവുകളും വികസനത്തിന്റെ പേരിൽ കോടാലിക്കൈകൾ നാമാവശേഷമാക്കി.


തൊഴിലുറപ്പും കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പും

ഇന്ന് ഭീമമായ കൂലിച്ചെലവ് കാരണം കൃഷി ലാഭകരമല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. പത്ത് തെങ്ങിന് തടമെടുക്കാൻ ഒരാളെ വിളിച്ചാൽ ഇന്ന് മനുഷ്യപ്രയത്നത്തിന് ചുരുങ്ങിയത് ആയിരം രൂപ കൂലി വേണം. ഇതിനൊരു പരിഹാരമായി കൃഷിയാവശ്യങ്ങൾക്കായുള്ള ചെറുകിട യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം തൊഴിലുറപ്പ് പദ്ധതി മുഖേന നടപ്പിലാക്കിയാൽ കാർഷിക മേഖലയ്ക്ക് അതൊരു വലിയ ഉണർവാകും. യന്ത്രസഹായത്തോടെ തൊഴിലുറപ്പുകാർക്ക് ഒരു ദിവസം അമ്പതിലേറെ തെങ്ങിന് തടമെടുക്കാൻ സാധിക്കും.


ആരോഗ്യത്തിന് ഏറെ ഉത്തമമായ മുരിങ്ങയിലയും, പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത കറിവേപ്പിലയും പോലും പച്ചക്കറിക്കടകളിൽ പോയി വിലകൊടുത്തു വാങ്ങേണ്ടി വരുന്നത് മലയാളിക്ക് അപമാനമാണ്. നമ്മുടെ കാർഷിക സംസ്കൃതിയുടെ തകർച്ചയുടെ ആഴമാണിത് കാണിക്കുന്നത്. ഭൂമിയെ അമ്മയായി കരുതുന്ന ഭാരതീയ പാരമ്പര്യത്തിൽ, നട്ട തൈകളുടെ എണ്ണത്തിലല്ല, അവയുടെ നിലനിൽപ്പിലാണ് കാര്യം. നട്ടുനനച്ച ചെടിയുടെ സംരക്ഷണം സ്വന്തം ഉത്തരവാദിത്തമാണെന്ന ബോധം നമ്മളിലോരോരുത്തരിലും ഉണ്ടാകണം.


പുതിയ സർക്കാരിനോട് ഒരു അപേക്ഷ

ഭരണാധികാരികളുടെ ശ്രദ്ധയ്ക്ക്: ജൂൺ അഞ്ചിന് സർക്കാർ പണം കോടികൾ ചിലവിട്ട്, ഉടുമുണ്ടിൽ ചെളിപുരളാതെ, മണ്ണിൽ തൊടാതെ പ്രഹസനങ്ങൾ കാട്ടി ജനങ്ങളെ വിഡ്ഢികളാക്കി പൊതുമുതൽ ധൂർത്തടിക്കരുത്. ആയിരം തൈകൾ ഫോട്ടോയ്ക്ക് വേണ്ടി നട്ടുകൂട്ടി അവയെ വഴിയാധാരമാക്കുന്നതിലല്ല കാര്യം; നട്ട ഒരു തൈയെങ്കിലും മരമായി വളരുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്.


കുന്നിടിച്ചും മണലൂറ്റിയും വയൽനികത്തിയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്താൽ പ്രകൃതി സംഹാരരൂപിണിയാകും. ഒരു സെന്റിമീറ്റർ കനത്തിൽ മേൽമണ്ണുണ്ടാകാൻ നാനൂറ് വർഷമെടുക്കു മെന്നാണ് ഭൗമശാസ്ത്രജ്ഞർ പറയുന്നത്.

44 നദികളുള്ള കേരളത്തിൽ ആ മേൽമണ്ണ് കുത്തിയൊലിച്ച് കടലിൽ പോകാതെ കാക്കുന്നത് വൃക്ഷങ്ങളാണ്.

16-ാം നൂറ്റാണ്ടിൽ മണ്ണൊലിപ്പ് തടയാൻ പോർച്ചുഗീസുകാർ കൊണ്ടുവന്ന 'പറങ്കിമാവ്' (കശുമാവ്) എന്റെ തറവാട്ടുപേരായ 'പറങ്കിമാവുള്ള പറമ്പത്ത്' എന്നതിലുമുണ്ട്.


ആഗോളതാപനവും പ്രളയവും വനനശീകരണത്തിന്റെ ആഘാതങ്ങളാണ്. അന്തരീക്ഷത്തിലെ വിഷവാതകം വലിച്ച് നമുക്ക് ജീവവായു നൽകുന്ന വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ആഡംബരമല്ല, അതിജീവനമാണ്.


ഈ പരിസ്ഥിതി ദിനം വെറുമൊരു ഫോട്ടോ സെഷൻ മാത്രമാക്കാതെ, നട്ട ചെടികളിൽ എത്രയെണ്ണം ബാക്കിയുണ്ടെന്ന ആത്മപരിശോധനയുടെ ദിനമാക്കാൻ നമുക്ക് സാധിക്കണം. ഒപ്പം സർക്കാർ ഫണ്ടുകൾ വെറും ജനവിഡ്ഢിത്ത പ്രഹസനങ്ങളായി തീരാതിരിക്കാൻ അധികാരികൾ കണ്ണുതുറക്കട്ടെ ...


.ചിത്രം :പ്രതീകാത്മകം 

samudra-o=pushpa
mannan-anjali
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N