മതം നോക്കാതെ പൗരത്വം തെരഞ്ഞെടുപ്പിനെ കണ്ടത് വലിയ രാഷ്ട്രീയ ജാഗ്രതയായി മലയാളികൾ കാണേണ്ടിയിരിക്കുന്നു. അതൊരു വലിയ ജനാധിപത്യ ബോധമായി അടിത്തട്ട് ജനത സ്വീകരിച്ചു എന്നതിൽ നമ്മൾ അഭിമാനിക്കണം. മത്സരിക്കുമ്പോൾ തോൽവി, ജയം സ്വാഭാവികം. അതിനപ്പുറം എതു കൊണ്ട് എന്നത് പഠിക്കാൻ ശ്രമിക്കണം. ജനമനസ്സുകളുടെ യാഥാർത്ഥ്യം തിരിച്ചറിയേണ്ടത് കണക്കുകളുടെ ഗ്രാഫിലൂടെയല്ല അവരിലേക്ക് ഇറങ്ങിച്ചെല്ലുക കൂടി വേണമെന്ന് 2026 അസംബ്ലി ഇലക്ഷൻ മുന്നറിയിപ്പ് തന്നു.എന്നിട്ടും ജനം സ്വീകരിച്ച നിലപാടുകൾ ചർച്ചയിൽ വരാൻ വേണ്ടത്ര ശ്രമം നടക്കുന്നില്ല. ജനങ്ങൾ ജയിപ്പിച്ചു വിടുന്നത് അധികാരം നേടാനല്ല, ജനതയുടെ ആവശ്യം നിറവേറ്റുന്ന പ്രവർത്തനത്തിനാണെന്ന പ്രാഥമിക ബോധ്യം രാഷ്ടീയത്തിന് ജനങ്ങൾ നല്കിയ പൊതുവികാരമാകുന്നു. അതറിഞ്ഞില്ലെങ്കിൽ ഏത് കൊമ്പനായാലും ജനം അധികാരത്തിൽ നിന്ന് താഴെ ഇറക്കും. പ്രജകളല്ല, പൗരൻ ആണ് ജനാധിപത്യത്തിൽ പ്രഥമസ്ഥാനീയർ. പൗരനെ ഉപഭോക്താവായിക്കാണുന്ന കോർപ്പറേറ്റ് ലോകത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് ജനങ്ങൾ കാണിച്ച ഉപഭോക്ത നിരാകരണം.
പൊതു വിചാരധാരകളുടെ ഏകോപനം, അടിയൊഴുക്ക് നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ അതിന് ജനങ്ങൾ ഏല്പിക്കുന്ന ആഘാതം തന്നെയാണ് പ്രധാനം.ജനാഭിലാഷം നിറവേറ്റിയേ ജനാധിപത്യ പ്രക്രിയയിൽ രാഷ്ട്രീയ കക്ഷികൾക്ക് മുന്നോട്ട് പോകാനാവൂ. ഇവിടെ അന്റോണിയോ ഗ്രാംഷി സൂചിപ്പിച്ച മേൽത്തട്ട് - താഴത്തട്ട് പഠനം പ്രാധാന്യം അർഹിക്കുന്നു. ജനാധിപത്യത്തിൽ ആഗോളവൽക്കരണം നമ്മൾ വിമർശിക്കുന്നത് ഘടനയിലും പ്രവർത്തനത്തിലുമുള്ള ചൂഷണം തിരിച്ചറിഞ്ഞു തന്നെയാകുന്നു. ജനാധിപത്യത്തിലേക്കുള്ള ഭയമല്ല നിർഭയ കർമ്മമാണ് ആവശ്യം. അതിന് ലാഭം നേടി തരുന്ന എന്തിനും കൂട്ടുനില്ക്കുന്ന മാനസികാവസ്ഥ മാറണം. ഈയവസരത്തിൽ ആഗോളീകരണത്തിലെ ജനാധിപത്യത്തെക്കുറിച്ച് ഗാന്ധിയിലൂടെ ഒന്ന് കടന്നുപോകാം." സാമ്പത്തികവും രാഷ്ട്രീയവും നയപരവുമായ അധികാരങ്ങൾ വികേന്ദ്രീകരിക്കപ്പെടുകയും അവ ബഹുഭൂരിപക്ഷം ഇന്ത്യൻ ജീവിതങ്ങളെ ഉൾക്കൊള്ളുന്ന ഗ്രാമങ്ങളുടെ വികസനത്തിലൂടെ ജനാധിപത്യ വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നതായിരുന്നു ഗാന്ധി കണ്ട സ്വപ്നം. പക്ഷേ, പലതരം ചരിത്ര പ്രക്രിയയിലൂടെ കടന്നുപോയ കഴിഞ്ഞ ഏഴര പതിറ്റാണ്ട്, ഗാന്ധിയൻ ധാരണയ്ക്ക് വിരുദ്ധ വഴിയിലൂടെയാണ് ഏറെയും സഞ്ചരിച്ചത്. വികേന്ദ്രീകരണ ജനാധിപത്യത്തിലൂന്നാൻ കഴിയുന്ന പഞ്ചായത്ത് രാജ് സംവിധാനങ്ങൾ പല സംസ്ഥാനങ്ങളും നടപ്പിലാക്കിയെങ്കിലും - ആഗോളീകരണത്തിന്റെ സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ വികേന്ദ്രീകരണ അധികാരത്തെ വീണ്ടും കേന്ദ്രീകരണത്തിന് വഴിയൊരുക്കുകയാണുണ്ടായത്. വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക നയങ്ങളുടെ കേന്ദ്രീകരണത്തിൽ ഈ പ്രവണത വ്യക്തമാണ്. എല്ലാം കൊണ്ടും പിറകോട്ടടിക്കപ്പെട്ട ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന് സംരക്ഷണ കവചമൊരുക്കുകയെന്നത് സ്വതന്ത്ര രാഷ്ട്രത്തിന്റെ നയ രൂപീകരണത്തിലൊന്നായിരുന്നു. പൗരന്മാരുടെ അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രം തന്നെ മുന്നോട്ടുവെച്ച ചില സാമൂഹിക, സേവന, ക്ഷേമ പദ്ധതികൾ അവയ്ക്ക് ഉദാഹരണങ്ങളാണ്. പക്ഷേ, വിപരീതമെന്നോണം രാഷ്ട്രം തന്നെ വികസനപ്രക്രിയയിൽ നിന്ന് പതുക്കെ പിൻവാങ്ങുന്ന പ്രവണതയാണ് പിന്നീട് നാം കണ്ടത്. "( ഗാന്ധിയിലെ ജനാധിപത്യത്തിന് സമകാലിക പ്രശ്നങ്ങളെ നേരിടാൻ സാധിക്കും:
ഡോ.രാജീവൻ കുന്നത്ത് - റിനോജ് എൻ.കെ).
സാമൂഹ്യ ശാസ്ത്രത്തിലെ പൊരുത്തക്കേടുകൾ മൂന്നാം ലോകത്തിലെ പൗരന്മാർക്ക് ചർച്ചാ വേദിയുടെ ഉത്സവത്തിനപ്പുറം ഭാവി ബഹുജന പ്രസ്ഥാനത്തിനായിട്ടു നിരവധി ചോദ്യങ്ങൾ നല്കുന്നു. സ്ഥാപനവൽക്കരണ കുതന്ത്രങ്ങൾ ചരിത്രം പരിശോധിക്കുന്ന വിദ്യാർത്ഥിയെ കുഴക്കുന്ന കാലം അത്ര വിദ്യൂരത്തിലല്ല. ആലോചന, അവലോകനം ചാനലുകൾ തീർപ്പാക്കുന്ന കാലത്ത് മനുഷ്യത്വം അതൊക്കെ മറികടക്കും. അതിനുദാഹരണമാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ്. ഒരു കാര്യം ഉറപ്പ് സെൻസസ്, പൊതു കണക്കെടുപ്പ്, പരസ്യം ചർച്ച ചെയ്തു കീഴടക്കിയാൽ അതിന് വഴങ്ങുന്നതല്ല പൊറുതികേടിന്റെ ജനാധിപത്യ ബോധം. എന്താണ് മാറ്റം? അതിനുത്തരം കണ്ടെത്തൽ തന്നെയാണ് ജനാധിപത്യ ഭാവി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















