കക്കട്ടിനടുത്ത് പയന്തോങ്ങിലെ അഡ്വ. ലതികാ ശ്രീനിവാസന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ.
വാട്സാപ്പിൽ ലഭിച്ച വഴിയറിവുകൾ വരിക്കോളിയും കഴിഞ്ഞ് 'ജ്വാലാ ലൈബ്രറി'ക്കടുത്തെത്തി നിൽക്കുന്നു.
അവിടെനിന്നങ്ങോട്ട് എങ്ങിനെ എന്ന ചോദ്യത്തിന് വൈകാതെ ശ്രീനിവാസൻറെ മറുപടിയെത്തി: "നീലത്താമരക്കുളത്തിനരികെ..."
ആ മറുപടിയിലുണ്ടായിരുന്ന കൗതുകം കണ്ണുകളിൽ തെളിയാൻ അധികനേരം വേണ്ടിവന്നില്ല.
വണ്ടി നിർത്തി പുറത്തിറങ്ങിയപ്പോൾ കണ്ടത് വിസ്മയകരമായ ഒരു വയൽ കാഴ്ചയായിരുന്നു.
വരിക്കോളിയിലെ ആ നാട്ടുമ്പുറത്തിന് തിലകക്കുറി ചാർത്തിയതുപോലെ, തെളിനീരിൽ പൂത്തുലഞ്ഞു നിൽക്കുന്ന നൂറുകണക്കിന് നീലത്താമരകൾ!
മണ്ണിര പോലും പുറത്തിറങ്ങാൻ ഭയക്കുന്ന, ഭൂമി ചുട്ടുപഴുത്തുനിൽക്കുന്ന ഈ മേടമാസത്തിലെ എരിവെയിലിലും, ആ കുളം മാത്രം ഒരു കുളിരുമ്മ വെച്ചുകൊണ്ട് അവിടെ നിറ പുഞ്ചിരിയുമായി നിൽക്കുന്നു.
നടക്കുമ്പോൾ അറിയാതെ ചുവടുമാറി ചവിട്ടിയതുപോലെ ഞാൻ ഒരു നിമിഷം അറച്ചുനിന്നുപോയി.
പ്രകൃതി ഒരുക്കിയ ആ വലിയ ക്യാൻവാസിനു മുന്നിൽ ഏതൊരു സഞ്ചാരിയും പ്രകൃതിസ്നേഹിയും നിശബ്ദനായിപ്പോകും.
മേടം രാശിയിൽ സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലമാണിത്. വേനലിന്റെ തീക്ഷ്ണതയും പൂരങ്ങളുടെ ആരവവും കൊണ്ട് കേരളം ഉരുകുമ്പോഴും വിറകൊള്ളുമ്പോഴും , യാതൊരു പരിരക്ഷയോ പരിഗണനയോ ഇല്ലാതെ തന്നെ വരിക്കോളിയിലെ ഈ വയൽക്കര പ്രകൃതിയുടെ പ്രത്യേക കരുതലിലെന്നോണം ജലസമൃദ്ധമായിരിക്കുന്നു. അതിരാണിപ്പാടത്തെ വർണ്ണനകളെ ഓർമ്മിപ്പിക്കുംവിധം, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വേറിട്ടൊരിടം. മടക്കയാത്രയിൽ ഏതാനും പൂക്കളിറുത്ത് വണ്ടിയിൽ വെക്കുമ്പോൾ ആ വസന്തം കൂടെപ്പോരുന്നതു പോലെ തോന്നി.ഒപ്പം താമരത്തണ്ടിന്റെ തണുപ്പും ...
ഇന്ന് നമ്മുടെ നാട്ടിടവഴികളും തോട്ടിറമ്പുകളും മാറിക്കൊണ്ടിരിക്കുകയാ ണ്. നഗരവൽക്കരണത്തിന്റെ ഭാഗമായി വയലുകൾ അപ്രത്യക്ഷമാകുന്നു. അമിതമായ രാസവളപ്രയോഗവും കീടനാശിനികളും നമ്മുടെ തനതായ ജൈവവൈവിധ്യത്തെ ഇല്ലാതാക്കി.
നമൂച്ചിയും വരിനെല്ലും കാക്കപ്പൂവും പരൽ മീനുകളും തുമ്പികളും ചീവീടുകളും കുളവാഴപ്പൂക്കളുമെല്ലാം അന്യമാകുന്ന ഈ കാലഘട്ടത്തിൽ, വരിക്കോളിയിലെ ഈ നീലത്താമരക്കുളം ഒരു വലിയ പാഠമാണ്.
ഈ പച്ചപ്പിനെ നശിപ്പിക്കാതെ കാത്തുസൂക്ഷിച്ച നാട്ടുകാരെയും, ഈ പ്രദേശത്തിന് 'നീലത്താമരക്കുളം' എന്ന് പേരിട്ട് അടയാളപ്പെടുത്തിയവ രെയും ആദരവോടെയല്ലാതെ നോക്കിക്കാണാനാവില്ല.
നീലത്താമര എന്ന പേര് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക എം.ടി. വാസുദേവൻ നായരുടെ വിഖ്യാ തമായ കഥയും സിനിമയുമാണ്.
വിശ്വാസവും പ്രണയവും ഇഴചേർത്ത് നെയ്തെടുത്ത ആ കഥയിൽ, മല്ലികാർജ്ജുന ക്ഷേത്രത്തിലെ കുളത്തിൽ നീലത്താമര വിരിയുമെന്ന ഐതിഹ്യം കുഞ്ഞിമാളുവിന്റെ നിഷ്കളങ്കമായ വിശ്വാസത്തിന്റെ പ്രതീകമായിരുന്നു.
വരിക്കോളിയിലെ ആ കുളക്കടവിൽ നിൽക്കുമ്പോൾ, കുഞ്ഞിമാളുവിന്റെയും സേതുവിന്റെയും പ്രണയനൊമ്പരങ്ങൾ ആ ഓളങ്ങളിൽ തങ്ങിനിൽക്കുന്നതുപോലെ തോന്നി.
കത്തുന്ന വേനലിലും അശേഷം വെള്ളം വറ്റാതെ നിൽക്കുന്ന ഈ പ്രകൃതിവിസ്മയത്തെ നമുക്ക് ഇനിയും മനോഹരമാക്കാം. വരിക്കോളിയിലെ ഈ കുളത്തിൽ പലവർണ്ണങ്ങളിലുള്ള താമരപ്പൂക്കളുടെ കിഴങ്ങുകൾ കൂടി നട്ടുപിടിപ്പിക്കാൻ പരിസ്ഥിതി സ്നേഹികൾ മുൻകൈ എടുക്കുകയാണെങ്കി ൽ, ഈ നാട്ടുമ്പുറത്തിന്റെ ഐശ്വര്യം വരുംതലമുറകൾക്കും ഒരു കുളിർ മ്മയായി നിലനിൽക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















